ജോർജ്ജങ്കിളിൻ്റെ വീട് (I)

ആറു വർഷം ആ ഒറ്റമുറി അടുക്കള ബാത്രൂം അപ്പാർട്മെന്റിൽ ഉണ്ടായിരുന്നു. വലിയൊരു പഠനകാലവുമായിരുന്നു അത്. മൂന്ന് നേരം എങ്ങനെ പഴം ഫിഫ്റ്റി-ഫിഫ്റ്റി ബിസ്കറ്റ് കോമ്പിനേഷൻ ഉപയോഗിച്ച് ജീവൻ 'കിടാത്താം', തിളക്കുന്ന വെള്ളത്തിൽ പഞ്ചസാരയിട്ടാൽ കരകരാന്ന് ശബ്ദം ഉണ്ടാവും, ക്രെഡിറ്റ് കാർഡുകാരെ എങ്ങനെ ഹാൻഡിൽ ചെയ്യാം, അങ്ങിനെ അങ്ങിനെ വെടിക്കെട്ട് കാര്യങ്ങളായിരുന്നു പഠിച്ചിരുന്നത്. അങ്ങിനെയിരിക്കെ വീട് മാറേണ്ട ഒരവസ്ഥ വന്നു. വീട് വിൽക്കാൻ പോകുന്നു, ഹൌസ് ഓണർ നാട്ടിലേക്ക് പോകുന്നു, കുടക് / മടിക്കേരി ആണ് അങ്ങേരുടെ സ്ഥലം. വീട്ടിൽ അപ്പോൾ പുള്ളിയും ഭാര്യയും മാത്രമേയുണ്ടായിരുന്നുള്ളു. മക്കളൊക്കെ വേറെ വേറെ സ്ഥലങ്ങളിൽ ജോലി, കുടുംബം, സെറ്റിൽ.

ഒരു മകൾ ബംഗളൂരുവിൽ തന്നെ ഉണ്ട്. കല്ല്യാണം കഴിയുന്നവരെ അവളും ഇവരുടെ കൂടെ താഴെ, ഓണേഴ്സ് ഹൌസിൽ, ഉണ്ടായിരുന്നു. അവൾ ഹച്ച് ടെലികോമിൻ്റെ കാൾസെന്ററിൽ ജോലി, നൈറ്റ് ഷിഫ്റ്റ്. പകൽ സമയം, ഞാൻ ജോലിക്ക് പോകുമ്പോളും വരുമ്പോളും, അവൾ ഒരു കുട്ടി ട്രൗസറുമിട്ട് ഫോണുമായി അവിടൊക്കെ നടക്കുന്നുണ്ടാവും. സ്റ്റെപ്പിറങ്ങി ഗേറ്റ് എത്തും വരെ അഥവാ സ്റ്റെപ്പ് കയറി ഡോർ എത്തും വരെ, ഞാൻ ഒളികണ്ണിട്ട് നോക്കും. (പിന്നെ മറക്കും, ശരിക്കും).

ആദ്യകാലത്ത് അവൾ 'അങ്കിൾ, ക്യാൻയു സ്പെയർ സം ചെയ്ഞ്ച്' എന്നും ചോദിച്ചോണ്ടു വരാറുണ്ട്. വല്ല കുട്ടി-ട്രൗസറും വാങ്ങാനാകും എന്ന് കരുതി അഞ്ചാറു പ്രാവശ്യം കൊടുക്കുകയും ചെയ്തു. പക്ഷെ പിന്നീട് അങ്കിൾ വന്ന് അത് വിലക്കി. അങ്ങേരുടെ പരാതി കാശ് കിട്ടിയാൽ അവൾ ജോലിക്ക് പോകാതെ 'കറങ്ങാൻ' പോകുന്നു എന്നാണ്, ശബ്ദം താഴ്ത്തി 'ഇടക്ക് ബിയറും കുടിക്കുന്നുണ്ട്' എന്നും പറഞ്ഞു. ഒരിക്കലെങ്കിലും 'ഡുയു ഹാവ് സം ബിയർ' എന്നും ചോദിച്ചവൾ വരും എന്ന് കരുതി, ഉണ്ടായില്ല. പിന്നൊരു ഞായറാഴ്ച്ച അവൾ തലയിൽ മുടിയില്ലാത്ത ഒരു ചെറുക്കനേം കൊണ്ട് ബാൽക്കണിയിലേക്ക് കയറിപ്പോകുന്നതു കണ്ടു, വേഷം പഴേ ട്രൗസർ തന്നെ. പക്ഷെ ഞാൻ രണ്ടാമതൊന്നു നോക്കിയില്ല (മോശമല്ലേ).

