വിയറ്റ്നാം കോളനിയിലെ 'അവതാരങ്ങള്‍' ബൈ 'ജെയിംസ് കാമരൂപന്‍'

അങ്ങിനെ കൊട്ടിഘോഷിച്ചു തിമര്‍ത്താടുന്ന 'അവതാരം' കണ്ടു.

(അവതാര്‍ എന്നതിന്‍റെ മലയാളം രൂപമാണല്ലോ 'അവതാരം').

പണ്ട് 'ടൈറ്റാണെനിക്ക്' (ടൈറ്റാനിക്കിന്‍റെ മലയാള രൂപം) എന്ന ചിത്രത്തിന്‍റെ അതേ സംവിധായകന്‍  'ജെയിംസ് കാമരൂപന്‍' (പുലി ആര്‍നോള്‍ഡ് 'ശിവശങ്കരന്‍' എന്ന പേര് പോലെ ജൈംസ് കാമറൂണ് മാഷുടെ ഒരു മലയാളം വേര്‍ഷന്‍) തന്നെ ആണ് ഈ സാധനവും പടച്ചുണ്ടാക്കിയത്.

പണ്ട് കഥകളി കാണാന്‍ കൊല്ലാട്ടി ഷഷ്ടിക്കു പോയപ്പോള്‍ എന്റെ കൂട്ടുകാരന്‍, കൊല്ലാട്ടി ബാബു, പറഞ്ഞ പോലെ 'എന്താ അവരുടെ കളി, എന്താ അവരുടെ കുണ്ടി, സമ്മതിച്ചു മാഷേ, സമ്മതിച്ചു !'

അതുപോലെയായി ഇന്നലെ 'അവതാരം' കണ്ടപ്പോള്‍, തകര്‍ത്താടിയുട്ടുണ്ട് സകല അവതാരങ്ങളും, എന്നാലും കാമരൂപന്‍ തന്നെയാണ് യഥാര്‍ത്ഥ അവതാരം. ഗ്രാഫിക്സ്, 3D, സൌണ്ട് എല്ലാം തകര്‍ത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കാമരൂപാ, നീയൊരു ആണാണ്ടാ ഗഡി ! Mr Camaroon, You are the man ! എന്ന അമേരിക്കന്‍  പ്രയോഗത്തിന്‍റെ മലയാളീകരണം.

പക്ഷെ ഇത് അമേരിക്കക്കാരന്‍ ഇവിടുന്നു അടിച്ചതാണ് എന്നാണ് ശരിക്കും പറയേണ്ടത്, അല്ലേ ?

പക്ഷെ ലവന്‍ ഇവിടുന്നു അടിച്ചാല്‍ നമുക്ക് നാവു പോങ്ങില്ലല്ലോ. തിരിച്ചാണെങ്കില്‍ നൂറു നാവും അഞ്ഞൂറ് ലേഖനങ്ങളും കാണും. ഊശാന്‍ താടി വച്ചതും മീശയില്ലാത്തതും ആയ നൂറു കണക്കിന് വിമര്‍ശക 'ബുജികള്‍' വെയിറ്റ് ചെയ്യുകയല്ലേ ?

'മറ്റേ പടത്തില്‍ മറ്റെടത്തെ പെണ്ണ് ഇട്ട ബ്രായുടെ അതേ കളറിലുള്ള ചുരിദാര്‍ ആണ് ഇതിലെ നായിക ഇട്ടിരുന്നത്, അതിനാല്‍ ഇത് കഥാതന്തു (കഥാക#@$) മോഷ്ടിച്ചതാണ്' എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കാന്‍.

ഒന്നും കിട്ടിയില്ലെങ്ങില്‍ 'മോഹന്‍ലാല്‍ ഭ്രമരത്തില്‍ ചെയ്തത് പോര, അതൊക്കെ പിയേഴ്സ് ബ്രോസ്നാന്‍ 'മറ്റേ' പടത്തില്‍ അണ്ടര്‍വെയര്‍ ഇട്ടു വന്നു വെള്ളത്തിലേക്ക് ചാടുന്ന ഒരു സീന്‍ കണ്ടിട്ടുണ്ടോ, ഹോ എന്താ അഭിനയം !' എന്ന് പറഞ്ഞു കളയും.

