ജോർജ്ജങ്കിളിൻ്റെ വീട് (IV)

രാവിലെ ലങ്ങേര്‌ പത്രം വായിക്കുന്ന സമയം കണക്കാക്കി ഞാൻ താഴേക്കിറങ്ങിച്ചെന്നു. ആളൊരു ചൂരൽ കസേരയിലാണ് സപ്പോട്ട മരത്തിൻ്റെ ചുവട്ടിൽ ഇരിക്കുക. ഒറ്റ കസേരയെ ഉള്ളു  താനും. അടുത്തോരു ചെറിയ തടി സ്റ്റാൻഡിൽ ചായ കപ്പും ജഗ്ഗും, പിന്നെ സിഗരറ്റ്, ലൈറ്റർ. ഇത്രയും പാരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള യുദ്ധമാണ് കാലത്തേത്.

ഞാൻ ചെല്ലുമ്പോൾ പത്രവായന തുടങ്ങിയിരുന്നു. വേഷം അന്ന് കണ്ടത് തന്നെ, വെള്ള ഷർട്ട്, കറുത്ത ട്രൗസര്, കറുത്ത ഷൂ, കറുത്ത കട്ടി കണ്ണടെം. ചായകുടി ഇൻവോളണ്ടറി ആക്ഷനാണ്, പത്രത്തീന്ന് കണ്ണെടുക്കാതെ 'എടുക്കുന്നു കുടിക്കുന്നു തിരിച്ചു വയ്ക്കുന്നു'. തീരുമ്പോ തീരുമ്പോ നിറയ്ക്കാൻ കുപ്പീന്ന് വരുന്ന മാലാഖയാണ് ജാനു, സമയാ സമയത്ത് ഇറങ്ങിവരും, നിറയ്ക്കും പോകും. അക്കാര്യത്തിൽ അവൾ മിടുക്കിയാണ്, വരും നിറയ്ക്കും പോകും, ഖുഷ്.

'ഇരിക്ക് സൂര്യാ, കസേര വേണോ ?'

പതിവ് ചോദ്യമാണ്, ഉത്തരം പതിവ് പോലെ. ഞാൻ അങ്ങേർക്ക് ഓപ്പോസിറ്റ് സ്റ്റെയർ കെയ്സിലെ പടിമേലാണ് സ്ഥിരം. കൃത്യാമായി ജാനു ഒരു ചായ കപ്പുമായി വന്നു. രണ്ടു കപ്പിലും ചായ ചായ നിറച്ച് തിരിച്ചു പോകുന്നതുവരെ എന്നെ മൈൻഡ് ചെയ്തില്ല, വേണ്ട, നമ്മളിതെത്ര കെട്ടുമാറാപ്പുകളെ കണ്ടതാ.

'അങ്കിളേ. ഒരു കാര്യം ചോദിച്ചാൽ വിഷമമാകുമോ ?'

ചിരിച്ചുകൊണ്ട് 'ചോദിക്കഡോ, ഞാനിത് നേരത്തേ പ്രതീക്ഷിച്ചതാ'

'മാനസിക അടുപ്പം കൊണ്ട് ചിലർക്കൊക്കെ മരിച്ചവരെ കാണാം സംസാരിക്കാം എന്നൊക്കെ കേട്ടിട്ടുണ്ട്, അതൊക്കെ ഉപബോധമനസ്സിൻ്റെ ചില കളികളാണെന്നും, ഹാലൂസിനേഷൻ, 'കെമിക്കൽ ലോച്ച' തുടങ്ങിയ ശാസ്ത്രീയ വിഭവങ്ങളെയും കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഒരു പരിചയവും ഇല്ലാത്ത മൂന്നാമതൊരാൾക്ക് ഇതൊക്കെ അനുഭവേദ്യമാകുന്നത് ഞാനിതുവരെ കേട്ടിട്ടില്ല'

(നോ റൗണ്ട് റൗണ്ട്, സീതാ ബാത് പർ, വട്ടം കറങ്ങാതെ നേരെ നിന്ന് കുളിക്ക് സീതേ എന്നുവേണമെങ്കിൽ മലയാളത്തിലും പറയാം)

'താൻ, പ്രേമിച്ചിട്ടുണ്ടോ ?'

'ഉണ്ടല്ലോ ?'

'താൻ പ്രേമിച്ച ആരെങ്കിലും മരിച്ചിട്ടുണ്ടോ ?'