മാസാദ്യം വാടക പിരിക്കാൻ വന്ന ആൻറി പറഞ്ഞു അവളുടെ കല്ല്യാണം ഉറപ്പിച്ചൂ എന്ന്. ആള് കുടകിയാണ് എന്നും അഭിമാനപൂർവം എടുത്തുപറയുകയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുറംപോലുള്ള ഒരു കല്ല്യാണക്കുറിയും കൊണ്ട് അങ്കിളും ആന്റിയും വന്നു, ക്ഷണിക്കാൻ. കല്ല്യാണം ഏതോ അണ്ഡകടാഹത്തിലാണ്, അവിടെ മാത്രമേ കുടകികളുടെ ഹാൾ ഉള്ളുപോലും. സംഗതി കുടകികളുടെ കല്ല്യാണം കേമമാണ്. അവരുടെ പാരമ്പരാഗതവേഷമാണ് ഏറ്റവും രസം. പക്ഷെ പോകാൻ പറ്റിയില്ല.

കല്ല്യാണം കഴിഞ്ഞു ആറാം മാസം, ക്ടാവ് കെട്ടും കിടക്കേം എടുത്ത് സ്ഥലം വിട്ടു. അങ്കിളും ആന്റിയും ഭൂരിഭാഗം സമയവും ചീട്ടുകളിച്ചും ബാൽക്കണിയിൽ വന്നിരുന്നു വർത്തമാനം പറഞ്ഞും ജീവിതം സന്തോഷകരമാക്കാൻ നോക്കി. കുറേ കഴിഞ്ഞ് അതും മടുത്തപ്പോളാകും നാട്ടിലേക്ക് തിരിച്ചുപോകാമെന്ന് തീരുമാനിച്ചത്. വില്പനകഴിഞ്ഞപ്പോഴാണ് അറിഞ്ഞത്. അതും വീടൊഴിയാനുള്ള 'ഗോപാലകൃഷ്ണപ്പണിക്കരുടെ കത്ത്' കിട്ടിയപ്പോൾ.

ഫ്രീയാഡ്സ്, ആഡ് മാഗ്‌ തുടങ്ങിയ കൊച്ചുപുസ്തകങ്ങളിൽ നിന്നും കിട്ടിയ ലീഡുകളൊക്കെ വച്ച് കുറച്ച് വീടുകളൊക്കെ കണ്ടു. യാത്ര ചെയ്യുമ്പോൾ രണ്ടുകണ്ണും റോഡിൻ്റെ രണ്ടുവശങ്ങളിൽ ഫോക്കസ് ചെയ്ത് കോങ്കണ്ണ് വന്ന് തുടങ്ങി. നോട്ടീസിൻ്റെ കാലാവധി ഇങ്ങെത്തി. അവസാന ആഴ്ച കർശനക്കാരിയായി വേഷമിട്ട് ആന്റി വന്നു പറഞ്ഞു 'വീട് ഒളിയണം സൂര്യാ, ഏനു മാടക്കാവതില്ലൈ'. ഉറപ്പായും 'ഒളിയാമെന്നു' ഞാൻ പറഞ്ഞെങ്കിലും, ഉള്ളിൽ ടെൻഷനായിരുന്നു, കാരണം വേറെ വീട് കിട്ടിയിട്ടില്ല.

അങ്ങിനെ ഒരു ദിവസം കണ്ണ് രണ്ടു സൈഡിലു ഫിറ്റ് ചെയ്ത് വരുമ്പോഴാണ് റോഡരികിൽ 'ടു ലെറ്റ്' ബോർഡ് കാണുന്നതും അങ്ങോട്ട് വണ്ടി തിരിക്കുന്നതും. ഒരു ഫ്‌ളാറ്റാണ് (ജസ്റ്റ് അഡാറ്), സെക്യൂരിറ്റി തുറന്നു കാണിച്ചു, ഗംഭീരം തന്നെ. ഒറ്റ കുഴപ്പം, എൻ്റെ ഒരുമാസത്തെ ശമ്പളത്തിലും ലേശം കൂടുതലാണ് വാടക. പഴവും ഫിഫ്റ്റി-ഫിഫ്‌റ്റിയും വാങ്ങണമെങ്കിൽ വേറെ ജോലിക്ക് പോകണം. നടക്കൂല്ലാല്ലോ.