'സ്വന്തം അമ്മ വിളമ്പി തരുന്നതിനേക്കാള്‍ എനിക്കിഷ്ടം ബസ്‌സ്റ്റാന്റ് വെടി പുഷ്പം വിളമ്പി തരുന്നതാണ് എന്ന് 'അഭിമാനപുരസരം പറയുന്നവരാണ് ഇത്തരം വിമര്‍ശകര്‍'

(സംഗതി വെടിപ്പായി ചെയ്യുന്നവര്‍ ഇതില്‍ പെടില്ല)

നമുക്ക് സംഗതിയിലേക്ക് തിരിച്ചു വരാം, ഈ പറഞ്ഞ വിഷയം ഇനി പറയാന്‍ പോകുന്ന സംഗതിയുമായി ഒരു പുലബന്ധം തോന്നാം പക്ഷെ അത് തികച്ചും യാദ്രിശ്ചികം മാത്രം,

ഞാന്‍ തിടങ്ങട്ടെ !

അവതാരം തുടങ്ങി ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു മണം, ഈ കഥ എവിടേയോ കേട്ടിട്ടുണ്ടല്ലോ ?

ശെടാ, സ്ഥലം ഒഴിപ്പിക്കാന്‍ അവരുടെ ഇടയില്‍ ചെന്ന് അവരിലൊരാളായി മാറി, തന്ത്രവും കുതന്ത്രവും ഒക്കെ ഉള്ള ഒരാള്‍ ......

പെട്ടെന്നാണ് ബള്‍ബ് കത്തിയത് 'വിയറ്റ്നാം കോളനി', അതേ അതന്നെ....

'ആ സ്ഥലം എതാന്നറിയോ സാമിക്ക്  ?'

'ഏതാ ?'

'വിയറ്റ്നാം കോളനി'

വിയറ്റ്നാം കോളനിയാ ?'

'ഇശോയെ വിയറ്റ്നാം കോളനീന്നു കേട്ടിട്ടില്ലേ ?, പറവൂര്‍ റാവുത്തര്‍ എന്ന് കേട്ടട്ടുണ്ടാ  ? ഇരുമ്പ് ജോണെന്ന് കേട്ടട്ടുണ്ടാ, കണ്ണന്‍ സ്രാങ്കെന്ന്  കേട്ടട്ടുണ്ടാ, വട്ടപ്പള്ളീന്നും കുഞ്ഞാപ്പീന്നും മല്ലയ്യാന്നും കേട്ടട്ടുണ്ടാ, എട്ടും പത്തും കൊലപാതകം ചെയ്തിട്ട് ഇനി ആരെയാ കൊല്ലെണ്ടാതെന്നു അന്വേഷിച്ചു നടക്കുന്ന പിശാചുക്കളാ ഇവരൊക്കെ,  അവടയ്ക്കാ സ്വാമി പോണ്ടതും സൈറ്റ് ആപ്പീസ് തുറക്കണ്ടതും, എന്താ പോണാ ?'

അതന്നെ സംഭവം, അപ്പൊ കാമരൂപന്‍ നമ്മടെ പടം അടിച്ചതാണോ എന്ന് സംശയം തോന്നുന്ന പോലെയുള്ള സാദ്രശ്യം.

