കള്ളുണ്ണി ചരിതം (ഒന്നാം ദിവസം)

ഗോള്‍ഡന്‍ ബാറിനെക്കുറിച്ചുള്ള എന്‍റെ ഒരു പോസ്റ്റില്‍ പരാമര്‍ശിച്ച ഒരു രൂപമായിരുന്നു കള്ളുണ്ണി. പേര് ഉണ്ണി എന്ന് തന്നെ, ജോലി 'ഒട്രോഷ' ഓടിക്കല്‍. ഞങ്ങളുടെ കൂട്ടത്തില്‍ത്തന്നെ പല പല ഉണ്ണികള്‍ ഉണ്ടായിരുന്നത് കൊണ്ട് പേരിനു മുന്‍പ്‌ ഒരു വിശേഷണം ചേര്‍ക്കാറുണ്ട്, തട്ടാന്‍ ഉണ്ണി (പിന്നീട് അമേരിക്കയില്‍ പോയി വന്നതിനു ശേഷം അമേരിക്കന്‍ ഉണ്ണി എന്ന് ഭേദഗതി ചെയ്തു), വെളിച്ചപ്പാട് ഉണ്ണി, മീനുണ്ണി അങ്ങിനെ അങ്ങിനെ. തിരിച്ചറിയാന്‍ ഒരു മാര്‍ഗം എന്ന നിലയില്‍ അവരവരുടെ ജോലിയുമായി ബന്ധപ്പെടുത്തിയാണ് മറ്റു പേരുകള്‍ എന്നാണെങ്കില്‍ നമ്മുടെ 'ഉണ്ണീടെ' കാര്യത്തില്‍ അതവന്‍റെ സ്വഭാവഗുണം കൊണ്ടായിരുന്നു. കൊടകരയിലെ 'നല്ല' പേരെടുത്ത കുടിയന്മാരായ കുറാലി ബാബു, അപ്പോളോ ശിവരാമേട്ടന്‍, ലോട്ടറി അന്തോണി തുടങ്ങിയ വെറ്റെറാന്‍സ് ടീമിന്‍റെ ഒരു വൈസ്‌ പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന ആളായിരുന്നു ടിയാന്‍.

നല്ല കുടിയന്‍ ആയതിനാല്‍ കുടിയന്മാരോട് ഒരു പ്രത്യേക സ്നേഹം ഉണ്ണി കാണിക്കാറുണ്ട്. ബാറിലേക്കോ അല്ലെങ്കില്‍ വാസുവേട്ടന്‍റെ ഷാപ്പിലേക്കോ ആരെങ്കിലും ഓട്ടം വിളിച്ചാല്‍ മറ്റേതൊരു സവാരിയും ക്യാന്‍സല്‍ ചെയ്യും, അതിനി മൂന്ന് ദിവസത്തെ ഓട്ടമാണ് എന്ന് പറഞ്ഞാലും, വേണ്ട. ഒരു പെഗ്ഗോ അല്ലങ്കില്‍ ഒരു കുപ്പി കള്ളോ ഓഫര്‍ ചെയ്‌താല്‍ വാടക വേണ്ട, ഫ്രീ. എണ്ണം രണ്ടോ മൂന്നോ ആയാല്‍ റിട്ടേണ്‍ ആള്‍സോ ഫ്രീ.

ലവന്‍സിന്‍റെ മറ്റു ചില സവിശേഷവിശേഷങ്ങളിലേക്ക് ഒരു 'ഒളിഞ്ഞു നോട്ടം' .....

വീക്കെയെന്‍ പറഞ്ഞ പോലെ 'ചിലര്‍ക്ക് വയറ് നിറയെ കള്ള് കുടിച്ചു കഴിഞ്ഞാല്‍ പിന്നെ ഉടുതുണിക്ക് മറുതുണിയില്ലാത്ത (വേണ്ടാത്തതും ആയ) സഹോദരിമാരെ ഒന്ന് സഹായിക്കണം'. ഉണ്ണിയുടെ കാര്യത്തില്‍ അവരെ, അവരെ എന്നല്ല പറയേണ്ടത് കാണാന്‍ കൊള്ളാവുന്ന ഏതൊരു നാരീജനത്തിനെ ആയാലും,  'സഹായിക്കണം' എന്നില്ല, പക്ഷെ ഒന്ന് 'കാണണം'. എങ്ങനെ കാണണം, കുടുംബമായി കഴിയുന്നതോ, അല്ലെങ്കില്‍ അന്തം വിട്ടുറങ്ങുന്നതോ, അതുമല്ലെങ്കില്‍ അവര്‍ വിവിധ ശരീര ഭാഗങ്ങള്‍ വൃത്തിയാക്കുന്നതോ ആണ് കാണേണ്ടത്.

