പോന്നന്‍റെ മരണം മഹാമഹം ! (ഒന്നാം ദിവസം)

പെരിങ്ങാംകുളം പാടത്ത് ഷാപ്പ്‌ നടത്തുന്ന വാസുവേട്ടന്‍റെ 'പട്ടി' പൊന്നന്‍ അന്തരിച്ചു, അന്ത്യം ജസ്റ്റ്‌ 2 മിനിറ്റ് മുന്പ് ആണ് സംഭവിച്ചത്.

വാസുവേട്ടന്‍റെ വീട്ടിലേക്കു ചാനലുകാരുടെ വണ്ടികള്‍ വരി വരിയായി പോകുന്നത് കണ്ടു നാട്ടുകാര്‍ ഉടുത്ത മുണ്ടോടെ ഓടിപ്പോയിക്കൊണ്ടിരിക്കുകയാണ്. ചായക്കടയില്‍ ഉണ്ടായിരുന്നവരില്‍ പലരും 'നാട് നീങ്ങിയത്' വാസുവേട്ടന്‍ ആണെന്ന് കരുതി ഓരോ ചായകൂടി ഓര്‍ഡര്‍ ചെയ്തു. ഷാപ്പുകാരന്‍ മരിച്ചാല്‍ പിന്നെന്തിനു പോകണം !

പിന്നീട് ബോസ്സേട്ടന്‍ വിവരം പറയുമ്പോഴാണ് അവര്‍ വിവരം അറിയുന്നത്. പിന്നെ നോക്കുമ്പോള്‍ ചായക്കട ക്ലോസ്ഡ് !

ഏഴോ എട്ടോ ചാനലുകാര്‍ സംഗതി ലൈവ് ആക്കി കഴിഞ്ഞു. പലരും 'ഏരിയല്‍ ഷോട്സ്' എടുത്തു കൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ പൊന്നന്‍ സ്ഥിരമായി മൂത്രം ഒഴിക്കാറുള്ള പ്ലാവ്, സ്ഥിരമായി ഭക്ഷണം കഴിക്കുന്ന പ്ലേറ്റ്, ഇപ്പോഴത്തെ 'ഡേറ്റ്' അയല്‍പ്പക്കത്തെ കത്രീന ചേടത്തിയുടെ 'ബെറ്റി' എന്ന കൊടിച്ചി, എന്നും ചോറ് കൊടുക്കാറുള്ള വാസുവേട്ടന്‍റെ അമ്മ നാരായണിയമ്മ അങ്ങിനെ പറ്റാവുന്നത് എല്ലാം അവര്‍ കവര്‍ ചെയ്യുന്നു.

വാസുവേട്ടന്‍ എല്ലാവരുടെയും ക്ഷേമം അന്വേഷിച്ചു നടക്കുന്നു, 'ചായ കിട്ടിയോ ?', 'ഉള്ള സ്ഥലത്തൊക്കെ അട്ജസ്റ്റ് ചെയ്യുട്ടാ', 'ആ എപ്പഴാ എത്തീത് ?',  'ഫാമലിയെ എന്താ കൊണ്ടുവരാതിരുന്നത് ?' എന്നിങ്ങനെ പതിവ് കുശലങ്ങള്‍.

ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസാദും കൂട്ടരും എത്തി. തൊട്ടു പിറകില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ രാഘവേട്ടനും കൂട്ടരും. രണ്ടു പേരെയും വാസുവേട്ടന്‍ വേണ്ട വിധം സ്വീകരിച്ചിരുത്തി. അകത്ത് പോന്നന്‍റെ മൃതശരീരം അലങ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊതുദര്‍ശനത്തിനു വെക്കാന്‍ !

പുറത്ത് ചാനലുകാരും വാസുവേട്ടനും തമ്മില്‍ പിടിവലി തുടങ്ങി !

