ജോർജ്ജങ്കിളിൻ്റെ വീട് (III)

തിരിച്ചു പോരുമ്പോൾ ;ഇതിപ്പോ എങ്ങനെ വീട്ടിൽപ്പറയും' എന്നോർത്ത് ഞാൻ തെല്ലൊന്ന് അങ്കൂഷിയായി. പിന്നെത്തോന്നി പറയണ്ട, കാര്യങ്ങൾക്ക് ഒരടുക്കും ചിട്ടയുമായിട്ട് പറയാം. ചിലപ്പോൾ ഈ സൈസ് പ്രേമം ലവൾക്ക് പ്രേതമായി തോന്നിയാൽ സംഗതി പിശകാകും.

വന്നിട്ടിത്ര ദിവസമായിട്ടും മകനോ മരുമകളോ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നത് കാണാൻ ഇടയായില്ല. ടി മര്വോൾ ചിലപ്പോളൊക്കെ ജോലിക്കു പോകുന്നതോ വരുന്നതോ ഒക്കെ കാണാം. പക്ഷെ മിഷ്ടർ മൊകവൻ ങേ ഹെ !

ആ വീടിൻ്റെ എല്ലാ മുറികളും ബാത്ത് അറ്റാച്ച്ഡ് ആയിരുന്നു. സാധാരണ ബാംഗളൂർ വീടുകൾക്ക് കാണാത്ത ഒരു സംഗതിയാണ്. അങ്കിള് താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറി ഞാനും മോളും ഷെയർ ചെയ്യാൻ തീരുമാനിക്കുകയും, തദ്വാരാ അവളുടെ പഠിക്കൽ സമയം കഴിഞ്ഞാൽ ഞാനത് എൻ്റെ ജോലി മുറിയായി മാറ്റുകയും ചെയ്യുന്നത് പതിവാക്കി. അങ്കിളിൻ്റെ രാത്രി സ്കെഡ്യുൾ പതിനൊന്നുമണി വരെ ടീവി, പിന്നോരഞ്ചു മിനിറ്റ് പ്രാർത്ഥന, അതിനു ശേഷം കൂർക്കംവലി എന്നിങ്ങനെ ആയിരുന്നു. പലപ്പോഴും എൻ്റെ മുറിയിലെ ബാത്രൂമിൽ നിന്നാൽ അപ്പുറത്തെ മുറിയിലെ ഓരോ ചെറിയ ശബ്ദവും കേൾക്കാമായിരുന്നു. പക്ഷെ റൂമിൽ ആണെങ്കിൽ അത്ര ക്ലിയർ ആവില്ല.

മൂന്നാലു ദിവസത്തിനു ശേഷം പതിവ് തെറ്റിച്ച് ഒരു പന്ത്രണ്ടു മണിയായപ്പോൾ പുള്ളീടെ മുറിയിൽ നിന്നും ഏതോ സിനിമയിലെ ഡയലോഗുകൾ തുടർച്ചയായി കേൾക്കുന്നുണ്ടായിരുന്നു. ഇന്നെന്തുപറ്റി എന്നൊരു സ്വാഭാവിക സംശയം എന്നിൽ ഉടലെടുത്തു. കുറച്ചുകൂടി ചെവിയോർത്തപ്പോൾ അതിലൊരു കഥാപാത്രത്തിന് ജോർജ്ജങ്കിളിൻ്റെ ശബ്ദമാണോ എന്നൊരു സംശ്യം. മറ്റേ 'ലവളിവിടുണ്ട്' എപ്പിസോഡിനു ശേഷം എൻ്റെ മേലാകെ ചെവിയാണ്.

ഇതാരപ്പാ (മോഹൻജൊദാരോ) ഈ നേരത്ത് ? എന്നിലെ ഒളിഞ്ഞുകേൾവിക്കാരൻ ഉഷാറായി. ചാടി ബാത്രൂമിൽ കയറി കാതോർത്തു. സംഗതി ഒന്നങ്കിള് തന്നെ, മറ്റേതൊരു സ്ത്രീയാണ്, സബാഷ് !

ജാനുവിൻ്റെ ശബ്ദമല്ല. (ജാനു എത്ര ശബ്ദം താഴ്ത്തി സംസാരിച്ചാലും എനിക്ക് മനസ്സിലാകും, എന്തിന് ഉഛ്വാസം തേങ്ങൽ ഒക്കെ മനസ്സിലാകും. എങ്ങിനെ എന്ന് ചോദിക്കരുത് 'അതിനിവടെ പ്രസക്തിയില്ല')

സംഭാഷണം ഡീകോഡ് ചെയ്തത് ഏകദേശം ഇതുപോലെയായിരുന്നു.