ചുരുക്കത്തില്‍ 'സീന്‍ കാണല്‍' ആണ് വീക്കെന്‍സ്‌ !

രംഗം ഒന്ന്: പുത്തുക്കാവ് പാടവരമ്പത്തു കൂടി നടന്നു വരുന്ന ഒരു സ്ത്രീജന്മം, പുണ്യജന്മം.

മരത്തോമ്പിള്ളി വടക്കൂട്ടില്‍ പരമേശ്വരന്‍ നായരുടെ മൂത്തമോള്‍ രജനി, വയസ്സ് ഇരുപത്. 

ഉപദംശങ്ങളെക്കുറിച്ച് ഒരു രണ്ടു മൂന്ന് വാക്കുകള്‍

ഉണ്ണിമേരിയുടെ ശരീരം, ഷീലയുടെ മുഖം, ശാരദയുടെ മുടി, ജയഭാരതിയുടെ നടത്തം, ആകെമൊത്തം ടോട്ടൽ വിജൃംഭിച്ച ഒരു ശ്വേതാ മേനോൻ

മരത്തോമ്പിള്ളി പാടത്തെ ചാലില്‍ അവളുടെ ഉച്ചനേരത്തെ കുളിക്ക് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ചാലിന്‍റെ വരമ്പത്തുകൂടി പല റൌണ്ട് നടക്കുന്നവര്‍, ആ സമയത്ത് തന്നെ എരുമയെ കുളിപ്പിക്കാന്‍ വരുന്നവര്‍, പോന്തക്കാടിനുള്ളില്‍ നേരത്തെ സ്ഥാനം പിടിച്ചവര്‍, വേറെ സ്ഥലം അവൈലബള്‍ അല്ലാത്തതിനാല്‍ കൈതക്കാടിന്‍റെ ഉള്ളില്‍ കയറി മേലാസകലം മുറിഞ്ഞവര്‍ അങ്ങിനെ അസംഖ്യം പുരുഷ പ്രജകള്‍ ഈ പ്രോഗ്രാം ലൈവ് കാണാന്‍ എത്താറുണ്ട്. മറ്റത്തൂര്‍, പുലിപ്പാറക്കുന്ന്, ചെറുകുന്ന് എന്നിങ്ങനെയുള്ള കൊടകരയുടെ പരിസരത്തുള്ള മെട്രോ സിറ്റികളില്‍ നിന്നുള്ളവര്‍ പോലും ഈ പരിപാടിക്ക് പ്രേക്ഷകര്‍ ആയി ഉണ്ടെന്നാണ് സംസാരം.

പക്ഷെ ഹതഭാഗ്യനായ നമ്മുടെ 'ലുണ്ണിയ്ക്ക്' മാത്രം എന്തോ അതിനുള്ള ഫാഗ്യം ലഭിച്ചില്ല. അതിനെന്നു മാത്രമോ, കണ്ടാകര്‍ണ്ണിയായ രജനിയെത്തന്നെ ഒരു നോട്ടം കാണുക, ങേ ഹേ, നടന്നില്ല !

അങ്ങിനെ രജനിയുടെ കല്യാണം വന്നു. മീന മാസത്തിലെ ഒരു ഞായറാഴ്ച. മാരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ച് ലളിതമായ വിവാഹം, തദ്വാര പുറപ്പെട്ട സദ്യവട്ടങ്ങള്‍ പരമേശ്വരേട്ടന്‍ തന്‍ ഭവനത്തില്‍ വച്ചു തന്നെ നാട്ടുകാര്‍ക്ക് ഡെലിവറി ചെയ്തു. ബാര്‍ മേറ്റ് ആയതിനാല്‍ ഉണ്ണിയേയും കല്യാണം വിളിച്ചിരുന്നു. കല്യാണത്തിനു പങ്കെടുത്ത ഉണ്ണി അങ്ങിനെ ആദ്യമായി രാജനിയെന്ന 'മുതലിനെ' കാണുന്നു. രണ്ടെണ്ണം വീശാന്‍ പോയതുകൊണ്ട് നേരം വൈകിയ ലവന്‍സ്‌ നേരെ സദ്യക്കാണ് എത്തിയത്. ഊണിനായി തന്‍റെ മുന്നിലൂടെ നടന്നു പോയ വധൂവരന്മാരില്‍ ഉണ്ണി 'സാധനത്തിനെ' കണ്ടു, ആദ്യമായി, അതും തൊട്ടു മുന്‍പില്‍.

