യുദ്ധം പുറംജോലികരാറില്‍ - യെസ്, ദി വാര്‍ ഈസ്‌ ഔട്ട്‌സോഴ്സിംഗ് !

വാടക കൊലയാളികളും ഗുണ്ടകളും പിടിച്ചുപറിക്കാരും എല്ലാം രാജ്യതാല്‍പ്പര്യത്തിനു എതിരായി പ്രവര്‍ത്തിക്കുന്നവരും തദ്വാര എപ്പോഴും അവര്‍ സാമൂഹിക ജീവിതത്തിനു അത്യന്തം ആപല്‍ക്കരം ആയിരിക്കുകയും ചെയ്യും. കാരണം ഇവരാരും മാനുഷിക മൂല്യങ്ങള്‍ക്ക്  വിലകല്‍പ്പിക്കുന്നവരോ ദൈവഭയം ഉള്ളവരോ അല്ലാ, മറിച്ച് വിശ്വസിക്കാന്‍ കൊള്ളാത്തവരും സ്ഥായിയായ ബന്ധങ്ങള്‍ ഇല്ലാത്തവരും അത്യാഗ്രഹികളും ഭീരുക്കളും ആയിരിക്കും. അവരുടെ സഹായം തേടുന്നവരും, അതേ സഹായത്താല്‍ ഭരണം നടത്തുന്നവരും ഒരിക്കല്‍ പോലും സ്വയം തലയുയര്‍ത്തി നില്‍ക്കുവാന്‍ സാധിക്കാത്തവരും എന്നാല്‍ മേല്‍ പറഞ്ഞ സാമൂഹിക ദ്രോഹികളെക്കാള്‍ ഒട്ടും കുറയാത്ത ശിക്ഷ അര്‍ഹിക്കുന്നവരും ആയിരിക്കും.
(ഇറ്റാലിയന്‍ തിയോളജിസ്റ്റ്  'നിക്കോളോ മാഷിയെവെല്ലിയുടെ'
'ദി പ്രിന്‍സിപ്പ്ള്‍സ്' എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍')

സമകാലീക കേരളീയ രാഷ്ട്രീയ സാമൂഹിക പാശ്ചാതലത്തില്‍ ഈ വാക്കുകള്‍ എത്രത്തോളം പ്രസ്ക്ത്തമാണ് എന്ന് ഒരു സാധാരണ 'ചായക്കട' പത്രം വായനക്കാരന് പോലും ഊഹിക്കാവുന്നതേ ഉള്ളു.

രത്നച്ചുരുക്കം ഇത്രേ ഉള്ളു. 'പുത്തന്‍' പാലം പണിക്കാരെയും മറ്റു നെറുന്തല പോളിയന്മാരായ തുരപ്പന്‍, ചേന, ചേമ്പ്, മാക്കാന്‍, മാക്രി, അങ്ങിനെ ഈ ലോകത്ത് കേട്ടതും കേള്‍ക്കാത്തതുമായ സകല 'നികൃഷ്ട ജീവികളെയും', അവര്‍ക്ക് വേണ്ടിയുള്ള 'എസ്' ആകൃതിയിലുള്ള വികൃതികളും ഒന്നും അത്ര നല്ലതല്ല, അതന്നെ !

പക്ഷെ പറയാന്‍ വന്നത് വേറെയാണ് ഗഡി. ഒരു പുതിയ ഔട്ട്‌സോഴ്സിംഗ് ശാഖ രൂപം കൊണ്ടിരിക്കുന്നു. യുദ്ധം, അതേ സഹോദരാ ദി വാര്‍.