'അതാണെനിക്കും അത്ഭുതം' (അങ്കിൾ)

'ഇങ്ങനാദ്യമല്ലേ ?' (സ്ത്രീപാത്രം)

'അതേ, ആദ്യമാണ്, മറ്റവര് രാത്രി നീൻ്റെ നിഴല് കണ്ടൂന്നു പറഞ്ഞല്ലേ ഓടിപ്പോയത്'

'അതെ, പക്ഷെ ഇവിടെ വച്ച് ആരും എൻ്റെ ശബ്ദം ഇതുവരെ കേട്ടിട്ടില്ലല്ലോ'

'അതെ, എന്നാലും നീ പേടിക്കണ്ടാട്ടാ, ആളൊരു കുഴപ്പക്കാരനല്ല എന്നാ തോന്നുന്നത്'

'ഉവ്വ, നിങ്ങൾക്കല്ലെങ്കിലും എല്ലാരും അങ്ങനെയല്ലേ. വിൻസി നല്ല കുട്ടിയാണെന്ന് നിങ്ങളു തന്നെയല്ലേ ആദ്യം പറഞ്ഞത്, എന്നിട്ടെന്തായി ? നമുക്ക് നമ്മുടെ മോനെ ഇല്ല്യാണ്ടാക്കി, അവന് നമ്മളെ കണ്ടൂടാണ്ടാക്കി, നല്ലകുട്ടി!'

'സാരമില്ലെടി, പോട്ടേ, എന്നാലും മിയമോൾ ഉണ്ടല്ലോ, അതും ഒരു സന്തോഷം അല്ലെ?'

'അതെ, നല്ല സന്തോഷാ, നിങ്ങൾക്കവളെ കാണാം, മടിയിലിരുത്താം, കൊഞ്ചിക്കാം, എനിക്കോ?'

'നിനക്ക് ഞാനില്ലേ?'

'അയ്യട, എന്തൊരു പ്രേമം'

'അതെന്താടി എനിക്ക് പ്രേമം ഇല്ല്യേ ?'

'പിന്നേ, പ്രേമം, അതോണ്ടല്ലേ ഞാൻ മരിച്ചും നിങ്ങള് ജീവിച്ചും ഇരിക്കുന്നത്'

ഈ ഒരൊറ്റ ഡയലോഗോടു കൂടി എൻ്റെ മൈക്ക് ഓഫ് ആയി. ശരീരമാകെ ചെറുതായി വിറക്കുകയും വിയർക്കുകയും ചെയ്തു തുടങ്ങി. സംഗതി സൂപ്പർനാച്വറലോ അല്ലെങ്കിൽ സൈക്കോസിസിൻ്റെ അവസ്ഥാന്തരങ്ങളോ ആണ് നടക്കുന്നത്

അപ്പൊ 'ലവളിവിടുണ്ട്' പ്രോഗ്രാം വെറുമൊരു സ്റ്റീരിയൽ അല്ല, ഒന്നാംതരം റിയാലിറ്റി ഷോയാണ്. മൈക്കോഫ്‌ ആവുകേം മൊത്തത്തിൽ സിസ്റ്റം വിറക്കുകയും ചെയ്തോണ്ട് പതിയെ ഞാൻ ബാത്റൂമീന്ന് പുറത്തിറങ്ങി. സംസാരം പിന്നേം തുടരുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ബാത്റൂമിൻ്റെ വാതിൽ അടയ്ക്കുന്ന ശബ്ദത്തിൽ സംസാരം നിന്ന്. ചതിയായിപ്പോയി, ഞാനതോർത്തില്ല, (തോർത്തില്ല, മുണ്ടില്ല).

ഞാൻ സംസാരം കേട്ടത് പുള്ളിക്ക് മനസ്സിലായിക്കാണുമോ ? പുള്ളിക്ക് മനസ്സിലായാലും പോട്ടെന്നു വയ്ക്കാം, പുള്ളിക്കാരത്തിയ്ക്ക് മനസ്സിലായിക്കാണുമോ ? ഹമ്മേ ! ഇനിയിപ്പോ പ്രതികാരം, പ്രേതബാധ, നാഗവല്ലി, കഞ്ചുറിങ് സീരീസ് അങ്ങിനെ ഒരു ഡസൻ സ്ലൈഡുകൾ ചറപറാന്നു തലയിലൂടെ ഓടിപ്പോയി.

എന്തായാലും ഇതിൻ്റെ ഒരു ഹിക്മത്ത് നാളെ അങ്ങേരോട് ചോദിച്ചിട്ടു തന്നെ കാര്യം എന്ന് ഞാൻ തീരുമാനിച്ചു.
 
(തുടരും)

Comments

Post a Comment