ചാത്തന്‍ മാഹാത്മ്യം !

അഴകത്തില്‍ നിന്നും മറ്റത്തൂരേക്ക് ഒരു പാടത്തിന്‍റെ ദൂരമേ ഉള്ളു. മറ്റത്തൂര്‍ വഴി വേണം 'വിശ്വ പ്രസിദ്ധമായ' ആറേശ്വരം ശാസ്താ ക്ഷേത്രത്തിലേക്ക് പോകാന്‍. എല്ലാ കൊല്ലവും മണ്ട്ഡലം വരുമ്പോള്‍ മാലയിട്ടു കഴിഞ്ഞാല്‍ ആറേശ്വരത്തേക്ക് നടന്നു പോയി തൊഴുക എന്നൊരു പതിവുണ്ടായിരുന്നു.

മറ്റത്തൂര്‍ കുന്ന് കയറ്റം കയറി ചെന്ന് 'പെട്ടെന്ന്' വലത്തോട്ടു തിരിഞ്ഞാല്‍ പിന്നങ്ങോട്ട് കാവനാട് ദേശം ആണ്. ഞാന്‍ 'ഉസ്കൂളില്‍' പഠിക്കുന്ന കാലത്ത് അഴകത്തിലെ ക്ലാസ് ഫോര്‍ ജോലികള്‍ ചെയ്യാന്‍ ആളുകളെ സപ്ലൈ ചെയ്തിരുന്ന മിഡില്‍ ഈസ്റ്റിലെ ഒരു വര്‍ക്കിംഗ്‌ ക്ലാസ് കോളനി പോലെയുള്ള ഒരു സ്ഥലം ആയിരുന്നു കാവനാട്. പിന്നീട് ചില പിഴച്ചവന്മാര്‍ ഗള്‍ഫിലും അപ്പോളോവിലും പീയെസ്സി എഴുതി ഗവര്‍മെണ്ട് ജോലിക്കും ഒക്കെ പോയി അവിടം നാശമായി !

നേരത്തെ പറഞ്ഞ 'കാലത്ത്' മുതല്‍ ഞങ്ങളുടെയും പരിസരത്തെയും പറമ്പുകളില്‍ പണിക്കു വന്നിരുന്ന ആളാണ്‌ ശ്രീമാന്‍ പേങ്ങനും പേങ്ങന്‍റെ ഭാര്യ രത്നം കാര്‍ത്തുവും. രണ്ട്‌ പേരും പൊരിഞ്ഞ 'വാജ്പേയിമാര്‍', ന്ച്ചാല്‍ 'അധ്വാനികള്‍', കൂലി കുറവ്, വളരെ കുറച്ച്‌ ഭക്ഷണം കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ള 'അഡ്വാന്‍റെജസ്' ഉള്ളത് കൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ അഴകത്തിന്‍റെ 'ആസ്ഥാന പണിക്കാര്‍' എന്ന സ്ഥാനം ഇവരെ തേടി എത്തി. അതോടു കൂടി പേങ്ങ-കാര്‍ത്തു ദ്വയങ്ങള്‍ക്കു വേണ്ടി നാട്ടുകാര്‍ കടിപിടിയായി. അവസരത്തിനൊത്ത് ടി ദ്വയങ്ങള്‍ കൂലി കൂട്ടിക്കൊണ്ടും ഇരുന്നു.

പണി കൂടിയത് കൊണ്ടോ കൂലി കൂടിയത് കൊണ്ടോ കുടുംബപരമായി ഇവര്‍ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായിരുന്നില്ല. അന്നും എന്നും കാര്‍ത്തുവിന്‍റെ കാശും മാത്രം വീട്ടിലേക്കും പേങ്ങന്‍റെ കൂലി ഷാപ്പിലേക്കും പോയിക്കൊണ്ടിരുന്നു. പക്ഷെ കൂലി കൂടുതലായപ്പോള്‍ പേങ്ങനു പണിയെടുക്കാനുള്ള ആവേശം കുറഞ്ഞു. കിട്ടുന്ന കൂലി കൊണ്ട് രണ്ടോ മൂന്നോ ദിവസം കുടിക്കാമെങ്കില്‍ പിന്നെന്തിനു പണിക്കു പോണം !

ഇതിനിടയില്‍ ആവശ്യക്കാരുടെ മാനസികാവസ്ഥ മുതലെടുത്ത്‌ കൊണ്ട് പേങ്ങന്‍ അഡ്വാന്‍സ് വാങ്ങാന്‍ തുടങ്ങി. മുന്‍‌കൂര്‍ കാശ് കൊടുത്താല്‍ എന്തായാലും പണിക്കു വരുമല്ലോ എന്ന മൂഡ‌ ധാരണയാല്‍ ആളുകള്‍ അതും ചെയ്തു. പക്ഷെ പിന്നെ പേങ്ങനെ ദിവസങ്ങളോളം കാണാതായി. കാര്യം നേരത്തേ പറഞ്ഞത് തന്നെ.

പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന നില വന്നപ്പോള്‍ ഏതോ വിദഗ്ദോപദേശം സ്വീകരിച്ചു പേങ്ങന്‍ ഒരു സ്റ്റെപ്പിനിയെ ഇറക്കി. അതായിരുന്നു കുട്ടപ്പന്‍. പക്ഷെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പേങ്ങന്‍റെ വഴിയിലൂടെ സഞ്ചരിച്ചു കുട്ടപ്പനും അതേ  'നിലവാരത്തിലെത്തി'. മാത്രമല്ല ആദ്യം ആദ്യം പേങ്ങന്‍ കൊടുത്തിരുന്ന പണികള്‍ മാത്രം ചെയ്തിരുന്ന കുട്ടപ്പന്‍ പിന്നീട് സ്വന്തമായി പണികള്‍ പിടിക്കാന്‍ തുടങ്ങി. കുട്ടപ്പനും 'പേങ്ങ പര്‍വത്തില്‍' എത്തി ചേര്‍ന്നതോടെ നാട്ടുകാര്‍ കഷ്ടത്തിലായി. മുന്പ് ഒരാളെ മാത്രം അന്വേഷിച്ചാല്‍ മതി എന്നായിരുന്നു സ്ഥിതി എങ്കില്‍ ഇപ്പോള്‍ രണ്ടാളെ അന്വേഷിക്കണം !

നെരേപറമ്പന്‍ പൊറിഞ്ചാപ്ലയുടെ മകന്‍ പട്ടാളത്തിലുള്ള സാംസണ്‍ ചേട്ടന്‍ ലീവിന് വന്നപ്പോള്‍ പേങ്ങ-കുട്ടപ്പ ഡബിള്‍സിനെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യാനായി പൊറിഞ്ചാപ്ല ഒരു 'മിലിട്ടറി സ്പെഷ്യല്‍' ഇവര്‍ക്ക് കൊടുത്തു. സ്ഥിരമായി 'വെട്ടിരുമ്പ്' അടിക്കുന്ന ഇവര്‍ക്ക് ഇതിന്‍റെ ഒരു 'കേറ്റം' മനസ്സിലായില്ല. 'ഞാള്‍ക്ക് ഇത് ഒന്നുമായില്ല' എന്ന് പറഞ്ഞു ഇവര്‍ സാംസണ്‍ ചേട്ടന്‍റെ കാലു പിടിച്ചു ഒരെണ്ണം കൂടി സംഘടിപ്പിച്ചു.