എന്താ ശരിക്ക് സംഭവിച്ചത് ?  (വാസുവണ്ണന്‍ മൈക്കില്‍ കയറി ഒരു പിടുത്തം) 'രണ്ടു ദിവസമായി അവനു നല്ല സുഖം ഇല്ലായിരുന്നു, പക്ഷെ അപ്രതീക്ഷിതമായിരുന്നു ഈ മരണം'
('മൈക്കില്‍ നിന്നും പിടി വിട്ടിട്ടു പറഞ്ഞാല്‍ മതി' ഒരു ചാനല്‍കാരന്‍)

എന്തായിരുന്നു അസുഖം ? (വീണ്ടും ചോദിച്ചവന്‍റെ മൈക്കില്‍ ഒരു പിടുത്തം) 'വല്ല വയറു വേദനയും ആയിരിക്കും എന്നാണ് കരുതിയത്‌, അതുകൊണ്ട് മഞ്ഞള്‍ ഇട്ടു ഇറച്ചിയും കൊടുത്തിരുന്നു, പക്ഷെ ......' (വാസുവേട്ടന്‍ മറ്റേ കൈകൊണ്ടു കണ്ണു തുടച്ചു, മൈക്കില്‍ നിന്നുള്ള പിടി പക്ഷെ വിടാന്‍ തയ്യാറല്ലായിരുന്നു)
('കയ്യെടുത്തോ ചേട്ടാ ഞങ്ങള്‍ ഓടിപ്പോവുകയും ഒന്നും ഇല്ല' വേറൊരുത്തന്‍)

വല്ല ഭക്ഷ്യവിഷബാധയോ മറ്റോ ആണോ ? (വീണ്ടും കൈ മൈക്കിലേക്ക്‌ വരുന്നു, അത് തടുത്തു കൊണ്ട് ചോദ്യകര്ത്താവ് 'കൈ അവിടെ ഇരിക്കട്ടെ, കാര്യം പറ') 'ഏയ് ആര് വിഷം കൊടുക്കാന്‍, അവനെ ഞങ്ങള്‍ക്ക് മാത്രമല്ല ഈ പരിസരത്തുള്ള എല്ലാവര്ക്കും ഇഷ്ടമായിരുന്നു'

വരാന്തയില്‍ പോന്നനെ കൊണ്ട് കിടത്തിയപ്പോള്‍ തന്നെ 'ആള്‍ കേരള കള്ള് ഷാപ്പ് ഓണേഴ്സ് അസോസിയേഷന്‍' വക റീത്ത് വച്ചിരുന്നു. പിന്നെ പ്രസാദും കൂട്ടരും മൃതദേഹത്തിനു മുന്‍പില്‍ ഒരു മിനുട്ട് മൌനം ആചരിച്ചു. അതിനു ശേഷം ഒരു ചുവന്ന പട്ട് പുതപ്പിച്ചു, പിന്നെ എല്ലാവരും കൂടി മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് ഒരിടി ഇടിച്ചിട്ടു ഒറക്കെ വിളിച്ചു പറഞ്ഞു 'ലാല്‍ സലാം'.

അടുത്തതായി രാഘവേട്ടനും കൂട്ടരും, ഒരു മൂവര്‍ണ റീത്ത് സമര്‍പ്പിച്ചു, മൌനാചരണം അല്പം നീണ്ടു പോയി, അവസാനം മുണ്ടക്കല്‍ ഷൈന്‍ രാഘവേട്ടനെ വിളിച്ചു തട്ടി വിളിച്ചപ്പോള്‍ ആണ് അത് അവസാനിച്ചത്‌. ഉറങ്ങിപ്പോയതാണോ എന്ന് കണ്ടു നിന്നവര്‍ക്ക് സംശയം തോന്നി എങ്കിലും, 'ആ വിഷമം കൊണ്ട് നിന്നു പോയതാണ്...' എന്ന് ഷൈന്‍ അപ്പോള്‍ തന്നെ വിവരിച്ചു കൊടുത്തു.

ഇതിനിടയില്‍ പ്രസാദിനെ ചാനലുകാര്‍ വളഞ്ഞു പിടിച്ചിരുന്നു.

