പോന്നന്‍റെ മരണം മഹാമഹം ! (രണ്ടാം ദിവസം)

പിറ്റേന്നത്തെ പത്രങ്ങള്‍ തനതായ ശൈലിയില്‍ ആണ് പൊന്നന്‍റെ ചരമ വാര്‍ത്ത കൊടുത്തിരുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കക്കൂസില്‍ ഉപയോഗിക്കുന്നു എന്നവകാശപ്പെടുന്ന  'റവറു' പത്രത്തിനു ഇതിലെവിടെയും ഒരു കുരിശു കാണാത്തത് കൊണ്ട് വാര്‍ത്ത അത്ര പ്രാധാന്യത്തോടെ അല്ലാ കൊടുത്തത് . 7 -)o പേജില്‍ ഉള്ളിലായി ഒരു രണ്ടിഞ്ചു കോളത്തില്‍‍. അതും പട്ടിയുടെ ഓണര്‍ വാസുവേട്ടന്റെ ഷാപ്പിലെ പ്രധാന കുടിയന്മാരെല്ലാം റോമന്‍ കത്തോലിക്കരാണ് എന്ന കണ്ടു പിടുത്തതോടെ. പകരം ഒന്നാം പേജില്‍ 13 ദിവസമായി മൂത്രം പോകാതെ കിടക്കുന്ന, മൈദാ (റവ !) ഫാദര്‍ പോങ്ങണാന്‍ ജോര്‍ജിന്റെ കുശിനിക്കാരന്‍, കുഴിയില്‍ ചാക്കോയുടെ അമ്മായിഅച്ഛന്‍ പാറപ്പുറത്ത് വര്‍ക്കിയുടെ ഇപ്പോഴത്തെ അവസ്ഥ എട്ടുകോളം വാര്‍ത്തയായി കൊടുത്തു, രണ്ടു ബിഷപ്പുമാര്‍ ആശീര്‍വദിക്കുന്ന ഫോട്ടോയോട്‌ കൂടി.

പാരമ്പര്യ പത്രക്കാരന്റെ മുതലാളി സാഹിത്യകാരന്‍ കൃഷ്ണമൂര്‍ത്തിക്ക് (കൊട് കൈ) അന്ന് ഏതെങ്കിലും നോട്ടിസിന്റെ പുറത്തിറക്കല്‍ ചടങ്ങോ അല്ലെങ്കില്‍ അവാര്‍ഡ് ദാനമോ (അങ്ങിനെ ഇന്ന അവാര്‍ഡ് എന്നൊന്നും ഇല്ല, ഉദാഹരണത്തിനു 'വെറ്റിലപ്പാറ നോര്‍ത്ത് കള്ളുഷാപ്പ് ഓണര്‍ പരേതനായ ഉണ്ണിച്ചെക്കന്‍ മെമ്മോറിയല്‍ അവാര്‍ഡ്‌' ആയാലും അതിന്റെ ദാന ചടങ്ങോ, പ്രസംഗമോ മതി) ഇല്ലാത്തത് കൊണ്ട് ഒന്നാം പേജില്‍ തന്നെ വാര്‍ത്ത ഉണ്ടായിരുന്നു.

അവാര്‍ഡ് കിട്ടുന്നത് ടിയാന്റെ തന്നെ 'കാക്കേ കാക്കേ കൂടെവിടെ' എന്ന പുസ്തകത്ത്തിനായിരിക്കും, തദവസരത്തില്‍ സന്നിഹിതരായിരുന്ന എല്ലാവരും, മൈക് സെറ്റ് വാടകയ്ക്ക് കൊടുത്ത സണ്ണികുട്ടി പോലും 'ലിതൊരു മുതലാണേ' എന്നും പറഞ്ഞിരിക്കണം.

തലക്കെട്ട്‌ ഇങ്ങനെ ആയിരുന്നു 'പൊന്നന്‍ വിടവാങ്ങി,പെരിങ്ങാംകുളം കണ്ണീര്‍ കടലായി'

പക്ഷെ ഈ അടുത്ത കാലത്തായി ഒരു വാര്‍ത്തയും അങ്ങിനെ വെറുതെ കൊടുക്കാന്‍   പത്രത്തിനു വലിയ താല്‍പ്പര്യം ഇല്ല. അതിനേക്കാള്‍ മൂച്ച് മാര്‍ക്സ്-എന്‍ഗല്‍സ് പാര്‍ട്ടിയുടെ ആരുടെയെങ്കിലും തലയില്‍ ഇതുമായി ബന്ധപ്പെട്ടു ഒരു ആരോപണം കേറ്റി വെക്കാന്‍  മാര്‍ഗം ഉണ്ടോന്നു നോക്കലാണ്.  ഉണ്ടെങ്കില്‍ അതായിരിക്കും ഇതിനെക്കാള്‍ നന്നായി കവര്‍ ചെയ്തിട്ടുണ്ടാവുക

