സുവര്‍ണ മദ്യ ക്ഷേത്രം, കൊടകരക്കാരുടെ ആത്മീയ ദേവാലയം !

സുവര്‍ണ മദ്യ ക്ഷേത്രം അഥവാ ഗോള്‍ഡന്‍ ബാര്‍....

ഞങ്ങള്‍ കൊടകരക്കാരുടെ സ്വന്തം ആത്മീയ ദേവാലയം !

അഴിക്കോട്‌, പറവൂര്‍, കൊടുങ്ങല്ലൂര്‍, വടാനപ്പിള്ളി  അങ്ങിനെയുള്ള സ്ഥലത്തെ 'ബുജികളെ' പോലെ പ്രസംഗത്തിനു കാശും വാങ്ങിച്ചു മൂക്കറ്റം അടിച്ചു പിമ്പിരി ആയി 'സാംസ്കാരിക കേരളത്തിന്‍റെ  അന്തരാളത്തിലൂടെ ഒരു നികുംഭില പാഞ്ഞു പോയി' എന്ന് പറയുന്ന 'ഗപൂറായ' നാട്ടുകാരുള്ള സ്ഥലമല്ല കൊടകര !

ഈ പറഞ്ഞ സ്ഥലവാസികള്‍ ആയ നല്ല കുടിയന്മാരെ ആക്ഷേപിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഇവിടങ്ങളില്‍ എനിക്ക് ധാരാളം 'പാമ്പുകള്‍' സുഹൃത്തുക്കളായി ഉണ്ട്. സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന സ്മിജോയിയുടെ അങ്കിള്‍, കുറുപ്പ് സജിയുടെ ഫ്രണ്ട് വത്സന്‍ ചേട്ടന്‍ അങ്ങിനെ നല്ല പോലെ പേരെടുത്ത കുടിയന്മാര്‍.

പക്ഷെ പറയുമ്പോള്‍ വിഷമം തോന്നും കാരണം കൊടകരയില്‍ 'ഗാന്ധി നഗര്‍ സോമേട്ടന്‍' 'കൊടകര  സുകുമാരേട്ടന്‍‍' 'കൊടകര കുഞ്ഞുണ്ണിയേട്ടന്‍' തുടങ്ങി നാലും മൂന്നും ഏഴു ബുദ്ധി 'ജീവികള്‍' ഒഴിച്ചാല്‍ പിന്നെ ഇവരുടെ അത്രയും ഗംഭീരമായി ചിന്തിച്ചിരുന്ന 'ജീവികള്‍' കുറവാണ്.

അവിടെയാണ് നമ്മുടെ ഗോള്‍ഡന്‍ ബാറിന്‍റെ  പ്രസക്തി. ഈ നിലവാരത്തിലേക്ക് എത്രയോ കൊടകരക്കാരെ കൈ പിടിച്ചു ഉയര്‍ത്തിയ പുണ്യ പുരാണ ക്ഷേത്രം ആയിരുന്നു 'ഗോള്‍ഡന്‍' !

ഇപ്പോള്‍ 'കല്ലട' ഒരു നല്ല 'മൂത്രപ്പുര ബാര്‍' എന്ന നിലയില്‍ വളര്‍ത്തിയെടുത്ത ടി ബാറിന്‍റെ സുവര്‍ണ കാലം എന്ന് പറയുന്നത് ഇതിന്‍റെ ഫൗണ്ടര്‍ കം മെന്‍റര്‍ പന്തല്ലൂക്കാരന്‍ ജെയിംസേട്ടന്‍ നടത്തികൊണ്ട് പോകുമ്പോള്‍ ആയിരുന്നു. NH47 ലെ യാത്രക്കാര്‍ മാത്രമല്ലാതെ, ഈ ബാറിലെ ഭക്ഷണം കഴിക്കാന്‍, ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ വരാറുണ്ടായിരുന്നു. പിന്നീട് ജയിംസേട്ടന് 'സിനിമയുടെ അസ്കിത' വന്നപ്പോളാണ് ഈ ബാര്‍ വിറ്റത്‌ എന്നാണ് കേട്ടു കേള്‍വി.