പിന്നെ പാടത്ത് കൂടി നടന്നു വരുന്നവര്‍ കാണുന്നത്, പാടത്തെ തോട്ടിന് കുറുകെ ഇട്ടിരിക്കുന്ന തെങ്ങിന്‍ തടി പാലത്തില്‍ രണ്ട്‌ അത്ഭുത ജീവികള്‍ വട്ടം കെട്ടി പിടിച്ചു കിടന്നു നിരങ്ങുന്ന കാഴ്ചയാണ് !

(പൊറിഞ്ചാപ്ല = പൊറിഞ്ചു മാപ്പിള, ഞങ്ങളുടെ നാട്ടില്‍ ക്രിസ്ത്യാനികളെ മാപ്പിള ചേര്‍ത്ത് വിളിക്കുന്ന ഒരു പതിവുണ്ടായിരുന്നു, കുറച്ച്‌ സാമ്പത്തികം ഒക്കെ വന്നപ്പോള്‍ ഇദ്ദേഹത്തിന്‍റെ ധര്‍മ പത്നി മേരി ചേച്ചിക്ക്  ഈ മാപ്പിള വിളി ഒരു കുറച്ചിലായി തോന്നുകയും, തദ്വാര ഇനി മുതല്‍ ഇങ്ങനെ വിളിക്കാന്‍ പാടില്ല പകരം പൊറിഞ്ചേട്ടന്‍ എന്ന് വിളിക്കണം എന്ന് കൂടെ കൂടെ ഞങ്ങളെ ഓര്‍മിപ്പിക്കുമായിരുന്നു)

ഇതിനിടയില്‍ അച്ഛന്‍ (എന്‍റെ) ഒരു പുതിയ വിദ്യ പരീക്ഷിച്ചു വിജയിക്കുകയും അത് വിജയാരമായി നടപ്പാക്കാനും തുടങ്ങി. സംഗതി 'ഏര്‍ളി ബേര്‍ഡ് കാച്ച് ദി വേം' എന്നതിന്‍റെ ഒരു  ഒരു പരിഷ്ക്കരിച്ച രൂപം. രാവിലെ ഒരു ആറ് മണിയോട് കൂടി പേങ്ങന്‍റെ വീട്ടില്‍ ചെല്ലുക, ടി രൂപം മുങ്ങുന്നതിനു മുന്പ് കയ്യോടെ പിടിച്ചു കൊണ്ട് വരിക.

അങ്ങിനെയാണ് ഒരു സ്കൂള്‍ അവധി ദിവസം ഞാന്‍ പേങ്ങനെ പിടിക്കാന്‍ കാവനാട് ചെല്ലുന്നത്.  എന്‍റെ സുഹൃത്തുക്കളായ കണ്ണന്‍, ബാബു, ടി പേങ്ങന്‍റെ മോന്‍ ശിവന്‍ എന്നിവരെയൊക്കെ കാണാന്‍ ഇതിനു മുന്‍പും ഞാന്‍ കാവനാട് പോയിട്ടുണ്ടെങ്കിലും പതിവില്ലാത്തവണ്ണം അന്ന് അവിടെ ഭയങ്കര തിക്കും തിരക്കും തിമര്‍ക്കലും ആയിരുന്നു.

അന്നായിരുന്നു കാവനാട്ടുകാരുടെ 'ദേശീയ' ഉത്സവമായ 'ചാത്തന്‍ തുള്ളല്‍' മഹോത്സവം. അയ്യായിരം കൊല്ലം മുന്പ് കാരണവന്മാര്‍ മൂപ്പന്‍ പദം അലങ്കരിച്ചിരുന്നു എന്നവകാശപ്പെടുന്ന ശങ്കരന്‍റെ വീട്ടു വളപ്പില്‍ മൂന്നോ നാലോ നെടുങ്കന്‍ പന്തലുകള്‍. ചുറ്റും കുരുത്തോലയും മാവിലയും കൊണ്ട് തോരണങ്ങള്‍. പറമ്പിന്‍റെ പലഭാഗത്തായി കെട്ടി വെച്ചിരിക്കുന്ന കോളാമ്പി മൈക്കുകളിലൂടെ ചെണ്ട, തപ്പ്,  ഉടുക്ക് എന്നിങ്ങനെയുള്ള 'പാശ്ചാത്യ' സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയുള്ള പുളപ്പന്‍ 'റോക്ക്' സംഗീതം ഒഴുകുന്നു.

ചാത്തന്‍ റോക്ക് !

പന്തലുകള്‍ക്കു അകത്തും പുറത്തും കടും വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച ചാത്തന്‍ ഡിവോടീസ് അങ്ങോട്ടും ഇങ്ങോട്ടും അലഞ്ഞു തിരിയുന്നു. ഒന്നാമത്തെ പന്തലില്‍ ഒരു പടുകൂറ്റന്‍ കളം വരച്ചിരിക്കുന്നു. ചുറ്റും നിലവിളക്കുകള്‍, വലുതൊരെണ്ണം നടുക്കും. കളത്തിനുള്ളില്‍ പലഭാഗത്തായി കുറെ പന്തങ്ങള്‍ കുത്തി നിര്‍ത്തിയിട്ടുണ്ട്. പ്രത്യേക സ്ഥാനങ്ങളില്‍ വച്ചിരിക്കുന്ന ഉരുളികളില്‍ പഴങ്ങള്‍, പൂവ്, അരി, നെല്ല്, അവല്‍ എന്നിവ നിറച്ചു വച്ചിരിക്കുന്നു.

നടുക്കിരിക്കുന്ന ഉരുളിയില്‍ മാത്രം ഒരു 'പൂവശ്ശാന്‍' മുറിബീഡിയും വലിച്ചു സ്വന്തം മരണം കാത്തിരിക്കുന്നു. കണ്ണുകളില്‍ സ്വയം ഉരുളിയില്‍ കയറി ഇരുന്ന നിസ്സംഗത !

രണ്ടാമത്തെ പന്തലില്‍ മേശകളും കസേരകളും ഒരു സദ്യ-പാകത്തിന് നിരത്തി ഇട്ടിരിക്കുന്നു. അപ്പോള്‍ ഇവിടെ ഒരു സദ്യ നടക്കാന്‍ പോകുന്നു. എപ്പോഴാണോ ആവോ ?

മൂന്നാമത്തെ പന്തലില്‍ വിവിധ അളവുകളിലും രൂപത്തിലും ഉള്ള 'എമണ്ടന്‍' പാത്രങ്ങള്‍ അടുപ്പുകളില്‍ ഇരുന്നു ചൂട് കായുന്നു !

കായിക്കയുടെ തട്ടുകടയില്‍ സന്ധ്യക്ക്‌ ചെല്ലുമ്പോള്‍ ഉണ്ടാകാറുള്ള, പലതരം മാംസഭോജ്യങ്ങള്‍ വേവുന്ന, അതേ മണം. ഇവിടെ പക്ഷെ കുറച്ച്‌ കൂടിയ അളവില്‍ അത് മൂക്കിലേക്ക് ഇരച്ചു കയറി.