ഇറങ്ങിയപ്പോൾ ലവൻ തന്നെ പറഞ്ഞു 'വോ ലേയൗട്ട്മെ ഏക് ഖർ ഹെ'. തൊട്ടപ്പുറത്താണ് സംഗതിയെങ്കിലും മെയിൻ റോഡിൽ നിന്നും കുറച്ച് ദൂരമുണ്ട്. കണ്ടുകളയാം എന്ന് കരുതി വണ്ടി അങ്ങോട്ടെടുത്തു.

അതിനുമുണ്ട് ഒരു സെക്യൂരിറ്റി. ആള് പഴയ ആഫ്രിക്കൻ-അവാർഡ്-ഫോട്ടോയിലെ, മറ്റേ കുട്ടി മരിക്കാൻ കാത്തിരിക്കുന്ന കഴുകൻ്റെ രൂപം, കൊക്ക് പോലും മൂക്കായി ഫിറ്റ് ചെയ്തിട്ടുണ്ട്. ഇരിക്കുന്നതും അതുപോലെത്തന്നെ, ഒരു കസേരയിൽ ആണെന്ന് മാത്രം. കഴുകൻ്റെ ഡയറക്ഷൻ അനുസരിച്ച് ഒരഞ്ചാറു വളവും തിരിവും ഒക്കെ കഴിഞ്ഞപ്പോൾ വീടെത്തി. വീട്ടിൽ നിന്നും അത്ര പെട്ടെന്നൊന്നും റോഡെത്താൻ പറ്റൂല്ല, 'മെയ്‌സ്' റണ്ണിങ് തന്നെ വേണം, അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡാണ് വഴി. പകലുപോലും പാതിവെളിച്ചം. മാവ് പ്ലാവ് ബാദാം തുടങ്ങി മുള്ളു-മുരിക്ക്-മൂർഖൻ പാമ്പു തൊട്ടു കല്ല്-കരട്-കാഞ്ഞിരക്കുറ്റി വരെ ലേയൗട്ടിൻ്റെ അകത്തുണ്ട്. (ഒരു പാമ്പുങ്കാവ്)

പഴയ ലേയൗട്ട് ആണെങ്കിലും ഗംഭീര വില്ലകളൊക്കെ കണ്ടു, തുടക്കത്തിൽ. ഉള്ളിലേക്ക് ചെല്ലുംതോറും 'വാടകക്കാരനു-നരകം' സ്റ്റൈൽ നാലും അഞ്ചും ഫ്ളോറിൽ പതിനാലും പതിനാറും വീടുകളു പണിതു വച്ചിട്ടുള്ള തരവും ഉണ്ടെന്നു മനസ്സിലായി.

അങ്ങിനെ അവസാനം നമ്മുടെ 'നരക്' കണ്ടുപിടിച്ചു. തൃശൂർ രാമനിലയം ചേലുക്കുള്ള ഒരു വീട്, രണ്ടുനില. സംഗതി ആറാം നൂറ്റാണ്ടിലെ ഡിസൈൻ ആണ്. മുൻവശം ആർച്ച് പോലെ ഒക്കെ മരത്തിൻ്റെ ഫ്രയിമിട്ട ഗ്ലാസ്സ് ജനാലകൾ, ചുറ്റും മരങ്ങൾ, ചെടികളില്ലാത്ത ചട്ടികൾ ഫിറ്റ് ചെയ്ത മതിലും (ആഹാ, പ്രമാദം).

സെക്യൂരിറ്റി കഴുകൻ തന്ന നമ്പിറിലേക്ക് ഡയലുന്നു, ഒരൊറ്റ റിങ്ങിൽ മറുതലക്കൽ ഇടിവെട്ട് ശബ്ദം ഹാജർ. (ആള് ഫോണുമ്മെ ഞാന്ന് കിടക്കുവാരുന്നിരിക്കണം). വീട് വാടകയ്ക്കുണ്ടോ, സെക്യൂരിറ്റി നമ്പർ തന്നു എന്നൊക്കെ ഏകദേശം അർത്ഥം വരുന്ന ഒരഞ്ചാറ് ഡയലോഗ് ഞാൻ കന്നഡയിൽ അങ്ങട് വീശി. വെടി കൊണ്ട പോലെ 'മലയാളിയാണോ' എന്ന് പച്ച (മഞ്ഞ?) മലയാളത്തിൽ  അങ്ങേര് തിരിച്ചു ചോദിച്ചു. മലയാളികളുടെ കന്നഡ കേട്ട് തഴക്കവും പഴക്കവും വന്ന ഒരു സിംഹമായിരുന്നിരിക്കണം, പുള്ളി. വീശിയത് ഉറയിലിട്ട്, അതേ കളറിൽ തന്നെ, ഞാൻ താഴെയുണ്ട് എന്നറിയിച്ചു.