ജോലി സാരം, സര്‍ക്കാര്‍ തലത്തില്‍ അംഗീകരിച്ചതും അല്ലാത്തതുമായ 'യുദ്ധ' സമാനമായ ജോലികള്‍ ചെയ്യാന്‍, പുറത്ത് നിന്നുള്ള എന്തിരവന്‍മാരെ ചെല്ലും ചിലവും കൊടുത്തു കൊണ്ടുവരുന്നു. ട്രെയിനിംഗ്, ആയുധങ്ങള്‍, വട്ടച്ചിലവിനുള്ള കാശ്, തല്ക്കാലം മണ്ണെണ്ണയും പച്ചരിയും വാങ്ങിക്കാനുള്ള അതാതു രാജ്യങ്ങളിലെ റേഷന്‍ കാര്‍ഡ്‌ (കൃത്രിമ തിരിച്ചറിയല്‍ രേഖ) ഇവയെല്ലാം മുതലാളി രാജ്യം തരും.

(ഇതെല്ലാം തന്നെത്താന്‍ കൊണ്ടുവരാന്‍ തയ്യാറുള്ള 'പുലികള്‍' ഉണ്ട്, പക്ഷെ ലേശം ചില്ലറ കൂടുതല്‍ കൊടുക്കേണ്ടി വരും.)

അങ്ങിനെ കൃത്യമായി ജോലി അവസാനിപ്പിച്ചാല്‍ പറഞ്ഞ തുക കൊടുത്തു 'കരാര്‍' അവസാനിപ്പിക്കുന്നു. ഇതു രാജ്യാന്തര ലെവലില്‍ ആകുമ്പോള്‍ വാര്‍ ഔട്ട്‌സോഴ്സിംഗ് എന്നോ വാര്‍ കണ്‍സള്‍ട്ടിംഗ് എന്നോ പേര് വിളിക്കാം.

ഇത് തന്നെയാണ് നമ്മുടെ ലോക്കല്‍ ലെവലില്‍ പണ്ട് ചുരുളി പരമുവും കോടാലി ആന്റോയും പവനായി 'ദി റിയല്‍ പ്രഫഷണല്‍ കില്ലറും' ഒക്കെ ചെയ്തിരുന്നത്.

അതേ.....

നമ്മുടെ കേരളത്തിന്റെ ഔദ്യോഗിക ജോലി............ 'ക്വോട്ടേഷന്‍' !

മറ്റേതു ഇന്റര്‍നാഷണല്‍ ലെവലില്‍ (ഗ്ലോബല്‍), ഇതു വെറും ലോക്കല്‍ ലെവലില്‍ (ഡൊമസ്റ്റിക്ക്), അത്രയേ ഉള്ളു വെത്യാസം !

മറ്റെല്ലാ 'പുറംവലിജോലികളെ' പോലെ തന്നെ ഇതും അമേരിക്കകാരന്‍ തന്നെ രൂപ കല്പന ചെയ്തിട്ടുള്ളതാണ്‌. എന്നാല്‍ ഇതിന്റെ പേറ്റന്റ് അവര്‍ക്ക് അവകാശപ്പെട്ടതാണോ എന്നത് ഒരു തര്‍ക്കവിഷയം ആണ്, കാരണം നെപ്പോളിയന്‍ മുതല്‍ ജോര്‍ജ് വാഷിങ്ങ്ട്ടന്‍ വരെ ഇതിന്റെ പല പല വേര്‍ഷന്‍സ് ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്‌. എന്നാലും 'ലവന്മാര്‍' എന്തെങ്കിലും ഉണ്ടാക്കി കൊണ്ടുവരുമ്പോള്‍ അതിന്‍റെ 'തലയെടുപ്പ്' ഒന്ന് വേറെ തന്നെയാണേ !