'നേരം വൈകി വരായിരുന്നു !'

ഇതെല്ലാം കണ്ടു കുറച്ചു സമയത്തേക്ക് ഞാന്‍ വന്ന കാര്യം മറന്നു പോയി. പിന്നീട് ബോധം വന്നപ്പോള്‍ ഞാന്‍ പേങ്ങന്‍റെ വീട്ടിലേക്കു നടന്നു. ചെന്നപ്പോള്‍ മുന്‍വശത്തെ വാതിലിന്‍റെ കൊളുത്തുകള്‍ക്കിടയില്‍ ഒരു മരക്കഷണം വച്ച് വീട് പൂട്ടിയിരിക്കുന്നു !

ഇനിയിപ്പോള്‍ 'റോക്ക് ഷോ' നടക്കുന്നിടത്ത് അന്വേഷിച്ചിട്ടെ കാര്യമുള്ളൂ എന്ന് മനസ്സിലായി. തിരിച്ചു 'ശങ്കര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്' ! 

അവിടെ ആദ്യം കണ്ട ഒരു 'ചാത്തനോട്' ഞാന്‍ പേങ്ങ-കാര്‍ത്തു ദമ്പതികളുടെ കാര്യം അന്വേഷിച്ചു. അങ്ങേര് ചൂണ്ടി കാണിച്ചത് ആറേശ്വരം മലയുടെ അട്ടത്തേക്കാണെങ്കിലും സംഭവം നാലാമത്തെ പന്തലാണ് എന്ന് എനിക്ക് മനസ്സിലായി.

പന്തലില്‍ പല കുടുംബങ്ങളും കൂട്ടങ്ങളും വിവിധ മൂലകളില്‍ ഇരിക്കുന്നുണ്ട്‌. എന്നാല്‍ മേല്‍ പറഞ്ഞ 'പൂത്തലയനെ' അവിടെങ്ങും കാണാന്‍ കഴിഞ്ഞില്ല. പക്ഷെ ടി ദമ്പതികളിലെ   'പൂത്തലയത്തി' (മിസ്സിസ് കാര്‍ത്തു പേങ്ങന്‍) എന്നെ കണ്ടുപിടിച്ചു.

'അയ്യോമ്ബ്രാ എന്താ ഇവിടെ ? പെങ്ങന്‍ പെലയനെ അന്വേഷിച്ചാണോ ?'

'അതേ, എവിടെ പെങ്ങന്‍ ?'

'മ്ബ്രാ, ഇന്നും നാളയും ഒരെണ്ണത്തിനേം കിട്ടില്ല, ഒക്കെ ബോധല്ല്യണ്ടേ വെല്ലോടത്തും ചാഞ്ഞു കിടക്കാവും' (പഷ്ട്ട് !)

'കുട്ടപ്പനും ?'

'എല്ലാരും, ന്‍റെ മോണ്‍സ്റ്റര്‍ (മോന്‍) ചെക്കനെത്തന്നെ ഞാള് കണ്ടിട്ട് രണ്ടീസായി !' (കലക്കി !)

'ആര് ശിവനോ ? അവനെ രണ്ട്‌ ദിവസം ആയി സ്കൂളിലും കാണാറില്ല' ഞാന്‍

'ഷ്കൂളാ ? അവന്‍ ആ മാട്ടത്തിന്‍റെ അവിടെ മറഞ്ഞു കിടക്കാന്നു ആരോ പറഞ്ഞു, പട്ടി കടിച്ചോണ്ടു പോകാതെ നോക്കാന്‍ ഞാനും പറഞ്ഞു' (സന്തോഷം !)

അപ്പൊ വന്ന കാര്യം വടികുത്തി പിരിഞ്ഞു. പോയേക്കാം.

'എന്നാല്‍ ശരി കാര്‍ത്തു. ഇത് കഴിഞ്ഞാലെങ്കിലും പേങ്ങനോട് വീട്ടിലേക്കു വരാന്‍ പറയണം, ഞാന്‍ പൂവാ'

'അയ്യോ ഇന്നിവടെ വന്നിട്ട് ഒന്നും കഴിക്കാതെ പോക്യെ ? മ്ബ്രാന്‍ നിക്ക്'

ചതിച്ചോ ഭഗവാനെ ഇനി വല്ല 'വെട്ടിരുമ്പും' എടുത്തോണ്ട് വരുമോ ?

(ഇന്നായിരുന്നെങ്കില്‍ ഞാനായേനെ ചാത്തന്‍ !)

വല്ല കോഴിയോ ആടോ പൊത്തോ പോര്‍ക്കോ മറ്റോ ആണെങ്കില്‍ ഞാനൊന്ന് ഉറഞ്ഞേനെ !

ഒരു മിനിറ്റ് കഴിഞ്ഞു കാര്‍ത്തു കണ്ണനെയും കൂട്ടി വന്നു. നേരത്തേ പറഞ്ഞ 'കാവനാട് കിംഗ്‌' ശങ്കരന്‍റെ മോനാണ് കണ്ണന്‍. അവന്‍സിന്‍റെ വീട്ടിലാണ് ഈ പരിപാടി നടക്കുന്നത് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ.

'സൂര്യ, എപ്പഴാ വന്നെ ? സത്യത്തില്‍ നിന്നെ വിളിക്കണം എന്ന് വിചാരിച്ചതാണ്, പക്ഷെ ഞങ്ങളുടെ ഉത്സവത്തിനു വിളിച്ചാല്‍ നീ വരുമോ എന്ന സംശയം കാരണം വിളിക്കാതിരുന്നതാണ്'

'പോടാ, പറയണ കേട്ടാ തോന്നും ഞാന്‍ എവിടെ വരാറേ ഇല്ലെന്ന്. നീ വിളിച്ചില്ല അത് തന്നെ കാര്യം'

'എന്നാ ങ്ങള് വര്‍ത്താനം പറയ്‌, ഞാ പോട്ടെ, പേങ്ങന്‍ പെലയനോട് പറയാട്ടാ' കാര്‍ത്തു

'ശരി' എന്ന് ഞാന്‍.

'നീ വാ. ഇന്നിവിടെ ഗംഭീര പരിപാടികള്‍ ആണ്, നമുക്ക് തകര്‍ക്കണം' കണ്ണന്‍

(അടിച്ചുപൊളി, കൂടല്‍ തുടങ്ങിയ അത്യന്താധുനിക പദങ്ങള്‍ അന്ന് നിലവില്‍ ഇല്ലായിരുന്നു, ഇല്ലെങ്കില്‍ കാണായിരുന്നു !)