'അതില്ല'

'പോട്ടെ, സീരിയസ്സായ ഏതെങ്കിലും പ്രേമം പൊളിഞ്ഞിട്ടുണ്ടോ ?'

'ഉണ്ട് പക്ഷെ.....'

'കാരണം എന്തുമാവട്ടെ, ഉണ്ടോ ?'

'ഉണ്ട്'

'പിന്നീട് താനവരെ സ്വപ്നം കണ്ടിട്ടുണ്ടോ?'

'അതുമുണ്ട്'

'സ്വപ്നത്തിൽ കണ്ടിട്ടുണ്ടാകും, ശബ്ദം കേട്ടിട്ടുണ്ടാകും, എന്തിനു തൊട്ടിട്ടും കൂടി ഉണ്ടാകും, ഇല്ലേ ?'

(തൊടല് മാത്രോ ?)

'ഉവ്വ്, അതൊക്കെ ഉണ്ടായിട്ടുണ്ട്, പക്ഷെ.....'

'ക്ഷമിക്ക് ഞാൻ പറയട്ടെ, അതൊക്കെ മുൻപ് ഉണ്ടായതുകൊണ്ടല്ലേ, ഇപ്പോൾ തൻ്റെ  മൈൻഡ് റീകളക്ട് ചെയ്യുന്നത് എന്നല്ലേ ? ശരിയാണ്. അതിൻ്റെ  അടുത്ത സ്റ്റേജ് ആണ് അവരെ സ്വപനത്തിൽ അല്ലാതെ കാണുന്നത്'

(ഞാൻ സൈലൻസർ മോഡിൽ)

'നമ്മൾ കേട്ടതും കണ്ടതും കേൾക്കാൻ പറയാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയാണ് നമ്മുടെ സബ് കോൺഷ്യസ് മൈൻഡ് കോൺഷ്യസ് മൈൻഡിലേക്ക് പമ്പ് ചെയ്യുന്നത്'

(കഥ തിരക്കഥ സംഭാഷണം സംവിധാനം - 'സബ്‌കോൺഷ്യലാവോസ്കി', ഏകാങ്ക താരം - 'കോൺഷ്യസീനൊ' എന്നല്ലേ ഗഡി പറ)

(ഞാൻ അഖണ്ഡ സൈലൻസ് യജ്ഞത്തിൽ തുടരുന്നു)

'നമ്മളറിയാതെ, നമ്മൾക്കുവേണ്ടി നമ്മുടെ സബ് കോൺഷ്യസ് മൈൻഡ് കളക്റ്റ് ചെയ്യുന്ന ഡാറ്റ, ചില പ്രത്യേക അവസരങ്ങളിൽ, അതായത് നമ്മുടെ കോൺഷ്യസ് മൈൻഡ് ശക്തമായി ആവശ്യപ്പെടുന്ന സമയത്ത്, ആവശ്യപ്പെടുന്ന രൂപത്തിലും ഭാവത്തിലും, അങ്ങ് സപ്ലൈ ചെയ്യും. അപ്പൊ നമുക്ക് ചിലരെയൊക്കെ കാണാം, അറിയാൻ വയ്യാത്ത ഭാഷ സംസാരിക്കാം, എന്തിന് ചിലപ്പോൾ മറ്റുള്ളവർക്ക് അമ്പരപ്പുണ്ടാക്കാവുന്ന പലകാര്യങ്ങളും ചെയ്യാൻ വരെ പറ്റും'

(ഇതല്ലേ ഇല്ലങ്ങേര്‌ മണിച്ചിത്രത്താഴിൽ പറഞ്ഞ പൊസെഷൻ സ്റ്റേജ്, ലഘുമനോരോഗം തുടങ്ങിയ കുണ്ടാമണ്ടികൾ എന്ന്. അപ്പൊ ഇങ്ങേർക്ക് ...)

(എൻ്റെ മനസ്സ് വായിക്കുന്ന പരിപാടി പുള്ളി അനുസ്യൂതം തുടരുകയാണ്, സുഹൃത്തുക്കളേ, തുടരുകയാണ്)

'ചെറിയൊരു വട്ടാണ് എന്ന് ചിലപ്പോൾ തനിക്ക് തോന്നാം, മറ്റുള്ളവർക്ക് അറിവില്ലാത്ത, പരിചിതമല്ലാത്ത, കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളേ  വട്ട്, ചിന്നൻ, അത്തും പിത്തോം എന്നൊക്കെ പറയുന്നവരുണ്ട്, വിവരക്കേടാണ്, നമുക്കത് വിട്ടുകളയാം'

