'ജീരകബീഫും ഓട്ടന്‍ തുള്ളലും !'

ഗോള്‍ഡന്‍' ചരിതത്തില്‍ നിന്നും വീണു കിട്ടിയ ഒരു ത്രെഡ്...

ഗോള്‍ഡനിലെ 'ജീരക ബീഫ്' അന്ന് ഭയങ്കര ഫേമസ് ആയിരുന്നു. ബീഫ് നല്ല പോലെ വരട്ടി, പെരുംജീരകം, കറിവേപ്പില, കുരുമുളക് തുടങ്ങിയവയൊക്കെ ഒന്ന് വേറെ മൂപ്പിച്ചെടുത്ത്, വരട്ടിയ ബീഫ് ഒന്നുകൂടി ഇതിലിട്ട് ഫ്രൈ ചെയ്തു എടുക്കുന്നതാണ് ഈ 'ജീരക ബീഫ്' എന്ന് പറയുന്നത്.

പലയിടത്തു നിന്നും ഇത് ആയുര്‍വേദ ബീഫ്, ബീഫ് സ്പെഷ്യല്‍ മസാല ഫ്രൈ എന്നിങ്ങനെയുള്ള പേരുകളില്‍ കിട്ടിയിട്ടുണ്ടെങ്കിലും ഗോള്‍ഡന്‍റെ അത്രയും രുചിയില്‍ വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. ഞങ്ങള്‍ ഭൂരിഭാഗം പേര്‍ക്കും അത് ഭയങ്കര ഇഷ്ടവും ആയിരുന്നു. 

നമ്മുടെ ചില  മാന്യദേഹങ്ങള്‍ സ്ഥിരമായി ഒളിച്ചും (ചിലപ്പോള്‍ പരസ്യമായും) ഇത് പാര്‍സല്‍ വാങ്ങാറുണ്ട്. എന്നാല്‍ ഒരുത്തന്‍റെ വീട്ടിലും ഇത് എത്തിയതായി കേട്ടിട്ടില്ല.

പക്ഷെ ഗ്രൌണ്ടിനു അടുത്തുള്ള വേറൊരു 'വീട്ടില്‍' നിന്നും അവിടുത്തെ തന്ത ആരെയൊക്കെ രാത്രി ഓടിച്ചിട്ടുണ്ടോ അന്നൊക്കെ പറമ്പില്‍ നിന്നും ജീരകബീഫിന്‍റെ പൊതി കിട്ടാറുണ്ട്.

കാര്യം അവിടെ ഒരു 'മുതല്‍' ഉണ്ട്.

ഏത് ?

അതന്നെ !

കോയിന്‍ ബൂത്ത്‌ !

സാധനത്തിനു 'ജീരക ബീഫ്' ഒരു വീക്നെസ് ആണ്. അതോണ്ട് മരുന്നടി കഴിഞ്ഞാല്‍ പിന്നെ ചിലര്‍ക്ക് ഒരെണ്ണം പാര്‍സല്‍ വേണം ! 

നേരത്തെ പറഞ്ഞ തന്ത വീടിനു ചുറ്റും വാരിക്കുഴികള്‍ ഉണ്ടാക്കി വെയ്ക്കാറുണ്ടെങ്കിലും നമ്മുടെ 'ദേഹങ്ങള്‍' ഒന്നും അതില്‍ വീണതായി കേട്ടിട്ടില്ല. പക്ഷെ വാതില്‍ തുറക്കാത്തതിനു അവിടെ കിടന്നു ബഹളം വെച്ചു വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്തിനു അവിടെ കിടന്നു തലതല്ലി ചിരിച്ച് പോലും പ്രശ്നം ഉണ്ടായിട്ടുണ്ട്.

സ്ഥിരക്കാരന്‍ ഒരാള്‍, കൂട്ടുകാരന്‍റെ കൂടെ പഴ്സലോടെ എത്തുന്നു.

(മിക്കവാറും ഈ കൂട്ടുകാരന്‍ എന്ന ആസാമി 'ദ്വാരപാലകന്‍' ആയിരിക്കും, ന്ച്ചാല്‍ കാവല്‍ !)