ഈ സംഭവത്തിനോട് താങ്കളുടെ പ്രതികരണം ? 'ഇതു ശരിക്കും ഒരു ഷോക്ക്‌ ആയി. ഞാന്‍ ഇന്നലെ കൂടി വാസുവേട്ടനെ ഷാപ്പില്‍ വച്ചു.... അല്ലല്ല......... ഷാപ്പിന്‍റെ അടുത്ത് വച്ചു കണ്ടതാണ്. പക്ഷെ ഒരു സൂചന പോലും തന്നില്ല'

പോന്നനെ പറ്റി രണ്ടു വാക്ക് പറയാമോ ? ഒരു ചാനല്‍ ചോദ്യം

'പൊന്നന്‍ ശരിക്കും ഒരു പാര്‍ട്ടി അനുഭാവി ആയിരുന്നു. ഏതു പിരിവുകാര്‍ വന്നാലും അവന്‍ കുരച്ച് തകര്‍ത്തു കളയും, പക്ഷെ ഞങ്ങള്‍ വരുമ്പോള്‍ മാത്രം അവന്‍ മിണ്ടാറില്ല. മാത്രമല്ല ഒരിക്കല്‍ പിരിവിനു വന്നിട്ട് അകത്തു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ പുറത്ത് വെച്ചിരുന്ന കൊടി അവന്‍ എടുത്തു കൊണ്ട് പോയി. ഈ നില്‍ക്കുന്ന കടമ്പാട്ട് വിനു  എത്ര ചോദിച്ചിട്ടും അവനതു തിരിച്ചു തന്നില്ല.'

സത്യമാണെന്ന് വിനു തലയാട്ടി.

ഉടനെ തന്നെ ഒരു ചാനല്‍ പെണ്ണ് വിനുവിനോട് 'എങ്ങനെ ആയിരുന്നു ആ സംഭവം ?'

അപ്പോള്‍ വിനു 'പോന്നന്‍റെ പാര്‍ട്ടി സ്നേഹം അന്നെന്‍റെ കണ്ണു നിറയിച്ചിട്ടുണ്ട്, ഞാന്‍ എത്ര ചോദിച്ചിട്ടും അന്നവന്‍ ആ കൊടി എനിക്ക് തന്നില്ല എന്ന് മാത്രമല്ല, അതും കടിച്ചു പിടിച്ചുള്ള അവന്‍റെ ആ കിടപ്പ് എന്നും എന്‍റെ കണ്മുന്നില്‍ തെളിഞ്ഞു വരുന്നു.' ഇത്രയും പറഞ്ഞു വിനു കണ്ണു തുടച്ചു. പ്രസാദ് വിനുവിനെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

ചോദ്യം ചോദിച്ച പെണ്ണും കണ്ണു തുടക്കുന്നുണ്ടായിരുന്നു. നോക്കിയപ്പോള്‍ പാര്‍ട്ടി ചാനല്‍ ആണ് !

പുറത്തിറങ്ങിയ രാഘവേട്ടനെയും ചാനലുകാര്‍ വട്ടം പിടിച്ചു.

സര്‍ എന്താണ് താങ്കള്‍ക്കു  പോന്നനെ പറ്റി പറയാനുള്ളത് ?

'പൊന്നന്‍ എന്നും എന്നെ അമ്പരപ്പിച്ചിട്ടുള്ളത് അവനു ഞങ്ങളുടെ ദേശീയ പ്രസ്ഥാനത്തിനോടും പ്രത്യേകിച്ചും ഈ ഖദര്‍ വേഷത്തിനോടും ഉള്ള സ്നേഹം കൊണ്ടാണ്. എപ്പോഴൊക്കെ ഞങ്ങള്‍ എവിടെ വന്നാലും അവന്‍ വാലും ആസനത്തില്‍ തിരുകി ഞങ്ങളുടെ മുന്നില്‍ കിടന്നു മറയാറുണ്ട്.'

