'ഒരു ജാതി' ജാതി ചിന്തകള്‍ !

ചേംബര്‍ പ്രശ്നം മൂലം റിലീസിംഗ് മാറ്റിവെച്ച 'വേണുവേട്ടന്‍' പോസ്റ്റില്‍ ഉണ്ടായ ജാതീയ ചിന്തകള്‍ അടിസ്ഥാനപ്പെടുത്തി തോന്നിയ ചില നുറുങ്ങുകള്‍ ഇവിടെ കുറിക്കുന്നു.

നൂറ്റുക്കണക്കിന് ജാതികളും ഉപജാതികളും ഉള്ള നമ്മുടെ കൊച്ചു കേരളത്തില്‍ ചില 'വര്‍ഗബോധങ്ങള്‍' ഉടലെടുത്തിട്ടുള്ളതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

നായരാണോ മേനോനാണോ മൂത്തത്, വെളുത്തേടന്‍ യഥാര്‍ത്ഥ നായരാണോ, അധകൃത ക്രൈസ്തവനും മറ്റേ ക്രൈസ്തവനും തമ്മിലുള്ള വെത്യാസം എന്ത്, സുന്നിയാണോ ഷിയായാണോ മെക്കയില്‍ നിന്നും വന്നത് (പ്ലീസ് വെട്ടുകയാണെങ്കില്‍ പറഞ്ഞിട്ട് വെട്ടണം) എന്നിങ്ങനെ നിരവധി കണ്‍ഫ്യൂഷന്‍സ്.

സ്വന്തം ജാതിയില്‍ വലിയ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് നാരായണഗുരു 'ജാതി ചോദിക്കരുത് പറയരുത്' എന്നൊക്കെ പൂശിയതെന്നാണ് ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കുന്നത്. (അല്ലെങ്കില്‍ തന്നെ 'ജാതിക്കൊക്കെ' ഇപ്പൊ എന്താ വില !)

അത് വിശ്വസിച്ചാവണം 'ജാതി പറയേണ്ടിടത്ത് പറയുക തന്നെ വേണം' എന്ന് 'നടേശഗുരു' പ്രഖ്യാപിച്ചത്. സംഭവം എന്തൊക്കെ ആയാലും സാക്ഷാല്‍ ഗുരു പറഞ്ഞത് ഇപ്പൊ ഒരു ജാതിക്കാര്‍ക്ക് മാത്രം പാരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

എന്‍റെ 'നട്ടെല്ല് ഊരിയവള്‍ടെ', എന്‍റെ ഫാര്യയുടെ എന്ന് വേണമെങ്കില്‍ വായിക്കാം പക്ഷെ ആദ്യം പറഞ്ഞതാണ് സത്യം !, വാപ്പാളശ്ശേരിയിലെ വല്യമ്മയുടെ വീട്ടില്‍ ഒരു ദിവസം ഒരു പെണ്‍കുട്ടി വന്നു.

'ഫീല്‍ഡ് ഏജന്‍റ് ഓഫ് ആന്‍ ഇന്‍റെര്‍നാഷണല്‍ പബ്ലിഷര്‍' എന്ന് പരിചയപ്പെടുത്തി പുള്ളിക്കാരി തുടങ്ങി.

രണ്ട്‌ മിനിട്ട് കഴിഞ്ഞപ്പോള്‍ ഏജന്‍റ്  വിരിച്ച വല വല്ല്യമ്മ പൊട്ടിച്ചു എന്ന് മാത്രമല്ല വല്ല്യമ്മ വിരിച്ച വലയില്‍ ഏജന്‍റ് കുടുങ്ങുകയും ചെയ്തു.

പിന്നെ കേള്‍ക്കുന്നത്, കുടുംബപുരാണം, ആട്ടക്കലാശം, ചിരിയോചിരി എന്നിവയൊക്കെയാണ്. വെറുതെ സിനിമാ പേരോ കഥയോ പറഞ്ഞു കളിച്ചതാണ് എന്നല്ല, അപ്പോഴത്തെ അവരുടെ ചര്‍ച്ചാ വിഷയങ്ങള്‍ ഇവയൊക്കെ ആയിരുന്നു.

അങ്ങിനെ അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും സുമ, ലതാണ് ലവളുടെ പേര്, കുടുംബപുരാണത്തിന്‍റെ ക്ലൈമാക്സില്‍ എത്തി.

പെട്ടെന്ന് വല്ല്യമ്മയുടെ ഒരു ചോദ്യം ....

'എന്താ കുട്ടീടെ ജാതി'

'ജാതി ചോദിക്കരുത്, പറ......'

സുമ പറഞ്ഞു തുടങ്ങിയപ്പോള്‍ വല്ല്യമ്മ പെട്ടെന്ന് ഇടയ്ക്കു കയറി ..

'മതി മതി മനസ്സിലായി !'

പിന്നീട് എത്രയും പെട്ടെന്ന് വല പൊട്ടിക്കാനായി 'കു' സുമത്തിന്‍റെ ശ്രമം. പത്ത് മിനിട്ടിനുള്ളില്‍ ആ ശ്രമം വിജയിച്ച് 'സുമറാണി' സ്ഥലം കാലിയാക്കി.

ഇത് നാരായണഗുരുവിന്‍റെ പരാജയമാണോ അല്ലെങ്കില്‍ നടേശഗുരുവിന്‍റെ വിജയമാണോ എന്നൊന്നും അറിയില്ല. പക്ഷെ ടി ചിന്തകള്‍ മുന്‍പെങ്ങും ഇല്ലാത്തത് പോലെ കേരളീയ മനസ്സുകളില്‍ വല കെട്ടിയിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്.

ചോന്‍ ആണോ ചേകവന്‍ ആണോ ശരി ? അതോ ഇത് രണ്ട്‌ ഒന്നാണോ ? വളരേ കാലമായി പല എസ്സെന്‍ഡിപി മെമ്പര്‍മാരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രശനം ഇതാണെന്ന് തോന്നുന്നു. എന്ത് തന്നെ ശരിയായിരുന്നാലും എന്‍റെ നാട്ടിലും പരിസര പ്രദേശങ്ങളിലും 'ലവന്‍സിനെ' ചോമ്മാര്‍ എന്ന് തന്നെയാണ് വിളിക്കുന്നത്‌.

എന്നാല്‍ ഞാന്‍ ആദ്യം ചൂണ്ടികാണിച്ച 'വിശ്വാസമില്ലായ്മ' മൂലം ചില അവന്മാര്‍ തങ്ങള്‍  ചേകവന്‍ ആണെന്നും എന്നും ദങ്ങിനെ തന്നെ വിളിക്കണം എന്നും അടുത്തകാലത്തായി  നിഷ്ക്കര്‍ഷിക്കാറുണ്ട്. നമ്മുടെയല്ലേ നാട്ടുകാര്‍, അവര്‍ അതും ഒരു ആഘോഷമാക്കി എടുത്തു. ഇപ്പൊ അതും പറഞ്ഞാണ് തോട്ടിയിടല്‍ !

അഴകം ദേശത്തെ പാട്ടത്തില്‍ നന്ദനനും ഹര്‍ഷനും തമ്മില്‍ നടന്ന ഒരു ക്യുക്കി....

ഹര്‍ഷന്‍ നന്ദനോട് 'എന്താ ചേകവരെ ?'

നന്ദന്‍ തിരിച്ച് 'ഒന്നൂല്ല പാണനാരെ !'‌ (അതായിരുന്നു അങ്ങേരുടെ ജാതി !)

Comments