വടക്കേ സ്റ്റാന്‍റ്, വറീതേട്ടന്‍റെ സ്റ്റാന്‍റ് !

ഞാന്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന തൃശൂര്‍ ചിന്മയ മിഷന്‍ കോളേജ് അന്ന് ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ ആണ് നടന്നിരുന്നത്.

(ഈ കാര്യം എന്‍റെ ചില ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്ക് അറിയുമായിരിക്കും, കാരണം അവര്‍ എന്‍റെ 'അദര്‍ സൈഡ് ഓഫ് മിഡ് നൈറ്റ്‌' ആയ 'ഭഗവാന്‍ തേരി മായ' എന്ന ബ്ലോഗിലെ തുടരാന്‍ പോസ്റ്റുകള്‍ വായിച്ചിരിക്കും. ഇനി വായിച്ചിട്ടില്ലെങ്കില്‍ രണ്ട്‌ കഞ്ചാവ് ബീഡിയോ ഒരു ഫുള്‍ 'വെട്ടിരിമ്പോ' കുറഞ്ഞത്‌ ഒരു സ്ട്രിപ് പാരാസിറ്റമോള്‍ എങ്കിലുമോ  കരുതി വച്ച് ഈ ലിങ്കില്‍ പൂശുക http://bhagavantherimaya.blogspot.com/. പിന്നെ കോളേജിന്‍റെ  മനോഹരമായ ഒരു ഫോട്ടോ അതില്‍ പ്രതിഷ്ടിച്ചിട്ടുണ്ട്. ബോധം പോകുന്ന വരെ വായിക്കുക, പോട്ടെ.... ആ ഫോട്ടോ എങ്കിലും ഒന്ന് നോക്കെടപ്പാ !)

കോളേജിന്‍റെ ഒരു അട്ട്രാക്ഷന്‍ എന്ന് പറയുന്നതേ വടക്കേ‌ സ്റ്റാന്‍റ് ആയിരുന്നു. മനോഹരമായ വടക്കേച്ചിറയുടെ തീരത്ത് ചുറ്റും ആലുകളും മറ്റു മരങ്ങളും ഒക്കെ ആയി പ്രകൃതി രമണീയമായ ഒരു സ്റ്റാന്‍റ് !

വടക്കേ സ്റ്റാന്‍റ് പുതുക്കി പണിതതിനു ശേഷമാണ് അവിടെ അനൌണ്‍സ്മെന്‍റ് തുടങ്ങിയത്. KSRTC, റെയില്‍വേ സ്റ്റേഷന്‍ പിന്നെ ശക്തന്‍ സ്റ്റാന്‍റ് ഇത്രയും സ്ഥലങ്ങളില്‍ ആണ് ഇതിനു മുന്പ് ഞാന്‍ അനൌണ്‍സ്മെന്‍റ് കേട്ടിട്ടുള്ളത്.

സ്റ്റാന്‍ഡില്‍ അനൌണ്‍സ്മെന്‍റ് നടത്തുന്നത് ഞങ്ങളുടെ ഒക്കെ സുഹൃത്തായ വറീത് ചേട്ടന്‍ ആയിരുന്നു. താമസം പാട്ടുരാക്കല്‍, അവിവാഹിതന്‍, വയസ്സ് 49, ഭക്ഷണം സ്വന്തം സഹോദരന്‍ ഈപ്പച്ചന്‍ ചേട്ടന്‍ നടത്തുന്ന 'അന്ന ഹോട്ടല്‍ ആന്‍റ് ടീ സ്റ്റാളില്‍' നിന്നും, വെള്ളമടി  കോലോത്തും പാടം ഷാപ്പില്‍ നിന്നും, സിനിമ ഗിരിജ തിയേറ്ററില്‍, ഉറക്കം 'പാടത്ത് ജാനു' എന്നറിയപ്പെടുന്ന ജന്വേടത്തിയുടെ വീട്ടില്‍, കുളി പല്ലേപ്പ്  തേവാരം ഇത്യാദി പരിപാടികള്‍ വടക്കേ സ്റ്റാന്‍ഡിന്‍റെ കംഫര്‍ട്ട് സ്റ്റേഷനില്‍ !

