ഇത്തള്‍ ബാബു, 'ദി ജിം മാന്‍'

(വളരെ നാളുകള്‍ക്കു ശേഷം, എന്‍റെ ഒരു സുഹൃത്തിനെ കുറിച്ച് ചില ചിന്തകള്‍)

ഇത് മുന്‍പ്‌ പറഞ്ഞ 'കുറാലി ദി ഗ്രേറ്റ്‌' ബാബു അല്ല, ലിത് 'ഇത്തള്‍' ബാബു !

'ഇത്തള്‍' സുകുവേട്ടന്‍റെ സ്വന്തം 'ഇത്തള്‍' കമ്പനിയില്‍, ടിയാന്‍ സ്വന്തമായി നടത്തുന്ന കൊടകരക്കാരുടെ സ്വന്തം ജിംനേഷ്യത്തിന്‍റെ എല്ലാം എല്ലാം ആയ ബാബു.

ലതാണ് ലിത്.

നീറ്റു കക്ക അഥവാ വെറും കക്ക ഏലിയാസ്‌ 'കുമ്മായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തു', ലതിനെ കൊടകര രാജ്യത്തും പ്രാന്തപ്രദേശങ്ങളിലും അറിയപ്പെട്ടിരുന്ന അപരനാമധേയം ആണ്'ഇത്തള്‍',

ഡോണ്ട് മിസണ്ടര്‍സ്റ്റാന്‍റ് മി !

ലത് വില്‍ക്കുന്ന ഒരു കട ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ശ്രീ 'മാന്‍' സുകുവേട്ടന് 'ഇത്തള്‍' സുകുവേട്ടന്‍ എന്ന പേര് വീണത്‌. പിന്നീട് അദ്ദേഹം പല പല ബിസിനെസ്സുകള്‍ നടത്തിയെങ്കിലും പേര് പഴയത് തന്നെ !

സദ്യക്കുള്ള പാത്രങ്ങള്‍, പന്തല്‍, ലൈറ്റ്, സൌണ്ട് അങ്ങിനെയുള്ള ഗടിപിടികള്‍ വാടകക്ക് കൊടുക്കുന്ന സ്ഥാപനം, ആര്യവൈദ്യശാലയുടെ ഫ്രാഞ്ചൈസി, സൈക്കിള്‍ ഷോപ്പ്, സ്പെയര്‍ പാര്‍ട്സ് കടഎന്നിങ്ങനെ പല പരിപാടികള്‍ ആരംഭിച്ചെങ്കിലും സുകുവേട്ടന്‍ അന്നും ഇന്നും എന്നും ഇത്തള്‍ സുകുവേട്ടന്‍ തന്നെ. ചിലപ്പോള്‍ 'സൈക്കിള്‍ ഷോപ്പ് അറിയില്ലേ നമ്മടെ ഇത്തള്‍ സുകുവേട്ടന്‍റെ സൈക്കിള്‍ ഷോപ്പ്' എന്നെങ്ങാന്‍ പറഞ്ഞാലായി.

 'പ്രാഞ്ചിയേട്ടനില്‍' രഞ്ജിത്ത്പ്രയോഗിച്ച പോലെ.

(തൃശ്ശൂരും കൊടകരയും തമ്മില്‍ വലിയ ദൂരം ഉന്നും ഇല്ലഹേ !)

ബാക്ക് ടു ദി പവലിയന്‍, കോടലിയിലാണ്ബാബുവിന്‍റെ വീട്.ഏകദേശം അഞ്ചടി പതിനൊന്നിഞ്ചു ഉയരം, ഒത്ത വണ്ണം (എന്‍റെ പോലെ കണ കുണാന്നുള്ള തടിയല്ല), നല്ല 'V' ഷെയപ്പിലുള്ള ബോഡി (അന്നേ അവനു പത്തോ പന്ത്രണ്ടോ പായ്ക്ക് ഉണ്ടെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്).

