ലീക്ക്‌ അഥവാ ചില 'ഉസ്കൂള്‍' വിശേഷങ്ങള്‍ !

പ്രാഥമിക വിദ്യാ-അഭ്യാസം പൂര്‍ത്തിയാക്കുന്നത് കൊടകരയിലെ പ്രൈമറി സ്കൂളിലും ബോയ്സ് ഹൈസ്കൂളിലും ആയിട്ടായിരുന്നു. ഒട്ടും സംഭവ ബഹുലമായി പിന്നീട് തോന്നിയിട്ടില്ലാത്ത ആ കാലഘട്ടം പക്ഷെ ജീവിതത്തിലേക്ക് പലവിധ സൂചികകള്‍  നല്‍കിയിട്ടുണ്ട്. പക്ഷെ അതൊന്നുമല്ല ഇവിടുത്തെ കാര്യം. ജസ്റ്റ്‌ ഫണ്‍ !

മറ്റെല്ലാ സ്കൂളിലും ഉള്ളത് പോലെ ഞാന്‍ പഠിച്ച ഈ സ്കൂളിലും ഉള്ള ഒരു പ്രധാന വിനോദമായിരുന്നു ടീച്ചര്‍മാര്‍ക്കും മാഷന്മാര്‍ക്കും പേരിടുക എന്നത്.

(എന്താ മാഷന്മാര്‍ ടീച്ചര്‍മാര്‍ അല്ലേ ? ആര്‍ക്കറിയാം !)

ഉഗ്രന്‍, മദാസല അഥവാ മദാലസ, പര്‍വതം, അടുക്കള, രതിനിര്‍വേദം, ബാലാമണി, ഡ്രില്ലപ്പന്‍, കുംഭാരന്‍, അങ്ങിനെ അങ്ങിനെ നിരവധി പേരുകള്‍.

ഇതോരു പക്ഷേ ആളിന്‍റെ സ്വഭാവം നോക്കിയാവം, അല്ലെങ്കില്‍ പേരുമായി ചേര്‍ന്ന എന്തെങ്കിലും, ഇനി അതുമല്ലെങ്കില്‍ സംസാരമോ എന്തിനു അവയവങ്ങള്‍ വരെ ഈ പേരിടലിന് കാരണമായിട്ടുണ്ട്.

ഉഗ്രന്‍ - എന്തിനേയും ഉഗ്രന്‍ ചേര്‍ത്ത്‌ പ്രയോഗിക്കുന്ന മാഷ്‌

പര്‍വതം - പാര്‍വതി ടീച്ചര്‍, പേര് തന്നെ വില്ലന്‍

അടുക്കള - 'ഒരു മാതിരി അടുക്കള' എന്ന് ചേര്‍ത്ത്‌ പ്രയോഗിക്കുന്ന രാമകൃഷ്ണന്‍ മാഷ്‌

രതിനിര്‍വേദം - സിമ്പിള്‍ 'രതി' ടീച്ചര്‍ - ഡോണ്ട് മിസണ്ടര്‍സ്റ്റാന്‍റ് മി !

ബാലാമണി  - മണി ടീച്ചര്‍


ഡ്രില്ലപ്പന്‍ - സാധാരണ ഡ്രില്‍ മാഷ്‌, ന്ച്ചാല്‍ 'പീട്ടി മാസ്റ്റര്‍' എന്നര്‍ത്ഥം.

കുംഭാരന്‍ - കുമാരന്‍ മാഷ്‌ (പാവം)

മദാലസ  - ആനി ടീച്ചര്‍ (എന്ത് ചെയ്യാന്‍, പിള്ളേരുടെ പ്രായം അതല്ലേ ? ടീച്ചറും ഒട്ടും മോശായിരുന്നില്ല !)


പക്ഷെ  പേരുകള്‍ ഇല്ലാത്ത മാഷമ്മാരും (ടീച്ചര്‍മ്മാരും !) ഉണ്ടായിരുന്നു കേട്ടോ.