താഴത്തെ വീട്ടിൽ നിന്നും 'കർകർ' ശബ്ദത്തിൽ വാതിൽ തുറന്നുവരും എന്ന് കരുതി കണ്ണും തള്ളി നോക്കിനിൽക്കുമ്പോൾ ആള് മുകളിലത്തെ വീടിൻ്റെ സൈഡിൽ നിന്നും ഒരു അലുമിനിയം ഫ്രേം ഡോർ തുറന്നു വരുന്നു. ഏകദേശം ഒരറുപത്തഞ്ച്-ഏഴ്-ഒൻപത് (എഴുപതിൽ ഉറപ്പിക്കാം) പ്രായം വരുന്ന മുടിയൊക്കെ പിന്നിലേക്ക് ചീകിവച്ച ഒരു മെലിഞ്ഞ ദേഹം. കട്ടികണ്ണട, തുകൽ സ്ട്രാപ്പുള്ള വാച്ച്, വെള്ള ഷർട്ട് ഇൻ ചെയ്തിരിക്കുന്ന കറുത്ത പാന്റ്സ്, കറുത്ത ഷൂസ്.

(ഇനി മരിച്ചാമതി, ബാക്കി സെറ്റപ്പൊക്കെ റെഡിയാണ് എന്ന് തോന്നുന്നു).

ഈ വീടിന് ഇതിലും നല്ലൊരു ഓണറെ കിട്ടാനില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ആള് ഗേറ്റ് എത്തുന്നതിനൊപ്പിച്ച് ഞാനും എത്തി.

'അയാം ജോർജ്ജ്'

ഞാനും പേര് പറഞ്ഞു കൈകൊടുത്തു, എന്തൊരു ഷേക്ക്ഹാൻഡ്, എല്ലുകൾ മാത്രമുള്ള ഒരു കൈയ്യിൽ കൈകൊടുക്കുന്നത് അതിനുമുമ്പ് ഉണ്ടായിട്ടില്ല. ആള് വീട്  കാണാൻ ക്ഷണിക്കുന്നു, ഞാൻ പിന്നാലെ പോകുന്നു. റിസോർട്ടുകളിൽ ഒക്കെ പൂന്തോട്ടത്തിനു മുകളിൽ വയ്ക്കുന്ന ഒരുതരം ഇരുമ്പ് ഗോവണി കയറിയാണ് രണ്ടാം നിലയിലേക്ക് പോകുന്നത്.

'അങ്കിളേ, ഇത് എന്നെപ്പോലുള്ളവരെ താങ്ങുമോ ?' (സത്യമായ സംശയമായിരുന്നു)

'ഹ.........ഹ.......ഹ.......ഹ, ഡോണ്ട് വറി' എന്ന് അങ്കിൾജി.

(പ്രതാപചന്ദ്രൻ്റെ പോലുള്ള വിട്ടുവിട്ടുള്ള അട്ടഹാസം. വില്ലനായിരിക്കുമോ ? ആണെങ്കിൽ ചെറിയപുള്ളിയായിരിക്കില്ല. മറ്റ് വില്ലന്മാരെപ്പോലല്ല പ്രതാപചന്ദ്രൻ, പേടിക്കണം. ചെറിയൊരിഷ്ടം പോലും ബലാൽസംഗം ചെയ്യുന്ന പോലെ കാണിച്ചു കളയും)

സിറ്റൗട്ടൊക്കെ അലുമിനിയം ഫ്രേമിൽ ഗ്ളാസിട്ട് മൂടി, മൈക്ക-ഡോറൊക്കെ ഫിറ്റ് ചെയ്ത വീട്. ഒന്നാമത്തെ വാതിൽ തുറന്ന് സിറ്റൗട്ടിൽ, രണ്ടാമത്തെ വാതിൽ തുറന്ന് വീട്ടിനകത്തേക്ക്.