സിഗ്നല്‍ പ്രകാരം വാതിലില്‍ ആദ്യം രണ്ട്‌ മുട്ട് പിന്നെ മൂന്ന് മുട്ട് എന്ന മോഴ്സ്കോഡ് ‍അടിക്കുന്നു. പക്ഷെ 'സാധനം' വാതില്‍ തുറക്കുന്നില്ല.

അകത്തു വെളിച്ചം ഉണ്ട് താനും, അതിനര്‍ത്ഥം വേറെ ആയുധങ്ങള്‍ ഒന്നും വന്നു യുദ്ധം തുടങ്ങിയിട്ടില്ല എന്നാണ്.

പിന്നെയും പിന്നെയും അതേ കോഡ് അടിച്ചപ്പോള്‍ അകത്തു ഉണ്ടായിരുന്ന ലൈറ്റും  ഓഫ്‌ ആയി. ദേഷ്യം വന്നു ഈ വീരന്മാര്‍ വാതിലിന്‍റെ  മുകളിലെ വിടവില്‍ കൂടി ടോര്‍ച്ച് അടിച്ചു നോക്കി.

ദേ ഒരുത്തന്‍‍, തുണിയൊന്നും ഉടുക്കാതെ തിരിഞ്ഞു നില്‍ക്കുന്നു. പക്ഷെ മുഖം കാണാന്‍ പറ്റുന്നില്ല.

'ആരാടി %#@$മോളേ അത് ?' ടോര്‍ച്ച് 'മോള്‍ടെ' നേരെ അടിച്ചു സ്ഥിരക്കാരന്‍റെ ചോദ്യം.

പതിവിനു വിപരീതമായി 'മോള്‍' മിണ്ടരുതെന്ന് ആംഗ്യം കാണിക്കുന്നു.

'എന്താടി പൊട്ടന്‍ കളിക്കണത്, മരിയാദക്ക് അവനെ പറഞ്ഞു വിട്ടോ !' സ്ഥിരക്കാരന്‍ കലിപ്പായി.

അപ്പോളും മോള്‍ സൈലന്‍റ് !

ടോര്‍ച്ച് നഗ്നന്‍ തെണ്ടിയുടെ നേരെ അടിച്ചു. എത്ര ശ്രമിച്ചിട്ടും മുഖം കാണാന്‍ പറ്റിയില്ല.

അതുകൊണ്ട് ഒരു ഡയലോഗ്  'ഏതാടാ നീ ? നടന്നു പോണം എന്നുണ്ടെങ്കില്‍ ഇപ്പൊ പൊയ്ക്കോ, അല്ലെങ്കില്‍ എടുത്തു കൊണ്ട് പോകേണ്ടി വരും'

'പോടാ, നീയും എന്നെപ്പോലെ തന്നെ വന്നതല്ലേ, ഓലപാമ്പ് കാണിക്കല്ലേ' നഗ്നന്‍ തിരിച്ചടിച്ചു !

ഇത് കേട്ടാല്‍ സ്വാഭാവികമായും അവിടെ ഒരു പ്രശ്നം ഉണ്ടാകേണ്ടതാണ്. പക്ഷെ നമ്മുടെ  'സ്ഥിരക്കാരന്‍' നിശബ്ദനായി താഴെ ഇറങ്ങുന്നു. എന്നിട്ട് രഹസ്യം പറയുന്ന പോലെ കൂട്ടുകാരനോട് പോകാം എന്ന് ആംഗ്യം കാണിക്കുന്നു.

പുറത്ത് കടന്നു കൂട്ടുകാരന്‍ സ്ഥിരക്കാരനോട്...