'അയ്യോ, ഡാ എനിക്ക് വീട്ടില്‍ പോകണം, അച്ഛന്‍ ഇപ്പോള്‍ ഞാന്‍ പേങ്ങനെയും വിളിച്ചു കൊണ്ട് ചെല്ലുന്നത് നോക്കി നിക്കാവും'

'ഏയ്, കുറച്ചു കഴിഞ്ഞു നിന്നെ കാണാതാവുമ്പോള്‍ അച്ഛന് മനസ്സിലായിക്കോളും, ഇങ്ങനൊരു പരിപാടി നിനക്ക് ആയുസ്സില്‍ കാണാന്‍ പറ്റില്ല'

(അച്ഛനല്ല, തിരിച്ചു ചെല്ലുമ്പോള്‍ എനിക്കാണ് മനസ്സിലാവുക എന്ന് പറയണം എന്ന് തോന്നി, പിന്നെ നേരത്തേ കിട്ടിയ മണത്തിന്‍റെ ആകര്‍ഷണ വലയത്തില്‍ എന്‍റെ മനസ്സ് പറഞ്ഞു 'അതൊക്കെ അപ്പൊ, ഇപ്പൊ ഇതുതന്നെ കളി')

'ശരി, എവിടെ ബാബുവും ശിവനും ?'

'ശിവന് ഇന്നലെ ബോധം പോയി ദവിടെ എവിടെയോ വീണു കിടക്കുന്നുണ്ട്. ബാബുവും ടീമും ഇവടുണ്ട്, നീ വാ'

ഞങ്ങള്‍  ചെല്ലുമ്പോള്‍ ബാബുവും പിന്നെ പേരറിയാത്ത രണ്ട്‌ പേരും ഒരു തേങ്ങിന്‍റെ കടക്കല്‍ 'ബോധം പോകാനും, ലത് പോകുന്നതിനു മുന്പ്, വയറു കത്താതിരിക്കാനും ഉള്ള ചില സാമഗ്രഹികള്‍ക്കു' ചുറ്റും ഇരിക്കുന്നു.

അവരുടെ ഒരു ഭാഗ്യം, ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ 'വീശാന്‍‍' പറ്റുന്നുണ്ടല്ലോ ?

ഞാനോ ? ഫൂ ! ഡിഗ്രിക്ക് പഠിക്കുമ്പോള്‍, എനിക്ക് എന്നോട് തന്നെ പുശ്ചം തോന്നുന്നു !

(പശ്ചാത്തലത്തില്‍: നഷ്ടസ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു ......)

'ആ സൂര്യ, ഇരിക്ക്, കണ്ണാ ഒരു ഗ്ലാസ് എടുക്കെടാ' ബാബു

'എനിക്ക് വേണ്ടെടാ ഞാന്‍ കഴിക്കില്ല' (മദ്യമേ വിഷമേ, വിഷ മദ്യമേ ...... !)

'ഉറപ്പാണോ ?' ബാബു (അവനൊരു 'തമിശം' ?)

'അതെ, ഞാന്‍ കഴിക്കില്ല' (ഉറപ്പ് !)

'എന്നാ വേണ്ടെടാ' കണ്ണന്‍ (ആശ്വാസം !)

'പക്ഷെ കളം പാട്ട് കഴിഞ്ഞാലെ ഭക്ഷണം വല്ലതും കഴിക്കാന്‍ പറ്റുള്ളൂ, അപ്പൊ എന്ത് ചെയ്യും കണ്ണാ ?' ബാബു വീണ്ടും കണ്ണനോട്

''അത് ശരിയാണല്ലോ, നിനക്ക് വിശക്കണ്‍ണ്ടാ ?' കണ്ണന്‍ എന്നോട്.

'ഹേയ്, പരിപാടി കഴിയട്ടെഡാ, എന്നിട്ടാവാം ഭക്ഷണം'

കാലത്തെ തന്നെ പത്തു പതിനഞ്ചു ഇഡ്ഡലി അടിച്ചു കേറ്റിയ എനിക്കെന്തു വിശപ്പ് !

അങ്ങിനെ ഒരു ഒരു മണിക്കൂറോളം അവരുടെ കൂടെ, കൂട്ടത്തില്‍ മറ്റു രണ്ട്‌ പേരെ കൂടി പരിചയപ്പെട്ടു. രാജനും കൊച്ചക്കനും, രണ്ട്‌ പേരും അഞ്ചാം ക്ലാസ്സ് വരെയുള്ള അവശ്യ വിദ്യാഭ്യാസത്തിനു ശേഷം പാറമടയില്‍ പണിക്കു പോകുന്നു.

പന്തലില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു 'കളത്തില്‍ പരിപാടി തുടങ്ങി' എന്ന്. വേഗം തന്നെ എഴുന്നേറ്റു ആ 'വൃത്തികെട്ട സ്ഥലത്തെ' പൊടി തട്ടി കണ്ണന്‍റെ കൂടെ കളത്തിലേക്ക്‌ നടന്നു.

കളത്തിനു ചുറ്റും 'കാവനാട്' ശ്വാസം പിടിച്ചു നില്‍ക്കുന്നു !

ഞാന്‍ 'മൂപ്പ കുമാരന്‍റെ' കൂട്ടത്തില്‍ ആയതിനാല്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനം കിട്ടി. കണ്ണന്‍റെ അച്ഛന്‍ ശങ്കരന്‍റെ അടുത്ത് തന്നെ.

അങ്ങിനെ പരിപാടി തുടങ്ങി. എല്ലാ വിളക്കുകളും പന്തങ്ങളും കത്തിക്കൊണ്ടിരിക്കുന്നു. റോക്ക് ഗ്രൂപ്പ്‌ കളത്തിന്‍റെ സൈഡില്‍ അവരുടെ 'അണ്‍പ്ലഗ്ഗ്ഡ് ഷോ' (ന്ച്ചാല്‍, മൈക് ഇല്ലാതെ എന്നര്‍ത്ഥം) തുടങ്ങിയിരുന്നു. അവരുടെ ചടുല സംഗീതത്തിന് അനുസ്രിതമായി  'ഗണ്‍സ്ന്‍ റോസസിലെ സ്ലാഷ് കതിന പൊട്ടി കറുത്തു പോയ പോലെയുള്ള' ഒരു 'ചാത്തന്‍' പൂജാദി കര്‍മങ്ങള്‍ നടത്തുന്നു. എന്ന് പറഞ്ഞാല്‍ ഉരുളികളില്‍ ഇരിക്കുന്ന, നമ്മുടെ കോഴിശ്ശനെ ഒഴിച്ചുള്ള, സകലമാന വസ്തുക്കളും കളത്തിലേക്ക്‌ കണ കുണാന്ന് എറിയുന്നു. ആര്‍ക്കും മനസ്സിലാകാത്ത 'ചാത്തന്‍' ഭാഷയില്‍ (മന്തങ്ങള്‍ ആവും, അത് നമുക്ക് മനസ്സിലാകാന്‍ പാടില്ലല്ലോ !) എന്തൊക്കെയോ വിളിച്ചു പറയുന്നു. ഇടയ്ക്കു റോക്ക് ശൈലിക്ക് അലറുന്നുമുണ്ട്. ഓരോ പ്രാവശ്യം അലറുമ്പോഴും കോഴിശ്ശനടക്കം സകലരും ഞെട്ടുന്നു. ഇതെല്ലാം കണ്ട് ചുറ്റും നില്‍ക്കുന്നവര്‍ 'ദി ആള്‍മൈറ്റി ചാത്തനെ' പ്രാര്‍ഥിച്ചു കൊണ്ട് നില്‍ക്കുന്നു.