ഇക്കഴിഞ്ഞ ദിവസം ഒരു ഗ്ലോബല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 'സ്വകാര്യ സേനാ കരാറുകാര്‍' (Private Military Contractors) എന്ന ഒരു പുതിയ തരം 'സേവനദാദാക്കള്‍' (Service Providers) ലോകത്ത് രൂപപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ്. കൊള്ള, കൊല, പിടിച്ചുപറി, തീവെയ്പ്പ്, ബലാല്‍സംഗം (ഹൌ !) തുടങ്ങിയ ചവറു അക്രമങ്ങള്‍ മുതല്‍ കമാന്‍ഡോ ഓപ്പറേഷന്‍, രാജ്യങ്ങള്‍ ആക്രമിക്കല്‍, യുദ്ധ വിമാനങ്ങള്‍ അല്ലെങ്കില്‍ രാസായുധങ്ങള്‍ എന്നിവ ഏതെങ്കിലും ഉപയോഗിച്ച് ഗ്രാമങ്ങള്‍, പട്ടണങ്ങള്‍, എന്തിനു വന്‍ നഗരങ്ങള്‍ വരെ തുടച്ചു നീക്കുന്ന ജോലി ചെയ്യാനുള്ള കഴിവും സന്നാഹവും ഉള്ളവര്‍ 'ഉള്ളറകളില്‍' തയ്യാറായി ഇരിക്കുന്നു.

ആരുടെതെന്നോ എവിടെ നിന്നു എന്നോ അറിയാത്ത ഒരു ബൂഖണ്ടാന്തര നുക്ലിയര്‍ മിസൈല്‍ (Inter Continental Ballistic Missile - ICBM) മുംബൈയിലോ ഡല്‍ഹിയിലോ വന്നു വീണു 20 - 30 ലക്ഷം പേര്‍ മരിച്ചു പോയാലും അതൊരു ഗുണ്ടാ അക്രമം മാത്രമായി കാണുന്ന കാലം അതി വിദൂരമല്ല എന്നര്‍ത്ഥം.

ചിലപ്പോള്‍ അന്നത്തെ 'ആഭ്യന്തരന്‍' ഒരു പത്രകുറിപ്പില്‍ നമ്മളോട് ഇങ്ങനെ അവകാശപ്പെടാനും മതി 'ഈ ബൂഖണ്ടാന്തര പണ്ടാരം സാധാരണ നേപ്പാളുകാര്‍ ആണ് ഉപയോഗിച്ച് കണ്ടിരിക്കുന്നത്. സംഗതി നേപ്പാള്കാര്‍ക്ക് ഉടുതുണിക്ക്‌ മറുതുണി ഉണ്ടോ ഇല്ലയോ എന്നതിനേക്കാള്‍ ഇതു ഒരു നേപ്പാളി എരപ്പാളി അന്താരാഷ്‌ട്ര ഗുണ്ട ആയിരിക്കണം ചെയ്തത് എന്നാണ് നമ്മുടെ അന്വേഷണ എജെന്സികള്‍ പറയുന്നത്‍' എന്നും.

പിന്നെ മുന്നണി സെക്രട്ടറി ഇങ്ങനെ... '100 വര്ഷം മുന്പ് അമേരിക്കകാരനാണ് ഇതു കണ്ടു പിടിച്ചത്, അതിനാല്‍ ഇതില്‍ CIA യുടെ പങ്ക് തള്ളികളയാന്‍ ആവില്ല, ആയതു കൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വം തുലയട്ടെ !' പറയുന്നത് കേള്‍ക്കാനുള്ള ഭാഗ്യവും നമുക്കുണ്ടായേക്കാം.

ഏതു ബാപ്പ വന്നാലും ഉമ്മാക്ക് കിടക്കപ്പോറുതി ഉണ്ടാവില്ല എന്ന് പറഞ്ഞ പോലെ, ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് അന്നും കിട്ടും വയറു നിറച്ച്. തയ്യാറായിക്കോ ! അപ്പൊ ഇതേ ബൂ. മാ. 'നേര് നേരത്തെ' പറയുന്നവരോട് പറയും, ഞങ്ങള്‍ക്ക് ഇന്ന് വയറു നിറച്ച് കിട്ടൂലോ, നിങ്ങള് ശര്‍ദ്ദില് തിന്നോട്ടാ, കൊതിച്ചോ ?

