കുറാലിയും ബാബുവും പിന്നെ ഞാനും !

ഞങ്ങള്‍ കൊടകരക്കാര്‍ക്കെല്ലാം കൂറാലിയെ അറിയാം. ഞാന്‍ സ്കൂളില്‍ പോകുമ്പോഴും തിരികെ വരുമ്പോഴും ആണ് കൂറാലിയെ കാണാറുള്ളത്‌. മറ്റു പിള്ളാരെ എല്ലാം ഓടിക്കുകയും എന്നെ മാത്രം ഒന്നും ചെയ്യാതെ 'മോന്‍ പാലാഴിലെ അല്ലേ, അതോണ്ട് പൊയ്ക്കോ' എന്നും പറയുന്ന ഒരു പ്രാന്തത്തി.

ഏകദേശം പ്രൈമറി സ്കൂള്‍ മുതല്‍ കോളേജില്‍ പോകുമ്പോള്‍ വരെ തുടര്‍ന്ന് കൊണ്ടിരുന്ന ഒരു പ്രക്രിയയായിരുന്നു ഇത്.

ഈ 'എഡ്ജ്' പരമാവധി മുതലാക്കാന്‍ കയ്യില്‍ കാശുള്ളപ്പോള്‍ ഒരു 'സാമ്പത്തിക സഹായം' ഞാന്‍ കുറാലിക്കു എപ്പോഴും ചെയ്തു പോന്നു.

പിന്നീട് വീട്ടില്‍ ചെന്ന് അമ്മയോട് കാര്യം പറയുമ്പോഴാണ് മനസ്സിലായത്‌. ഈ കൂറാലി പണ്ട് മുത്തച്ചന്‍റെ  തറവാട്ടില്‍ അതായത് ഈ പറഞ്ഞ 'പാലാഴിയില്‍' ജോലിക്ക് നിന്നിരുന്നു എന്ന്. മാത്രമല്ല അമ്മയോടുള്ള ഇഷ്ടം കൊണ്ട് ഇടയ്ക്കിടെ വീട്ടില്‍ വന്നു എന്തെങ്കിലും ഭക്ഷണം വാങ്ങി കഴിക്കാറും ഉണ്ട്. പക്ഷെ ഞാന്‍ ഇത് വരെ ഇവരെ വീട്ടില്‍ കണ്ടാതായി ഓര്‍ക്കുന്നും ഇല്ല.

എന്നാലും ഒറ്റ നോട്ടത്തില്‍ എന്നെ അവര്‍ തിരിച്ചറിഞ്ഞു എന്ന് പറയുന്നതേ എനിക്ക് ഒരഭിമാനവും കുറച്ചേറെ സന്തോഷവും തോന്നിയിരുന്ന കാര്യമായിരുന്നു. അതുകൊണ്ട്  തന്നെ പ്രൈമറി-ഹൈ സ്കൂളുകളില്‍ കൂറാലി എന്‍റെ ഒരു 'അഹങ്കാരവും'. ചിലപ്പോഴൊക്കെ റോഡില്‍ കിട്ടിയിരുന്ന ഒരു സ്നേഹവും ആയിരുന്നു !

അമ്മ പറയുന്നത് അന്ന് ആരോ ഇവരെ പ്രേമിച്ചു, ചതിച്ചു, ഗര്‍ഭിണിയാക്കി കടന്നു കളഞ്ഞു എന്നൊക്കെയാണ്.

(എനിക്ക് സംശയം എന്‍റെ ഈ പറഞ്ഞ മുത്തച്ചന്‍ തന്നെ ആയിരിക്കണം ഇതിന്‍റെ  'പിന്നിലോ മുന്നിലോ നിന്നു മാറി മാറി പ്രവര്‍ത്തിച്ചത്' എന്നാണു !

പുള്ളി അസാധ്യ സാധനം ആയിരുന്നു ഈ കാര്യത്തില്‍.ഗഡി എണ്‍പത്തെട്ടാം വയസ്സുള്ളപ്പോള്‍ ഒരു കല്യാണം കഴിച്ചു എന്ന് മാത്രമല്ല, അതിലൊരു കുട്ടിയും ഉണ്ടായി.