'പക്ഷെ പൊന്നന്‍ ഒരു പാര്‍ട്ടി അനുഭാവി ആണെന്നാണല്ലോ ഇപ്പോള്‍ തന്നെ പ്രസിഡണ്ട്‌ പറഞ്ഞത് ?' ഒരു ടിപ്പിക്കല്‍ ചാനല്‍ തോട്ടി !

'മണ്ടത്തരം പറയരുത്, തൊള്ളായിരത്തി നാല്‍പ്പത്തെഴിലെ സമരത്തില്‍ (ഉടനെ ഷൈന്‍ കയ്യില്‍ ഒരു പിടുത്തം, എന്നിട്ട് അങ്ങേരുടെ ചെവിയില്‍ രണ്ടു കടി, ഉടനെ രാഘവേട്ടന്‍) ആ... ആ... നാല്‍പ്പത്തി ആറിലെ സമരത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പോരുതിയവരാണ് ഞാനും വാസുവേട്ടനും. ആ വാസുവേട്ടന്‍റെ പ്രാണന്‍റെ പ്രാണനായ  പൊന്നന്‍ എങ്ങനെ പാര്‍ട്ടി അനുഭാവി ആകും ?'

ഇവിടെ നിന്നും ഞാന്‍ നോക്കിക്കൊള്ളാം എന്ന ശൈലിയില്‍ ഷൈന്‍ ഏറ്റെടുത്തു 'മാത്രവുമല്ല ഈ നില്‍ക്കുന്ന കൊച്ചക്കാടന്‍ ജോയിയുടെ മുണ്ട് പൊന്നന്‍ എത്ര പ്രാവശ്യം പറിച്ചെടുത്തിട്ടുണ്ട്  എന്നറിയാമോ ? ചുരുങ്ങിയത് 4 വട്ടം. ഖദറിനോടുള്ള സ്നേഹം അല്ലെങ്കില്‍  വേറെന്താണ് അതിനു പിന്നില്‍ ? പിന്നെ പിന്നെ ജോയി പാന്‍റിട്ട്‌ കണ്ടാലും പൊന്നന്‍ ഓടിക്കുമായിരുന്നു. അതാണു അവന്‍റെ ആത്മാര്‍ഥത'

ഷൈനും രാഘവേട്ടനും ജോയിയും എല്ലാവരും രണ്ടു വട്ടം കണ്ണുതുടച്ച്‌.

ഇവരെല്ലാം കണ്ണു തുടക്കുന്നതിന്റെ ക്ലോസപ്പും 'കോള്‍ഗേറ്റും' ഒക്കെ എടുത്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തന്നെ ഒരു ടീം ഗേറ്റ് കടന്നു വന്നു. നോക്കുമ്പോള് എടാട്ട് ഉണ്ണിയേട്ടന്‍‍, K‍ V ബാബുവേട്ടന്‍,  യുണിയന്‍ മുരളി, വട്ടെക്കാട് ശിവന്‍ ചേട്ടന്‍, 'ചാക്ക്' സുകുമാരന്‍, പിന്നൊരാള്‍‍, പിന്നോരാളും  തുടങ്ങിയ 'ആര്‍ഷ ഭാരത' തറവാടികള്‍ ആണ്.

ഇന്ന് കൊയ്ത്തു നടക്കുന്നത് കൊണ്ടാണ് ശ്രീരാമേട്ടന്‍ വരാത്തതെന്ന് ആരോ പറയുന്നത് കേട്ടു !

പെട്ടെന്ന് തന്നെ അകത്തുകയറി 'ദൈവാംശം' ഉള്ള പോന്നനെ എല്ലാവരും ചേര്‍ന്ന് തൊഴുതു നില്‍ക്കയും ചെയ്തു. ഒരു പടി കൂടി മുന്നോട്ടു പോയി കൂടെ വന്ന ആരോ പോന്നന്‍റെ കാല്‍ക്കല്‍ നമസ്ക്കരിച്ചു. പെട്ടെന്ന് തന്നെ സുകുമാരന്‍ ഇയാളെ പിടിച്ചോണ്ട് പുറത്ത് പോകുന്നത് കണ്ടു.