വായിലേക്കിട്ട ചോറുരുള അവിടെ തന്നെ ഫിക്സ്ഡ് ഡെപ്പോസിറ്റ്‌ ചെയ്തു. പിന്നെ തൊണ്ടയില്‍ നിന്നാണോ അന്തരാളത്തിൽ നിന്നാണോ എന്ന് സംശയം തോന്നുമാറ് ഒരു ശബ്ദവും പുറപ്പെടുവിച്ചു, 'ഹൊ !'.

വെള്ള പട്ടു സാരിയും ഞൊറിവുള്ള വെള്ള ബ്ലൌസും, അതിനു താഴെ നാഴി എണ്ണ ഒഴിച്ച് വെക്കാന്‍ പാകത്തിനുള്ള ഒരു പോക്കിളും, ചെരാതില്‍ എണ്ണ കുടിച്ച് കത്താന്‍ തയ്യാറായ തുണിത്തിരി പോലെ അതില്‍ നിന്നും താഴേക്ക് അരിച്ചിറങ്ങുന്ന നീല രോമങ്ങളും കണ്ടപ്പോള്‍ അവന്‍റെ കണ്ണില്‍ ഇരുട്ട് കയറി. തന്നെ കടന്നു പോകുമ്പോള്‍ കാണാന്‍ കിട്ടിയ താളചലനങ്ങൾ അവനെ ഉന്മത്തനാക്കി.

(ന്ച്ചാല്‍ ഹി ഗോട്ട് ക്രെയ്സിന്നന്നെ)

തന്നെപ്പോലെ ഇത്രയും എക്സ്പേര്‍ട്ട് ആയ ഒരു സീന്‍ കാണല്‍കാരന് ഇത്രയും നാള്‍ ഇതുപോലത്തെ ഒരു 'ഉരുവിനെ' മിസ്സായതില്‍ 'ലഞ്ഞ' തോന്നി. നഷ്ടബോധം കൊണ്ടവന്‍റെ കണ്ണ് നിറഞ്ഞു. ചോറ് ഇറങ്ങുന്നില്ല, വെള്ളം കുടിക്കാന്‍ പറ്റുന്നില്ല. ഊണ് മതിയാക്കി ഉണ്ണി എഴുന്നേറ്റു. ഇനി രണ്ടെണ്ണം അടിച്ചാലെ രക്ഷയുള്ളൂ. ബാര്‍ ലക്ഷ്യമാക്കി ഓട്ടോ വിട്ടു. രണ്ട്, നാല്, ആറ് അങ്ങിനെ എണ്ണമില്ലാത്തെ അവസ്ഥയിലേക്ക് വഴുതി വീണു. പിന്നൊരു ഇടവേളക്കു ശേഷം കണ്ണ് തുറക്കുമ്പോള്‍ സമയം ഒമ്പത് മണി. ബോധംപോകും മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് പതിയെ ഒന്ന് തിരിഞ്ഞു നോക്കി.

രജനി ! ഇന്നവളുടെ ആദ്യരാത്രിയാണ്. അതെന്തായാലും പെണ്ണിന്‍റെ വീട്ടില്‍ വീട്ടില്‍ വച്ച് ആണ്, ആയിരിക്കും.

ഇന്ന് ലൈവ്, 'ദിസ്‌ പ്രോഗ്രാം ഈസ് സ്പോണ്‍സേര്‍ഡ് ബൈ കള്ളുണ്ണി,ചലോ ചലോ മാരത്തോമ്പിള്ളി

ഓട്ടോ പാടത്തിന്‍റെ സൈഡിലേക്ക് ചേര്‍ത്തിയിട്ട്. പരിസരം ഒന്ന് വീക്ഷിച്ചു. പരിചയം ഇല്ലാത്ത സ്ഥലത്ത്‌ പോയി പെടരുതല്ലോ !

ആദ്യമായി വീടിന്‍റെ ഒരു ഔട്ട്‌ലുക്ക്‌ എടുത്തു. പെണ്ണും ചെക്കനും എവിടാ കിടക്കുന്നത് എന്നറിയണ്ടേ ? 