അഫ്ഗാനിസ്ഥാനിലും ഇറാഖിലും കഴിഞ്ഞ നാല് വര്‍ഷങ്ങളായി നടക്കുന്നത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള PMC വര്‍ക്സ് ആണ് എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും  അതിശയോക്തി ഇല്ല. ഉദാഹരണത്തിന് കുവൈറ്റ്‌ യുദ്ധത്തില്‍ അമേരിക്കയും സഖ്യ കക്ഷികളും വിന്യസിച്ചതിന്റെ പകുതി സൈന്യത്തിനെ മാത്രമേ ഇറാഖ് യുദ്ധത്തിനു അമേരിക്ക ഉപയോഗിച്ചിട്ട്ള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍, എന്നാല്‍ 'സപ്പോര്‍ട്ട് സ്റ്റാഫും' അതിനുള്ള ചിലവും പല മടങ്ങ്‌ കൂടിയതായി നിരീക്ഷകര്‍ ചൂണ്ടി കാണിക്കപ്പെടുന്നു. അതായത് സൈന്യം കുറച്ചും കൂലിപ്പടയെ കൂട്ടിയും അമേരിക്ക കാര്യം സാധിക്കുന്നു.

ഈ സ്റ്റാഫിനെ തന്നെ രണ്ടായി തിരിക്കുന്നു. യുദ്ധമുഖത്ത് ഉള്ളവരും അല്ലാത്തവരും. യുദ്ധമുഖത്ത് ഉള്ളവര്‍ അതായത് നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ വടക്കേ അമേരിക്കകാരിലും കൂടുതല്‍ തെക്കേ അമേരിക്കകാരും, പഴയ യുഗോസ്ലാവ്യ, തകര്‍ന്നടിഞ്ഞ സോവിയെറ്റ് റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് എന്നാണ് പെന്റഗണിന്റെ കണക്കുകള്‍ ഉദ്ധരിച്ചു GRO റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. (ചാവുകയാണെങ്കില്‍ ലവന്മാര് ചാവട്ടെ, നമ്മടെ പിള്ളാരെ കൊണ്ട് കൊലക്ക് കൊടുക്കേണ്ട കാര്യമില്ലല്ലോ !)

അല്ലാത്ത വര്‍ക്കുകള്‍  ചെയ്യുന്നത് അമേര്ക്കന്സും, അതും ചില പാളീസ്‌ ആയ ടെക്സാസ് ബെയ്സ് കമ്പനികള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഏകദേശം 100 ബില്ല്യന്‍ ഡോളറിന്റെ കച്ചവടം പെന്ടഗനുമായി നടത്തിയതായി GRO ചൂണ്ടികാണിക്കുന്നു.

നമ്മുടെ പഴയ 'തല്ല് മുഴുവന്‍ ചെണ്ടക്കും കാശ് മാരാര്‍ക്കും' പ്രോഗ്രാം തന്നെ.

അപ്പൊ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായല്ലോ അല്ലേ ? ഇനി മറ്റെല്ലാം പോലെ തന്നെ ഈ പുത്തന്‍ ബിസിനസ്സും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത് നമ്മള്‍ ഇന്ത്യാക്കാരാണ്. എന്തിനു നമ്മുടെ ഈ കൊച്ചു കേരളത്തില്‍ വരെ അതിന്‍റെ അലയൊലികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

മലപ്പുറത്ത്‌ മെലിയന്‍റെവിട ഷാനവാസ് (നസീറിന്‍റെ 'മോന്‍') CEO ആയി പുതിയ ഔട്ട്‌സോഴ്സിംഗ് കമ്പനി തുടങ്ങി. പേര് 'ബാര്‍ക്കത്ത്തുള്ള ജമാലിന്റെ അല്‍ക്കുല്‍ത്തുകള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റെഡ്‍'. ഉല്‍ഖാടനത്തോട് അനുബന്ധിച്ച പത്ര സമ്മേളനത്തില്‍ BJA INC ന്‍റെ അമേരിക്കന്‍, ബ്രിട്ടീഷ്, യുറോപ്പിയന്‍ ഓഫീസുകള്‍ പെട്ടെന്ന് തുറക്കുമെന്നും, പക്ഷെ കമ്പനിയുടെ പ്രൈമറി മാര്‍ക്കറ്റ് ആയ പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തികളിലും പറ്റിയാല്‍ അവിടുത്തെ പ്രസിഡണ്ട്‌മാരുടെ ബീടര് തുണിമാറുന്നിടത്തും, പിന്നെ ദൈവം സഹായിച്ചാല്‍ ഞമ്മടെ കശ്മീരിലും, പിന്നെ നല്ല നെലേല് ആയാല് മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ അങ്ങിനെ തലയിലെഴുത്ത് ഉണ്ടെങ്കില്‍ ഈ കേരളത്തില്‍ തന്നെ പല പല വര്‍ക്കുകള്‍ കിട്ടാന്‍ ചാന്‍സ് ഉണ്ട് എന്നും അറിയിച്ചു, അള്ള കാക്കട്ടെ !