പുറത്ത് നിന്നും കേട്ട ഡയലോഗ് .......

സുകുമാരന്‍: നീയൊരു $#%&*@യാണ്, എന്തിനാടാ നമസ്ക്കരിച്ചത് ?

മറ്റവന്‍: 'പിന്നെ ഒരാള് മരിച്ചു കിടക്കുമ്പോള്‍ .....'

സുകുമാരന്‍: മരിച്ചു കിടക്കുന്നതാര നിന്‍റെ തന്തയോ ? പോയി പോയി ഒരു പട്ടീടെ കാല്‍ക്കല്‍ .... ഛെ'

മറ്റവന്‍: എന്‍റെ ഗുരുവായുരപ്പാ, പട്ടിയായിരുന്നോ ? ഞാന്‍ വിചാരിച്ചു ഏതോ കുട്ടിയാണെന്ന്. നിനക്കൊക്കെ ഒന്ന് നേരത്തെ പറയാമായിരുന്നില്ലേ ?'

സുകു: അപ്പൊ ആരുടെ മറ്റെടത്തെക്കാനെന്നു കരുതിയാ നീ ചാടിപ്പോന്നത് ?'

മറ്റവന്‍: 'എന്നാലും സുകുമാരാ, എന്‍റെ തന്ത ചത്തു കിടക്കുകയാണെന്ന് പറഞ്ഞാലും കാലില്‍ വീഴാത്തവനാണ് ഞാന്‍. ഇവിടുത്തെ പരിപാടി ഒന്ന് കൊഴുപ്പിക്കാം എന്ന് കരുതിയാ ഞാന്‍ ഈ പണി നടത്തിയത്. കൊളമായല്ലോടാ !'

സുകു ദി ഗ്രേറ്റ്: 'ആ... ഇനി ഒരു ഊമ്പ് കൊടുത്തോ !'

എല്ലാവരും പുറത്തേക്ക്, സ്വാഭാവികമായും ചാനല്‍ വലയില്‍ കുരുങ്ങി.

പക്ഷെ ചോദ്യം പറച്ചിലും ഒന്നും വേണ്ടി വന്നില്ല, ശിവന്‍ ചേട്ടന്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ് എന്ന ഭാവത്തില്‍ ആരെങ്കിലും ചോദിക്കുന്നതിനു മുന്‍പേ തന്നെ ....

'പോന്നനെ പറ്റി പറയുകയാണെങ്കില്‍ നമ്മുടെ സംസ്കാരത്തിന് നിരക്കാത്ത ഒരു പരിപാടിക്കും അവന്‍ കൂട്ട് നില്‍ക്കാറില്ല.'

ഏതു ചാനല്‍ തെണ്ടി: എന്ന് വെച്ചാല്‍ ?

ശിവന്‍ ചേട്ടന്‍: 'അതായത് നമ്മുടെ സംസ്കാരം ഉണ്ടല്ലോ, അതാണല്ലോ അത്, അത് വിട്ടുള്ള ഒരു കളിയും ഇല്ല അതന്നെ'

വേറൊരു തെണ്ടി: മനസ്സിലായില്ല ?

'അതായാത് ശിവന്‍ ചേട്ടന്‍ പറഞ്ഞത് പോന്നന്റെ സംസ്കാരവും നമ്മുടെ സംസ്കാരവും എല്ലാം ഒന്നായിരുന്നു. ആ അത്രയും മതി' K‍ V ബാബുവേട്ടന് പരിപാടിക്ക് ഒരു ചെറിയ ഇടവേള കൊടുത്തു.