'എന്താടാ പോന്നത്, മറ്റവനെ ഞാന്‍ കൈകാര്യം ചെയ്തോളാം, നീ കേറിക്കോ'

'വേണ്ടെടാ, ഇപ്പൊ പൂവാം'

'എന്താ കാര്യം ? എന്തിനാടാ  നീ പോണത് ? നിനക്കിന്നു എന്തായാലും വേണം എന്ന് പറഞ്ഞല്ലേ കാവലിനു എന്നേം കൊണ്ട് വന്നത്'

'അതിക്കെ ശരിയാണ്, പക്ഷെ ഇന്നിത് ശരിയാവില്ലെടാ'

'എന്ത് ശരിയാവില്ലെന്ന്, ആ തെണ്ടിയെ തല്ലി ഓടിച്ചാല്‍ പോരെ ? എത്ര വലിയ പുലിയായാലും അത് ഞാന്‍ നോക്കിക്കൊള്ളാം, നീയാ വന്നേ' കൂട്ടുകാരന്‍

'അതൊന്നും നടക്കില്ല, നമുക്ക് നാളെ വരാടാ ?'

'എന്താ കാര്യം എന്ന് പറഞ്ഞിട്ടു പോയാല്‍ മതി' മറ്റവന് ശ്വാസം മുട്ടി.

'അകത്തു എന്‍റെ അച്ഛനാണെടാ ' സ്ഥിരക്കാരന്‍ !

'പഷ്ട്ട്, എന്നാല്‍ വിടാം, ബീഫ് കൂട്ടി നമുക്ക് ഓരോ സ്മാള്‍ കൂടി അടിക്കാം, വാ !'

മേല്‍ പറഞ്ഞ വീട് മഞ്ച കുമാരേട്ടന്‍റെ വീടിനു അടുത്ത് ആയതു കൊണ്ട്  ഈ പറയുന്ന ബഹളങ്ങള്‍ എല്ലാം ഏറ്റവും കൂടുതല്‍ ശല്യം ഉണ്ടാക്കിയിരുന്നത് അങ്ങേര്‍ക്കായിരുന്നു. പല രാത്രികളിലും അടുത്ത വീട്ടില്‍ മുട്ടന്‍ തെറി വിളികളും വാതിലില്‍ ചവിട്ടലും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന ശബ്ദവും ഒക്കെ ആയി കുമാരേട്ടന് കിടക്കപ്പോറുതി കിട്ടാറില്ല.

അങ്ങിനെ സംഭവബഹുലമായ ഒരു രാത്രിക്ക് ശേഷം '(ഡേഷ്) കുട്ടന്‍' എന്നറിയപ്പെടുന്ന ഒരു 'ദേഹവും' മഞ്ച കുമാരേട്ടനും തമ്മില്‍ നടന്ന ഒരു സംസാരം ....

'ഡാ..... ഒന്നിങ്ങ്ട്‌ വന്നെ' കുമാരേട്ടന്‍

'എന്താ കുമാരേട്ടാ'

'നിന്‍റെ അച്ഛന് എന്താ ജോലി ?'

'സ്വര്‍ണപ്പണി'

'വെപ്പ് പണിയുണ്ടോ, പാചകം ?'

'ഏയ്‌ ഇല്ല, എന്തേ കുമാരേട്ടാ ?'

'അല്ലാ പിന്നെ എന്തൂട്ട് കൊപ്പിനാണ് നീയെന്നും ബീഫ്ഫ്രൈയുടെ പൊതിയും കൊണ്ട് എന്‍റെ പറമ്പില്‍ കൂടെ ഓടണത് ?'

'ഞാനാ ? കുമാരേട്ടന് ആള് തെറ്റിയതാവും. ഞാന്‍ എന്തിനാ ചേട്ടന്‍റെ പറമ്പില്‍ കൂടി ഓടണേ ?'

'ഇതാരുടെയാണ്ടാ ?' കുമാരേട്ടന്‍ ഒരു പേഴ്സ് എടുത്തു കാണിച്ചിട്ട് ഒരു ചോദ്യം.

'അയ്യോ ഇതെന്‍റെയാണല്ലോ, കുമാരേട്ടന് ഇതെവിടുന്നാ കിട്ടിയത് ?'

'അപ്പൊ ഈ പുല്ലോ ?' ഒരു പൊതി കാണിക്കുന്നു.