എന്താ മിസ്റര്‍ തോമസ്‌ നമ്മളവിടെ നാടക കമ്പനി തുറക്കാനോണോ ? എന്ന് സംശയിക്കുന്ന ചെയര്‍മാനും, ഇയാള്‍ കറക്റ്റ് ആയിരിക്കും എന്ന് വക്കീല്‍  പറയുന്ന സീന്‍  അതേ റേഞ്ചില്‍ 'എനിക്ക് നിന്നെയല്ല വേണ്ടത്, നിന്‍റെ സഹോദരനെ ആണ്' എന്ന് നമ്മുടെ നായകനെ കാണുമ്പോള്‍ മുതിര്‍ന്ന ഒരു  സയന്റിസ്റ്റ് പറയുന്ന സീനില്‍ കൂടെയുള്ള പൂത്തലയന്‍ അതല്ല 'ലവന്‍ പുലിയാണ്' എന്ന് വ്യഗ്യമായി അവതരിപ്പിച്ചു കണ്ടപ്പോള്‍ ഒന്ന് മിന്നി.

പിന്നെ ഓട്ടോക്കാരന്‍ പേടിച്ചോടുന്ന സമയത്ത് പിന്നില്‍ റാവുത്തര്‍ വന്നു നിക്കുന്നതറിയാതെ സാഹിത്യകാരന്‍ കൃഷ്ണമൂത്രി, സോറി കൃഷ്ണമൂര്‍ത്തി 'നിനക്ക് എത്ര കാശാട വേണ്ടത്, വാടാ, വാടാ' എന്ന് പേടിപ്പിക്കുന്ന സീന്‍  അതുപോലെ തന്നെ...

കോളനിയിലെ (പാന്‍ഡോറ എന്നാണ് കാമരൂപ് ചേട്ടന്‍ ഇതിനു പേരിട്ടിരിക്കുന്നത്, മലയാളത്തില്‍ അതിനെ 'പണ്ടാറ' എന്നും വേണമെങ്ങില്‍ വിളിക്കാം) ഹിപ്പോയുടെ 'പണ്ടാറ' വേര്‍ഷന്‍ പോലെയുള്ള ജീവികളുമായി, നമ്മുടെ നായകന്‍, സത്യം പറഞ്ഞാല്‍ ആ തെണ്ടിയുടെ പേര് ഓര്‍മയില്ല, ഒരു ചെറിയ വാക്ക് തര്‍ക്കം, അങ്ങോട്ടും ഇങ്ങോട്ടും ഉള്ള തെറിവിളി നടത്തുമ്പോള്‍, പെട്ടെന്ന് ജീവികള്‍ പിന്നോട്ട് പോകുന്നു. തൊട്ടു പിന്നില്‍ അതിഭയങ്കരനായ വേറൊരു ജീവി വന്നു നില്‍ക്കുന്നതറിയാതെ നമ്മുടെ തെണ്ടി അവരെ വെല്ലുവിളിച്ചു കൊണ്ട് വീണ്ടും വീണ്ടും മുന്നോട്ടു ചെല്ലുന്നു

പിന്നെ നമ്മുടെ പടത്തില്‍ നിന്നും വെത്യസ്തമായി 'പണ്ടാറ' നായകന്‍ തിരിഞ്ഞു നോക്കുന്നു, ഭയങ്കരനെ കാണുന്നു. പിന്നെ മരണ വെപ്രാളത്തില്‍ തലങ്ങും വിലങ്ങും കിടന്നോടി അവസാനം ഏതോ പുഴയിലോ കുളത്തിലോ ചാടി രക്ഷപ്പെടുന്നു.