അങ്ങിനെയെങ്കില്‍ പതിനെട്ടു വയസ്സില്‍ പുള്ളി എന്തായിരിക്കണം മുതല്‍ ? സ്വന്തം 'കയ്യിലിരിപ്പ്' കൊണ്ട് തന്നെ ഒരു കിണറു കുത്തുന്ന ആളായിരുന്നിരിക്കണം !) 

എന്തൊക്കെ ആയാലും പിന്നെ കുറെ കാലം ഇവരെ ആരും കണ്ടിട്ടില്ല. പിന്നീടൊരു ദിവസം ഇവര്‍ അങ്ങാടിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പ്രാന്താണ്,, നല്ല മുഴുത്ത പ്രാന്ത് !

കൊടകരക്കാരുടെ സ്വന്തം പ്രാന്തി, കൊടകര കൂറാലി !

അന്നൊക്കെ നാട്ടുകാരില്‍ ആര്‍ക്കൊക്കെ തല്ലും വീക്കും കിട്ടും എന്നോ, ആരുടെയൊക്കെ കടയ്ക്കു നേരെ ഏറു കിട്ടുമെന്നോ എന്ന കാര്യം പ്രവചനാതീതമായിരുന്നു. പിന്നീട് ആരൊക്കെയോ ചേര്‍ന്ന് ഇവരെ പടിഞ്ഞാറെ കോട്ടയിലെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി 'കണക്കിന്' ഷോക്ക്‌ അടിപ്പിച്ചത്തിന്‍റെ ഫലമായി 'പ്രാന്തിനു ഒരു അടുക്കും ചിട്ടയും' വന്നു.

പിന്നെ ഉപദ്രവിക്കുന്നവരെ, കളിയാക്കുന്നവരെ, കണ്ടാല്‍ ചിരിക്കുന്നവരെ, അങ്ങിനെ അങ്ങിനെ വളരെ സീരിയസ് ഒഫെന്‍സ്‌ ചെയ്യുന്നവരെ മാത്രമായി പുള്ളിക്കാരത്തി കൈകാര്യം ചെയ്യാന്‍ തുടങ്ങി.

അന്ന് ടൌണില്‍ ചായ ബിസിനസ്‌ നടത്തുകയായിരുന്നു ബാബു.

ബാബുവിന്‍റെ  ഫാമിലി ബിസിനെസ്സ്‌ ആണ് ചായ കച്ചവടം. വീടിന്‍റെ ഏരിയയില്‍ ഉള്ള മിക്കവാറും എല്ലാ കടകളിലും രാവിലെയും വൈകിട്ടും പിന്നെ, സ്കൂള്‍ ഇല്ലാത്ത ദിവസം, ആവശ്യം ഉള്ളപ്പോഴെല്ലാം ചായ കൃത്യമായി എത്തിക്കുക എന്ന കര്‍ത്തവ്യം, ബാബു സ്വന്തം ചുമതലയില്‍ നേരത്തെ തന്നെ എഴുതി ചേര്‍ത്തിരുന്നു.

നല്ല പേരെടുത്ത കുടിയന്‍, സാഹചര്യങ്ങളെ കയ്യിലെടുക്കാന്‍ കഴിവുള്ളവന്‍, ബെസ്റ്റ് തമാശക്കാരന്‍ അങ്ങിനെ ഒട്ടനവധി വിശേഷണങ്ങള്‍ ഉള്ള ഒരു 'ഹിമാറായിരുന്നു' ബാബു.

എന്‍റെ ആദ്യ കാല സുഹൃത്തുക്കള്‍, സ്കൂള്‍ മുതല്‍ ഉള്ള‍വര്‍, ഉല്ലാസ്, വിനോദ്, രൂപേഷ്, ജോമോന്‍ എന്നിങ്ങനെയുള്ളവരുടെ  ഗ്രൂപ്പില്‍ ആയിരുന്നു ബാബുവും.

ഒരിക്കല്‍ ഞങ്ങള്‍  എല്ലാവരും കൂടി ഊട്ടിക്കു ടൂര്‍ പോയി. 3 ദിവസത്തേക്ക് കുടിക്കാന്‍ വെച്ചിരുന്ന അത്രയും ഒരു രാത്രി കൊണ്ട് ഏകദേശം പൂര്‍ത്തിയാക്കിയിട്ടും മതിയാകാതെ, കാലത്ത് ആറുമണിക്ക് കുളിച്ചു വരുമ്പോള്‍ തന്നെ എല്ലാവര്ക്കും ഉള്ള സാധനം റെഡി ആക്കി വെച്ചിരിക്കുന്നു ഈ മഹാന്‍ !