'ഇതെന്തൂട്ടാ ?' 'കുട്ടന്‍റെ' നിഷ്കളങ്ക ചോദ്യം !

'ഇത് നിന്‍റച്ചന്‍റെ  %$#@^*. നിന്‍റെ പേഴ്സിന്‍റെ കൂടെ കിട്ടിയ ബീഫിന്‍റെ പൊതിയാണ്' കുമാരേട്ടന്‍ ചൂടായി.

'അത്... അത് .....' 'കുട്ടന്‍' തപ്പി തടയുന്നു

'എന്താണ്ട ഒരു തപ്പല് ?'

'അത് ജീരകബീഫാണ്'

'എന്ത് മൈ%$#@ങ്കിലും ആവട്ടെ, $#@*മോനെ എന്താ ഇന്നലെ ഉണ്ടായത് എന്ന് മര്യാദക്ക് പറഞ്ഞോ'

(ഞാന്‍ മുന്പ് പറഞ്ഞില്ലേ, കുമാരേട്ടന്‍റെ ഒരു ഡയലോഗില്‍ മിനിമം മൂന്ന് തെറിയെങ്കിലും ഉണ്ടാവും, പക്ഷെ എല്ലാം അതുപടി പകര്‍ത്തിയാല്‍ വായിക്കുന്നവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ചെന്ന ഫീലിംഗ് ഉണ്ടാകും, അതുകൊണ്ട് അത്യാവശ്യം ഉള്ളത് മാത്രം ഉപയോഗിച്ചു ബാക്കി മൊഴിമാറ്റം ചെയ്തു കൊള്ളുന്നു, അമേന്‍ !)

'ഒന്നൂല്ല കുമാരേട്ടാ, ഒരബദ്ധം പറ്റിയതാ'

'എന്തബദ്ധം ? നീയൊക്കെ 'സുഡാല്‍ഫികെഷന്' പോയതല്ലേ ? സത്യം പറ'

'അത് ... ഞങ്ങള് അവിടെ പോയി എന്നത് സത്യമാണ്. പക്ഷെ ആ തെണ്ടി തന്ത ഞങ്ങളെ ഓടിച്ചു. ഞങ്ങള്‍ ആദ്യം ആ വീടിന്‍റെ തന്നെ സൈഡില്‍ ഒളിച്ചിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞു വീണ്ടും ചെന്നപ്പോള്‍ തന്ത അവളുടെ റൂമിന്‍റെ വാതില്‍ക്കല്‍ തന്നെ ഇരിക്കുന്നു. അയാള് ഞങ്ങളെ കണ്ടു എന്നൊരു സംശയം. പിന്നോ ഒന്നും നോക്കിയില്ല, ഓടി. അത് ചേട്ടന്‍റെ പറമ്പില്‍ കൂടെ ആയിപ്പോയി, സോറി'

'അത് കഴിഞ്ഞു വീണ്ടും ഒരു ബഹളം കേട്ടല്ലോ ?'

'അതോ അത് എന്‍റെ കൂടെ വന്ന അലവലാതിയുടെ ചെരുപ്പ് ഓട്ടത്തില്‍ ആ പറമ്പില്‍ ഊരിപ്പോയി എന്ന് പറഞ്ഞു തിരിച്ചു ചെന്നപ്പോള്‍ ആ തന്തയുമായി ഉണ്ടായ വഴക്കാ !'

'അത് ശരി, 'ഡിഗോല്‍ഫികെഷന്' പോയോടത്ത് നിന്നും ഓടിപ്പിച്ചപ്പോള്‍ ഊരിപ്പോയ ചെരുപ്പ് വീണ്ടും ചോദിച്ചു ചെന്നാ ! ആരാടാ നിന്‍റെ കൂടെ അത്ര ബുദ്ധിയുള്ളവന്‍ ?'

