ജോർജ്ജങ്കിളിൻ്റെ വീട് (II)

നല്ല ബെസ്റ്റ് ഹൗസോണർ!

വേറെ (തലക്ക് സ്ഥിരമുള്ള) ആരെങ്കിലുമായിരുന്നെങ്കിൽ, 'എൻ്റെ പൊന്നുചേട്ടാ, എനിക്കിതിലൊന്നും വിശ്വാസമുണ്ടായിട്ടല്ല, ഇഷ്ടല്ല്യാത്തോണ്ടാ' എന്ന ഡയലോഗും അടിച്ച് ഡിമ്മേന്ന് സ്കൂട്ടായേനെ.

(ഞാനായൊണ്ട് ഒക്കെ, അല്ലേങ്കിപ്പോ എന്തായേനെ)

ഇതിപ്പോ നാളെ വീടുമാറ്റം, അപ്പുറത്ത് ചാവികൊടുക്കൽ-വിടപറയൽ ചടങ്ങ്, സാധനങ്ങൾ പെട്ടിയാക്കാൻ രാവിലെ ആളെത്തും, അതിനിടെലാ 'ഫ്രേതം'

പിന്നെ രാത്രിയായ രാത്രി മുഴുവനും കണ്ട പാടത്തും പറമ്പിലും കിടന്നും നടന്നും നോക്കിയിട്ട് അങ്ങനൊരു പുല്ലിനേം കാണാൻ പറ്റിയിട്ടില്ല. ദിലീപിൻ്റെ വയറ്റിന്ന് ഗ്യാസിൻ്റെ ഉപദ്രവം മൂലമുള്ള ശബ്ദം കേട്ട് അമ്മിണിയേച്ചി പാതിരാത്രിക്ക് തെങ്ങിൻ കുഴിയിൽ നിന്നും കേറി തുണിയില്ലാതെ ഓടുന്ന കണ്ടിട്ടുണ്ട്. നിലാവെളിച്ചത്തിൽ ആ കാഴ്ച ചെറുതായിട്ടൊന്നു പേടിപ്പിച്ചു.

അതോണ്ട് പ്രേതം നമുക്ക് കുശ്.

'ഓ, എന്നാ പ്രേതമാന്നേ' എന്ന് ആശാൻ സ്റ്റൈലിൽ ഞാൻ തട്ടി വിട്ടു.

അങ്കിളിനും അത് കുശിയായി.

അങ്ങിനെ ആ  കോട്ട ഭവനത്തിലേക്ക് നമ്മൾ, ഞങ്ങൾ, താമസം മാറ്റുന്നു. കാലത്ത് പത്രമെടുക്കാൻ താഴേക്കിറങ്ങി ചെല്ലുമ്പോൾ അങ്കിൾ ഗേറ്റിനടുത്തുള്ള സപ്പോർട്ട മരത്തിൻ്റെ ചോട്ടിൽ, ഒരു ചൂരൽ കസേരയിൽ, 'ദിപ്പോ വേണെങ്കിൽ ദിപ്പോ' എന്ന ഗെറ്റപ്പിൽ (വെൽ ഡ്രെസ്ഡ്) പത്രോം വായിച്ചിരിപ്പുണ്ടാവും. പിന്നെ ഒരു പത്ത് മിനിറ്റ് സംഭാഷണം. 'ഞാൻ കേൾക്കും പുള്ളി പറയും' എന്ന രീതിക്ക് പൊതുവേ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. അങ്ങേരുടെ ഉത്തരേന്ത്യൻ പര്യടന കഥകൾ തൊട്ട് മകൻ്റെ ഭാര്യ ചെന്നൈയിൽ പഠിച്ചിരുന്ന കോളേജിൻ്റെ സവിശേഷതകൾ വരെ പ്രക്ഷേപണം ചെയ്യും, ഞാൻ കേൾക്കും. പലതും അങ്ങേര് വീണ്ടും പറയും, ഞാൻ റിപ്പീറ്റോഡിയൻ ആകും. ഒരു പ്രാവശ്യമോ മറ്റോ തൃശൂർ എഞ്ചിനീയറിംഗ് കോളേജ് , അതിൻ്റെ പരിസരത്തുള്ള വിമലാ കോളേജ് എന്നിവയും ഞാനുമായുള്ള ബന്ധത്തെപ്പറ്റി പറയാൻ ശ്രമിച്ചെങ്കിലും അങ്ങേരെന്നെ പൂർണ്ണമായും നിരുത്സാഹപ്പെടുത്തി. പകരം അങ്ങേര് നാഗപ്പൂരിലും ബിക്കാനീറിലും ഉണ്ടായിരുന്ന കാലത്തെപ്പറ്റി പറഞ്ഞെന്നെ ചുറ്റിവലച്ചുകളഞ്ഞു.