(ഈ വിവരണത്തില്‍ ഒരു അസ്വാഭാവികത ഇല്ലേ ? ഉണ്ട് എനിക്ക് ഒറ്റ എണ്ണത്തിന്‍റെ, അത് മൃഗമായാലും മനുഷ്യനായാലും, പേരറിയില്ല. പിന്നെ ഈ മൃഗം ആ മൃഗം, ഈ ആള് മറ്റേ ആള് എന്നൊക്കെ പറയുന്നത് ഭയങ്കര ബോര്‍ ആണ് എന്നറിയാം, വെളുത്തെടത്തെ അച്ചുമ്മാന്‍റെ മോന്‍ ബാബുട്ടന്‍ പണ്ട് മൃഗം എന്ന സിനിമ കണ്ട് വന്നിട്ട് കഥ പറഞ്ഞത് ഏകദേശം ഇതുപോലെ ആയിരുന്നു, ഒരു കറത്താളും വെളുത്താളും തമ്മില്‍ ഭയങ്കര അടി, പിന്നെ നോക്കുമ്പോള്‍ വേറൊരു വെളുത്താള് വന്നു മറ്റേ രണ്ടേണ്ണത്തെയും തല്ലി ഓടിച്ചു, വല്ലതും മനസ്സിലായാ, സിനിമ കണ്ടവര്‍ തന്നെ അഞ്ചു മിനിറ്റ് എടുക്കും പിടികിട്ടാന്‍. ഇതും ഏകദേശം അതുപോലായി, പക്ഷെ വേറെ ഒരു മാര്‍ഗവും ഇല്ല സുഹൃത്തേ, അങ്ങട് സഹിക്ക്യ !)

കൃഷ്ണമൂര്‍ത്തിക്ക് താമസിക്കാന്‍ സ്ഥലം കിട്ടുന്നത് നായിക ഉണ്ണിമോളുടെ അമ്മ പട്ടാളം മാധവി അമ്മയുടെ വീട്ടില്‍ ആണല്ലോ, ഇതിലും അങ്ങിനെ തന്നെ നായികയുടെ അമ്മ തന്നെയാണ് നമ്മുടെ അവതാരത്തിനെ താമസിക്കാന്‍ അനുവദിക്കുന്നത്, അതും വീട്ടില്‍ തന്നെ. പക്ഷെ 'അവതാരത്തിലെ' പട്ടാളം മാധവി അമ്മ, നമ്മുടെ മൂസാസേട്ടിന്‍റെ ഉമ്മ സൂറാഭായിയുടെ പ്രാന്തും കൂടി ചേര്‍ന്നതാണ് എന്ന് മാത്രം.

ആദ്യം ആദ്യം വട്ടപ്പള്ളിയും പിന്നെ ചില നാട്ടുകാരുമായും സാമി ചില്ലറ കശപിശ ഉണ്ടാകുന്ന പോലെ ഇതിലും നായികയുടെ സഹോദരനും വേറെ ചില പിശക് ടീമുകളുമായി ഒന്ന് രണ്ടു ഉരസലുകള്‍ നടക്കുന്നുണ്ട്.

ഏകദേശം പകുതി ആകുമ്പോഴേക്ക് കൃഷ്ണമൂര്‍ത്തി ഉണ്ണിമോളുമായി ശരിക്കും പ്രേമത്തില്‍ ആകുന്നത്, ആ ചേലുക്ക് തന്നെ 'അവതാരത്തിലെ' നായകനും 'പണ്ടാറത്തിലെ' നായികയുമായി പ്രേമത്തിലാകുന്നു.

ഇടവേളകളിലെ സാമിയുടെ ചില്ലറ ബുദ്ധികള്‍ കാമാരൂപന് തീരെ ഇഷ്ടമായില്ല എന്ന് തോന്നു, അതുകൊണ്ട് ആ പരിപാടികള്‍ ഇവിടെ നിന്നും ഷിഫ്റ്റ്‌ ചെയ്തു ലേശം നേരം കഴിഞ്ഞു അവസരത്തിനൊത്ത് ഉപയോഗിച്ചിരിക്കുന്നു.

പിന്നെ അവതാര നായകന് മനസ്സിലാകുന്നു, ഇവിടം സ്വര്‍ഗമാണ്, ഈ 'പെരട്ടകളെ' ഒന്നും ചെയ്യാന്‍ പാടില്ല എന്നും.