പരമേശ്വരേട്ടന്‍റെ വീട് പഴയ രണ്ട് നിലയുള്ള ഒരു തറവാടാണ്. നാട്ടുനടപ്പനുസരിച്ച് പുതുതായി കല്യാണം കഴിച്ചവര്‍, ഭര്‍ത്താവ് വളരെ നാളത്തെ ലീവ് കഴിഞ്ഞു വരുന്ന ആര്‍ത്തിക്കാര്‍ (ഭാര്യമാര്‍ ഫുള്‍ടൈം ലീവിലായിരിക്കും!) , ഭാര്യ പ്രസവശുശ്രൂഷ കഴിഞ്ഞു വരുന്ന ആക്രാന്തങ്ങള്‍ (ഭാര്യയുടെ അനിയത്തിയാണ് പ്രസവശുശ്രൂഷക്ക് വന്നതെങ്കില്‍ ഭര്‍ത്താവിന് വലിയ ആക്രാന്തം ഒന്നും ഉണ്ടാവില്ല), വിരുന്നു വന്ന കപ്പിള്‍സ് തുടങ്ങിയവര്‍ക്ക്, ശബ്ദശല്ല്യം, വേറെ മോണ്‍സ്റ്റേഴ്സിനെ കൊണ്ടുള്ള ശല്ല്യങ്ങള്‍, എല്ലുപൊടി കിളവ-കിളവിമാരുടെ പുരാണശല്ല്യങ്ങള്‍ തുടങ്ങിയവ ഒഴിവാക്കാനായി മുകളിലത്തെ മുറിയാണ് സാധാരണ കൊടുക്കാറുള്ളത്.

തന്‍റെ മേഖലയെ കുറിച്ചുള്ള അഗാദമായ ജ്ഞാനം ഉള്ളതിനാല്‍ ഉണ്ണിയുടെ തലയില്‍ പെട്ടെന്ന് വെളിച്ചം വന്നു. (അവനും ഒരു തറവാടിയാണെന്ന് വേറെ പറയണ്ടല്ലോ !). മുകളിലത്തെ മുറി തന്നെ. പറമ്പിന്‍റെ പിന്നാമ്പുറത്ത് കൂടി വീടിനു അടുത്തെത്തിയപ്പോള്‍ രണ്ട് മുറികളില്‍ വെളിച്ചം ഉണ്ട്. 

'പണ്ടാരം, ഇനി ഇതില്‍ ഏതാണോ ഷോറൂം ?' 

ഇഷ്ടദൈവമായ അന്തോണീസ് പുണ്യാളന് മെഴുകുതിരി നേരുന്നതിനു തൊട്ടു മുന്‍പ് ഒരു മുറിയിലെ ലൈറ്റ് അണഞ്ഞു. എന്തായാലും 'ആദ്യരാത്രി ഷോട്ട് അഭിനേതാക്കള്‍' ഒരിക്കലും ഇത്ര നേരത്തേ വെളിച്ചം തല്ലിക്കെടുത്തില്ല എന്നത് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ നമ്മുടെ 'സീന്മാന്' അറിയാം.

'ദൈവം 'സീന്‍' കാണുന്നവരുടെയും 'അണ്ടം കുത്തിക്ക്' നടക്കുന്നവരുടെയും കൂടെയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്.' 'ദൈവത്തിന് സ്തുതി  !'

(അല്ലെങ്കില്‍ പറ, എത്രയോ പേര്‍ പാമ്പ് കടിച്ചും, ഇടി വെട്ടിയും, ആളൊഴിഞ്ഞ പൊട്ടക്കിണറ്റില്‍ വീണും തട്ടിപ്പോകുന്നു, എന്നാല്‍ ഇന്നുവരെ നേരത്തേ പറഞ്ഞ 'കലാപരിപാടികള്‍ക്ക്' പോകുമ്പോള്‍ ആരെങ്കിലും 'പടായതായിട്ട്' കേട്ടിട്ടുണ്ടോ ? വഴിയില്ല)

ഇനി മുകളിലേക്ക് കയറണം. കേക്ക് മുറിച്ചു വെച്ച പോലത്തെ ആ വീട്ടില്‍ ഒരു പൈപ്പോ സണ്‍ഷെയിഡോ കാണാന്‍ ഇല്ല. എന്തു ചെയ്യും എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് ജനലില്‍ നിന്നും ഒരു രണ്ടടി മാറി ആകാശം നോക്കി പോയിരിക്കുന്ന കൊന്നത്തെങ്ങ് കണ്ടത്. 

'പ്രെയിസ്‌ ദി ലോര്‍ഡ്‌ !'