നേരം വെളുക്കുമ്പോള്‍ തുരു തുരാന്നു 'മരുന്നടിച്ചാലുള്ള' സ്ഥിതി എന്താ, വിശന്നു കുടലു കത്തിയാണ് ഹോട്ടലിലേക്ക് ചെല്ലുന്നത്.

'കൊഞ്ചം വെയിറ്റ് പണ്ണിത്താന്‍ ആകണം'  ഹോട്ടലുകാരന്‍‍, ഇഡ്ഡലി ആയിട്ടില്ല.

'എന്നാല്‍ കൊഞ്ചം സരക്കാവത് കൊടുങ്കെ' ബാബു.

'ഇങ്കെ സരക്ക് വ്യാപാരം ഇല്ലേ, ഇത് ഹോട്ടാലാക്കും' ലവന്‍

'എന്നാല്‍ എപ്പോ ഇഡ്ഡലി ആക്കും ?' ബാബു.

'ഡേയ് മുനുസാമി, എല്ലാവര്‍ക്കും ഇലയെ പോടെട' ശല്യം സഹിക്കാന്‍ വയ്യാതെ ഹോട്ടലുകാരന്‍ 'സപ്ലൈ' പയ്യനോട്

എല്ലാവര്ക്കും ഇല ഇട്ടു കൊണ്ട് അവന്‍ പോയി. ഞങ്ങള്‍ ഇലയെല്ലാം വെള്ളം തൂവി തുടച്ചു വൃത്തി ആക്കി ഇരിക്കുമ്പോള്‍ ...

'ഡേയ് ഇന്നും ഒരു സെറ്റ് ഇലയെ കൊട്' എന്ന് ബാബു.

'എതുക്ക്‌ സര്‍' എന്നവന്‍

'അന്ത ഇലയെ നാന്‍ സാപ്പിട്ടെന്‍ !'

'അട പാവി' ഹോട്ടല്‍ സാര്‍ !

നോക്കുമ്പോള്‍ കൊണ്ടുവന്നു വെച്ച ഇല, അങ്ങിനെ തന്നെ ഇവന്‍ തിന്നിരിക്കുന്നു. വാഴത്തണ്ട് മാത്രം മേശപ്പുറത്തു ബാക്കിയുണ്ട് !

പിന്നൊരിക്കല്‍ ‍‍, അരവി, എട്ടുകാലി, ഷൈന്‍, സുബ്രമണ്യന്‍ പിന്നെ ലവനും ഞാനും കൂടി ഗുരുവായൂര്‍ തൊഴാന്‍ പോയി.  രാത്രി 'സകല പരിപാടികളും' കഴിഞ്ഞു തൃശൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ആണ് കിടന്നത്. കാലത്തെ ഫസ്റ്റ് ബസ്സിനു വേണ്ടി, അത് പ്രൈവറ്റ് ആണ്,  സ്റ്റാന്ടിന്‍റെ  മുന്നിലുള്ള സ്റ്റോപ്പില്‍ എല്ലാവരും കാത്തു നില്‍ക്കുകയായിരുന്നു.

ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ പിന്നിലെ കടയില്‍ ഒരു കശപിശ. ശ്രദ്ധിച്ചപ്പോള്‍ ബാബുവിന്‍റെ ശബ്ദമാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ കടക്കാരനും ബാബുവും തമ്മില്‍ പൊരിഞ്ഞ വഴക്ക്.

'ചേട്ടാ ഞാന്‍ ഗ്ലാസ്‌ ചോദിച്ചപ്പോള്‍ ചേട്ടന്‍ തന്നില്ല, അതോണ്ട് രണ്ടു ഗ്ലാസ്‌ പാല് വാങ്ങിച്ചു, അത്രയല്ലേ ഉള്ളു ?' ബാബു.

'അതോണ്ട് തന്നെ നിന്‍റെ തല അടിച്ചു പോളിക്കണ്ടാതാ, പാല് കൊടുക്കണ ഗ്ലാസ്സിലാണ്ട സ്മാള്‍ അടിക്കണേ പന്നി ?' കടക്കാരന്‍

'ചേട്ടാ വേറെ വഴിയില്ലാത്തോണ്ടല്ലേ ?'