എന്തായാലും കൊടകരക്കാരുടെ ആരോഗ്യ പരിപാലന കാര്യങ്ങളില്‍ ചിരപുരാതന കാലം തൊട്ടേ നല്ല ശ്രദ്ധയുള്ള ആളായിരുന്നു ശ്രീ സുകുവേട്ടന്‍ എന്നത് ഈ ഒരൊറ്റസ്ഥാപനത്തിന്‍റെ ആരംഭത്തോടെ തെളിയിച്ചിരുന്നു. അര്‍നോള്‍ഡ്‌ ശിവശങ്കരന്‍ (ഷ്വാര്‍സനെഗ്ഗര്‍) മുതല്‍ ഭീമന്‍ രഘു വരെയുള്ള സകല 'കട്ടകളെയും' സഹകരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപെട്ടതിനു ശേഷമാണ് സുകുവേട്ടന്‍ ബാബുവിനെ പിടികൂടുന്നത്. പിന്നീട് അങ്ങോട്ട്‌, നേരത്തെ സൂചിപ്പിച്ച, പരിപാലന കാര്യങ്ങളില്‍ ടി 'ദേഹത്തിന്‍റെ' കൂടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ശ്രീ ബാബു ഉണ്ടായിരുന്നു.

ഇത്തള്‍ സുകുവേട്ടന്‍റെ വക ജിമ്മില്‍ മാഷായി ബാബു, ശ്രീമാന്‍ ഇത്തള്‍ ബാബു അഥവാ 'ദി ഇത്തള്‍'.

പാമ്പുള്ളി ലിബു, സിഖ്‌ ബെന്നി, മിന്നല്‍ പ്രദീപ്‌, മുണ്ടക്കല്‍ ഷൈന്‍, അനിയന്‍ ഷമ്മി, അവന്‍റെയും അനിയന്‍ ഡുങ്കു, മുണ്ടക്കലെ തന്നെ സുബ്രഹ്മണ്യന്‍, ചേട്ടന്‍ വിശ്വംഭരേട്ടന്‍, ദദിന്‍റെയും മൂത്ത ഗോപലേട്ടന്‍, മുണ്ടക്കല്‍ സതാനന്ദന്‍, സ്റ്റാന്‍ലി എന്ന് തുടങ്ങി  എട്ടുകാലി, സുകുമാരന്‍, സൂറായി വരെയുള്ള സകലമാന സിംഹങ്ങള്‍ക്കും പേശീബലം ഉണ്ടാകാന്‍ അവരുടെയെല്ലാം തോളോട് തോള്‍ ചേര്‍ന്ന് രാപ്പകല്‍ ഇല്ലാതെ അദ്ധ്വാനിച്ചിരുന്ന ഞങ്ങളുടെ സ്വന്തം 'ഇത്തള്‍'.

മാസത്തില്‍  ഒരു ദിവസം ജിമ്മില്‍ വരുകയും തന്മൂലം ഒരാഴ്ച പനിച്ച് കിടക്കുകയും പിന്നീട് ആ വിഷമം തീര്‍ക്കാന്‍ ആ മാസം മുഴുവന്‍ വെള്ളമടിച്ച് മറിയുന്ന ദിലീപ്‌ (ടിയാന്‍ സുകുവേട്ടന്‍റെ തന്നെ 'ഷോപ്പിംഗ്‌ മാളില്‍'- ന്ച്ചാല്‍ ഒരു നാലുമുറിക്കടയില്‍ - വീഡിയോ ഷോപ്പ് നടത്തുന്നു), ജിമ്മില്‍ വന്നാല്‍ മിനിറ്റിനു മിനിറ്റിനു മസിലിന്‍റെ വളര്‍ച്ച നോക്കിക്കൊണ്ടിരിക്കുന്ന പന്തല്ലൂക്കാരന്‍ ലോനപ്പന്‍, ഒരിക്കല്‍ പോലും ജിമ്മില്‍ പോകാതെ ദിവസേനഉപദേശം സ്വീകരിച്ചിരുന്ന 'ഞാന്‍' തുടങ്ങി അസംഖ്യം ശിഷ്യഗണങ്ങളോട് കൂടി ബാബു സസുഖം വാണ് പോന്നിരുന്നു.

ഭക്ഷണം, ദിനചര്യകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്വന്തമായി ഒരു യുണിവേഴ്സിറ്റി നടത്തിയിരുന്ന ആളായിരുന്നു ഇത്തള്‍. പനി വന്നാല്‍ സാധാരണ നമ്മളൊക്കെ ഭക്ഷണം പകുതിയാക്കുമ്പോള്‍ ബാബുവിന്‍റെ തിയറി അത് ഇരട്ടിയാക്കണം എന്നാണ്‌. പനിയെ നേരിട്ട ഒന്ന് രണ്ട് സംഭവങ്ങള്‍ ബാബുവിന്‍റെ 'ഫാഷയില്‍' ...