(ആത്മഗതം: സീറ്റ്‌ തന്നില്ലല്ലേ, ശരിയാക്കിത്തരാം, ഇനി പാര്‍ട്ടിക്കാരോ അനുഭാവികളോ ആരെങ്കിലും റോഡില്‍ വെച്ചെങ്ങാന്‍ മുണ്ടൊന്നു അഴിച്ചു ചുറ്റിയാല്‍‍, ദേ പാര്‍ട്ടി (തെറ്റിയതല്ല, പാര്‍ട്ടിക്കാരന്‍ ചെയ്താലും ഞങ്ങള്‍ പാര്‍ട്ടി എന്നെ പറയു !) നടുറോഡില്‍ വച്ചു മുണ്ടുരിഞ്ഞ് കാണിച്ചു എന്ന് പറഞ്ഞു ഞങ്ങള്‍ ബഹളം വെക്കും, പറ്റിയാല്‍ അടുത്ത രണ്ടാഴ്ച്ച അതൊരു ചര്‍ച്ച തന്നെ ആക്കി മാറ്റും. മാനവരാശിയുടെ നിലനില്‍പ്പിന്റെ കടക്കല്‍ കത്തിവെക്കുന്ന സംഭവം ആണ് നടന്നത് എന്ന രീതിയില്‍. ഉഡായ്പ്പ്  കാണിച്ചു പാര്‍ട്ടി ചവിട്ടി പുറത്താക്കിയ എത്ര എണ്ണത്തിനെ ആണ് ഞങ്ങള്‍ ചെല്ലും ചിലവും കൊടുത്തു കൊണ്ട് നടക്കണേ എന്നറിയാമോ ? അവരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തു നാറ്റിക്കും. കുറഞ്ഞ പക്ഷം സ്വയം നാറി എങ്കിലും മറ്റുള്ളവരെ നാറ്റിക്കും.   ആഹാ ! ഒരു നല്ല പത്രത്തിനെ മഞ്ഞപത്രം ആക്കി മാറ്റാന്‍ ശ്രമിക്കുന്ന ഞങ്ങളോടാ ഇവന്മാരുടെ കളി, ഹും !)

പക്ഷെ ടി പത്രത്തിന്റെ തന്നെ ഒരു സപ്പ്ളിമേന്റില്‍ 'എരുമ' എന്ന കോളം എഴുതുന്ന തിലോത്തമ ഗാന്ധി (എന്ത് ഗാന്ധി ? വീട്ടില്‍ സ്ഥിരമായി ഡ്രസ്സ്‌ തേക്കാന്‍ വരുന്ന ഹിന്ദിക്കാരന്‍ ഇന്നലെ മൊബൈലില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെ പറയുന്നു 'ഹാംജി മേ രമണ്‍ ഗാന്ധി ബോല്‍ രഹാ ഹും, ഹാ ഭായി ബംഗ്ലൂര്‍ സെ !') എന്ന മൃഗസ്നേഹി ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. പോന്നനെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സെന്റെരിലോ, കുറഞ്ഞ പക്ഷം അമേരിക്കയിലെ വിസ്ക്കൊസിന്‍ ഓള്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലോ കൊണ്ട് പോയിരുന്നെങ്ങില്‍ ആ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നും. അതിനാല്‍ വസുവേട്ടന്ന്റെ പേരില്‍ സ്വാഭാവികമായ 'ശ്വാനഹത്യക്ക്' കേസ് എടുക്കണം എന്നുമാണ് പെണ്ണുമ്പിള്ള പറയുന്നത്.  (അങ്ങിനെയൊരു വകുപ്പില്ലെങ്ങില്‍ അതോന്നോ രണ്ടോ ഉണ്ടാക്കി കേസ് എടുക്കണം). പട്ടി, പൂച്ച, ആടുമാടുകള്‍, കോഴി, പ്രാവ് എന്തിനു ഒരു കാക്കയെങ്ങിലും വീടിന്റെ പരിസരത്ത് ഉണ്ടെങ്കില്‍ വീട്ടില്‍ ഒരു മൃഗഡോക്ടര്‍ വേണം, എന്ന് മാത്രമല്ല, ഈ പറഞ്ഞ എല്ലാത്തിനെയും മാസത്തില്‍ ഒരിക്കല്‍ 'ബോണ്‍മാരോ' സ്കാനിംഗ്‌ നടത്തി വേണ്ടി വന്നാല്‍ സ്പെഷ്യാലിറ്റി ഡോക്ടറെ കാണിക്കണം എന്നാണ് പൂത്തലയത്തിയുടെ അഭിപ്രായം.