'അതോണ്ട്..... പെണ്ണില്ലാത്തോണ്ട്  ആരെങ്ങിലും പെങ്ങളെ കെട്ടാറുണ്ടോടാ ഗഡി ?'

'എന്താ പ്രശ്നം ചേട്ടാ ?' ഞങ്ങള്‍ ഇടപെട്ടു.

കടക്കാരന്‍റെ ഭാഷ്യം ചുരുക്കത്തില്‍:

ബാബു കടയില്‍ വന്നു ഒരു ഗ്ലാസ്‌ ചോദിക്കുന്നു, മറ്റേ 'ദ്രാവകം' അടിക്കാന്‍ എന്ന സത്യം തുറന്നു പറഞ്ഞുകൊണ്ട് തന്നെ. കടക്കാരന്‍ ഗ്ലാസ്‌ കൊടുക്കുന്നില്ല.

അപ്പോള്‍ ബാബു രണ്ടു ഗ്ലാസ്‌ പാല്‍ വാങ്ങിക്കുന്നു, പിന്നെ ഒരു ഗ്ലാസിലെ കുറച്ചു കുടിച്ചിട്ട് കയ്യിലിരുന്ന ക്വാര്‍ട്ടര്‍ കുറേശ്ശെ പാല് ചേര്‍ത്ത് അടിക്കുന്നു !

കടക്കാരന്‍ ഗ്ലാസ്‌ നാശമാക്കിയതിനും പിന്നെ നേരം വെളുക്കുമ്പോള്‍ തന്നെ പാലൊഴിച്ചു സ്മാള്‍ അടിച്ചതിനും ബാബുവിനെ തെറി വിളിക്കുന്നു.

പതിവ് പോലെ ബാബു ചിരിച്ചു കൊണ്ട് ഫൈറ്റ് ചെയ്യുന്നു.

എങ്ങനുണ്ട് സാധനം ?

ഇതേ ബാബു തന്നെ ഒരു ദിവസം ഉച്ചയോടെ ഉല്ലാസിന്‍റെ വീട്ടില്‍ ചെന്ന്. അപ്പോള്‍ വീട്ടില്‍ ഉല്ലാസിന്‍റെ ചേട്ടന്‍ പ്രഫുല്‍, പ്രഫുലേട്ടന്‍ മാത്രം. ഈ ഉല്ലാസിന്‍റെ വീട്ടില്‍ ഞങ്ങള്‍ക്കെല്ലാം നല്ല സ്വാതത്ര്യം ആയിരുന്നു.

'പ്രഫുലെട്ടാ ആ നിലവിളക്ക് ഒന്ന് വേണമല്ലോ ?' ബാബു.

'ആ എടുത്തോ, പിന്നെ തേച്ചു തുടച്ചിട്ടു കുറച്ചു കാലമായി' ചേട്ടന്‍

'അത് കുഴപ്പമില്ല, ഞാന്‍ ചെയ്തോളാം' ബാബു. പിന്നെ വിളക്കും അടുപ്പില്‍ നിന്നും കുറച്ചു ചാരവുമെടുത്ത് കിണറ്റു കരയിലേക്ക് നടന്നു. ചേട്ടന്‍ പിന്നാലെയും. പിന്നെ കടയുടെ, ബിസിനെസ്സിന്‍റെ, കളിയുടെ അങ്ങിനെ ഒരു ലോഡ് കാര്യങ്ങള്‍ ഡിസ്കസ് ചെയ്തു കൊണ്ട് കൂടെ.

അത് കഴിഞ്ഞപ്പോള്‍ പ്രഫുലേട്ടന്‍ ബാബുവിനോടു 'ഡാ ഇന്ന് ഒന്നും കഴിച്ചിട്ടില്ല, ആ ബാലേട്ടന്‍റെ കടയില്‍ നിന്നും എന്തെങ്ങിലും വാങ്ങീട്ടു വാടാ'

'ഒക്കെ ചേട്ടാ' അങ്ങിനെ ബാബു പോയി ബാലേട്ടന്‍റെ കടയില്‍ നിന്നും ഐറ്റംസ് വാങ്ങി വരുന്നു.

എന്നിട്ട് ഒരു ചോദ്യം 'പ്രഫുലെട്ടന് ചായ വേണോ ?'