ഭൂമി മാതാവിനെയും 'തെങ്ങ് അച്ചനേയും' തൊട്ടു വണങ്ങി തടിയില്‍ അള്ളിപ്പിടിച്ച്, നെഞ്ച് തെങ്ങില്‍ ഉരച്ച്, മുകളിലേക്കുള്ള പ്രയാണം ആരംഭിച്ചു. ഏകദേശം അഞ്ച് ആറ് മിനിട്ടെടുത്തു ഈ പതിനഞ്ചടി ഉയരത്തിലെ ജനലിനു നേരെ എത്താന്‍. 

മീനമാസത്തിലെ ഈ ചൂടില്‍ ഇരുപതോ മുപ്പതോ വയസ്സു പ്രായമുള്ള പേരക്കുട്ടികള്‍ ഉള്ള അപ്പൂപ്പ-അമ്മൂമ്മമാര്‍ മാത്രമേ ജനലിന്‍റെ കതകടക്കൂ എന്ന് പന്ത്രണ്ടാം വയസ്സിലേ മനസ്സിലാക്കിയ ഒരു ജീനിയസ്സായിരുന്നു, 'നമ്മുടുണ്ണി'.

അങ്ങിനെ ഏതാനും നിമിഷങ്ങള്‍ക്കകം സംഗതി ആരംഭിക്കാന്‍ പോകുന്നു. ലവന്‍റെ മനസ്സില്‍ പാണ്ടിയും പഞ്ചാരിയും ഒരുമിച്ചു കൊട്ടാന്‍ തുടങ്ങി. ചാഞ്ഞ തെങ്ങായതിനാല്‍ വലിയ ബലം കൊടുക്കാതെ ഇരിക്കാന്‍ പറ്റി. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചെറുക്കന്‍ ചുണ്ടോക്കെ തുടച്ച് പതുക്കെ അകത്തേക്ക് വന്നു. ശാപ്പാട് കഴിഞ്ഞുള്ള വരവായിരിക്കും.

' ഉം, കൊള്ളാം ഒരു പരിപാടിക്കൊക്കെ കെല്‍പ്പുള്ളവനാണ്' ആത്മഗതം ഒന്നാം വാക്യം.

ജനലിനടുത്ത് വന്നു നിന്ന് ആ പൂത്തലയന്‍ ഒരു സിഗരറ്റ് കത്തിച്ചു. എന്നാല്‍ വെളിച്ചത്തിന്‍റെ ,മായാജാലത്തില്‍ 'തെങ്ങിലിരിക്കും തത്തമ്മേ' മറ്റവന്  കാണാന്‍ കഴിയില്ലായിരുന്നു. പിന്നേയും പത്തു മിനിറ്റ്‌ കഴിഞ്ഞാണ് രജനി വരുന്നത്. ഒരു മഞ്ഞ ചുരിദാര്‍ വിത്ത്‌ മഞ്ഞ ഷാള്‍ അക്കമ്പനീഡ് ബൈ മഞ്ഞ റിബ്ബണ്‍ ഓണ്‍ ഹെഡ്.

ആരോ തെങ്ങില്‍ ചവിട്ടി തന്നെ മറയ്ക്കാന്‍ നോക്കുന്നതായി ഉണ്ണിക്ക് തോന്നി ! ലൈറ്റ് ഊതി (ഓഫ്‌) കെടുത്താന്‍ പോയ 'രജനീഗന്ധിയെ' മറ്റവന്‍ തടുത്തു,

'മുടുക്കന്‍ !'