ഒരിക്കല്‍  'മുള്ളന്‍' ശശി, തലമുടിയെല്ലാം മുള്ള് പോലെ നില്‍ക്കുന്നത് കൊണ്ട് അവന്‍സിന് കിട്ടിയ പേര്, ക്ലാസ്സില്‍ ഇരുന്നു കേടുവന്ന 'ഹീറോ' പേന നന്നാക്കുകയായിരുന്നു.

അന്നത്തെ 'ഹീറോ' പേനാന്ന് പറഞ്ഞാല്‍ ഇന്നത്തെ കാര്‍ട്ടിയറാ. അപ്പോള്‍ കേടു വന്നാല്‍ നന്നാക്കാതെ പറ്റില്ല.

ഉഗ്രന്‍  മാഷ്‌ ഭൂമിശാസ്ത്രം ക്ലാസ്‌ എടുത്തു കൊണ്ടിരിക്കുന്നു. (നല്ല പോലെ ബുദ്ധിമുട്ടും അല്ലേ, ക്ലാസ് എടുത്തു കൊണ്ട്ഇരിക്കാന്‍ !)

മുള്ളന്‍ പേന റിപ്പയറിംഗ് അവസാന ഘട്ടത്തില്‍ എത്തിയിരുന്നു. ന്ച്ചാല്‍ പേനയുടെ നിബ് അഴിച്ച് ക്ലീനിംഗ് നടത്തിക്കൊണ്ടിരിക്കുന്നു.

ഉഗ്രന്മാഷ്‌: 'ഭൂമി ഉരുണ്ടതാണ്, ഉരുണ്ടാതായിരിക്കും, ഉരുണ്ടിരിക്കുന്നു, അല്ലെങ്കില്‍ നമ്മള്‍ അതിനെ....'

(മാഷ്‌ റോക്ക് ഷോയിലെ സിങ്ങറേ പോലെ ഒന്ന് നിര്‍ത്തി)

പിള്ളേര്‍: (കോറസ് ആയി): ഉരുട്ടും ! (ഇത് മാഷ്ടെ സ്ഥിരം നമ്പര്‍ അല്ലേ !)

ഉടനെ മാഷ്‌: 'ഭൂമിയുടെ ദുര്‍ബല ഭാഗങ്ങളില്‍ എന്ത് സംഭവിക്കും, ശശി പറയൂ...'

പക്ഷെ പാട്ടത്തില്‍ ശശി അഥവാ മുള്ളന്‍ അത് കേട്ടില്ല...

തുടര്‍ന്നു മാഷ്‌ വീണ്ടും: 'ഭൂമിയുടെ ദുര്‍ബല ഭാഗങ്ങളില്‍ എന്ത് സംഭവിക്കുന്നു ? ഡോ... ശശി (ഒന്ന് ശബ്ദം കൂട്ടി)'

അതിലവന്‍ കേട്ടു. എന്ന് മാത്രമല്ല ചാടി എഴുന്നേറ്റ് ഒറ്റയടി

'മാഷേ ലീക്ക്'

ഫലം ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി.

നിന്‍റെ ലീക്ക് ഞാന്‍ നിര്‍ത്തി തരാമെടാ, പോയി വാങ്ങിച്ചിട്ട് വാടാ വടി' മാഷ്‌

(എല്ലാ മാഷന്മാരും വടി ഉപയോഗിക്കാറില്ല, ആവശ്യം വരുമ്പോള്‍ അതിന്‍റെ ഉപഭോക്താവിനെ തന്നെ അയച്ച് വായ്പ വാങ്ങാറാണ് പതിവ്. ഉപയോഗം കഴിഞ്ഞാല്‍ ആ ഹതഭാഗ്യന്‍ തന്നെ തിരിച്ചു കൊണ്ട് കൊടുക്കണം)

അങ്ങിനെ മുള്ളന്അഞ്ചടിയും വേറൊരു പേരും കിട്ടി, 'ലീക്ക്‌'.

Comments