'ഏയ്‌ വേണ്ടെടാ. അല്ലാ ബാബുവേ നിനക്കെന്തിനാ വിളക്ക് ഇപ്പോള്‍ ?'

 'അത് ചേട്ടാ.... എന്‍റെ അമ്മ കുറച്ചു മുന്പ് മരിച്ചു പോയി, വീട്ടില്‍ നിലവിളക്ക് ഇല്ലായിരുന്നു, ആരും പോയി വാങ്ങാനും ഇല്ല'

ആഹാരം എടുത്തു കഴിക്കാന്‍ തുടങ്ങിയ പ്രഫുലെട്ടന്‍റെ അവസ്ഥ ഒന്ന് ഊഹിച്ചു നോക്ക് സുഹൃത്തേ ! ബാബു കൂളായി വിളക്കും കൊണ്ട് പോയി.

ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ സ്വയം ഉണ്ടാക്കിയതും ഉണ്ടായതുമായി ഉള്ള ഒരാളാണ് ശ്രീമാന്‍ ബാബു.

അങ്ങിനെ ഒരു ദിവസം ചായ ഉണ്ടാക്കിക്കൊണ്ടിരുന്ന ബാബുവിന്‍റെ അടുത്ത് നമ്മുടെ കുറാലി ചെന്ന് ഒരു ചായ ചോദിക്കുന്നു. വീട്ടുകാര്‍ ആരെങ്ങിലും ചായ ഉണ്ടാകുമ്പോള്‍ കുറാലി വന്നു ചോദിച്ചാല്‍ കൊടുക്കാറുണ്ട്. അതാണു ബാബുവിനെ കണ്ടപ്പോഴും അവര്‍ ചോദിച്ചത്. പക്ഷെ ബാബു നോക്കുമ്പോള്‍ പ്രാന്തിക്ക് ചായ കൊടുത്താല്‍ നമുക്കെന്തു ലാഭം. ബാബു കുറാലിയോട് കാശ് ചോദിക്കുന്നു, പിന്നെ നോക്കുമ്പോള് നാട്ടുകാര്‍ കാണുന്നത്, ബാബുവും കുറാലിയും പരസ്പരം ഒരേ 'പ്രാന്തോടെ' വെല്ലുവിളിക്കുന്നതാണ്.

അതിന്‍റെ അവസാനം ഒരു ചെറിയ പ്രകോപനം എന്ന രീതിയില്‍ കുറാലി ഒരു കല്ലെടുത്ത് ബാബുവിനെ എറിയുന്നു.

ബാബു ഈ രണ്ടു രൂപ ചിത്രകഥയിലെ പോലെ 'വെടിയുണ്ടയല്ലേ വരുന്നത്' എന്നരീതിയില്‍ സാധനം കൃത്യമായി കണ്ടു.

പിന്നെ 'മാറിക്കളയാം' എന്നതിന് പകരം 'അയ്യോ' എന്ന ശബ്ദത്തോടെ കുനിയുന്നു, അണുബോംബ് തലയ്ക്കു മുകളിലൂടെ പറക്കുന്നു.

'ടമാര്‍' 'പടാര്‍' 'എന്റമ്മേ ഞാന്‍ ചത്തേ' എന്നൊക്കെയുള്ള ചിത്രകഥ ബഹളങ്ങള്‍ക്ക് പകരം കേട്ടത് ....

'ശ്ചിലും..'

എന്തോ ഉടഞ്ഞു. ബാബു നോക്കുമ്പോള്‍ ഉടഞ്ഞത് ബാബുവിന്‍റെ അച്ചാച്ചന്‍റെ ഫോട്ടോ ആയിരുന്നു. ഇരുന്നൂറു രൂപ കൊടുത്തു ആര്‍ടിസ്റ്റ് മോഹനെട്ടനോട് പഴയ അടൂര്‍ ഭാസിയുടെ തലമുടിയാണ്, ജികെ പിള്ളയുടെ മീശയാണ്, കൊട്ടാരക്കരയുടെ ശബ്ദമാണ്, പട്ടം സദന്‍റെ ട്രൌസര്‍ ആണ് എന്നൊക്കെ പറഞ്ഞു വരപ്പിച്ചു വാങ്ങിയതാണ് സാധനം.

പിന്നെ കാണുന്നത് കുറാലി തിളച്ച വെള്ളത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ്.