വറീതേട്ടന്‍റെ പ്രധാന ആകര്‍ഷണം നീട്ടിയും കുറുക്കിയും ദ്വയാര്‍ത്ഥത്തിലും 'പൊരിഞ്ഞ ബാസിലും' ഉള്ള അനൌണ്‍സ്മെന്‍റ് ആണ്. കൃത്യമായ കണക്കു കൂട്ടലുകള്‍ നടത്തിയും ചിലപ്പോള്‍ അറിയാതെയും നടത്തുന്ന ഈ 'വിളിച്ചു പറയലുകള്‍ക്ക്' എല്ലാം മനപ്പൂര്‍വമല്ലാത്ത ഒരു കൈപ്പാട് പതിപ്പിക്കാന്‍ അങ്ങേര്‍ക്കു കഴിഞ്ഞിരുന്നു.   

'ഗുരുവായൂരപ്പന്‍ സ്റ്റാന്‍റ് വിട്ടു പോകണം !'

കേള്‍ക്കുന്നവന്‍ അറിയാതെ 'ആരാടാ ഇവന്‍ ?' എന്ന് മനസ്സില്‍ ചോദിച്ചു പോകും.

ഒന്ന് പുഞ്ചിരിക്കാനോ വേണമെങ്ങില്‍ പെട്രോളില്‍ കരടുള്ള ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ആദ്യം ഉണ്ടാവുന്ന 'ഫും' എന്ന ശബ്ദത്തോടെ ഉള്ള ഒരു ചിരി ചിരിക്കാനോ ഉള്ള  അഞ്ചു സെക്കന്‍റ് കഴിഞ്ഞു വേറൊരെണ്ണം  വരും .....   ‌

'മണ്ണുത്തി, പട്ടിക്കാട്, പീച്ചി വഴി പന്ത്രണ്ടേ അഞ്ചിന് മലമ്പുഴയ്ക്ക് പോകേണ്ട ഗുരുവായൂരപ്പന്‍ ബസ്സ് ഉടന്‍  സ്റ്റാന്‍റ് വിട്ടു പോകണം'

'ഇത് കൂടി കേട്ടാലെ ആള്‍ക്കാര്‍ക്ക് അതിന്‍റെ 'ആ ഒരു ഇത്' മനസ്സിലാവുകയുള്ളു !'

'ഗുരുവായൂരപ്പന്‍ സ്റ്റാന്‍റ് വിട്ടു പോകണം !' എന്ന് കേള്‍ക്കുന്ന ഒരു ഭക്തന് എന്ത് തോന്നുന്നു എന്നുള്ളത് ഒരു വലിയ വിഷയം അല്ല. പക്ഷെ അതിന്‍റെ പിന്നിലെ 'എ ടച് ഓഫ് വറീത്' ആര്‍ക്കും തള്ളിക്കളയാന്‍ പറ്റുന്നതല്ല.

'പതിനൊന്നേ മുപ്പതിന് വടക്കാഞ്ചേരി പര്‍ലിക്കാട് വഴി വാഴാനിക്കു പോകുന്ന ശോഭ അതേ റൂട്ടിലുള്ള വിനോദിനെക്കാള്‍ അഞ്ചു മിനിട്ടിനു മുന്‍പ് പുറപ്പടേണ്ടതാണ്‌, ഇനി സ്റ്റാന്‍ഡില്‍ വച്ചൊരു തര്‍ക്കം പാടില്ല' എന്നത് ഒരു അസ്വാഭാവിക വിളിച്ചു പറയല്‍ അല്ലേ എന്ന് തോന്നാം.

ശോഭയും വിനോടും തമ്മില്‍ വേറെന്തോ പ്രശ്നം സ്റ്റാന്‍ഡില്‍ വച്ചു ഉണ്ടായി എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. പക്ഷെ ഈ രണ്ട്‌ ബസ്സുകാരും കൂടി തലേ ദിവസം സ്റ്റാന്‍ഡില്‍ വച്ചു നടത്തിയ 'പൂരക്കളി' കണ്ടവര്‍ക്ക് കാര്യം പെട്ടെന്ന് മനസ്സിലാകും.

'സ്റ്റാന്‍ഡിന്‍റെ  തെക്കേ മൂലയില്‍ നില്‍ക്കുന്ന വിനോദിനി, സ്റ്റാന്‍ഡിന്‍റെ പടിഞ്ഞാറേ പാര്‍ക്കിങ്ങില്‍ ഉള്ള രാജുവിന്‍റെയും ആല്‍വിന്‍റെയും ഇടയില്‍ പോയി കിടക്കേണ്ടതാണ്‌' 

'അനതര്‍ മാസ്റ്റര്‍ പീസ്‌ ഓഫ് വറീത്'

കേള്‍വിക്കാര്‍ക്ക് എന്ത് വികാരം തോന്നിയാലും പറയുന്നയാള്‍ 'പൊരിഞ്ഞ' ആത്മാര്‍ഥതയോടെ ആണ് ഇത് ചെയ്യുന്നത്.