എമണ്ടൻ സെറ്റപ്പ്, തിരുവാതിര-സൈസ് ഹാള്, ക്ലബ്-ക്ലാസ്സ് മുറികൾ. അടുക്കളയിൽ അയ്യപ്പൻ വിളക്ക് നടത്താം. വെടിക്കെട്ടും പൂരവും നടത്താൻ പാകത്തിന് സ്വന്തമായി ബാൽക്കണിയും, ആലും കുളവും ഒഴികെ എല്ലാമുണ്ട്, നൂറ്റമ്പതുരൂപ വാടക (ന്ച്ചാൽ കയ്യിലൊതുങ്ങുന്നത് എന്നർത്ഥം).

അഞ്ചാറു ദിവസത്തിനുള്ളിൽ മറ്റേ വീടൊഴിയണം. ഇനിയൊന്നും നോക്കാനില്ല. വാടകയിലും ഡെപ്പോസിറ്റിലും ചെറിയ ബലാബലം നടത്തിയെങ്കിലും വലിയ പരിക്കില്ലാതെ രണ്ടാളും കൈകൊടുത്തു. കയ്യിലിരുന്ന 'കോച്ചക്കാലണ' അങ്കിളിന് ടോക്കണാക്കുന്നു, 'പെരകേറിത്താമസത്തിന്' മുഹൂർത്തം നിശ്ചയിച്ച് പിരിയുന്നു.

ബാക്കി കാശിൻ്റെ കാര്യത്തിന് അങ്ങേരിടക്ക് വിളിക്കും, ലേശം-ലേശമായി കൊടുക്കാൻ ഞാൻ കൂടെ-കൂടെ പോകും, ചെറിയ ചില പ്രണയസല്ലാപങ്ങൾ നടത്തും. ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലായ കാര്യങ്ങൾ, ഈ വിധത്തിൽ ആയിരുന്നു. ഈ മേൽകോട്ടയുടെ മൂന്നു മുറികളിൽ ഒന്ന് ഒരു വീടാക്കിയാണ് പുള്ളി താമസിക്കുന്നത്. അതിൻ്റെ വരാന്ത ഫാബ്രിക്കേഷൻ വർക്ക് നടത്തി മറച്ചാണ്, അടുക്കള. ഒറ്റക്കാണ് താമസം, ഡയബറ്റിക്ക് ആണ്, രണ്ടുവർഷം മുൻപ് ഒരു അറ്റാക്ക് വന്നിരുന്നു. തൊട്ടടുത്ത മോഡേൺ രണ്ടുനില വീടും ആൾടെ തന്നെ. അതിൻ്റെ മുകൾ ഭാഗവും എനിക്ക് 'കെട്ടിച്ചുതരാൻ' പോകുന്ന വീടിൻ്റെ താഴ് ഭാഗവും വാടകയ്ക്ക് കൊടുത്തിരിക്കുന്നു.

താൽപ്പര്യജനകമായ മറ്റൊരു കാര്യം മേൽപ്പറഞ്ഞ (തൊട്ടടുത്ത) ഭവനത്തിൻ്റെ ഒരു നിലയിൽ അങ്ങേരുടെ മകനും കുടുംബവും ഉണ്ട്. (നൈഷ്‌). എന്നാൽ അവരെക്കുറിച്ച് വല്ല്യ സംസാരം ഇല്ല്യ,

വേറൊരു മകൾ  മുംബൈയിൽ ഉള്ളതും, പേരുകേട്ട ടെലിവിഷൻ ചാനൽ കമ്പനിയുടെ തലപ്പത്തിരിക്കുന്ന പുള്ളിക്കാരീടെ കാശ്മീരി ഭർത്താവിൻ്റെ കാര്യവും അമേരിക്കയിൽ പഠിക്കുന്ന അവരുടെ മകൻ്റെ കാര്യവും ആവേശപൂർവ്വം, കണ്ണുരുട്ടി, സംസാരിച്ചു. എൻ്റെ  വാവേടെ പ്രായത്തിൽ അവിടൊക്കെ ഓടി നടക്കുകയും 'ഡാഡീ' എന്നും വിളിച്ച് ആ മുറിയിലേക്ക് കയറി വരുകയും ചെയ്ത പെട്രോൾമാക്സ് പോലുള്ള കൊച്ചിനെപ്പറ്റി 'മോൻ്റെ മോളാ' എന്ന് മാത്രം പറഞ്ഞു.