'കുമാരേട്ടന്‍ ആരോടും പറയരുത്'

'പിന്നെ ഞാനിതിപ്പോ ഇത് അടുത്ത പഞ്ചായത്ത് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യാന്‍ പൂവല്ലേ ? അല്ലെങ്കില്‍ തന്നെ നിന്നെയും നിന്‍റെ  തല തെറിച്ചവന്മാരെയും പറ്റി ആര്‍ക്കും അറിയില്ലാല്ലോ, നീ ആളാരാണെന്ന് പറയെടാ'

'.....' (പേരിനു പകരം ഒരു നമ്പര്‍ !)

'ആ പ്രാന്തനാ ? നല്ല കമ്പനി !'

'പറ്റിപ്പോയി ചേട്ടാ, ക്ഷമി'

'മേലാല്‍ നീയോ നിന്‍റെ കൂട്ട് @#$ന്‍മാരോ കള്ളമ്മാരുടെ പോലെ ഒരു ജാതി കറുത്ത ട്രൌസറും ബനിയനും ഇട്ടു പോത്തിറച്ചിയും താങ്ങിപ്പിടിച്ചു എന്‍റെ പറമ്പില്‍ കൂടെ ഓടിയാല്‍ പിന്നെ നിന്‍റെയൊക്കെ 'കല്യാണസൌഗന്ധികം' എന്‍റെ പട്ടിക്കൂട്ടില്‍ നിന്നും തപ്പിയെടുക്കേണ്ടി വരും' കുമാരേട്ടന്‍റെ അന്ത്യശാസനം !

'ഇല്ല കുമാരേട്ടാ ഇനിയെന്‍റെ 'ജീവിതത്തില്‍' അങ്ങിനെ ഉണ്ടാവില്ല'

'നിന്‍റെ കാര്യം മാത്രമല്ല'

'അല്ലാ, ഞാന്‍ എല്ലാരോടും പറയാം' 

'അവന്‍റെയൊക്കെ ഒടുക്കത്തെ ഒരു ജീരകബീഫും പാതിരാത്രിയിലെ ഓട്ടന്‍ തുള്ളലും !'

അതിനു ശേഷം ഗോള്‍ഡനില്‍ ജീരകബീഫിന്‍റെ പാഴ്സലില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നാണ് സംസാരം.

Comments

  1. അപ്പൊ അതാണ് ജീരക ബീഫ്...

    ReplyDelete
  2. ഹാ..ഹാ.ഹാ...ഇപ്പം ഈ ജീരക ബീഫിന് ഡിമാന്റ് ഉണ്ടോ ?

    ReplyDelete
  3. ഇല്ല ക്യാപ്റ്റന്‍,

    ബാറിലെ 'ജീരകബീഫ്' ഒന്നിനും കൊള്ളാത്തത് ആയി.‌

    ഗ്രൌണ്ടിലെ 'ബീഫ്‌' നാട് വിട്ട് പോയി !!!!!!!

    ReplyDelete
  4. ബ്ലോഗുകളിലൂടെയുള്ള യാത്രകളില്‍ പരിചയമുള്ള ഒരു മുഖം തടഞ്ഞപ്പൊ നിന്നുപോയതാ‍ണ്. കൊടകരയുടെ ചരിത്രത്തില്‍ ഇങ്ങിനെയും ഏടുകളുണ്ടെന്ന് കൊടകരക്കാരിയായ എനിക്ക് പുതിയ അറിവായിരുന്നു. not bad...but ഇത്തിരി എരി കൂടിയില്ലേന്നൊരു ശങ്ക...!

    ReplyDelete
  5. ശങ്കിക്കണ്ട ദിയ എരിവ് ലേശം കൂടുതല്‍ ആണ്, പക്ഷെ അതിലെ പകുതിയിലേറെ മുളക് കളഞ്ഞതിനു ശേഷം ആണ് ഇത്ര എരിവ് എന്ന് മനസ്സിലാക്കിക്കൊള്ളു, അല്ലെങ്കില്‍ ഇതൊരു 'ആന്ധ്ര സ്റ്റൈല്‍ ചിക്കന്‍' പോലെ ആയേനെ !

    ReplyDelete

Post a Comment