പിന്നീട് ഏതോ നിമിഷത്തില്‍ നമ്മുടെ 'സ്ലാഷ് ചാത്തന്‍' വൈല്‍ഡ് ആയി.  പൂഹോയ് പൂഹോയ് ഹുയാ ഹുയാ എന്ന് വിളിച്ചു കൊണ്ട് ടിയാന്‍ ഓട്ടം ആരംഭിച്ചു, കയ്യില്‍ ഒരു വാളും !

തുള്ളല്‍ !

പല റൌണ്ട് കളത്തിനു ചുറ്റും ഓടിയ 'സ്ലാഷ്' നേരത്തേ കളത്തില്‍ എറിഞ്ഞിരുന്ന വസ്തുക്കള്‍ നാട്ടുകാരെ എറിയാന്‍ തുടങ്ങി. അതൊക്കെ വേണ്ടപ്പോള്‍ കയ്യില്‍ കൊടുക്കാന്‍ ഘടാഘടിയന്മാരായ രണ്ട്‌ സ്പെഷല്‍ ചാത്തന്‍മാര്‍ പിന്നാലെ ഓടുന്നുണ്ട്.

മേല്‍ പറഞ്ഞ ഘടാഘടിയന്മാര്‍ പ്രത്യേക പരിശീലനം സിദ്ധിച്ചവര്‍ ആണെന്ന് തോന്നുന്നു. അതുവരെ വലത്തെ കയ്യില്‍ പിടിച്ചിരുന്ന വാള്‍ പെട്ടെന്ന് ഇടത്തെ കയ്യിലേക്ക് മാറുകയും വലത്തെ കൈ ഡിമേന്ന് പുറകോട്ടു മലക്കുകയും ചെയ്യുമ്പോള്‍ കൃത്യമായി എറിയേണ്ട സാധനം അവര്‍ അതില്‍ നിറച്ചിരിക്കും. എന്നാലും ഒരുപ്രാവശ്യം അബദ്ധം പറ്റി. ഉദ്ദേശിച്ച സാധനം കിട്ടാതെ വന്നപ്പോള്‍ 'മെയിന്‍ ചാത്തന്‍' തിരിഞ്ഞു നിന്നു. പിന്നെ സാധനം തന്ന സപ്പോര്‍ട്ടിംഗ് ചാത്തന്‍റെ മുഖത്തിനിട്ടു തന്നെ ഒരേറ് ! വീണ്ടും ഓട്ടം.

എല്ലാം ഭക്തി തന്നെ !

ഇനിയങ്ങോട്ട് വെളിപാടുകള്‍ ആണ്. ന്ച്ചാല്‍ സാക്ഷാല്‍ ചാത്തന്‍സ് ഡയലോഗ്സ് !

'ചാത്തന് കൊല്ലാ കൊല്ലം ഇത് പോലെ വീത് നടത്തിക്കൊള്ളണം പൂഹേയ്, ഇല്ലെങ്കില്‍ 'കുരുപ്പ്' (സംഗതി കുരിപ്പ് ആണ്, ന്ച്ചാല്‍ വസൂരി) വിതറും ഞാന്‍ പൂഹോയ്, എന്താ പറ്റില്ലേ ?'

'നടത്തിക്കോളാമേ' നാട്ടുകാര്‍ ഒന്നടങ്കം മറുപടി കൊടുത്തു.

'ന്താ ?' ചാത്തന്‍ വീണ്ടും (ചാത്തനും നാട്ടുകാരെ സംശയമോ ?)

'നടത്തിക്കോളാമേ' നാട്ടുകാര്‍ വീണ്ടും.

അങ്ങിനെ ഒരു കറക്കം കഴിഞ്ഞു ചാത്തന്‍ 'ഫോര്‍മര്‍ മൂപ്പന്‍' ശങ്കരനോട്...

'ശങ്കരച്ചോന്‍ ഒക്കത്തിനും മുന്നീണ്ടാവണം, ന്താ ണ്ടാവില്ലേ ?'

'ണ്ടാവും' ശങ്കരന്‍

'ന്താ ?' വീണ്ടും ചോദ്യം (അപ്പൊ ചാത്തന്‍ ഡ്യുല്‍ കണ്‍ഫര്‍മേഷന്‍റെ ആളാണ്‌ !)

'ണ്ടാവും' ശങ്കരന്‍ വീണ്ടും

'ഉം' ഉരു മൂളലോട് കൂടി  ചാത്തന്‍ നെക്സ്റ്റ് കറക്കത്തിലെക്ക്, വീണ്ടും ഒരെണ്ണം വെറുതെ !

'കുട്ട്യോള്‍ക്ക് എന്താ വേണ്ടത് ?' ചോദ്യം ടു ദി പബ്ലിക് !

അപ്പൊ കൂട്ടത്തില്‍ നിന്നിരുന്ന ആരോ ഒരാള്‍ ..

'ഞാള്‍ക്ക് ശരിക്ക് പണി കിട്ടുന്നില്ല തംബ്രാ'

കേട്ട പാതി കേള്‍ക്കാത്ത പാതി ചാത്തന്‍ ഓട്ടം നിര്‍ത്തി കളത്തില്‍ കയറി നിന്നു.

പിന്നെ പൂഹോയ് പൂഹോയ് ഹുയ ഹുയ എന്ന് വിളിച്ചുകൊണ്ടു കയ്യിലിരുന്ന വാളു കൊണ്ട് സ്വന്തം തലക്കിട്ടു രണ്ട്‌ കീറ് !

തല പൊട്ടി ചോര കുടു കുടാന്നു ! പൂഹോയ് എന്ന് വീണ്ടും അലര്‍ച്ച

(ഇത്തവണ ശബ്ദം ഇത്തിരി കൂടുതലാണ്, തലപോട്ടിയതല്ലേ ?)

എന്താ സംഭവം എന്നറിയാന്‍ ഞാന്‍  കണ്ണനെ നോക്കി. അവന്‍ മിണ്ടരുത് എന്നര്‍ത്ഥത്തില്‍ കണ്ണടച്ചു കാണിച്ചു.

അപ്പോള്‍ ശങ്കരന്‍ പെട്ടെന്ന് 'അടിയന്‍ന്നു പറയെടാ നാരായണാ'

ഉടനെ ചോദ്യകര്‍ത്താവ് നാരായണന്‍ കൊസ്റ്റ്യന്‍ റിഫ്രൈസ് ചെയ്തു.

'അടിയങ്ങള്‍ക്കു ശരിക്ക് പണി കിട്ടുന്നില്ല തംബ്രാ'

ഇത് കേട്ട ചാത്തന്‍ കടുത്ത രൌദ്രഭാവം വിട്ടു ശാന്ത രൌദ്രഭാവത്തില്‍ വീണ്ടും കറക്കം തുടങ്ങി.

(അപ്പൊ ചാത്തന്‍ മേലാളന്‍ ആണല്ലേ ?)

രണ്ട്‌ കറക്കത്തിനു ശേഷം മറുപടി ...

'കിട്ടും, നോനിക്ക് വീത് തന്നില്ലേ ? ഇനി കിട്ടും, ന്താ പോരെ ?'