(ലവരത്ര രാസത്തിലല്ലാ എന്ന് തോന്നുന്നു.)

പോരാത്തതിന് സൽപുത്രൻ ജോലിക്ക് പോകാത്ത കാര്യവും 'പുള്ളിക്ക് ചെറിയൊരു ഡ്രിങ്കിങ് പ്രോബ്ലം ഉണ്ട്' എന്ന നഗ്നസത്യവും, 'പ്രണയത്തിൻ്റെ ആദ്യദിവസം തന്നെ ശീഖ്രസ്ഖലനം ഉള്ളത് തുറന്നു പറയുന്ന കാമുകൻ്റെ ചേലുക്ക്', അങ്ങേര് എൻ്റെ മുന്നിൽ വിളമ്പി. (രാസത്തിലല്ലാ, ഉറപ്പായി)

പഠിച്ചത് തൃശൂർ എഞ്ചിനീറിങ് കോളേജിൽ, ഭാര്യ മരിച്ചു പോയി, എന്നുതുടങ്ങി ഇപ്പോഴുള്ള വേലക്കാരി നല്ല വൃത്തിയും വെടിപ്പുമുള്ള (കുളിക്കൂന്നു പോലും) കൂട്ടത്തിലാണ് എന്നും അയല്പക്കത്തെ ഒരു പാലക്കാട്ടുകാരി ചേച്ചി എന്തുസഹായത്തിനും ഉണ്ടാകും എന്നും വരെ പറഞ്ഞു. എല്ലാം ഞാൻ നല്ല അർത്ഥത്തിലെ എടുക്കൂ എന്നൊരു ധാരണ ആൾക്ക് നേരത്തേ കിട്ടി എന്ന് തോന്നുന്നു.

(വല്ല്യ എക്സ്പീരിയൻസ് ഒക്കെ ഉള്ള ആളല്ലേ, ചിലപ്പോൾ മനസ്സിലാക്കി കളഞ്ഞിരിക്കും)

എൻ്റെ സംശയം മുൻകൂട്ടി മനസ്സിലായ പോലെ,  വീടിൻ്റെ പഴക്കരഹസ്യവും  വെളിപ്പെടുത്തി, ഈ ലേയൗട്ടിലെ ആദ്യത്തെ വീടാണ്, മുപ്പത്തിയേഴു വർഷം,

അന്തക്കാലത്ത് ബംഗളൂരുവിൽ ലേയൗട്ടുകൾ വന്നു തുടങ്ങിയിട്ടേ ഉള്ളു, അന്തക്കാലത്ത് ബിൽഡർമാർ എന്ന വർഗ്ഗം ജിമ്മിൽ മാത്രമെ ഉണ്ടായിരുന്നുള്ളൂ. (നോ ഫ്‌ളാറ്റ്, ഓൺലി ബാഡി)

'അമിതവിധേയ-കാമുകന്മാർ കാമുകിയുടെ കെട്ടു കഴിയുമ്പോഴേ ഒരു കുത്തിമറയെങ്കിലും നടത്തേണ്ടതായിരുന്നില്ലേ എന്ന് ചിന്തിച്ചു തുടങ്ങൂള്ളൂ' എന്ന തത്വത്തിൽ, ഇത്രയും കാര്യങ്ങൾ റോള്-റോള് കണക്കിന് നീട്ടി-നീട്ടി അടിച്ചിട്ടും, അങ്ങേരുടെ അന്തരാളത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ (എന്തോ) എനിക്ക് മനസ്സ് വന്നില്ല.

അതു മനസ്സിലാക്കുന്ന കാമുകിമാർ 'നമുക്കു മാത്രമായി എപ്പോഴാണ് കുറച്ച് നിമിഷങ്ങൾ ഉണ്ടാവുക' എന്ന് വ്യംഗ്യരൂപേണ ഉറക്കെ ചിന്തിക്കുന്നതു പോലെ, ഇങ്ങേരെന്നോട്‌ തലങ്ങും വിലങ്ങും രഹസ്യങ്ങൾ ലീക്കാൻ തുടങ്ങി. കൂട്ടത്തിൽ പഴയവാടകക്കാർ ഒഴിഞ്ഞുപോകാൻ ഉണ്ടായകാരണവും........

ഈ വീട്ടിൽ പ്രേതബാധയുണ്ട് (എന്ന്).

(തുടരാം)

Comments