'ചോറ്റാനിക്കര അമ്മ ഇപ്പോള്‍ സ്റ്റോപ്പില്‍ വരേണ്ടതില്ല, സെന്‍റ്  ആന്‍റണീസ് പോയതിനു ശേഷം വന്നാല്‍ മതി'  എന്തൊരു മതേതരമായ കാഴ്ച്ചപ്പാട് !

'പത്തേ പന്ത്രണ്ടിന് മണ്ണുത്തി പട്ടിക്കാട് വടക്കുംചേരി ആലത്തൂര്‍ കുഴല്‍മന്ദം വഴി പാലക്കാട് പോകുന്ന ചോറ്റാനിക്കര അമ്മ പത്തേ പത്തിന് അതേ റൂട്ടില്‍ പോകുന്ന സെന്‍റ്  ആന്‍റണീസ് സ്റ്റാന്‍റ് വിട്ടതിനു ശേഷം സ്റ്റോപ്പില്‍ വന്നാല്‍ മതി'

......... എന്നാണ് പറഞ്ഞത്.


ആഹാ എത്ര ഭാവാത്മകമായ പ്രയോഗം !
 
ഇതിനിടയില്‍ വീണ്ടും കേള്‍ക്കാം..........

'മുത്തപ്പന്‍ ഉടന്‍ സ്റ്റാന്‍റ് വിട്ടു പോകണം, ഇനി ഒരു അനൌണ്‍സ്മെന്‍റ് ഉണ്ടായിരിക്കുന്നതല്ല   !' 

കേട്ടാല്‍ തോന്നും നമ്മുടെ സജീവന്‍റെ (വിശാല മനസ്ക്കന്‍ !) ബ്ലോഗ്‌ ദൈവം  'എടത്താടന്‍ മുത്തപ്പന്‍' ഏതോ വിസിറ്റിനു വന്നിട്ട് സ്റ്റാന്‍ഡില്‍ നിന്നും പറഞ്ഞു വിടുകയാണെന്ന്.

സംഭവം, 'മുത്തപ്പന്‍' എന്ന വടക്കാഞ്ചേരി ഊട്ടുപാറ റൂട്ടില്‍ ഓടുന്ന ബസ്സ്‌ നേരം തെറ്റിച്ചപ്പോള്‍ വറീതേട്ടന്‍ ഒന്ന് ഭീഷണിപ്പെടുത്തിയതാണ്. 

'ഇഞ്ചിപ്പാറയില്‍ നിന്നും വന്ന രാജുവും നളിനിയും എത്രയും പെട്ടെന്ന് സ്റ്റാന്‍റ് കൌണ്ടറില്‍ എത്തേണ്ടതാണ്‌' 

ഒരു നിമിഷം ആളുകള്‍ക്ക് സംശയം 'രണ്ടു ബസ്സും കൂടി എന്തിനു കൌണ്ടറില്‍ വരണം' ?

അപ്പോള്‍ അതിന്‍റെ ബാക്കി രണ്ട്‌ സെക്കന്‍റിനു ശേഷം  'നിങ്ങളുടെ അമ്മ, കൌണ്ടറില്‍ കാത്തു നില്‍ക്കുന്നു' 

അപ്പൊ അതാണു കാര്യം, പിള്ളാരെ കാണാതായത് വിളിച്ചു പറയുന്നത് അതേ ശൈലിയില്‍, അതേ 'ബാസില്‍', 'ടിപ്പിക്കല്‍ വറീത് സ്റ്റൈല്‍'


ഇതിനിടയില്‍ 'അഹമ്മദിക്ക രണ്ടു ചായ, പെട്ടെന്ന് എത്തണം !' അതും മൈക്കില്‍ കൂടി തന്നെ !