എടാട്ട് ഉണ്ണിയേട്ടന്‍ ചാനലുകാരുടെ അടുത്തേക്ക് നീങ്ങുമ്പോള്‍ മുരളി ഇങ്ങനെ പറഞ്ഞു 'ഉണ്ണിയേട്ടന്‍ ഇങ്ങോട്ട് പോരെ, വെറുതെ കണകുണ ആക്കണ്ട'. എന്നാല്‍ അങ്ങിനെ എന്ന ഭാവത്തില്‍ ഉണ്ണിയേട്ടനും ബാക്കിയുള്ള എല്ലാവരും പുറത്തേക്ക്.

പെട്ടെന്ന് 'എന്‍റെ പോന്നാ....' എന്ന് ആര്‍ത്തലച്ചു കൊണ്ട് ഒരാളും അയാളുടെ പിന്നില്‍ വിങ്ങിപ്പൊട്ടുന്ന മുഖവുമായി കുറെ ചെറുപ്പക്കാരും കടന്നു പോയി. ഒരാളുടെ കയ്യില്‍ അയാളേക്കാള്‍ വലിപ്പമുള്ള ഒരു റീത്തും ഉണ്ടായിരുന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു 'സീറോ ബോയ്സ്'. ഉടനെ ഏതോ ചാനലുകാരന്‍ മറ്റുള്ളവരോട് പറയുന്നുണ്ടായിരുന്നു. 'വേഗം വാ ഇത് മറ്റേ ടീമാണ്, സീറോ ബോയ്സ്, ഞാന്‍ പറഞ്ഞില്ലേ അധോലോകം, അതാണു കക്ഷികള്‍'. ചാനലുകാര്‍ ഉടനെ അവരുടെ പിന്നാലെ കൂടി.

ചാനലുകാരന്‍റെ സ്ഥിതി വിവര കണക്കുകളില്‍ നിന്നും മനസ്സിലായത്‌..........

കരഞ്ഞുകൊണ്ട്‌ പോയത് സുബ്രഹ്മണ്യന്‍ ആണ്. പുലിപ്പാറക്കുന്നില്‍ റേഷന്‍ കട നടത്തുന്ന മുണ്ടക്കല്‍ സുബ്രഹ്മണ്യന്‍‍.

അവനെ 'വീഴാതെ' പിടിച്ചിരിക്കുന്നത് സ്റ്റാന്‍ലി, സെന്‍റെറില്‍ ബൈക്ക് വര്‍ക്ക്ഷോപ്പ് നടത്തുന്ന.

ഒരു കൈ സഹായത്തിനു അരവി. അതിനു പിന്നില്‍ കണ്ണു തുടച്ചു നില്‍ക്കുന്നത് 'ചാനല്‍ പ്രദീപ്‌'. 'ആള്‍ സൈസില്‍' റീത്തുമായി നില്‍ക്കുന്നത് എട്ടുകാലി പ്രദീപ്‌, തൊട്ടടുത്ത്‌ 'അമേരിക്കന്‍ ഉണ്ണി', റീത്ത് പിടിക്കാന്‍ എട്ടുകാലിയെ സഹായിക്കുന്നത് 'കട്ട രാജേഷ്‌' പിന്നെ അതിര്‍ത്തിക്കു അപ്പുറത്ത് നിന്നും വന്ന പ്രസന്നനും. പിന്നെ മുന്‍പ് വന്ന ഷൈനും വട്ടേക്കാട് സുകുമാരനും ഇവരുടെ കൂടെ ചേര്‍ന്നിട്ടുണ്ട്.

പെട്ടെന്ന് ഏതോ ഒരു വണ്ടി തീവണ്ടിയുടെ ഹോണ്‍ മുഴക്കി വീടിനു മുന്നില്‍ നിര്‍ത്തി. എല്ലാവരും പുറത്തേക്ക് നോക്കുന്നു 'സിദ്ധന്‍ സിദ്ധന്‍ !'. ചാനലുകാരന്‍ മറ്റുള്ളവരോട് 'ഇതാണ് സിദ്ധന്‍, സീറോ ബോയ്സിന്‍റെ പല അന്താരാഷ്‌ട്ര ഇടപാടുകളും ഇയാള്‍ വഴിയാണ് നടക്കുന്നത്'.