ഈ അസ്കിതയെ തുടര്‍ന്ന്‍ ഉണ്ടായ ഒരു സംഭവത്തെ പറ്റി പുള്ളിക്കാരന്‍റെ തന്നെ ഒരു കുമ്പസാരത്തില്‍ നിന്നും ഒരു ചീന്ത്.

ജയിംസേട്ടന്‍റെ ആദ്യ സിനിമ റിലീസ് ആയ ദിവസം ഭാര്യ ചോദിച്ചു 'ജെയിംസിച്ചായാ പടം എന്താ എറണാകുളത്തും തൃശ്ശൂരും ഒന്നും വരാതെ കൊടുങ്ങല്ലൂരും ആമ്പല്ലൂരും ഒക്കെ വന്നിരിക്കുന്നത് ?'

'എടീ നിനക്കറിയാമോ ഒരു സിനിമയുടെ ശരിക്കുള്ള കളക്ഷന്‍ ഈ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും ഒക്കെയാണ് വരുന്നത്. പക്ഷെ ഈ പറഞ്ഞ തിയേറ്റര്‍കാരൊക്കെ എറണാകുളത്തും തൃശ്ശൂരും ഒക്കെ കളിച്ചു കൊള്ളാമെങ്കില്‍ മാതമേ എടുക്കൂ. ഇതിപ്പോ എന്‍റെ ഒരു കഴിവ് വെച്ചു ഞാന്‍ 'കലക്കി' എടുത്തതല്ലേ, എങ്ങനെയുണ്ട് ?' ഏക്‌ പന്തല്ലൂക്കാരന്‍ മറുപടി !

'അത് കലക്കി' ചേച്ചി (കലക്കി !)

'അതാടി ഞങ്ങള്‍ പന്തല്ലൂക്കാരമ്മാരുടെ ബുദ്ധി !'

'അപ്പൊ നമുക്കൊന്ന് പോകണ്ടേ ഇച്ചായാ ?'

'ഇന്നാ ? ഇന്നൊക്കെ പൊരിഞ്ഞ തിരക്കായിരിക്കും, രണ്ട്‌ ദിവസം കഴിയട്ടെ'

രണ്ട്‌ ദിവസം കഴിഞ്ഞു ഇച്ചായത്തി വീണ്ടും ഇച്ചായനോട് 'അല്ലാ ജെയിംസിച്ചാ (സ്നേഹം കൂടിയതാണ് !) എനിക്കിനി കാത്തിരിക്കാന്‍ വയ്യ, നമുക്ക് പോകാം, തിരക്കാണെങ്കിലും വേണ്ടില്ല'

'നിക്കടി, ഞാനാ ഡിസ്ട്രിബ്യുട്ടറോട് ഈ പണ്ടാരം ഏതു ഗുദാമിലെ ‌തിയേറ്ററിലാ ആ പന്നി കൊണ്ടിട്ടിരിക്കുന്നത് എന്നൊന്ന് ചോദിക്കട്ടെ. ഇന്നലെ മുതല്‍ പടം എവിടെയാണെന്ന് അന്വേഷിച്ചു നടക്ക്വ മനുഷ്യന്‍ !'

കേട്ടിരുന്ന ഞങ്ങള്‍ക്ക്, കൊണ്ടുവച്ച ചായ ഏതു ഭാവത്തില്‍ കുടിക്കണം, അതോ വേണ്ടെന്നു വെക്കണോ എന്ന് സംശയം ആയി

ഞാന്‍ ഈ ബാറില്‍ പോയിത്തുടങ്ങുന്നത്, മുന്‍പത്തെ പോസ്റ്റില്‍ പരാമര്‍ശിച്ച സീറോ ബോയ്സില്‍ കൂടിയതിനു ശേഷമായിരുന്നു. പക്ഷെ അപ്പോള്‍ അങ്ങിനെ ഒരു പേരൊന്നും ഇട്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ചുമ്മാ അങ്ങിനെ ഒരു 'കൂടല്‍' എന്നതിനേക്കാള്‍ ഉറച്ച ഒരു പരസ്പരധാരണയും വിശ്വാസവും ഞങ്ങളുടെ ഇടയില്‍ നിന്നിരുന്നു.