(ഞാൻ മൗനം വെടിയുന്നു, ചോദ്യം തൊടുക്കുന്നു)

'ശരി, സമ്മതിക്കുന്നു, അങ്കിളിൻ്റെ ഉപബോധമനസ്സ് ചെയ്യുന്ന വികൃതികളാണ് ഈപ്പറഞ്ഞതൊക്കെ, ഒക്കെ, പക്ഷെ ആപ്പറഞ്ഞ വികൃതികൾ എങ്ങനെ എൻ്റെ മനസ്സിൽ നടക്കും, ഞാനെങ്ങനെ  അതൊക്കെ കേൾക്കും ?'

(ഉങ്കൾക്ക് പ്രാന്ത് ഇരുക്കലാം, അതെപ്പടി എനക്ക് പ്രാന്ത് വരും, എന്നാ.... വീട് വാടകയ്ക്ക് എടുത്താൽ പ്രാന്ത് ഫ്രീയാ)

'അവിടെയാണ് ഇതിൻ്റെ അടുത്ത സ്റ്റേജ്, പറയുമ്പോൾ താൻ ഞെട്ടരുത്, താനും ഇതിൽ പെട്ടു കഴിഞ്ഞു, ഇനി താനിതാരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരും പെടും'

(എൻ്റെ ഉള്ളൊന്നു കാളി, ഇങ്ങേര് പറഞ്ഞോണ്ട് വരുന്നത് കറണ്ടുകമ്പി എഫക്ടിനെ പോലെയാണ് ഈ കുണ്ടാമണ്ടി എന്നാണോ ?)

'അതെനിക്ക് മനസ്സിലായില്ല, ഞാനെങ്ങനെ പെട്ടു ?"

'പറയാം, ഞാൻ തന്നോട് ഇവിടുത്തെ കാര്യങ്ങൾ, പ്രത്യേകിച്ച്, ഞാനും അവളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, അവള് പോയപ്പോൾ എനിക്കുണ്ടായ വിഷമങ്ങളും ഞാനൊറ്റപ്പെട്ടുപോയതും, ഒക്കെ പറഞ്ഞിട്ടുണ്ട്, താനത് ശ്രദ്ധിച്ച് കേട്ടിട്ടുമുണ്ട്. സ്വാഭാവികമായി, തൻ്റെ സബ് കോൺഷ്യസ് മൈൻഡ് ചില തിയറികളും ഡാറ്റാ കളക്ഷനും പിക്ച്ചറൈസേഷനും സ്റ്റാർട്ട് ചെയ്തിട്ടുണ്ടാകും. പ്രത്യേകിച്ച് അന്ന് എഗ്രിമെൻറ് വാങ്ങാൻ വന്നപ്പോൾ ഉണ്ടായ സംഭവം, അതോടെ തൻ്റെ ചിന്തകളും പതിയെ പതിയെ ഈ ഒരു റൂട്ടിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്, താനറിയാതെ'

(എൻ്റെ സൗണ്ട്കാർഡും ഗ്രാഫിക്സ് കാർഡും പണിമുടക്കിയ പോലെയായി, ഒരു മങ്ങലും ഒച്ചയില്ലായ്മയും, എന്നാലും ധൈര്യം സംഭരിച്ചു, അപ്പൊത്തന്നെ ചിലവഴിക്കേം ചെയ്തു)

'ഇങ്ങനത്തെ എത്രയോ കാര്യങ്ങൾ നമ്മൾ കേൾക്കുന്നതാണ്, കേട്ടിട്ടുള്ളതാണ്, അന്നൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ, അങ്കിളേ ?'

'അവിടെയാണ് പോയിൻറ്, ഇതൊന്നും സാധാരണ സംഭവിക്കുന്ന കാര്യങ്ങളല്ല, നമ്മുടെ കോൺഷ്യസ് മൈൻഡ് എന്തിനോടെങ്കിലും ശക്തമായി താദാത്മ്യം പ്രാപിക്കാൻ ശ്രമിക്കുമ്പോഴോ, അല്ലെങ്കിൽ ആഗ്രഹിക്കുമ്പോഴോ, അതുമല്ലെങ്കിൽ പ്രതിഷേധിക്കുമ്പോഴോ, എന്തിനു വല്ലാതെ പേടിക്കുമ്പോൾ പോലും ആണ് ഇങ്ങനൊരു അവസ്ഥയുണ്ടാകുന്നത്. മുൻപ് താൻ കേട്ടിട്ടുള്ളപ്പോളൊന്നും അങ്ങിനൊരു  അവസ്ഥ തൻ്റെ മനസ്സിനുണ്ടായിക്കാണില്ല അഥവാ മനസ്സിൽത്തട്ടിക്കാണില്ല. ഇതു പക്ഷെ ആദ്യം ഇൻ്റെറെസ്റ്റിങ് ആയും പിന്നീട് വല്ലാത്തോരാത്മ ബന്ധത്തോടെയും തനിക്കു ഫീൽ ചെയ്തണ്ടാവും'