ഇരുവരും കട്ടിലിലിരുന്നു സംസാരം തുടങ്ങി. ഏകദേശം ഒരു പത്തിരുപതു മിനിറ്റ്‌ അതങ്ങിനെ തുടര്‍ന്നു പോയി, ഇതിനിടയില്‍ പൂത്തലയന്‍ ഒന്നു രണ്ടു തവണ രജനിയുടെ കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഒഴിഞ്ഞു മാറി. ഒരു മണിക്കൂറിനുള്ളില്‍ പലപ്രാവശ്യം ഗഡി 'സാധനത്തിനെ' പലസ്ഥലങ്ങളിലായി തൊടാന്‍ ശ്രമിച്ചെങ്കിലും ഒരു 'വാരാലിന്‍റെ' മെയ്‌വഴക്കത്തോടെ 'രജ്ഞനകുമാരി' തെന്നി മാറി. പെട്ടെന്ന് ഏതോ കോണ്ട്രാക്റ്റ് സൈന്‍ ചെയ്തപോലെ പരസ്പരം എന്തോ തലകുലുക്കി സമ്മതിച്ചു, രണ്ടു പേരും കട്ടിലിന്‍റെ രണ്ടറ്റതതായി ചെരിഞ്ഞു. ഏകദേശം ഒരു മണിക്കൂറോളം ഉണ്ണി തെങ്ങില്‍ തന്നെ കാത്തിരുന്നു. അവര്‍ ലൈറ്റ് ഓഫ്‌ ചെയ്യുകയോ പരസ്പരം അടുത്ത് വരുകയോ ചെയ്തില്ല എന്ന് മാത്രമല്ല. നല്ല ഉറക്കത്തില്‍ ആയതിന്‍റെ ലക്ഷണങ്ങള്‍ കാണാനും പറ്റി. സാവധാനം താഴെ ഇറങ്ങി, നെഞ്ചില്‍ പറ്റിപ്പിടിച്ചിരുന്ന തെങ്ങിന്‍റെ 'ആരുകള്‍' തട്ടിക്കളഞ്ഞു പതിയെ വണ്ടിയുടെ അടുത്തേക്ക് നടന്നു. നെഞ്ചില്‍ അവിടവിടെയായി പല നിലവാരത്തിലുള്ള നീറ്റല്‍.

'ആദ്യരാത്രിയല്ലേ, ചിലപ്പോള്‍ ഇങ്ങേനെയും ആവാം, നമുക്ക് തന്നെ എത്ര എത്ര അനുഭവങ്ങള്‍. നാളെ ശരിയാകും' ഉണ്ണിയുടെ ആത്മഗതം വീണ്ടും വിടര്‍ന്നു.

പിറ്റേന്നു ഉണ്ണി പതിവ് സമയത്ത് തെങ്ങിന്‍റെ തടിയില്‍ ഹാജര്‍. ഇന്ന് രണ്ടു പേരും ഒരങ്കത്തിനെന്നപോലെ പെട്ടെന്ന് തന്നെ മുറിയിലെത്തി, കതകടച്ചു. ഇന്ന് ഗോള്‍ഡന്‍ കളറില്‍ ഉള്ള ഒരു നൈറ്റിയാണ് രജനി ഇട്ടിരിക്കുന്നത്.

മനോഹരം, സസ്യശ്യാമള കോമളം! ഉണ്ണിക്ക് 'താന്‍ സ്വയം ഒരു മരംകൊത്തി ആണെന്നും, അത് തന്നെ ആണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും തോന്നിപ്പോയി'.

ചടപടാന്ന് കട്ടിലില്‍ ഇരിക്കുന്നു, എന്തൊരു ചൂട് എന്ന ഭാവം വരുത്തി 'പൂത്തലയന്‍' ഇട്ടിരുന്ന ടീഷര്‍ട്ട് ഊരി വക്കുന്നു. അതു കണ്ട് രജനി വാ പൊത്തി ചിരിക്കുന്നു.

ഉണ്ണിക്ക് കുളിരു കോരി. എന്നിട്ട് കോരിയ കുളിരു കൊണ്ട് തന്നെ അവന്‍ കുളിച്ചു.

ഇതാ കാത്തിരുന്ന ആ മുഹൂര്‍ത്തം സമാഗമം ആയിരിക്കുന്നു. സംസാരം തുടങ്ങി രണ്ടു മിനിറ്റിനുള്ളില്‍ ലവന്‍ ഒരു ഇരുപത്തഞ്ചു പ്രാവശ്യം ലവളെ തൊടാന്‍ ശ്രമിച്ചു. അത്രയും പ്രാവശ്യം അവള്‍ വഴുതിമാറുകയും ചെയ്തു.

ദി ഓള്‍ഡ്‌ ശങ്കരന്‍ ഈസ്‌ ഓണ്‍ ദി സെയിം കോക്കനട്ട് ട്രീ !

വീണ്ടുമൊരു കരാര്‍ ഒപ്പിട്ടു തലേ ദിവസത്തെപ്പോലെ അവര്‍ രണ്ടറ്റത്തായി ഉറങ്ങാന്‍ കിടന്നു. മറ്റേ തെണ്ടിയുടെ ഷര്‍ട്ട് ഊരിയതല്ലാതെ വേറൊന്നും നടന്നില്ല.