ബാംഗ്ലൂരിലെയും ചെന്നൈയിലെയും ഹൈദരാബാദിലെയും  പല ഔട്ട്‌ സോഴ്സിംഗ് കമ്പനികളുടെയും അകത്തു നിന്നും ദീപാവലിക്ക് പടക്കം പൊട്ടുന്നപോലെ തുരു തുരാന്നു വെടി ശബ്ദം കേള്‍ക്കുന്നുണ്ട്. മാത്രമല്ല തൃശ്ശൂരില്‍ നിന്നുള്ള വെടിക്കാരന്‍ കുഞ്ഞാപ്പു, ജോസ്, തിരൂരങ്ങാടി ബാപ്പുട്ടി എന്നിവര്‍ ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ ചീഫ് ടെക്നോളജി ഓഫീസേഴ്സ് ആയി ചാര്‍ജ് എടുത്തു എന്നാണറിയുന്നത്. നാടന്‍ തോക്ക് ഉണ്ടാക്കുകയും അതുകൊണ്ട് തന്നെ പല കാട്ടുമൃഗങ്ങളെയും അത്യാവശ്യം  'നാട്ടുമൃഗങ്ങളെയും' പൂശിക്കൊണ്ടിരുന്ന വെള്ളിക്കുളങ്ങരക്കാരന്‍ വാറുണ്ണി ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍ ഹെഡ് ആയി ചാര്‍ജ് എടുത്തു എന്ന് ഏകദേശം ഉറപ്പായി.

കേരളത്തില്‍ അങ്ങോളം ഇങ്ങോളം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഇത്തരം കമ്പനികള്‍ക്ക് കൃത്യമായ ദക്ഷിണേഷ്യന്‍ മാര്‍ക്കെറ്റ് പിടിച്ചു കൊടുക്കാനായി 'ഞോണ്ടിക്കാലന്‍' മാത്തുകുട്ടി ചെയര്‍മാനും അവന്റെ ഭാര്യ സോഫിയാ മാത്തുകുട്ടി വൈസ് ചെയര്‍മാനുമായി 'പീഡിപ്പിക്കല്‍ കണ്സല്ട്ടിംഗ്' എന്ന സ്ഥാപനം തുടങ്ങി. എങ്ങാന്‍ ഈ പറഞ്ഞവരൊക്കെ ജയിലില്‍ പോയാല്‍ കാര്യങ്ങളൊക്കെ നോക്കാന്‍ 'പൂവന്‍പഴം' സൂരജിനെ ഏല്‍പ്പിച്ചിട്ടുണ്ട്. 'തുടക്കത്തില്‍ സര്‍ക്കാരുമായി സഹകരിക്കും എന്നൊക്കെ പറഞ്ഞെങ്കിലും ഇപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍  മൊത്തം കമ്പനി സ്റ്റാഫിനെയും മറ്റു  മൂരാചികളെയും കൂട്ടി വന്നു സെക്രട്ടരിയെട്ടിനു മുന്നില്‍ വന്നു 'കൂട്ടവയറൊഴിക്കല്‍' നടത്തിക്കളയും എന്നാണ് ഭീഷണി. ബിസ്മി ചൊല്ലി അറുത്ത കോഴി ആണേ സത്യം !