എല്ലാവരും ചേര്‍ന്ന് റീത്ത് വക്കുന്നു. പിന്നെ മൌനാചരണം, എല്ലാവരും പുറത്തേക്ക്. 'ദുഃഖം' താങ്ങാന്‍ കഴിയാതെ സുബ്രമണ്യനും സ്റ്റാന്‍ലിയും പരസ്പരം താങ്ങിയും, അരവി രണ്ടു പേരെ മേച്ചും, വേച്ചു വേച്ചു നടന്നു നീങ്ങി. അവരുടെ കൂടെ മറ്റുള്ളവരും.

ഇതിനിടയില്‍ ചാനലുകാര്‍ എട്ടുകാലിയുടെ അടുത്ത് കൂടി.

സര്‍ ഈ മരണത്തെക്കുറിച്ച് രണ്ടു വാക്ക്: 'പൊന്നന്‍ ഞങ്ങളില്‍ ഒരാളായിരുന്നു, രാഷ്ട്രീയം മതം, ജാതി ഇവക്കെല്ലാം അതീതമായി പൊന്നന്‍ സുഹൃത്ത് ബന്ധത്തിനു വില കല്‍പ്പിച്ചിരുന്നു. ഷാപ്പ് മുടക്കുള്ള ദിവസം വാസുവേട്ടന്‍റെ വീട്ടില്‍ വരാറുള്ള ഞങ്ങളെ അവന്‍ സ്വന്തം സഹോദന്മാരെപ്പോലെയാണ് കണ്ടിട്ടുള്ളത്. അവനു വേണ്ടി മാത്രം ഞങ്ങള്‍ വാസുവേട്ടന്‍റെ തലേ ദിവസത്തെ ചിക്കനും ബീഫും വാങ്ങാറുണ്ട്.'

'ആരെടാ ഞങ്ങളുടെ പോന്നന്‍റെ മരണം ആഘോഷം ആക്കിയത്, ചാനല്‍ പു$#@*മക്കളെ, മര്യാദക്ക് സ്ഥലം വിട്ടോ, ഇല്ലെങ്ങില്‍ അടിച്ചു എല്ലാത്തിന്‍റെയും തലമണ്ട ഞങ്ങള്‍ പൊളിക്കും' അരവിയാണ്.

ഇന്റര്‍വ്യൂ ഈസ്‌ ഓവര്‍ !

(രണ്ടാം ദിവസത്തെ വിശേഷങ്ങള്‍ ഇതിന്‍റെ പ്രതികരണങ്ങള്‍ കണ്ടിട്ട് പോസ്റ്റാം, അല്ലെങ്കിലും ഒരു രണ്ട്‌ ദിവസം കഴിയുമ്പോള്‍ ക്ഷമ കേട്ടു ഞാന്‍ തന്നെ തട്ടും)

Comments

  1. (കഥയില്‍ സെന്‍സോര്‍ ചെയ്തത്)
    അപ്പോഴേക്കും സുര്യന്‍ അസ്തമിച്ചു. എല്ലാവരും സുര്യനെ അന്നേഷിച്ചു നടപ്പായി. സുര്യന്‍ വാസുവേട്ടന്റെ കടയുടെ മൂലക്കിരുന്നു ഉദിച്ചു തുടങ്ങുന്നുണ്ടയിരുന്നതെ ഉള്ളു.


    സൂര്യാ നന്നായിട്ടുണ്ട്. ഇനിയും പോരട്ടെ പുരാണങ്ങള്‍.

    ReplyDelete
  2. ഹ ഹ അത് കലക്കി..

    താങ്ക്സ്

    സഹായ സഹകരണങ്ങള്‍ വേണം, നല്ല സംഭവങ്ങള്‍ വ്യക്തികള്‍, ഒക്കെ ഒന്ന് എറിഞ്ഞു തരണം

    നമോവാകം

    ReplyDelete

Post a Comment