അതുകൊണ്ട് കൂടിയാണെന്ന് തോന്നുന്നു എല്ലായ്പ്പോഴും 'കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കൊടുക്കാന്‍'  പറ്റാറുള്ളത് !

ആദ്യ കാലങ്ങളില്‍  ഞാന്‍ അവിടെ സ്ഥിരമായി പോകാറുള്ളത് ഉളുമ്പത്തും കുന്നിലെ ഉണ്ണിയുടെ കൂടെ ആയിരുന്നു. ടിയാന്‍  'തട്ടാന്‍ ഉണ്ണി', 'ബിയര്‍ ഉണ്ണി' എന്ന് തുടങ്ങി പിന്നെ 'അമേരിക്കന്‍ ഉണ്ണി' വരെ ആയി അറിയപ്പെട്ട  ഒരു മഹാന്‍ ആയിരുന്നു !

അന്നവിടെ മാനേജര്‍ ആയിരുന്ന കേയെസ് നായരും ഇവനും നല്ല 'ഫാക്ടറി', ന്ച്ചാല്‍ കമ്പനി, ആയിരുന്നു. അങ്ങിനെയാണ് ഞാനും പുള്ളിക്കാരനെ പരിചയപ്പെടുന്നത്. ഉണ്ണിയുടെ അമേരിക്കന്‍ സ്വപ്നം പൂത്തു വിളഞ്ഞു നിന്ന കാലം, അതേ കൊമ്പില്‍ തന്നെ ആയിരുന്നു നായരേയും കെട്ടിത്തൂക്കി ഇട്ടിരുന്നത് !

ആ കാലത്ത് നമ്മുടെ 'ബോയ്സ്' നല്ല മര്യാദക്കാര്‍ ആയിരുന്നു. അടിച്ചു പഴുത്താല്‍ സ്റ്റാന്‍ലി മേശയുടെ മുകളില്‍ കസേര ഇട്ടു കയറി കറങ്ങുന്ന ഫാന്‍ പിടിച്ചു നിറുത്തുക, ഫാനിന്‍റെ ലീഫ് എല്ലാം  താഴേക്കു വളച്ചു വെക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ സ്ഥിരമായി നടത്താറുണ്ട്‌.

സുബ്രഹ്മണ്യന്‍ ഇതുപോലെ ചീഞ്ഞ ഇടവാടുകള്‍ക്കൊന്നും നില്‍ക്കാറില്ല. പണി കഴിച്ചു വച്ചിരിക്കുന വാതില്‍, ഗ്രില്‍, കുപ്പികള്‍ വച്ചിരിക്കുന്ന ട്രേ, പിന്നെ അരമതിലുകള്‍ എന്നിവ ഒറ്റയടി ഇടി എന്നിങ്ങനെ കരുത്തു തെളിയിക്കാനുള്ള മാര്‍ഗങ്ങളിലൂടെ പൊളിച്ചടുക്കുക എന്നതായിരുന്നു പ്രധാനമായും അവന്‍റെ ഹോബികള്‍.

ഇതെല്ലാം നമ്മുടെ 'നായരേട്ടന്‍' ഒരു കംപ്ലൈന്‍റ് ആയി ഞങ്ങളുടെ അടുത്ത് വന്നു പറയാറുണ്ട്‌. ഈ പറഞ്ഞവരുടെ എല്ലാം സംസ്കാരമില്ലായ്മയെ‌ പറ്റി ഞങ്ങള്‍ ഒരുമിച്ചു ദുഖിക്കാരും ഉണ്ട്. അങ്ങേര്‍ക്കറിയില്ലല്ലോ ഞങ്ങളും ഈ പരിപാടികളില്‍ നല്ല പോലെ പങ്കാളിത്തം ഉള്ളവര്‍ ആണെന്ന് !