കായംകുളം സെന്ററില്‍ PMC ട്രെയ്നിംഗ് സെന്റര് ഉല്‍ഖാടനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി 'ആല്‍ത്തറ കുറുപ്പ്' പറഞ്ഞത്, ഈ വിദേശ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയുള്ള ട്രെയിനിംഗ്, സ്വന്തം വീട്ടില്‍ നിന്നും ആരംഭിക്കണം എന്നാണ്. ഒരു വീട്ടില്‍ ഒരു തീവ്രവാദി, ഒരു ബോംബ്‌ എക്സ്പെര്‍ട്ട്, ഒരു പിടിച്ചു വെപ്പുകാരി (റിലേഷന്‍ഷിപ്പ്  മാനേജര്‍), അങ്ങിനെ അങ്ങിനെ... (നമ്മുടെ പഴയ പാരഡി പോലെ 'കമലാവതി, ഭാരതി, ഭാനുമതി ഇവരൊക്കെ വെടി, അമ്മ പൂരവെടി, അച്ഛന്‍ കള്ളവെടി....!)

എറണാകുളത്തും 'തിരോന്തോരത്തും' പുതിയ PMC ഔട്ട്‌സോഴ്സിംഗ് സെന്‍റെറുകള്‍ തുറക്കും എന്ന പ്രസ്താവനയോടെ ആണ് 'കടപ്പുറം' ഫിനാന്‍സിയെഴ്സ് എംഡി 'കടപ്പുറം കാര്‍ത്ത്യായനി' പത്രസമ്മേളനം ആരംഭിച്ചത് തന്നെ.സ്വന്തമായി ഇപ്പോള്‍ തന്നെ ഒരു ടീം ഉള്ളത് കൊണ്ട് നാട്ടിലോ കാട്ടിലോ ഏതു തരം ജോലി ഏറ്റെടുക്കാനും ഇപ്പോള്‍ തന്നെ സന്നദ്ധമാണ് എന്നാണ് 'അമ്മായി' അവകാശപ്പെട്ടത്. മാത്രമല്ല പുതിയ തലമുറ ബാങ്കുകളായ 'തലയടിഎഫ്സി', 'ഐസ്ഐസ്ബേബി', 'ലാമ്പി' ഫിനാന്‍സ് പിന്നെ നമ്മുടെ പഴയ താപ്പാന ബാങ്കുകളായ 'സംസ്ഥാന തട്ടിപ്പ് ബാങ്ക്', 'ഭഗവാന്‍ അയ്യപ്പന്‍ ബാങ്ക്'  തുടങ്ങിയവരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌, ലോണ്‍ ഇവയൊക്കെ എടുത്തു കുത്തുപാള ആയവരെ ഓടിച്ചിട്ടു പിടിക്കാനും, അവരുടെയൊക്കെ വീട്ടില്‍ ഇരിക്കുന്ന അമ്മ-പെങ്ങന്‍മാരെ തെറിവിളിക്കാനും മറ്റുമുള്ള ജോലികള്‍ 'ആനപ്പാറ അച്ഛമ്മയുടെ' (സാധനം ഇപ്പോള്‍ ജയിലില്‍ ആണ്. നാട്ടുകാര്‍ അവളെ  ശോഭ, ലൈല എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അവരുടെ പേര് ഇതാണ്)  സഹായത്തോടെ  ഇപ്പോള്‍ തന്നെ കടപ്പുറം ഗ്രൂപ്പ്‌ എറ്റെടുക്കുന്നുണ്ട് എന്നാണ് 'ഇടവം' (മേഡം) അറിയിച്ചത്. അമ്മയെ മക്കളുടെ 'ജനനസംബന്ധമായ' വിഷയങ്ങള്‍ ഓര്‍മ്മിപ്പിച്ചും ഭാര്യയെ ദിവസേന നടക്കുന്ന 'കുത്തി മറയലുകളെ' ഓര്‍മ്മിപ്പിച്ചും കാശ് വാങ്ങിച്ചു എടുക്കുന്നു എന്നതാണ് ഞങ്ങളുടെ ഹൈലൈറ്റ്സ് എന്നും തദവസരത്തില്‍ 'സാധനം' മൊഴിഞ്ഞു. (കടപ്പുറത്തെ ചൊരിമണലില്‍  ഓടിച്ചു കുത്തും ഞാന്‍ മൈലാഞ്ചി.....)