ബാബുവിന്‍റെ  പണി !

പൊള്ളി പാളീസായി അതവിടെ നിന്നും ഓടി പോകുമ്പോള്‍, ബാബു വിജയശ്രീലാളിതനായി ഒന്ന് ചിരിച്ചു.

പക്ഷെ കുറാലി 'പാക്കിസ്ഥാന്‍ പട്ടാളക്കാരുടെ പോലെ ആണെന്നും എത്ര തോറ്റു ഓടിപ്പോയാലും പിന്നെയും ചാവാന്‍ എന്തെങ്കിലും ചാന്‍സ് ഉണ്ടോ എന്ന് ചോദിച്ച് വീണ്ടും വരും' എന്ന് (കുറാലി) യുദ്ധതന്ത്രജ്ഞന്‍മാരായാ 'ആടുവെട്ടു' ഷമ്മിയേട്ടനും, ബീഫ് സലിം അണ്ണനും ഉപദേശിച്ചിരുന്നു.

അതൊരു തന്ത്രപരമായ പിന്‍വാങ്ങല്‍ ആണെന്ന് നാട്ടുകാര്‍ക്കും തോന്നിയിരുന്നു.

പിറ്റേന്നു മുതല്‍ ബാബു നേരിടേണ്ടി വന്നത് തമിഴ് പുലികളെ പോലും നാണിപ്പിക്കുന്ന ഗറില്ലാ യുദ്ധമുറകള്‍ ആയിരുന്നു. നേരിട്ടുള്ള ശത്രുക്കളെ പോലും, ചിരിച്ചു വീഴ്ത്തുക എന്ന  'യുദ്ധമുറ' മാത്രം അറിയാവുന്ന ബാബു ഈ പുതിയ രീതിയില്‍ 'വശം കെട്ടു തിരിഞ്ഞു' !

നടന്നു പോകുമ്പോള്‍ അലുമിനിയം കലം കൊണ്ട് തലക്കുള്ള അടി, പ്രഭവസ്ഥാനം അറിയാതെ ലക്ഷ്യത്തില്‍ (ശരീരത്തില്‍ എവിടെ പതിച്ചാലും അത് ലക്ഷ്യമായിരുന്നു) കൃത്യമായി പതിക്കുന്ന 'സൈഡ്-വൈന്‍റെര്‍' കല്ലുകള്‍, സ്കഡ്‌ പോലെ തലയിലും പുറത്തും ഒരുപോലെ വന്നു വീഴുന്ന വടികള്‍, ബോഫോഴ്സ് ഉണ്ടകള്‍ പോലെ തലയിലും ഷര്‍ട്ടിലും വന്നുപതിക്കുന്ന അസംഖ്യം ചാണക ഷെല്ലുകള്‍....

അങ്ങിനെ അങ്ങിനെ പൊളപ്പന്‍ ഗറില്ലാ ആക്രമണം !

കുറാലിയെ കാണുമ്പോള്‍ ഒളിച്ചും പാത്തും നടന്നിട്ടും ബാബുവിന് രക്ഷയില്ല എന്നായി.

ബാബുവിനെ മാത്രമല്ല 'ദലൈലാമയുടെ കാര്യത്തില്‍ ചൈന ഇന്ത്യയെ ആക്രമിച്ച പോലെ' ബാബു ചായ കൊടുക്കുന്ന കടകളിലും ചിലപ്പോള്‍ കൂടെ നടക്കുന്നവര്‍ക്കും എല്ലാം ഈ ആക്രമണത്തില്‍ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ബാബു ചായ കൊണ്ട് വരുമ്പോള്‍ കടക്കാര്‍ പുറത്ത് വന്നു ചായ വാങ്ങി പെട്ടെന്ന് ബാബുവിനെ പിരിച്ചു വിടാനും, കൂട്ടുകാരായ ചതിയന്‍മാര്‍ (ഞാനതില്‍ പെടില്ലെന്നു നേരത്തെ പറഞ്ഞല്ലോ)  ടൌണില്‍ പരമാവധി അവന്‍റെ കൂടെ നടക്കാതിരിക്കാനും ശ്രദ്ധിക്കും

ബാബുവിനോട് സംസാരിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ കുറാലി എന്നെയും പലപ്രാവശ്യം ഉപദേശിച്ചിട്ടുണ്ട്. കൂടിയാല്‍ രണ്ടോ മൂന്നോ വാക്ക് 'ഇവന്റെ കൂടെ നടക്കണ്ട, ചതിക്കും ', അല്ലെങ്കില്‍ 'അവന്‍ തെണ്ടിയാ, മോന്‍ കൂടണ്ട' അങ്ങിനെ ഷോര്‍ട്ട് 'ഷോട്സ്' മാത്രം.