അവന്‍റെ 'ചൂട്ട് വച്ച് കത്തിച്ചു കരിഞ്ഞ പോലെയുള്ള നെഞ്ച്' കാണേണ്ടി വന്നല്ലോ ഭഗവാനെ എന്ന ആത്മഗതത്തോടെ പഴയ പോലെ നെഞ്ച് ഉരച്ച് താഴെ ഇറങ്ങി. അവന് വിഷമം സഹിക്കാന്‍ പറ്റിയില്ല. രണ്ടു ദിവസം ആയി, നെഞ്ചത്തെ കംപ്ലീറ്റ് തൊലി പോയി എന്ന് മാത്രമല്ല, രണ്ടു-മൂന്ന് മണിക്കൂര്‍ തെങ്ങുമ്മേല്‍ പിടിച്ചിരുന്നു തോളെല്ല് വേദനിക്കുന്നു.

'ഒരു അച്ഛന് പിറക്കാത്ത മക്കള്‍ !' (കടുത്ത ഒരാത്മഗതം, സംഘർഷം കൊണ്ടാണ്, തെറ്റിദ്ധാരണ വേണ്ടാ)

 പിറ്റേ ദിവസം ഉണ്ണി ഓട്ടോ ഓടിക്കാന്‍ പോയില്ല. കഴിഞ്ഞ രണ്ടു ദിവസമായി 'ഒഴുക്കി കളയുന്ന' എനര്‍ജി കുറച്ചൊന്നും അല്ല, വയ്യ !

വൈകുന്നേരം വരെ കിടന്നുറങ്ങി. സന്ധ്യ ആയപ്പോള്‍ നേരെ ബാറിലേക്ക് വിട്ടു. ഒന്ന് രണ്ട് മൂന്ന് അങ്ങിനെ വേറൊരു ലോകത്തേക്ക് യാത്രയായി, യാത്ര കഴിഞ്ഞു വരുകയും ചെയ്തു.

ഫിറ്റ് ആവാതിരിക്കാന്‍ അല്ലെങ്കില്‍ ആയി യാത്ര മുടങ്ങാതിരിക്കാന്‍, ഇടക്കിടെ സമയം നോക്കിക്കൊണ്ടിരുന്നു. അങ്ങിനെ ഒമ്പതര എന്ന ശുഭമുഹൂര്‍ത്തം സമാഗമമായി. പാടത്തെത്തുമ്പോള്‍ ആരോക്കയോ തെങ്ങിന്‍റെ മൂട്ടില്‍ ഇരുന്നു കള്ള് കുടിക്കുന്നു. നാശം! വണ്ടി കുറച്ച് മുന്നോട്ട് കൊണ്ട്പോയി പാര്‍ക്ക്‌ ചെയ്തു. ലവന്മാരുടെ കണ്ണില്‍ പെടാതെ പറമ്പില്‍ കയറി. തെങ്ങിനടുത്ത് എത്തുമ്പോള്‍ കാല് തെന്നുന്നുണ്ട്.

തെങ്ങുമ്മന്ന് വീണു മയ്യത്തവ്വോ എന്‍റെ റബ്ബേ !

അങ്ങിനെ പത്ത്‌-പതിനഞ്ച് മിനിറ്റ് കൊണ്ട് ലവന്‍ മുകളിലെത്തി. പതിവിനു വിപരീതമായി ഇത്തവണ അവര്‍ നേരത്തേ സംസാരം തുടങ്ങിയിരുന്നു.

ഛെ, ലേശം വൈകി, എന്നാലും ഒന്നും നടന്നിട്ടില്ല എന്ന് കരുതാം. (ആത്മഗതം വീണ്ടും)

കുമാരി രജനി ഇന്ന് വെള്ള നൈറ്റിയാണ് ഇട്ടിരിക്കുന്നത്, അതും നിഴലടിക്കുന്നത്. അപ്പൊ ഇന്ന് എന്തെങ്കിലും നടക്കും. കുമാരന്‍ ലുങ്കി മാത്രം.

'വൃത്തികെട്ടവന്‍ !'

അങ്ങോട്ടും ഇങ്ങോട്ടും അനങ്ങുമ്പോള്‍ കുമാരിയുടെ അവയവചലനങ്ങള്‍ ഉണ്ണിയുടെ ബ്ലഡ്‌ സര്‍ക്കുലെഷന്‍ കൂട്ടി. കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് അവനു മനസ്സിലായി, തെങ്ങിനും.

'ഗഡി തെങ്ങുമ്മേന്ന് തള്ളി താഴേട്വോ !'