കേരളത്തിലെ 'ചോട്ടാ' PMC വര്‍ക്കുകള്‍ക്ക് വേണ്ടി 'കൊടിയേറ്റം ഗോപി ആന്‍ഡ്‌ സണ്‍സ്, ക്വട്ടേഷന്‍ ഔട്ട്‌സോഴ്സിംഗ്' എന്ന സ്ഥാപനം തിരുവനന്തപുരത്ത് സിനിമാ താരം 'വട്ടവിള ജയകുമാര്‍' ഉല്‍ഖാടനം ചെയ്തു.കൊര്‍പ്പരെറ്റ് ഓഫീസ്'തിരോന്തരത്ത്‌' ആണെങ്കിലും കണ്ണൂരും, കാസര്‍കോടും, കോഴിക്കോടും, മലപ്പുറത്തും പെട്ടെന്ന് തന്നെ ഓഫീസുകള്‍ ആരംഭിക്കും എന്ന് ഡയറക്ടര്‍മാറില്‍ ഒരാളായ 'തങ്കു കൊടിയേറ്റം' പറഞ്ഞു. തൃശൂര്‍, കൊടുങ്ങല്ലൂര്‍, കായംകുളം, തിരോന്തരം തുടങ്ങിയ സ്ഥലങ്ങളിലെ 'അഭ്യാസ' വിദ്യരായ ചെറുപ്പക്കാരുടെ ശേഷിയും ശേമുഷിയും മറ്റു സ്ഥലങ്ങളിലും ഉപയോഗപ്പെടുത്താന്‍ ഈ സംരഭം ഉപയോഗപ്പെടും എന്ന് മറ്റു പ്രാസംഗികരും അഭിപ്രായപ്പെട്ടു. 'കള്ളൂറ്റ്കാരന്‍ ജോയി' അബദ്ധത്തില്‍ കത്തിയില്‍ വീണു ജീവന്‍ വെടിഞ്ഞത്, കമ്പനിയുടെ ഒരു ടെസ്റ്റ്‌ പ്രൊജക്റ്റ്‌ ആയിരുന്നു എന്നും, അത് വിജയിച്ചതിലൂടെ നമുക്ക് ഇന്റര്‍നാഷണല്‍ മാര്‍ക്കെറ്റില്‍ നിന്നും വേണമെങ്ങില്‍ വര്‍ക്ക് എടുക്കാം എന്നും രണ്ടാമത്തെ ഡയറക്ടര്‍ 'പിങ്കു കൊടിയേറ്റം' പ്രസ്താവിച്ചു, പക്ഷെ കേരള സര്‍ക്കാരിന്റെ സഹായം വേണം. ന്ച്ചാല്‍ കേസ് എന്തെങ്ങിലും ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളിലെയോ കേന്ദ്രത്തിലെയോ കൂതറ എജെന്സികള്‍ അന്വേഷിക്കരുത്‌, എന്ന് മാത്രമല്ല കോടതി പിരിച്ചും വിടുകയും വേണം എന്നര്‍ത്ഥം. അതുണ്ടാവും ! തങ്കു-പിങ്കു സഹോദരന്മാര്‍ക്ക് ആശംസകള്‍, ജയ്‌ കാറല്‍ മാര്‍ക്സ് !