പുലിപ്പാറക്കുന്നിലെ ഞങ്ങളുടെ സ്ഥിരം കമ്പനിക്കാരായ ഷൈജു, സുനി, അന്താരാഷ്‌ട്ര ഭൂപടത്തില്‍ പേരുള്ള മുകുന്ദന്‍ എന്നിവരൊക്കെ ചേര്‍ന്ന് അന്ന് ബാറിന്‍റെ ക്രമസമാധാനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ച പല 'പ്രശ്നങ്ങളെയും' വളരെ വിദഗ്ദമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാറിലെ ജീവനക്കാരും സ്ഥിരം കുടിയന്മാരും ഞങ്ങളോട് സ്നേഹത്തിലെ പെരുമാറാറുള്ളൂ.

സിഖ് ബെന്നിയും, പാമ്പുള്ളി ലിബുവും കൂടി ആകെയുള്ള കാശിനു ഓരോരോ പെഗ് വാങ്ങി ചിയേര്‍സ് പറഞ്ഞു ഗ്ലാസ്‌ മുട്ടിച്ചപ്പോള്‍ ഗ്ലാസ്സിന്‍റെ അറ്റം ചിന്നി രണ്ട്‌ ഗ്ലാസ്സിലെക്കും വീണു കുടിക്കാന്‍ പറ്റാതായതും, തല്ലുണ്ടാക്കിയതിനു CI ഉണ്ണിരാജ ബാറില്‍ നിന്നു പൊക്കിയപ്പോള്‍ മനക്കുളങ്ങരയിലെ മിന്നല്‍ പ്രദീപ്‌ 'ഇവിടെ നിന്നും എന്ന് ബിയര്‍ കുടിച്ചാലും അപ്പൊ ബോധം പോകും, എന്നെ പിടിക്കുന്നതിനു മുന്പ് സാറ്  അതൊന്നു ചോദിക്കണം' എന്ന് വളരെ സീരിയസ് ആയി പറഞ്ഞത് കേട്ടു, CI ചിരിച്ചുകൊണ്ട് 'പോടാ, പോടാ' എന്ന് പറഞ്ഞു വിട്ടതും പോലുള്ള ചെറിയ വിറ്റുകളും ഉണ്ടാകാറുണ്ട്.

കുടിക്കാന്‍ വേണ്ടി അപ്പോളോവില്‍ നിന്നും ജോലി രാജിവെച്ച ശിവരാമേട്ടന്‍, പിന്നെ ഓട്ടോ ഓടിക്കുന്ന കള്ളുണ്ണി, ലോട്ടറി പൌലോസ് എന്നിങ്ങനെയുള്ളവര്‍, ബാര്‍ തുറക്കുന്നതിനും വളരെ മുന്പ് ബാറിലെത്തുന്ന കുടിയന്മാരെ ഉദ്ദേശിച്ചു, നേരത്തെ എത്തുന്നവരാണ്. പൗലോസ്‌ ചേട്ടന്‍റെ ചിന്ത ആദ്യത്തെ അഞ്ച് ടിക്കറ്റ്‌ വിറ്റു ഒരു ക്വാര്‍ട്ടര്‍ വാങ്ങണം എന്നാണെങ്കില്‍ ഓട്ടോ ഉണ്ണിക്കു വേണ്ടത് ഒരു ഫുള്ളിനു രണ്ട്‌ ഷെയര്‍ മാത്രം.

ശിവരാമേട്ടന്‍ മാത്രം 'ആസ് യുഷ്വല്‍'.......

'ഡാ മോനെ ശിവരാമേട്ടന് ഒരു പെഗ് വാങ്ങിത്താടാ', 'അനിയാ, എത്ര നാളായെടാ ചേട്ടന് ഒരു സ്മാള്‍ വാങ്ങി തന്നിട്ട്, ഇന്നോരെണ്ണം പറയെടാ' അങ്ങിനെ മൂപ്പരുടെ മാത്രം ശൈലിയില്‍ ഉള്ള ഒരു തെണ്ടല്‍ സോറി പിരിവ് !