(അതിനുശേഷം സ്വയമൊരു മൈക്രോഫോണായേ ഞാൻ താഴെപ്പോകാറുള്ളു)

ഒരിക്കൽ വീടിൻ്റെ ബേസ്മെന്റിൽ കൊണ്ടുപോയി ഒരു പഴയകാല ജിമ്മിൻ്റെ അവശിഷ്ടങ്ങൾ കാണിച്ചെന്നെ ഒന്നു വശംവദനാക്കാൻ നോക്കി. 'നമുക്കിതൊക്കെ ഒന്നുഷാറാക്കണ്ടേ' എന്ന് ഗോവിന്ദൻകുട്ടി സ്റ്റൈലിൽ കൈകൾ കൂട്ടിത്തിരുമ്മി ചോദിക്യേം ചെയ്തു. മുറ്റത്തെ തകർന്ന പൂന്തോട്ടത്തിൻ്റെ അവശിഷ്ടങ്ങൾ കാണിച്ച് നോക്കാനാരുമില്ലാതെപ്പോയതിനെപ്പറ്റി അങ്ങേര് ഗദ്ഗദകണ്ഠനായി.

'എല്ലാം ശരിയാക്കാം' എന്ന് ഞാൻ ഉറപ്പു കൊടുത്തു.

ഒരാഴ്ചയായപ്പോഴേക്കും ജോർജ്ജങ്കിൾ എനിക്ക് (ഞങ്ങൾക്കും) ചിരപരിചിതനായി. കഴിക്കുന്ന മരുന്നുകൾ, നാട്ടിലെ ബന്ധുക്കൾ, പിന്നെ എന്നോട് പറഞ്ഞിരുന്ന വൃത്തിയുള്ള വേലക്കാരി (ജാനു), കാലങ്ങളായി സമൂഹസേവ ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന അയല്പക്കത്തെ ആൻറി,  എന്നിവയെകുറിച്ചോക്കെ നമ്മുടെ വീട്ടിലെ മുതലിനോടും, ന്ച്ചാൽ ഭാര്യയോടും, പറഞ്ഞിരുന്നു. സ്റ്റെപ്പിൽ തട്ടി കാലുമുറിഞ്ഞതും ലവൾ കൊടുത്ത ജാമ്പവാൻ്റെ കാലത്തുള്ള ഏതോ ഒരു ഓയിന്മെന്റ് ഒരു മൃതസഞ്ജീവനിയായി മാറിയതും ദിവസത്തിൽ ഒരിക്കൽ എന്ന കുറിപ്പടി പ്രകാരം അദ്ദേഹം ലോകത്തോട് ഉച്ഛയ്‌സ്ഥരം ഉത്‌ഘോഷിച്ചിരുന്നു.

(ഒരിക്കൽ ജാനു എന്നോട് ഈക്കാര്യം പ്രത്യേകം മെൻഷൻ ചെയ്തിരുന്നു)