'മതി' നാരായണന്‍

ഒരു കണ്‍ഫര്‍മേഷന്‍ ചോദ്യം പ്രതീക്ഷിച്ച ഞാനടക്കമുള്ളവര്‍ നിരാശരായി. അതുണ്ടായില്ല.

അടുത്തൊരു റൌണ്ടില്‍ ചാത്തന്‍ ഒന്ന് സ്ലോ ആയി. എന്തോ അപകടം 'മണക്കുന്ന പോലെ' മൂക്ക് കൊണ്ട് മണം പിടിക്കുന്നു. പെട്ടെന്ന് ഞങ്ങളുടെ നേരെ തിരിഞ്ഞു കൈ കൊണ്ട് അടുത്തേക്ക് ചെല്ലാന്‍ ആഗ്യം കാണിച്ചു. 'ചുറ്റിക്കെട്ടായോ നിന്തിരുവടി' എന്ന് മനസ്സില്‍ തോന്നി.

പെട്ടെന്ന് എന്‍റെ പിന്നില്‍ നിന്നിരുന്ന 'ദേഹം' തിക്കി തിരക്കി മുന്നിലേക്ക്‌ കയറി നിന്നു. ഞാന്‍ അറിയുന്ന ആളാണ്‌ 'മടി രാമന്‍' എന്ന് വിളിക്കുന്ന 'ദെഹണ്ണം രാമേട്ടന്‍', കാവില്‍ ദേശം, പച്ചക്കറി ആന്‍റ് നോ-പച്ചക്കറി സദ്യകള്‍ക്ക് കേമന്‍. ഒരു സദ്യക്ക് അല്ലെങ്കില്‍ ഒരു യാത്രക്ക് ആവശ്യമുള്ള സകല വസ്തുക്കളും മുണ്ടിന്‍റെ മടിക്കുത്തില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് ടി ദേഹത്തെ 'മടി രാമന്‍' എന്ന് വിളിക്കുന്നത്‌.

അടുത്ത കറക്കത്തില്‍ 'സാക്ഷാല്‍ ചാത്തന്‍' രാമാന്‍റെ അടുത്തെത്തി. എന്നിട്ട് പതുക്കെ പറഞ്ഞു....

'ആ ബീഫ് കരിയുന്നുണ്ടോന്ന്‍ ഒരു സംശയം, വേഗം ചെന്ന് നോക്ക് !'

'ഓ' എന്നും പറഞ്ഞു രാമന്‍ പന്തലിലേക്ക് പോയി. തൊട്ടടുത്ത്‌ നിന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇത് കേള്‍ക്കാന്‍ പറ്റിയത്. മറ്റുള്ളവര്‍ക്ക് ഒന്നും മനസ്സിലായില്ല. അവര്‍ കരുതിക്കാണും രാമന് ചാത്തന്‍ ഏതോ ദിവ്യോപദേശം കൊടുത്തതാണെന്ന്.  

അപ്പൊ സ്ഥലകാല ബോധം ഉള്ള ചാത്തനാണ്, നന്നായി !

പൂഹോയ് എന്ന ഒരലര്‍ച്ചയോടെ ചാത്തന്‍ ഉരുളിയില്‍ ഇരുന്ന കോഴിശ്ശാരെ ചാടി പിടിച്ചു. കോഴിശ്ശന്‍ അതിലും ശബ്ദത്തില്‍ അലറിക്കൊണ്ടിരുന്നു. സസന്തോഷം കയറി ഇരുന്നതാണെങ്കില്‍ കൂടി ഇത്ര പെട്ടെന്ന് തന്‍റെ അന്ത്യം ടിയാന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആ അലര്‍ച്ച കേട്ടാല്‍ മനസ്സിലാകും !

ഹുയാ ഹുയാ ശ്ലിം ! ദേ കിടക്കുന്നു കോഴിമാന്‍, തല വേറെ ഉടല്‍ വേറെ, രണ്ടും ഒരു വിധം നന്നായി തുള്ളുന്നുണ്ട്. ഒപ്പം ചാത്തനും !

നാട്ടുകാരില്‍ പലരും കൈ തലക്കു മേല്‍ കൂപ്പിയാണ് ഇപ്പോള്‍ തൊഴുന്നത്. ഭക്തിയുടെ പാരമ്യത്തിലെ ഒരു അവസ്ഥ.

ഒന്ന് രണ്ട്‌ കറക്കം കൂടി കഴിഞ്ഞു ശ്രീമാന്‍ ചാത്തന്‍ വീണ്ടും ശങ്കരന്‍റെ അടുത്തെത്തി.

'സന്തോഷായി നൊന് സന്തോഷായി' കറക്കം വണ്‍സ് മോര്‍ !

'എന്താ വേണ്ടേ ഉണ്ണി ചോദിച്ചോളിന്‍'

ശങ്കരന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു, പുള്ളി പ്രിപ്പയേര്‍ഡ് അല്ലായിരുന്നു എന്ന് തോന്നുന്നു.

ഒരു കറക്കം കൂടി കഴിഞ്ഞു വന്ന് ചാത്തന്‍ വീണ്ടും ..

'ഉം ഉം' വേഗം ആവട്ടെ എന്ന് സാരം.

അപ്പോഴും 'കിംഗ്‌ ശങ്കര്‍' പഴയപടി തന്നെ. രഹസ്യമായി തൊട്ടടുത്ത്‌ നില്‍ക്കുന്ന 'ആജന്മ ശത്രു', ന്ച്ചാല്‍ ഫാര്യ, ശാരദയോട് ഒരു ക്യുക്ക് ചര്‍ച്ച. ഇതിനിടയില്‍ ചാത്തന്‍ രണ്ട്‌ റൌണ്ട് അടിച്ചു.

വീണ്ടും ശങ്കരന്‍റെ മുന്നില്‍ വന്ന് നിന്നു അടിമുടിയൊന്നു നോക്കി. അടുത്ത കറക്കത്തിനായി യാത്രയായി. ഒരു പ്രത്യേകത മാത്രം, പണ്ട് മുന്നോട്ടു നോക്കി ഓടിയിരുന്ന ചാത്തന്‍ ഇപ്പൊ ശങ്കരനെ നോക്കിയാണ് ഓട്ടം.

വീണ്ടും അടുത്തെത്തി സ്ലോ ആക്കി, അപ്പോഴും 'പണ്ടത്തെ ശങ്കരന്‍ ശാരദേടെ ചെവീമ്മേ തന്നെ' !

വീണ്ടുമൊരു കറക്കത്തുനോടുവില്‍ ചാത്തന്‍ ശങ്കരന്‍റെ മുന്നില്‍ സ്റൊപ്പ് ആയി, തോറ്റു കാണും !

'ഹുയാ, ചാത്തനോട് എന്തും ചോദിക്കാം ന്ന്‍ വിചാരിച്ചു കേരളം മുഴുവന്‍ ചോദിക്കാനാണോ ഈ കൂടിയാലോചന ?'

'അത് ....' ശങ്കര്‍ജിക്ക് ഉത്തരം മുട്ടിപ്പോയി

'ഹുയാ, അത് ?' ചാത്തന് ക്ഷമകെടുന്നു എന്ന് നാട്ടുകാര്‍ക്ക് തോന്നി തുടങ്ങി.