പക്ഷെ  ഇതൊക്കെ ആയിട്ടും 'ടച്ചിങ്ങ്സ്' നടക്കുന്നില്ല. കുമാരന്‍ ട്രൈ ചെയ്യും കുമാരി ഒഴിഞ്ഞു മാറും. കയ്യില്‍ പിടിച്ചാല്‍ കൈ കുടഞ്ഞു മാറ്റും, തോളില്‍ പിടിച്ചാല്‍ തോള്‍ ഊരി മാറ്റും, കാലില്‍ പിടിച്ചാല്‍ കൈ എടുത്തു മാറ്റും. പുന്നാരമോള്‍ ഇങ്ങനെ തുടങ്ങിയാൽ 'കാര്യങ്ങള്‍' എങ്ങനെ നടക്കും. ദിവസം മൂന്നായി തെങ്ങുമ്മേല്‍ സര്‍ക്കസ്‌ തുടങ്ങിയിട്ട്.

ഇല്ല, ഇങ്ങനെ വിട്ടാല്‍ ഇന്നും ഇവള് നമ്മളെ 'ഊഞ്ഞാലാടിക്കും' എന്നുറപ്പായ ഉണ്ണി സംഗതി കുറച്ച്  ഈസിയാക്കാൻ ഇങ്ങനെ വിളിച്ച് പറഞ്ഞു.

'ഒന്ന് സമ്മതിക്കന്നേയ്, എന്തായാലും കല്യാണം ഒക്കെ കഴിഞ്ഞതല്ലേ'.

ആത്മഗതം ലെവലിലല്ല, പരമാവധി ശബ്ദത്തില്‍ തന്നെയാണ് ലവന്‍ വിളിച്ചു പറഞ്ഞത്. കുമാരനും കുമാരിയും ഞെട്ടി എണീറ്റ് ജനലിലേക്ക് നോക്കുന്നു. അലമാരയിൽ നിന്നും രജനി ഒരു ടോര്‍ച്ച് എടുത്തുകൊണ്ടു വന്നു അടിക്കുമ്പോള്‍ കാണുന്നത്, ലവന്‍ തെങ്ങില്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണ്.

'അയ്യോ' രജനിയുടെ അലമുറ

'ആരാടാ പാതിരാത്രി തെങ്ങുമ്മേ' കുമാരന്‍റെ ഗര്‍ജനം.

'കള്ളന്‍ കള്ളന്‍ കള്ളന്‍' കോറസ്സായി പരമേശ്വരേട്ടനും ചന്ദ്രികേച്ചിയും, പിന്നെ ചേച്ചിയുടെ അനിയത്തി വിലാസിനി,അങ്ങിനെ പലരും

'ചേട്ടാ ടോര്‍ച്ച് മുഖത്തേക്കടിക്കല്ലേ, കണ്ണ് മഞ്ഞളിക്കണ്' ഉണ്ണി വീണ്ടും ഉറക്കെ !

'പിടിയെടാ അവനെ' കുമാരന്‍റെ ഗര്‍ജനം വീണ്ടും.

'ബ്ധും' ഉണ്ണി താഴെഎത്തി.

പിന്നേട് ലവന് ബോധം വരുമ്പോള്‍ അതെ തെങ്ങില്‍ തന്നെ കെട്ടിയിട്ടിരിക്കുകയാണ്. നേരം വെളുത്തിരിക്കുന്നു. ശരീരമാസകലം വേദന. എല്ലാവന്മാരും കൂടി ശരിക്ക് മെടഞ്ഞിട്ടുണ്ട്.

പോലീസ് വന്നു, കേട്ടഴിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. കുമാരനും കുമാരിയും പരസ്പരം നോക്കി ചിരിക്കുന്നുണ്ട്.

ശേഷം കൊടകരക്കാര്‍ ഉണ്ണിയെ കാണുന്നത് ഏകദേശം ഒരു കൊല്ലത്തിനു ശേഷമാണ്.

ജയിലായിരുന്നോ അതോ 'ദുഫായിയില്‍' ആയിരുന്നോ എന്നൊക്കെ ആളുകള്‍ ചോദിച്ചെങ്കിലും ഉണ്ണി ചിരിച്ചുകൊണ്ട് പുതിയ ഓട്ടോയുടെ ഗിയര്‍ മാറ്റി.

Comments

  1. innaanu kandathu....kalakkeettundu!!

    ReplyDelete
  2. ഇന്നാണ് തിരിച്ചു വരുന്നത്, താങ്ക്സ് കുഞ്ഞാലി, ഇനി തിരിഞ്ഞു നോക്കീല്ലെങ്കിൽ ഇതൊന്നും കാണാൻ പറ്റൂല്ലല്ലോ എന്ന് തോന്നീപ്പം വന്ന്.

    ReplyDelete

Post a Comment