'ആ ദിവസങ്ങളിൽ' പുള്ളി പ്രത്യേകം വെളിപ്പെടുത്തിയ ഒരു പ്രാണരഹസ്യമുണ്ടായിരുന്നു. പലതും സംഭവിച്ചിട്ടും, മക്കളുമായുള്ള കശപിശകൾ, ആ ഒറ്റമുറിയിൽ താമസമാക്കിയതിൻ്റെ കാര്യം. മരിച്ചു പോയ ഭാര്യയുടെ ആഗ്രഹത്തിൽ പണിയിച്ച വീടാണ് ഇത്. അതിലവർക്കേറ്റവും ഇഷ്ടപ്പെട്ട ആ മുറിയിലാണ് അവർ ഉറങ്ങിയിരുന്നത്. അവരുടെ സാന്നിധ്യം അവിടെ ഇപ്പോഴും ഉണ്ടെന്ന് അങ്ങേര് കൈപൊക്കി സാക്ഷ്യപ്പെടുത്തി. ചില പ്രത്യേക അവസ്ഥകളിൽ അങ്ങിനെയും സംഭവിക്കാമെന്ന് ഞാനും പ്രോത്സാഹിപ്പിച്ചു.

(പ്രണയത്തിൽ അങ്ങിനെ സംഭവിച്ചതായി പല സാക്ഷ്യങ്ങളും ഉണ്ടായിട്ടുണ്ട്, ചില മരുന്നുകളുടെ ഇഫക്ടും കൂടിയായാൽ പിന്നെ പറയേം വേണ്ട).

ഒരുകാര്യം 'ഞാടെ ചെറിയ ബുദ്ധിയിൽ' തെളിഞ്ഞു വന്നു, അങ്ങേര് പ്രതീക്ഷിച്ച 'തരത്തിൽ' പെട്ട ഒരു ഫാമിലിയായിരുന്നു ഞങ്ങൾ. ചിലപ്പോൾ കാലങ്ങളായി അങ്ങേരെ കേൾക്കുന്നവരെ തേടി നടക്കുകയായിരുന്നിരിക്കാം. ജീവിതത്തിൽ ചിലപ്പോൾ അങ്ങിനെയൊക്കെയല്ലേ, കേൾവിക്കാരില്ലാതാകാം, ചിലപ്പോൾ സംസാരിക്കുന്നവരും. ഒരിക്കലും ഈ രണ്ടു തരക്കാരോടും ഒരുതരത്തിലുള്ള വെറുപ്പും ദേഷ്യവും കാണിക്കരുത് എന്നാണ് എൻ്റെ അനുഭവം, ഇല്ലാതാക്കിയാൽ പിന്നെ ഉണ്ടാക്കിയെടുക്കാൻ പാടുപെടേണ്ടിവരും. നിരുപദ്രവകാരികളായ കേൾവിക്കാരും സംസാരപ്രിയരും സുഗന്ധദായികളായ പുഷ്പങ്ങൾ പോലെയാണ്, നമ്മൾ വല്ലപ്പോഴും ഒന്ന് തിരിഞ്ഞു നോക്കിയാലും അവ സന്തോഷത്തോടെ തലയാട്ടും, കൊഴിയുന്നവരെ സുഗന്ധം പൊഴിക്കും. അതുകൊണ്ടായിരിക്കാം ഞങ്ങളെപ്പറ്റി നല്ലവാക്കുകൾ കാണുന്നോരോടൊക്കെ പുള്ളി പറഞ്ഞു കൊണ്ടിരുന്നത്.

പത്രമെടുത്ത് തിരിച്ചു കയറുമ്പോഴാണ് അങ്കിളിൻ്റെ ചുവന്ന നാനോ വരുന്നത് കണ്ടത്. വെയിറ്റ് ചെയ്തു. ആള് റെൻ്റൽ എഗ്രിമെന്റ് ഒക്കെ ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്. ഒപ്പുവെക്കൽ കർമ്മത്തിൻ്റെ ഭാഗമായി ഒറ്റമുറി ബംഗ്ളാവിലേക്ക് ഒപ്പം പോയി. വരാന്തയിലിരുന്ന് ഗംഭീരമാക്കിയ ചടങ്ങിന് ശേഷം പുള്ളി ചായ ഓഫർ ചെയ്തു. കാലത്തെ വരുന്ന വേലക്കാരി ചായ, പ്രാതൽ, ചപ്പാത്തി, കറി എന്നുതുടങ്ങി ഒരു ഒരുദിവസത്തേക്ക് പ്രാണരക്ഷാർത്ഥം വേണ്ട പദാർത്ഥങ്ങൾ റെഡിമണി ആക്കിയിട്ടാണ് പോകുന്നത്. അതുകൊണ്ട് ചായ 'ഇരുപത്തിനാലേ ഗുണം ഏഴ്' അവൈലബിൾ. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അങ്ങേര് ഏറ്റവും കൂടുതൽ കാലം ജോലിചെയ്തിരുന്ന നാഗ്പ്പൂരിനെ പറ്റി ഒരു ഒരു നീണ്ടകഥ പറഞ്ഞു. അത് ഹൈക്കു കഥയാക്കിയാൽ അവിടെ ധാരാളം സുഹൃത്തുക്കൾ ഉണ്ട്, അവിടുത്തെ വിശേഷങ്ങൾക്കെല്ലാം ആള് പോകാറുണ്ട്, പോയാൽ ഒരാഴ്ച്ച അവരുടെകൂടെ അർമ്മാദിച്ചിട്ടേ വരാറുള്ളൂ എന്നാണ്.