അവര്‍ക്ക് 'പണ്ടാറത്തില്‍' ജീവിക്കാനുള്ള അവകാശം, പിന്നെ അവിടുത്തെ പക്ഷിമൃഗസസ്യശ്യാമളകോമളലതാതികളും ഇതിന്‍റെ നാരായ വേരായ 'മരവീടും' ഗടിപിടികളും എല്ലാം സംരക്ഷിക്കേണ്ടതാണ് എന്നും ലവന് പിടി കിട്ടുന്നു. നമ്മുടെ മൂസ സേട്ടുവിന്‍റെയും വക്കീലിന്‍റെയും പരിപാടികള്‍ മനസ്സിലായി കഴിയുമ്പോള്‍ സാമിക്ക് പറ്റിയ പോലെ, മാനസ്സാന്തരം.

പക്ഷെ വക്കീലും ചെയര്‍മാനും ഗുണ്ടകളും ചേര്‍ന്ന് കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുന്ന കലാപരിപാടി നടത്തിയ പോലെ 'പണ്ടാറത്തിലും' ഒരു കളി നടക്കുന്നു.

എന്നാല്‍ 'അവതാര'നായകന്‍ നമ്മുടെ കൃഷ്ണമൂര്‍ത്തി സാമി ശൈലിയല്ല സാക്ഷാല്‍ വിക്രമിന്‍റെ  'സാമി' സ്റ്റൈലില്‍ ആണ് പ്രതികരിക്കുന്നത് എന്ന് മാത്രം.

നേരത്തെ കാമരൂപന്‍ ട്രാന്‍സ്ഫര്‍ ചെയ്ത 'സാമി ബുദ്ധികള്‍' ഇവിടെ ചാര്‍ജ് എടുത്തിരിക്കുന്നു. ആള്‍ക്കാരെ സംഘടിപ്പിക്കുക, ബുദ്ധിപ്രഭവകേന്ദ്രങ്ങളുമായി ആശയ സംവാദം, ടാക്ടിക്കല്‍ മൂവ്മെന്റ്സ് ഇവയെല്ലാം നായകന്‍ ഈ ഗ്യാപ്പില്‍ നടപ്പില്‍ വരുത്തുന്നു.

പിന്നെ അവസാന യുദ്ധം, സാമി ബക്കറ്റു കൊണ്ട് അടിച്ചവസാനിപ്പിച്ചത്, നമ്മുടെ 'പണ്ടാറക്കാലന്‍' അമ്പും വില്ലും മുതല്‍ ശത്രുവിന്‍റെ കൂട്ടത്തില്‍ നിന്നും മതില് ചാടിയ ടീമുകളും അവരുടെ ആയുധങ്ങളും കൊണ്ടും പിന്നെ കാക്ക കോഴി പ്രാവ് പരുന്ത് എരുളാന്‍ മൂങ്ങ പട്ടി പോത്ത് പോര്‍ക്ക് എന്നിങ്ങനെയുള്ള സകല മാന ജീവികളുടെയും 'പണ്ടാറ' വേര്‍ഷന്‍സുമായി ചേര്‍ന്ന് ഒരു 'പെട'.

വക്കീലും അവന്‍റെ അപ്പനും ഗുണ്ടകളും, ന്ച്ചാല്‍ 3D ശത്രുക്കള്‍ എല്ലാം ക്ലോസ്, അടിച്ചവനെയൊക്കെ പായ്ക്ക് ചെയ്തു.

ദി ഏന്‍ഡ് !

പാട്ടുകള്‍, വിയറ്റ്നാം കോളനിയില്‍ കഥകളും കഥപറയലുകളും ആയിരുന്നെങ്കില്‍ അവതാരത്തിലെ സമാന രംഗങ്ങള്‍ ധ്യാനങ്ങള്‍ ആണ്. നമ്മുടെ പട്ടാളം മാധവി കം സൂറാഭായി ആണ് കോര്‍ഡിനെറ്റര്‍, ഈ രംഗങ്ങള്‍ കണ്ട് കഴിയുമ്പോള്‍, 'കാമരൂപന്‍' ഇവിടെ കേരളത്തിലോ മറ്റോ ബ്രദര്‍ രാജു പാളയങ്കോടന്‍  നടത്തിയ അതീന്ദ്രിയ ധ്യാനത്തിലും രോഗശാന്തി ശുശ്രൂഷയിലും പങ്കെടുത്തോ എന്ന് തോന്നും, ഭാഗ്യം അങ്ങേര് മുരിങ്ങൂര്‍ വരാതിരുന്നത്. ചിലപ്പോള്‍ ലോകപ്രശസ്ത സംവിധായകന്‍ 'കാമരൂപന്‍' ചാലക്കുടി പുഴയില്‍ 'അനാഥരൂപനായി' മാറിയേനെ !