(ഈ വക പക്ഷിമൃഗാദികള്‍ വീട്ടിലോ പരിസരത്തോ ഉണ്ടെങ്കില്‍, നമ്മള്‍ വീടുമാറി പോണം എന്ന് പറഞ്ഞില്ലല്ലോ ?  നന്നായി !)

'പൊന്നന്‍ എന്ന ധീര വിപ്ലവകാരിക്ക് കേരളത്തിന്റെ ചോരയില്‍ പൊതിഞ്ഞ അഭിവാദ്യങ്ങള്‍ !'അതായിരുന്നു പാര്‍ട്ടി പത്രത്തിന്റെ തലക്കെട്ട്‌. മാത്രമല്ല പെരിങ്ങാംകുളം പാടത്ത് പണ്ട് കുടിയാന്‍ ജന്മി സമരം ഉണ്ടായപ്പോള്‍ സഖാവ് പോന്നന്റെ അച്ഛന്‍ പട്ടി 'മന്നന്‍' അന്ന് ജന്മിയുടെ വളര്‍ത്തു നായയെ കടിച്ചു ഓടിച്ചത് അന്നത്തെ സമരത്തില്‍ പങ്കെടുത്തു എന്ന് അവകാശപ്പെടുന്ന സഖാവ് 'കുട്ടിരാമന്റെ' വക ഒരു സമഗ്ര ലേഖനം കൂടി ഉണ്ടായിരുന്നു. പിന്നെ വിവിധ ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന, കമ്മറ്റികളുടെ അനുശോചനങ്ങളും !

(ഗുജറാത്തില്‍ നിന്നും ആരോ അനുശോചിച്ചിരിക്കുന്നു, ഏതോ മലയാളിയുടെ കാശ് പോയി !)

ജയ്‌ ഭാരത്‌ മാതാ പത്രത്തില്‍ പൊന്നന്‍ എന്ന ഭാരതത്തിന്റെ പൊന്നോമന പിഞ്ചു പുത്രന്റെ അകാല വിയോഗം, അഖണ്ട ഭാരതത്തിനും ഹൈന്ദവ സമൂഹത്തിനും ഒരു തീരാ നഷ്ടമാണ് എന്നും ഉള്ളറകളില്‍ അനോശോചനം നടത്തിയ മഹദ് വ്യക്തികളില്‍  ആരോ ഒരാള്‍, കൊടകര-പെരിങ്ങാംകുളം ഭാഗത്ത് നിന്നും 'മറ്റേ' അമ്പലം പണിയാന്‍ പോന്നന്റെ ഭാഗത്ത് നിന്നും ഉണ്ടായ സഹായ സഹകരണങ്ങള്‍ വിലമതിക്കാന്‍ ആകാത്തതാണ്‌ എന്നും പൂശിക്കളഞ്ഞു. (എന്ത് ചെയ്യും ഈ ജാതി പൂത്തലയന്‍മാരെ ?)

അഖണ്ട ക്രൈസ്തവരുടെ ആത്മീയ ദിനപത്രം, 'വെറുക്കപ്പെട്ടവന്' അതൊരു വാര്‍ത്തയെ ആയിരുന്നില്ല. പക്ഷെ അതുമായി ബന്ധപ്പെട്ടു വാസുവേട്ടന്റെ ഷാപ്പില്‍ സ്ഥിരമായി മീന്‍ വിറ്റിരുന്ന ഔസേപ്പ് മാപ്ലക്ക് 200 രൂപയുടെ മീന്‍ നഷ്ടം വന്നതില്‍ എല്ലാ സഭാവിശ്വാസികളും പ്രതിഷേധിക്കണം എന്ന ആഹ്വാനം ഉണ്ടായിരുന്നു. മാത്രമല്ല, അവിശ്വാസികളായ ഷാപ്പുടമകളോ അവരുടെ പട്ടികളോ 'കാലം ചെയ്യുമ്പോള്‍' അതുമൂലം വിശ്വാസികളായ കച്ചവടക്കാര്‍ക്കും അതുമായി ബന്ധപ്പെട്ട എല്ലാവര്ക്കും, എന്തിനു നല്ലിടയന്മാരായ കുടിയന്മാര്‍ക്ക് പോലും, വേണ്ട നഷ്ടപരിഹാരം ഉണ്ടാകണം എനാവശ്യപ്പെടുന്ന 'ഇടയലേഖനം' പള്ളികളില്‍ വായിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

(സാധനത്തിന്റെ കോപ്പി വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതെ ഉള്ളു !)