ഗോള്‍ഡന്‍ ബാറില്‍ ഫുഡ്‌ അല്ലാതെ വേറെ ചില ഹൈലൈറ്റ്സ് ഉണ്ട്.

'കുടി ഡൊമൈനില്‍' നല്ല വിവരമുള്ള വെയ്റ്റര്‍മാര്‍, എന്ന് പറഞ്ഞാല്‍ ഇനിയും ഇനിയും നല്ലത് പോലെ കുടിക്കാന്‍ ഏതൊക്കെ ഫുഡ്‌ ആണ് നല്ലത് എന്നൊക്കെ നല്ല ധാരണയുള്ളവര്‍. ഉദാഹരണത്തിന് എണ്ണയില്‍ പൊരിച്ചത് വേണ്ട, ബീഫിനേക്കാള്‍ നല്ലത് പോര്‍ക്കാണ് , 'സാധനം' നല്ല പോലെ കേറും  അങ്ങിനെ അങ്ങിനെ ഒരു നൂറ് 'ടിപ്സ്' !

ദിവസം മുഴുവന്‍ ഉള്ള കുടിയാണെങ്കില്‍ അതിനു പറ്റിയ കസ്റ്റം മെയ്ഡ് മെനു അവര്‍ക്കുണ്ടായിരുന്നു, മാരത്തോണ്‍ അടിയാണെങ്കില്‍ 'റം വേണ്ട നമുക്ക് ബ്രാണ്ടി ആക്കാം, ബിയറില്‍ തുടങ്ങുക' എന്നിങ്ങനെയുള്ള വാല്യൂബിള്‍ സജഷന്‍സ് തരാന്‍ മാത്രം വിവരം ഉള്ളവര്‍. ഒന്നോ രണ്ടോ ഫുള്ള് കഴിയുമ്പോള്‍ ഓരോ ഗ്ലാസ്‌ ബിയര്‍,  ഇടയ്ക്കിടയ്ക്ക് ഓര്‍ഡര്‍ ചെയ്യാതെ തന്നെ വരുന്ന തണുത്ത ഉപ്പിട്ട നാരങ്ങസോഡാ, ബുള്‍സൈ എന്നിങ്ങനെയുള്ള സാധനങ്ങള്‍, ഉച്ചയൂണിന്‍റെ സമയത്തുള്ള എക്സ്ട്രാ 'രസം', പിന്നെ പുതിയ ഏതെങ്കിലും ഇറച്ചി കൊണ്ടുവന്നാല്‍ അത് നമ്മുടെ രീതിയില്‍ ഉണ്ടാക്കി പെട്ടെന്ന് ഒരു വിളമ്പല്‍. അങ്ങിനെ കുടിയേ പ്രോത്സാഹിപ്പിക്കുന്ന ഒരൊന്നാന്തരം ടീം.

അഥവാ കുടിക്കാന്‍ ഏതെങ്കിലും സാധനം പുറത്ത് നിന്നും വേണം എന്ന് പറഞ്ഞാലും കൊണ്ടുവരുന്ന പിള്ളാരുകള്‍ !

മാന്യമായ റേറ്റ്, മാന്യമായ മാനെജ്മെന്‍റ്, അതിലും മാന്യനായ മുണ്ടക്കല്‍ ഭാസ്കരേട്ടന്‍ എന്ന എക്സ് മിലിട്ടറി സെക്യുരിറ്റി ശിങ്കം !

സ്വന്തം വീട് പോലെ ഒരു ബാര്‍, വാളുവെച്ചു കിടന്നാല്‍ കൂടി ആരും എടുത്തു പുറത്തിടില്ല !

Comments

  1. സൂര്യേട്ടാ,
    വായന്‍ രസകരമായിരുന്നു.
    സുവര്‍ണ്ണ ബാറില്‍ വരാന്‍ എനിക്ക് കൊതിയാവുന്നു.

    ReplyDelete
  2. ഒരു ദിവസം നമുക്ക് തകര്‍ക്കണം 'കോനു', എന്‍റെ ചെലവ് !

    ReplyDelete

Post a Comment