'ഡ്രിം'  ഇല്ലങ്ങേരുടെ മുറിയിൽ നിന്നാണ്. അടച്ചിട്ടിരിക്കുന്നതുകൊണ്ടു മുറിയുടെ ഉൾഭാഗം കാണാൻ പറ്റില്ല.

'അങ്കിളേ എന്തോ ശബ്ദം കേട്ടല്ലോ ?'  ആൾടെ ചെവിയെപ്പറ്റിയുള്ള അബദ്ധജ്ഞാനത്തിൽ ഞാൻ ചോദിച്ചു.

'അതവളാ' പുള്ളി ചിരിച്ചുകൊണ്ട് മറുപടി.

(ഏതവൾ ? അപ്പൊ ജാനു അകത്തുണ്ടല്ലേ ? കാലത്ത് വന്നതോ അതോ ഉച്ചയ്ക്കൽത്തേക്കോ ? കള്ള കിളവൻ !!)

'ആ...... ആ.... ' അകത്തേക്ക് നോക്കിക്കൊണ്ട് അങ്ങേര് വീണ്ടും.

'ഞാൻ ഇവിടിരിക്കുമ്പോൾ, ചിലപ്പോൾ ഇങ്ങനെയാ, താൻ കേട്ടതാ അത്ഭുതം, സാധാരണ വേറാരും കേൾക്കാറില്ല.' എന്നുകൂടി ചേർത്തു.

എനിക്കെന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് മണത്തു. എന്നാലും നിഷ്ക്കു-കളി വെച്ച് ചോദിച്ചു.

'ആര്' (ഹ....ഹ.....ഹാരാണവൾ ?)

'അവളിവിടുണ്ടെടോ' എന്ന് എൻ്റെ തോളിൽ തട്ടി അങ്ങേരെന്നോട്‌ വീണ്ടും പറഞ്ഞു. കൂടുതൽ ചോദിച്ചില്ല. ആളുടെ മുഖം സൂര്യകാന്തി പോലെ വിടർന്നിരിക്കുന്നത് കണ്ടിട്ട് അതിനു മനസ്സ് വന്നില്ല.

'അപ്പൊ ഞാനിറങ്ങുന്നു, അങ്കിളേ' എന്നും പറഞ്ഞു എഴുന്നേറ്റു.

ഇറങ്ങിയപ്പോൾ ഓർത്തു, ഭാഗ്യവാൻ. മനസ്സിലിപ്പോഴും പ്രേമമുണ്ടല്ലോ. പക്ഷെ ദഹിക്കാത്ത വിഷയം 'സംഗതി ഞാനും കൂടി കേട്ടു, അത് സാധാരണ സംഭവിക്കാത്തതാണ്' എന്ന അങ്ങേരുടെ പ്രസ്താവ്യമാണ്. അതെങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് ? (കബ്...കഹാ....ക്യോ). പിടിച്ചതിലും വലുതാണോ കർത്താവേ, അളയിൽ എന്നൊരു ചിന്ത കൊള്ളിയാനടിച്ചു.

(തുടരാം)








Comments