ജയിംസ് കാമരൂപന്‍ നമ്മുടെ 'വിയറ്റ്നാം കോളനി' അടിച്ചു മാറ്റി എന്ന് എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല, മറ്റേ 'അടിമത്തം' ആണെന്ന് കരുതരുത്, അയാള്‍ക്ക്‌ കഥ ഒരു പ്രശ്നമല്ല എന്ന് മാത്രമല്ല കയ്യില്‍ കൊപ്പുള്ളവനാണ് എന്നും നേരത്തെ തെളിയിച്ചിട്ടുമുണ്ട്.

പിന്നെ 11 വര്‍ഷമായി (അത്രയും ആയി ഇതിന്‍റെ പണി തുടങ്ങിയിട്ട് - അത്രയും വര്‍ഷത്തിനു മുന്‍പാണ് വിശ്വ പ്രസിദ്ധമായ 'ടൈറ്റാനിക്ക്' ഇറങ്ങിയത്) കാമരൂപന്‍ വിയറ്റ്നാം കോളനിയുടെ DVD കെട്ടിപ്പിടിച്ചു ഇരിക്കുകയായിരുന്നു എന്ന് കണ്ടെത്താന്‍ ഞാന്‍ മലയാള ഗാന നിരൂപകന്‍ ഒന്നുമല്ലല്ലോ !

പക്ഷെ 'രൂപന്‍റെ' (റൂബന്‍റെ അല്ലാ !) ടീമില്‍ ആരെങ്കിലും മലയാളികള്‍ ഉണ്ടോ എന്ന് കാര്യമായി അന്വേഷിക്കേണ്ടതാണ്. അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഉറപ്പിച്ചോ ഇതിലെന്തോ 'മറിമായം' നടന്നിട്ടുണ്ട്.

പക്ഷെ ഒറ്റ പ്രാവശ്യം ഈ ചിത്രം കണ്ടാല്‍ അത് തരുന്ന ദ്രശ്യാനുഭൂതി അടുത്ത ഒരു വര്‍ഷത്തേക്ക് ഓര്‍മയുണ്ടാവും, 3D തന്നെ കാണണം. പിന്ന ഒരിക്കല്‍ കൂടി കാണാന്‍ പറ്റിയാല്‍, ജീവിതകാലം മുഴുവന്‍ അത് നമ്മുടെ ഉള്ളില്‍ വര്‍ണ പ്രപഞ്ചം തെളിയിക്കുന്ന ഒരു ഒരപൂര്‍വ ചാരുതയായി തെളിഞ്ഞു നില്‍ക്കും ! 

(സത്യത്തില്‍ ഇത് എഴുതി കഴിഞ്ഞപ്പോള്‍ ആണ് മനസ്സിലായത്‌, ചില ബ്ലോഗുകളും SMSകളും ഇതിനെ പറ്റി നേരത്തെ തന്നെ നടക്കുന്നുണ്ടായിരുന്നു എന്ന്. എന്നാലും നെഞ്ചത്തടിച്ചു ഞാന്‍ പറയുന്നു അതൊന്നും എന്നെ ആണ്ട ബാധകള്‍ ആയിരുന്നില്ല, പരുമല തിരുമേനിയാണേ സത്യം !)

Comments

  1. Nice observation !! liked the style of writing.

    ReplyDelete
  2. I also found "avatar " in Italian...as you said, scenography and sound system are so amazing...The imagine of Pandora, really appreciating....but, I can't digest this type of imaginary tales......

    ReplyDelete

Post a Comment