അവനവന്‍റെ പണി നോക്കാതെ പറ്റില്ലല്ലോ എന്ന ഒറ്റ കാരണത്താല്‍ 'ഒഴിഞ്ഞു മാറ്റം' എന്ന മുറയില്‍ പരമാവധി ഈ ആക്രമണത്തെ പ്രതിരോധിച്ചു ബാബു ജീവിച്ചു പോന്നു. ചില സമയത്തും സ്ഥലങ്ങളിലും വച്ചു ഇവര്‍ തമ്മില്‍ നീണ്ട ചില 'ചെയ്സുകള്‍' ഉണ്ടാകാറുണ്ട് എന്ന് ദ്രിക്സാക്ഷികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ ബാബുവിന് കൊടകരക്കാര്‍ കനിഞ്ഞു നല്‍കിയ പദവിയാണ്‌ 'കുറാലി ബാബു'

ഇത് പോലെ വേറെ ചിലരെയും കുറാലി സത്യസന്ധമായി ആക്രമിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ടെങ്കിലും ബാബുവിനുണ്ടായിരുന്ന പേരും പെരുമയും ഒന്ന് വേറെ തന്നെ ആയിരുന്നു.

Comments

  1. 'ശ്ചിലും..'

    എന്തോ ഉടഞ്ഞു. ബാബു നോക്കുമ്പോള്‍ ഉടഞ്ഞത് ബാബുവിന്‍റെ അച്ചാച്ചന്‍റെ ഫോട്ടോ ആയിരുന്നു. ഇരുന്നൂറു രൂപ കൊടുത്തു ആര്‍ടിസ്റ്റ് മോഹനെട്ടനോട് പഴയ അടൂര്‍ ഭാസിയുടെ തലമുടിയാണ്, ജികെ പിള്ളയുടെ മീശയാണ്, കൊട്ടാരക്കരയുടെ ശബ്ദമാണ്, പട്ടം സദന്‍റെ ട്രൌസര്‍ ആണ് എന്നൊക്കെ പറഞ്ഞു വരപ്പിച്ചു വാങ്ങിയതാണ് സാധനം.

    അത് തകർത്തൂട്ടാ!!

    കൊടകര ടീമിനെ മൊത്തം ആവാഹിച്ചിട്ടുണ്ടല്ലോ ചുള്ളാ. സത്യം പറയാം, ആ കൃഷ്ണേട്ടന്റെ മുറുക്കാൻ വിൽക്കണ കടേടെ സൈഡിൽ ഒരു അഞ്ചരക്ക് ചെന്ന് നിന്ന ഒരു ഫീൽ!

    ഓടോ:

    ഞാൻ ഗൾഫിൽ പോയി ജോലിയൊക്കെ കിട്ടി വന്നിട്ട് കല്യാണം കഴിക്കാന്ന് കുറാലിക്ക് വാക്ക് കൊടുത്തിരുന്നതാ. എന്തുചെയ്യാം വിധി അനുവദിച്ചില്ല! :(

    ReplyDelete
  2. നന്ദി, മുത്തപ്പാ ....

    കുറാലി സമ്മതിച്ചു എന്നെനിക്ക് തോന്നുന്നില്ല, കാരണം കുറാലി 'തമ്പ്രാന്‍ ചതിച്ച ചെറുമി' ആയിരുന്നു.

    നല്ല പാതി ഭക്തിയുള്ള ഭാരതീയ നാരീ രത്നം, അല്ലാണ്ട് 'സവിതാ ഭാഭി' അല്ല എന്നര്‍ത്ഥം !

    നമോവാകം

    ;)

    ReplyDelete
  3. :)

    കുറാലി ബാബൂനെ, കുറാലി ചാണം കൊണ്ട് സ്പ്രേ പെയിന്റ് അടിച്ച ഒരു സംഭവം കൂടി ഇല്ലേ?

    ReplyDelete
  4. പ്രിയപ്പെട്ടവനേ!