ഈ വറീതേട്ടന്‍ ഷാപ്പില്‍ ഇരിക്കുമ്പോഴും സ്ഥിതി ഇത് തന്നെ. എന്ന് വെച്ചാല്‍ കാലാങ്ങളായുള്ള ഈ 'വിളിച്ചു പറയല്‍' കൊണ്ട് അങ്ങേരുടെ മൊത്തത്തില്‍ ഉള്ള സംസാര ശൈലി തന്നെ മാറിപ്പോയി.

ഷാപ്പുകാരന്‍ ഉണ്ണിക്കണ്ണനോട്‌, ഞങ്ങള്‍ ഉണ്ണ്യേട്ടന്‍ എന്ന് വിളിക്കും, 'വറീത് സ്റ്റൈല്‍ വിടല്‍സ്'...

'ഉണ്ണിക്കണ്ണാ... രണ്ട്‌ കുപ്പി കള്ള്, ഉടന്‍ വേണം'

'ഈ കടലക്കറി വളിച്ചുപോയി എത്രയും പെട്ടെന്ന് മാറ്റണം', എന്നിങ്ങനെ അങ്ങേര് എല്ലാം  സ്വന്തം ശൈലി ആക്കി മാറ്റിയിരുന്നു.

സ്ഥിരമായി വാക്കുതര്‍ക്കം ഉണ്ടാക്കുന്ന രണ്ട്‌ പേരാണ് വറീതേട്ടനും 'കൊള്ളി ജയനും'

വിഷയം സിമ്പിള്‍, വറീതേട്ടന് 'ജയേട്ടനെയും', ന്ച്ചാല്‍ ഗായകന്‍ ജയചന്ദ്രന്‍, ജയന് 'ദാസേട്ടനെയും' ആണ് ഇഷ്ടം, അതന്നെ !

കൊള്ളി ജയനുമായി കശപിശ ഉണ്ടാവുമ്പോള്‍ വറീതേട്ടന്‍റെ  അനൌണ്‍സ്മെന്‍റ്.........

'മണ്ടത്തരം പറയുന്ന 'കൊള്ളി' എത്രയും പെട്ടെന്ന് ഷാപ്പില്‍ നിന്നും പോണം !'


ചിലപ്പോളൊക്കെ വറീതേട്ടന്‍ രാത്രി ജന്വേടത്തിയുടെ അടുത്ത് എങ്ങനെ ആയിരിക്കും സംസാരിക്കുകാ എന്ന് അനുകരിച്ചു ഞാനും പട്ടരും സുഗതനും ഒക്കെ അങ്ങേരെ കളിയാക്കാറുണ്ട്.

'ജാനു എത്രയും പെട്ടെന്ന് തുണിയഴിക്കണം !' എന്നിങ്ങനെ ....

(ഞങ്ങള്‍ അവിടം കൊണ്ട് നിറുത്താറില്ല, അതിന്‍റെ തുടര്‍ച്ചയായ ഉണ്ടായേക്കാവുന്ന സംഭാഷണങ്ങളും അടിക്കാറുണ്ട്. അത് ഇവിടെ പറഞ്ഞാല്‍ പൂശുമ്പോള്‍ പുളിച്ച തെറി പറയുകയും എന്നാല്‍ ആരാന്‍റെ ബ്ലോഗില്‍ എന്തെങ്ങിലും കണ്ടാല്‍ ഉടനെ അഡ്മിനോട് 'ഇവനെ ക്രൂശിക്കുക' എന്ന് നിര്‍ദേശിക്കുന്ന പിഴച്ചവള്‍മാര്‍, സോറി പിഴച്ചവര്‍ ചിലപ്പോള്‍ എനിക്ക് ക്വോട്ടേഷന്‍ കൊടുക്കാനും മതി, പേടിച്ചിട്ടാണേ... അടിയന്‍ ഇനി മര്യാദക്കിരുന്നോളം, അഡ്മിനെക്കൊണ്ട് ചെത്തിക്കല്ലേ !)

അപ്പോള്‍ അങ്ങേരുടെ പ്രതികരണം.....

'പട്ടരും കൂട്ടരും ഈ തൊലിഞ്ഞ പരിപാടി നിര്‍ത്തണം, ഇനിയൊരു പ്രാവശ്യം ഞാനിത് പറയില്ല !' എന്നായിരിക്കും.

ഒരിക്കല്‍ ഞാനും എന്‍റെ ഒരു കന്യാസ്ത്രീ സുഹൃത്തും കൂടി KTDCയില്‍ നിന്നും ഒരു ചായയൊക്കെ കുടിച്ചു പതുക്കെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ സൈഡില്‍ കൂടി നടന്നു വരുമ്പോള്‍ പെട്ടെന്ന് ഇങ്ങേരു വന്നു മുന്നില്‍ ചാടി.