എന്‍റെ പേടി പണ്ടാറടങ്ങാന്‍ ഇങ്ങേരു ഇനിയും സ്വന്തം തലക്കിട്ടു മേടുമോ എന്നായിരുന്നു. ഇപ്പോള്‍ തന്നെ ദേഹത്താകമാനം ചോരയാണ്.

'ഒന്നൂല്ല, അടിയങ്ങളെ മ്ബ്രാന്‍ കാത്തോളണേ'

'ഇത് ചോദിക്കാനാണോ എന്നെ ഇത്രയും നേരം ഇട്ടോടിച്ചത് ?'

'പൊറുക്കണം'

'ഏ, അടിയന്‍ ചേര്‍ത്ത് പറ' (അതാണു ചാത്തന്‍ !)

'അടിയനോട്‌ പൊറുക്കണം'

'ഉം, നല്ലത് വരും'

അടുത്ത റൌണ്ട് മുതല്‍ ഭസ്മ വിതരണം ആണ്. നീട്ടിയ കൈകളിലേക്ക് മാത്രം ശ്രദ്ധ ചെലുത്തി അസാധാരണ വേഗത്തില്‍ ചാത്തന്‍ ഭസ്മം വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. സപ്ലൈ ചാത്തന്മാര്‍ പിന്നാലെ തന്നെ ഉണ്ട്.

എന്‍റെ അടുത്ത് എത്തുന്നതിനു മുന്‍പേ തന്നെ ഈ കിട്ടുന്ന ഭസ്മം എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ നോക്കി വെച്ചിരുന്നു. ഇങ്ങേരുടെ മുന്നില്‍ വച്ചു കുറി വരച്ചാല്‍, ഇനി അതിന്‍റെ പേരില്‍ ഒരു 'തലവെട്ടിപ്പൊളി' വേണ്ടാന്നു വിചാരിച്ചാണ്. നോക്കുമ്പോള്‍ കുഴപ്പം ഇല്ല.

എന്‍റെ അടുത്തെത്തിയ ചാത്തന്‍ നീട്ടിയ കയ്യിലേക്കും എന്‍റെ മുഖത്തേക്കും പിന്നെ എന്നെ ഒട്ടാകേയും ഒന്ന് നോക്കി. പിന്നെ കണ്ണനെ ഒന്ന് നോക്കി. അപ്പോള്‍ കണ്ണന്‍ എന്‍റെ കൂട്ടുകാരന്‍ എന്ന് കാവനാട് ഭാഷയില്‍ ആഗ്യം കാണിച്ചു. ചിരിച്ചുകൊണ്ട് ചാത്തന്‍ ഭസ്മം എന്‍റെ കയ്യിലെക്കിട്ടു.

കിട്ടിയ പാടെ ഞാനത് ഇടത്തെ കയ്യിലേക്ക് തട്ടി, വലത്തെ കയ്യിലെ മൂന്ന് വിരലുകളാല്‍ വടിച്ചെടുത്ത് നെറ്റിയില്‍ ഒരു പൂശ് !

എന്നിട്ട് നോക്കുമ്പോള്‍ ചാത്തന്‍ എന്നെ കലിച്ചു നോക്കിക്കൊണ്ടും ഭസ്മം കൊടുത്തു കൊണ്ടും നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു വെത്യാസം മാത്രം. ഒന്ന് രണ്ട്‌ പേര്‍ക്ക് ഭസ്മം കൊടുത്തു കഴിഞാല്‍ ചാത്തന്‍ എന്നെ ഒന്ന് തുറിച്ചു നോക്കും. പിന്നെ നീങ്ങും.

ഇതെന്തു അല്‍ക്കുല്‍ത്താണോ ഈശ്വരാ എന്നെനിക്കു തോന്നി

ഇതിനിടയില്‍ കണ്ണന്‍ എന്നോട്

'വെളിച്ചപ്പാട് നിന്നെ തന്നെ നോക്കുന്നുണ്ടല്ലോ ?'

'ഉവ്വ് ഞാനും കണ്ടു,  എന്താ കാര്യം ?'

'നീ ഭസ്മം കളയെ മറ്റോ ചെയ്താ ?'

'ഏയ്, ഇല്ലെടാ, ദേ നോക്കിയേ !' ഞാന്‍ 'പോസ്റ്റര്‍' ഒട്ടിച്ച സ്ഥലം കാണിച്ചു കൊടുത്തു !

'അപ്പൊ വേറെന്തോ കാര്യം ഉണ്ട്' കണ്ണന്‍

'നീ വെറുതെ ആളെ പേടിപ്പിക്കല്ലേ, വേറെന്തു കാര്യം ?'

'ആ' അവന്‍സ്

പണ്ടാരം ഉള്ള മനസ്സമാധാനം പോയി.

അടുത്തെത്താറാകുമ്പോഴെക്കും എന്‍റെ പേടി കൂടിക്കൂടി വന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഈ കൂടി നില്‍ക്കുന്നവര്‍ എന്നെ ആയിരിക്കുമല്ലോ ഭള്ള് പറയുന്നത് എന്നായിരുന്നു എന്‍റെ ചിന്ത.

മുന്നിലെത്തിയ ചാത്തന്‍ അപ്രതീക്ഷിതമായി ഒരു ചോദ്യം

'ആദ്യാണ് അല്ലേ ?'

'അതേ' ഞാന്‍ ഭയഭക്തി ബഹുമാനത്തോടെ മറുപടി.

'ചാത്തന്‍ ഭസ്മം തന്നത് തിന്നാനും കൂടിയാണ് അല്ലാതെ കോണത്തില് തേക്കാന്‍ മാത്രല്ല !'

ഒരു നിമിഷം ഞാന്‍ അന്തിച്ചു പോയി. ദൈവത്തിന്‍റെ കയ്യില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അന്തംവിട്ട്‌ കണ്ണനെ നോക്കുമ്പോള്‍ ആ നായിന്‍റെ മോന്‍ വാ പൊത്തി ചിരിക്കുന്നു.

(വീക്കേയന്‍ സ്വാമികളുടെ ചാത്തന്‍ ഇതായിരുന്നോ എന്നെനിക്കു പിന്നീട് സംശയം തോന്നിയിട്ടുണ്ട്)

'ഉം, കൈ നീട്ട്വാ' ചാത്തന്‍ വീണ്ടും

ഒരക്ഷരം മിണ്ടാതെ ഞാന്‍ കൈ നീട്ടി.

ഒരു പിടി ഭസ്മം ചാത്തന്‍ എന്‍റെ കയ്യിലെക്കിട്ടു, എന്നിട്ട് പറഞ്ഞു....

'കുറച്ചു തിന്നിട്ടു ബാക്കി വീട്ടില്‍ വെക്ക്വ, പൂജമുറീല്, ട്ടോ'

'ഓ' ഞാന്‍ വിനീത് ശ്രീനിവാസനായി.