'മലപ്പുറം രമണി' പത്രത്തില്‍ (പേരുകേട്ട് തെറ്റിധരിക്കരുത്, അനിയത്തി ചന്ദ്രിക ചിലാപ്പോള്‍ പനിയായി കിടക്കുമ്പോള്‍, ചേച്ചിയാണ് വാര്‍ത്തകളുമായി  എത്താറുള്ളത്), പോന്നന്റെ വാര്‍ത്തയില്‍ സ്വതസിദ്ധമായ കുറെ വിവരങ്ങള്‍ ചേര്‍ത്തിരുന്നു. പൊന്നന്‍ എന്നുള്ളത് അവന്റെ യഥാര്‍ത്ഥ നാമധേയം അല്ലെന്നും, 'പോന്നിന്കണ്ടം അഹമ്മദ്' എന്നപേര് ഹറാം പിറന്ന 1 2 3 വേദക്കാര്‍ 4 -)o വേദക്കാരെ മനപ്പൂര്‍വം തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണ് എന്നും ഇതിനെതിരെ പ്രതിഷേധിക്കണം എന്നും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തൊട്ടു താഴെയായി 'പട്ട്ളിക്കാട് മംബ്രം ബാവ' 'അടങ്ങു നായിന്റെ മക്കളെ അടങ്ങു !' എന്ന് തിരിച്ചു ഒരു ആഹ്വാനം നടത്തിയത് കൊണ്ട് അഭ്യന്തര മന്ത്രിക്കു സമാധാനമായി മൂത്രം ഒഴിക്കാന്‍ പോകാം.

ദേശിയ ദിനപത്രങ്ങള്‍ 'ആസ് യുഷ്വല്‍' കേരളത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത രണ്ടു കോളം, 'പൊന്നന്‍ - ദി ഗ്രേറ്റ്‌ സണ്‍ ഓഫ് എ ബിച്ച്', ''ഡോഗ് ഹീറോ പാസഡ് എവേ', പൊന്നന്‍ മെയ്ഡ് കേരള ക്രൈ' അങ്ങിനെ അങ്ങിനെ.

എന്തൊക്കെ ആയാലും പിറ്റേന്നത്തെ എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ കണ്ട ഹാഫ്-പേയ്ജ് പരസ്യം നേരത്തെ കരഞ്ഞവരെ വീണ്ടും കണ്ണീരിലാഴ്ത്തി.

'എന്റെ പോന്നന്റെ നിര്യാണത്തില്‍ അനുശോചിച്ചവര്‍ക്കും, മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ചവര്‍ക്കും, എന്റെ ഹൃദയംഗമമായ നന്ദി.

(പോന്നനെ കെട്ടിപ്പിടിച്ചുകൊണ്ട് ഷാപ്പിന്റെ മുന്‍പില്‍ 'ബോര്‍ഡ്‌ കാണത്തക്കവിധം' ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വാസുവേട്ടന്റെ 24x16 സൈസീലെ ഒരു ഫോട്ടോ. അടിക്കുറിപ്പ് താഴെ കാണും വിധം.......)

പോന്നാ.... എനിക്ക് പിറക്കാതെ പോയ മകനാണല്ലോ നീ ഉണ്ണീ !'

(വാസുവേട്ടന്‍, ഷാപ്പ്‌ നമ്പ്ര 156 , പെരിങ്ങാംകുളം, കൊടകര)

Comments

  1. പൊന്നന്‍ പട്ടിക്ക് ചിത്രകാരന്റെ ആദരാജ്ഞലികള്‍...!!!

    ReplyDelete
  2. പോന്നന്റെ ആത്മാവ് ഈ ഒറ്റ പ്രാര്‍ഥനയോടെ മോക്ഷപ്രാപ്ത്തിയില്‍ എത്തിയതായി തെര്യപ്പെടുത്തി കൊള്ളുന്നു !

    ReplyDelete

Post a Comment