'ഗഡീ, എവിടുന്നാ വരുന്നേന്നു പറയണം ?' അങ്ങേരുടെ സ്വതസിദ്ധമായ ശൈലിയില്‍ ഉള്ള ഒരു ചോദ്യം, എന്നോടാണ് ! 

'ഞങ്ങള്‍ ഒരു ചായ കുടിക്കാന്‍ പോയതാ ചേട്ടാ' ഞാന്‍ 

'ഈ ചെകുത്താന്‍മാരുടെ കൂടെയുള്ള നടപ്പ് നിര്‍ത്തണം' 

ഭും !

ഞാന്‍ നോക്കുമ്പോള്‍ നമ്മുടെ കന്യാസ്ത്രീയുടെ മുഖം 'താഴെ വീണു കിടക്കുന്നു'


'എന്തൂട്ടാ വറീതേട്ടാ ഈ പറയണേ ?' ഞാന്‍ ശരിക്കും ചമ്മിയിരുന്നു

'നിന്നോടല്ല, സിസ്റ്ററിനോടാണ് പറഞ്ഞത് !'

ഞാന്‍ നോക്കുമ്പോള്‍ സിസ്റ്റര്‍ വാ പൊത്തി 'കള് കളാന്നു' ചിരിക്കുന്നു. ഞാനും അറിയാതെ ചിരിച്ചു പോയി.

അങ്ങേര് മാത്രം ചിരിക്കാതെ 'സൌമ്യമായ' ഗൌരവത്തില്‍ നടന്നു പോയി.

ഇപ്പൊ എവിടെ ആണാവോ ആ 'രൂപം' ?

ചിലപ്പോള്‍ പാട്ടുരാക്കല്‍ ജക്ഷനില്‍ 'ഒരു പൊതി ബീഡി വേണം, തീപ്പെട്ടി ചോദിക്കാതെ തരണം' എന്നൊക്കെ പറഞ്ഞു കറങ്ങി തിരിയുന്നുണ്ടാവണം. 

അല്ലെങ്കില്‍ സ്വര്‍ഗത്തില്‍ കര്‍ത്താവിന്‍റെ അടുത്ത്.....

'കര്‍ത്താവ് എത്രയും പെട്ടെന്ന് ഈ വെള്ളം വീഞ്ഞാക്കി തരണം, അത് തീരുന്നവരെ ചോദിക്കില്ല' എന്നൊക്കെ പഴയ ജി കെ പിള്ളയുടെ 'ബാസില്‍' ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടാവാം !

രണ്ടായാലും ആ നല്ല മനുഷ്യനെ കര്‍ത്താവ് 'പൊന്ന്' പോലെ നോക്കുന്നുണ്ടാവും !

(അനൌണ്‍സ്മെന്‍റിന്‍റെ വേറൊരു വേര്‍ഷന്‍ നമ്മുടെ 'അയ്യപ്പന്‍ ബൈജുവിന്‍റെ' മിമിക്രിയിലും ഉണ്ടായിരുന്നു, കേട്ടിട്ടില്ലേ 'ബൈജു സ്റ്റാന്‍റ് വിട്ടു പോണം' എന്ന് ? പക്ഷെ ശാസ്താവാണേ സത്യം ഇതതല്ല, പതിനെട്ടു കൊല്ലം മുന്‍പ് 'അയ്യപ്പന്‍ ബൈജു' ഇല്ല, സാക്ഷാല്‍ അയ്യപ്പന്‍ മാത്രമേ ഉള്ളു, അതാ അങ്ങേരെ 'പിടിച്ചു' തന്നെ ആണയിട്ടത് !)

Comments

  1. പോസ്റ്റ് വല്ലാതെ ഇഷ്ടപ്പെട്ടു മാഷേ.

    വറീതേട്ടന്റെ സ്റ്റൈലും :)

    ReplyDelete
  2. എന്റെ നാട്ടിലും ഉണ്ട്‌ ഒരു വറീത്‌..പക്ഷെ ഇത്രക്കില്ല

    ReplyDelete
  3. Maashe nannayi, Typical thrissur style narmmam. Iniyum thudaruka.

    ReplyDelete

Post a Comment