'അപ്പൊ അങ്കിള് പറഞ്ഞു വരുന്നത്, ശബ്ദം കേൾക്കൽ മാത്രമല്ല, ചിലപ്പോൾ കാണുക കൂടി ചെയ്യും, എന്നാണോ ?'

'ഡിപെൻസ്, അത് തനിക്കെങ്ങിനെ ഫീൽ ചെയ്തിരിക്കുന്നു, താനേതുതരത്തിലാണ് ഇതിനോട് പ്രതികരിക്കുന്നത്, എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും. എൻ്റെ മക്കളോട് പറഞ്ഞിട്ട് അവർക്കൊന്നും ഒന്നും തോന്നിയില്ല, പക്ഷെ യാതൊരു ബന്ധവുമില്ലാത്ത തനിക്ക് പെട്ടെന്ന് ഇതിൽ ഇൻവോൾവ് ആവാൻ പറ്റി'

(പണ്ടാരക്കാലൻ, വെൽക്കം ടു ദ ക്ലബ് എന്നു പറയുമോ)

'എന്നുവെച്ചാൽ ?'

'തനിക്കീസംഭവങ്ങളിൽ ആകാംക്ഷയാണ് തോന്നുന്നതെങ്കിൽ ഇനിയും പുതിയകാര്യങ്ങളും സംഭവങ്ങളും കേൾക്കാനും ചിലപ്പോൾ കാണാനും സാധിക്കും, ഒരു മാനസിക അടുപ്പമാണ് തോന്നുന്നതെങ്കിൽ കൂടുതൽ ആഴത്തിലുള്ള ജീവിത യാഥാർഥ്യങ്ങൾ, ഞങ്ങളുടെ കാര്യങ്ങൾ തന്നെ, കുറച്ചുകൂടി ഡീറ്റയിൽ ആയിട്ട് അറിയാൻ പറ്റും, പക്ഷെ....'

പുള്ളി നിർത്തി, ചായ ഒരിറക്ക് കുടിച്ചു, തണുത്ത് പോയിരിക്കുന്നു, മുകളിലേക്ക് നോക്കി ഒരു പത്ത് സെക്കൻഡ്, ജാനുമാലാഖ കെറ്റിലുമായി താഴേക്ക് പ്രവഹിക്കാൻ തുടങ്ങിയിരുന്നു. ഇനി ലവളും 'ഇൻവോൾവ്' ആയിട്ടുണ്ടാവുമോ.. കപ്പുകളിലെ ചായ മരത്തിൻ്റെ ചുവട്ടിൽ ഒഴിക്കുന്നു, വീണ്ടും നിറയ്ക്കുന്നു. തിരിഞ്ഞു നടക്കുമ്പോൾ എന്നെ നോക്കി ഒരു ചിരി..(ഹും  നീ പോ മൈ$#@, ഇവിടെ മനുഷ്യൻ കൈവിട്ട്‌ നിൽക്കുമ്പോഴാ ലവളുടെ അവിഹിതക്ഷണം). ചായ ഒരിറക്ക് അങ്ങേര്, ഒരു മൂന്ന് ഇറക്ക് ഞാൻ എന്ന തോതിൽ മൂന്നാമത് കപ്പെടുക്കാൻ ചാൻസ് കിട്ടാത്ത പോലെ എൻ്റെ കപ്പ് ഡുമ്മേന്ന് കാലി, ചൂട് ചായയായിരുന്നു.

'പക്ഷെ...?' (വേഗം മൊഴിയൂ മുത്തേ)

(തുടരും)

Comments

  1. അപ്പൊ നീയും പെട്ടു ല്ലേ
    എന്നിട്ട്

    ReplyDelete
    Replies
    1. നീയിതെപ്പഴാ വന്നേ, ജീവിതം പോലെയായിടീ എൻ്റെ എഴുത്തും, നോ സക്സസ്സേ :)

      Delete

Post a Comment