    കൊടകരയുടെ സ്വന്തം ഭ്രാന്തിയേയും ഭ്രാന്തന്‍മാരുടെ സ്വന്തം കൊടകരയേയും വായിച്ചറിയുവാന്‍ ലോകത്തിന്‌ അവസരമൊരുക്കിയതിനു നന്ദി.

    "കൊടകര.. മനസ്സിലായില്ലേ? മ്മടെ ഷഷ്ടിയൊക്കെ നടക്കണ സ്ഥലം.. ശെ.. ഡാ അതിലേ റൈറ്റ്‌ തിരിഞ്ഞിട്ട്‌ പുലിപ്പാറ.. ന്നട്ടും കിട്ടില്ല്യ?.. ആ.. കുറാലീടെ ഏരിയ!" എന്നു പറയുന്ന ഒരു കാലമുണ്ടായിരുന്നു മാളോരേ.
    പറഞ്ഞിട്ടെന്താ, ഇപ്പോ കൊടകരക്കാര്‍ക്കു റോയലായിട്ട്‌ ഒരു പ്രാന്തന്‍ പോലുമില്ലല്ലോ (ഉള്ളോരൊക്കെ ഒരുമാതിരി കഞ്ഞികള്‍).
    കുറാലി ജീവിച്ചിരുന്നെങ്കില്‍... വിശാലാ,
    വാഗ്ദാനലംഘനത്തിനു കേസുകൊടുക്കാന്‍ എന്തു സമ്മര്‍ദ്ദമുണ്ടായേനെ! ബാബുവിനെ ഈയിടെ കണ്ടിരുന്നു. "അനിമേഷേ" എന്ന വിളിയില്‍നിന്നും ഒഴിഞ്ഞുമാറാന്‍ മുകുന്ദണ്റ്റെയും ഷൈജുവിണ്റ്റേയുമടുത്ത്‌ അര മണിക്കൂറ്‍ രാഷ്ട്രീയം പറഞ്ഞു നില്‍ക്കേണ്ടി വന്നു!

    നന്ദി..

    ഖസാക്കിലും വലിയ ഇതിഹാസമായി കൊടകര മാറട്ടെ!
    ലോകം അതുകണ്ട്‌ അസൂയപ്പെടട്ടെ!!

    കുശുമ്പോടെ,
    അനിമേഷ്‌

    ReplyDelete
  5. നിങ്ങൾ കൊടകരക്കാരൊക്കെ ഇപ്പോൾ ഒന്നയി നമ്മളു പുറത്ത്‌

    ReplyDelete
  6. സൂര്യേട്ടാ,
    കുറാലി കൊള്ളാം.ഉഗ്രനെഴുത്ത്
    www.tomskonumadam.blogspot.com

    ReplyDelete
  7. അത് പോലെ എത്ര പ്രാവശ്യം വിശാലാ, കാര്യമായിട്ടു നമ്മളോട് കത്തി വച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് വലിയുന്ന കണ്ടാല്‍ മനസ്സിലാക്കാം, കുറാലി ഇവനെ കണ്ടെന്നു !

    കുശുമ്പന്‍ അനിമേഷേ....

    എറക്കാടനെ നമുക്ക് 'കൊടകരക്കാടന്‍' ആക്കണം

    നന്ദി റ്റോംസ്

    ReplyDelete
  8. "ഗഡി എണ്‍പത്തെട്ടാം വയസ്സുള്ളപ്പോള്‍ ഒരു കല്യാണം കഴിച്ചു എന്ന് മാത്രമല്ല, അതിലൊരു കുട്ടിയും ഉണ്ടായി"
    അതോ...പണ്ടാരോ കടുവയെ കളിത്തോക്ക്‌ വെച്ച് വെടിവെച്ചു കൊന്ന കഥ പോലെയോ....

    അടിപൊളി...
    ബാബുവിനെ പറ്റിയുള്ള ഇന്ട്രോ ആദ്യമേ പറഞ്ഞിട്ട് സംഭവത്തിലേക്ക് കടന്നിരുന്നെങ്കില്‍ ഒരു ബ്രേക്ക് ഫീല്‍ ചെയ്യില്ലായിരുന്നു എന്നൊരു തോന്നല്‍ കൂടിയുണ്ട്....

    ReplyDelete

Post a Comment