'നന്നായി വരും' എന്ന് പറഞ്ഞു ചാത്തന്‍ എന്‍റെ തലയില്‍ കൈ വെച്ചനുഗ്രഹിച്ചു. ആ കൈ തലയിന്‍ തൊട്ടതും ഒരു നിമിഷത്തേക്ക് ഒരു ചെറിയ ബാറ്ററിയില്‍ നിന്നും ഷോക്കടിച്ച പോലെ തോന്നി.

പിന്നെ കളത്തില്‍ ചെന്ന ചാത്തന്‍ ഒരു നാല് അലര്‍ച്ചയോടെ നിലംപരിശായി !

കൂട്ട് ചാത്തന്മാര്‍ ആടയാഭരണങ്ങള്‍ അഴിച്ചെടുത്തും വിളക്കുകളും പന്തങ്ങളും തല്ലിയും ഊതിയും കെടുത്തിയും ചടങ്ങുകള്‍ അവസാനിപ്പിക്കുന്നു.

ബാബുവിന്‍റെ അച്ഛന്‍ കണ്ണൊക്കെ നിറച്ചു എന്‍റെ അടുത്ത് വന്നു പറഞ്ഞു.

'നാല്‍പ്പതു വര്‍ഷായി ഞാന്‍ കള്ളും വീതും വെക്കാന്‍ തുടങ്ങീട്ടു, ഇതുവരെ ആര്‍ക്കും കിട്ടാത്ത ഭാഗ്യാ ങ്ങക്ക് കിട്ടീത്. ചാത്തന്‍റെ അനുഗ്രഹം. സന്തോഷായി'

സത്യത്തില്‍ ഞാന്‍ അന്തിച്ചു നില്‍ക്കുകയായിരുന്നു. എന്തോ ഭയങ്കര ഭാഗ്യം സിദ്ദിച്ച പോലെ എല്ലാവരും എന്നെ നോക്കി നില്‍ക്കുന്നു. കൂട്ടത്തില്‍ ശങ്കരന്‍റെ 'ഇദയത്തെ ടച്ച് പണ്ണിയ ഡയലോഗും'.

പക്ഷെ അതോടു കൂടി ഞാന്‍ അന്നത്തെ 'ഷോമാന്‍' ആയി മാറി. കാരണവന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ഒക്കെ എന്‍റെ അടുത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. പലരും എന്നെ തൊഴുന്നു, പേര് ചോദിക്കുന്നു, 'ഭാഗ്യള്ള കുട്ടിയാ' എന്നൊക്കെ പറയുന്നു.

കാര്‍ത്തുവും കണ്ണനും ബാബുവും ഒക്കെ എന്‍റെ സന്തത സഹാചാരികളെ പോലെ കൂടെ ഉണ്ട്, പരിചയപ്പെടുത്താനും അവരും ഞാനും തമ്മിലുള്ള ബന്ധം വന്നവരെ അറിയിക്കാനും ഒക്കെയായി !

പിന്നെ ജീവിതത്തില്‍ ഇന്നുവരെ പേര് മാത്രം കേട്ടിട്ടുള്ള സകലമാന ജീവികളുടെ മാംസവും ചേര്‍ത്ത് മനോഹരമായ ഒരൂണ്. എനിക്ക് വിളമ്പാന്‍ മാത്രം നല്ല തിക്ക് !

ശേഷം 'കിംഗ്‌ ശങ്കുന്‍റെ' ആജ്ഞ പ്രകാരം കണ്ണന്‍റെ സൈക്കിളില്‍ എന്നെ വീട്ടില്‍ ഡ്രോപ്പ് ചെയ്യാന്‍ ബാബുവിന്‍റെ അകമ്പടിയോടെ ഒരു യാത്ര.

അതില്‍പ്പിന്നെ അതുപോലെ ഉറഞ്ഞു തുള്ളിയ ഒരു ചാത്തനെ ഞാന്‍ കാണുന്നത് അന്നു വീട്ടില്‍ എത്തുമ്പോഴാണ് !

'എന്‍റെ അച്ഛന്‍ !'

കാലത്ത് പണിക്കു ആളെ വിളിക്കാന്‍ പോയിട്ട് വരുന്നത് ഉച്ചക്ക് മൂന്ന് മണിക്കാണ്.

ശേഷം ചിന്ത്യം !

പിന്നീട് ഏകദേശം രണ്ട്‌ വര്‍ഷം കഴിഞ്ഞു ഞാന്‍ അച്ഛന്‍റെ തറവാട്ടില്‍, അതായത് അങ്കമാലി വേങ്ങൂര്‍ കാഞ്ഞലി വീട്ടില്‍, ചെന്നപ്പോഴാണ് മനസ്സിലായത്‌ ചാത്തന്‍ എന്‍റെ ഒരു പ്രപൂര്‍വികന്‍ ആണെന്ന്. തറവാടിന്‍റെ  അറക്കകത്ത് മുത്തച്ചന്‍റെയും മുതുമുത്തച്ചന്മാരുടെയും കൂടെ ദേ ഇരിക്കുന്നു ഒരു സ്മാര്‍ട്ട് ചാത്തന്‍ !

ഇനി പഴയ അനുഗ്രഹവും ചീത്ത പറച്ചിലും എല്ലാം ഒരു കൊ-ഇന്‍സിഡെന്‍സ് ആയിരുന്നോ ?

ആര്‍ക്കറിയാം ?

എല്ലാം ചാത്തന്‍ മാഹാത്മ്യം !

വാല്‍കഷ്ണം:  പത്താള്‍ കൂടി ഒരു വസ്തുവിനെ ആഗ്രഹിച്ചാല്‍ ആ വാസ്തുവിന്‍റെ വാല്യൂ കൂടും എന്ന് എക്കണോമിക്സ്. മിക്ക മതവിശ്വാസങ്ങള്‍ അനുസരിച്ചും, നൂറാള്‍ കൂടി ഒരു ദൈവത്തിനെ ആരാധിച്ചാല്‍ അതിനു ശക്തി കൂടും എന്നാണ്. അങ്ങിനെയാണല്ലോ, ശബരിമലയും, വേളാങ്കണ്ണിയും, മെക്കയും ഒക്കെ ഉണ്ടായത്. അങ്ങിനെ എങ്കില്‍ എന്നെ അന്ന് അനുഗ്രഹിച്ചത് ഏകദേശം നാന്നൂറോളം വരുന്ന ഭക്തര്‍ അകമഴിഞ്ഞ് ആരാധിക്കുന്ന 'സാക്ഷാല്‍ ചാത്തന്‍ സ്വാമികളാണ്'.

'ജെയ് ചാത്തന്‍ സ്വാമികള്‍'

Comments

  1. തന്നെ തന്നെ. ജയ് ചാത്തന്‍ സ്വാമിക‍ള്‍...

    നന്നായി എഴുതിയിട്ടുണ്ട്. :)

    ReplyDelete
  2. ഇതെന്താ ചാത്തൻ വാരമോ...എല്ലാ ബ്ലോഗർമരുടെ പോസ്റ്റിലും ഒരു ചാത്തൻ കളി

    ReplyDelete
  3. നല്ല എഴുത്ത്. ഒറ്റ ഇരിപ്പില്‍ വായിച്ചു.

    ReplyDelete
  4. ചാത്തനെ 'ക്ഷ' പിടിച്ചു

    ReplyDelete

Post a Comment