പത്രത്തില്‍ കണ്ട ഒരു പരസ്യം:

അമേരിക്ക ആസ്ഥാനമായുള്ള 'ഹാലിബര്‍ട്ടന്‍' എന്ന കമ്പനിയുടെ ബാംഗ്ലൂര്‍ ഓഫീസിലേക്ക് ട്രെയ്നീ എക്സേകുട്ടീവുകളെ ആവശ്യമുണ്ട്. തുടക്കത്തില്‍ ഇന്ത്യക്കകത്ത്‌ ഉള്ള തരികിടകളില്‍ പങ്കെടുക്കാം എങ്കിലും കഴിവും ആയുസ്സിന്റെ ബലവും അനുസരിച്ച് കമ്പനിയുടെ ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, നിക്കാരഗ്വ തുടങ്ങിയ രാജ്യങ്ങളിലും, പിന്നീട് 'കല്ലില്‍ വച്ചരച്ചാലും ചാവില്ല' എന്നാണ് എങ്കില്‍, ഇസ്രായേല്‍, ലിബിയ, ബോളീവിയാ തുടങ്ങിയ സ്ഥലങ്ങളിലും പോസ്റ്റിങ്ങ്‌ ഉണ്ടാവും.

ശമ്പളം: ജീവിതത്തില്‍ ഒരു തല്ലുകൊള്ളിക്കും കിട്ടാത്തത്ര, പുറമേ, 'എങ്ങനെ ചത്താലും' ഇന്‍ഷുറന്‍സ് പാക്കേജ്, ശരീരത്തിലെ അവയവങ്ങള്‍ നഷ്ടപ്പെടുകയോ കേടുപാട് വരികയോ ചെയ്‌താല്‍ ഫ്രീ റിപ്ലെസ്മെന്റ്, പുനര്‍വിവാഹത്തിന് ഭാര്യക്ക് സഹായം !

യോഗ്യത: മിനിമം 10+3 ഇന്‍ ജയില്‍, ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കിടന്നവര്‍ക്ക് മുന്ഗണന. അമ്മയെയോ സഹോദരിയെയോ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ജയലില്‍ കിടന്നവര്‍ക്ക് 2 വര്‍ഷത്തെ ഇളവു കിട്ടുന്നതാണ്.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ (തൊട്ടു മുന്‍പില്‍ ഇരിക്കുന്നവന്റെ പുറത്ത് കത്തി കൊണ്ട് വേണം ഉത്തരം എഴുതാന്‍), അതില്‍ വിജയിക്കുന്നവക്ക് കൂട്ടത്തല്ല്, നേര്‍ക്ക്‌ നേരെയുള്ള അടി, പിന്നെ ഒന്നുകില്‍ 'മാനേജരുടെ നെഞ്ചത്ത് അല്ലെങ്കില്‍ അയാളുടെ തന്നെ പുറത്ത്' റൌണ്ട്, അവസാനം പീഡന (HR) റൌണ്ട്, അതിലും വിജയിച്ചവരെ സെലക്ട്‌ ചെയ്യും. 6  മാസം ട്രെയിനിംഗ്, പിന്നെ ലോക്കല്‍ പോസ്റ്റിങ്ങ്‌.

'കിടന്നു' വരൂ, ഒരു ലോക ക്വട്ടേഷന്‍ സംഖത്തിന്റെ ഭാഗമാകൂ, വെറുതെ ഇരുന്നു തല നരച്ചു വീട്ടുകാരുടെ ചീത്ത കേട്ടു നരകിച്ചു മരിക്കാതെ, പേരറിയാതെ ആളറിയാതെ ലോകം അറിയാതെ ഏതെങ്കിലും രാജ്യത്ത് ഏതെങ്കിലും തന്തക്കു പിരക്കാത്തവന്റെ കൈ കൊണ്ട് മരിക്കൂ !

ഹാലിബര്‍ട്ടന്‍ അമേരിക്ക
( സത്യസന്ധതക്ക് വിശ്വാസത്തിനും വേറൊരു നാമം, ഹാലിബര്‍ട്ടന്‍ ‍.  പറഞ്ഞ സമയത്ത്, പറഞ്ഞ ആളെ, പറഞ്ഞ പോലെ, തട്ടും !)

Comments