'ഇന്നലെ നല്ല പനിയുണ്ടായിരുന്നു, ഞാന്‍ പ്ലാവില്‍ കയറി രണ്ട് ചക്കയങ്ങോട്ട് തട്ടി. ഒന്നവിടെത്തന്നെ ഇരുന്നും പിന്നൊന്നു താഴെ വന്നിരുന്നും അങ്ങട് തിന്നു. പിന്നെ പനി എവടാ പോയേന്ന് തപ്പി നോക്കേണ്ടി വന്നു !'

പിന്നൊരിക്കല്‍....

'ഇന്നലെ അമ്മായിടെ അവിടെ ആയിരുന്നു. കാലത്ത്‌ നോക്കുമ്പോള്‍ നല്ല പനി.കാലത്തെ കഞ്ഞി കഴിക്കേം ചെയ്തു ഉച്ചക്കുള്ളത് ആയിട്ടും ഇല്ല, പതുക്കെ പുറത്തിറങ്ങി നോക്കീപ്പോ വരമ്പത്ത് തന്നെ ഷാപ്പ്‌. ഞാന്‍ പോയി ഒരു പതിനാറു പൊറോട്ടേം ഒരു മൂന്ന് ബീഫും അങ്ങട് തട്ടി.പനി തെറിച്ചാ പോയി'

'പനി വന്നാല്‍ നമ്മള്‍ പേടിക്കുകയല്ല വേണ്ടത്, പകരം പനി നമ്മളെ പേടിച്ച് മാറുകയാണ് വേണ്ടത്' എന്നാണ് ഈ പറഞ്ഞതിന്‍റെ പിന്നിലെ തിയറി.

ബാബുവിന്‍റെ ഫുഡ്‌ മെനുവില്‍ എന്നും ഒരു റിസര്‍ച്ചിനുള്ള വക ഉണ്ടായിരുന്നു. ചോറില്‍ പാലൊഴിച്ച് അതില്‍ പഴം ഉടച്ചു ചേര്‍ത്ത് തിന്നിരുന്ന 'രാജാപ്പാര്‍ട്ട് മെനു' മുതല്‍ പഴംപൊരി പാലില്‍ മുക്കി തിന്നുന്ന ലോക്കല്‍ മെനു വരെ എല്ലാം സുലഭം. പക്ഷെ ഏതു കോമ്പിനേഷന്‍ എടുത്താലും അതില്‍ പാല്‍ ഉണ്ടാകും എന്നതായിരുന്നു ഇതിന്‍റെ ഒരു ഹൈലൈറ്റ്സ്. പാല്‍ ഒരു 'വീക്കെന്‍സ്' ആണെന്ന് ചുരുക്കം.

ബാബു  കല്യാണം കഴിച്ചത് ഒരു ഡോക്ടറെ ആണ്.അതും ലവന്‍ കേയെസ്സാര്‍ട്ടിസിയില്‍ എംപാനല്‍ ഡ്രൈവന്‍ ആയിരിക്കുമ്പോള്‍. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് ബാബുവിന്‍റെ 'ശേഷി' ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവും.

(ഓര്‍ഡിനറി ബസ്സ് പോലും നിര്‍ത്താത്ത ഹൈവേ - അഴകം റോഡ്‌ ക്രോസില്‍, ജില്ലയില്‍ ഒരിടത്ത് മാത്രം നിര്‍ത്തുന്ന 'ലൈറ്റനിംഗ് എക്സ്പ്രസ്സ്‌' നിര്‍ത്തുന്നത് ശ്രീമാന്‍ ബാബു എംപാനല്‍ ഡ്രൈവന്‍ ആയതിനു ശേഷം, ആ സൌജന്യം ഈ ഉള്ളവന് വേണ്ടി മാത്രം.)


കല്യാണത്തിനു ഞങ്ങള്‍ എല്ലാവരും പങ്കെടുത്തിരുന്നു. താലികെട്ടല്‍ മാലയിടല്‍ പുടവ കൊടുക്കല്‍ തുണി-മണി-ആഫരണം 'ചെക്സേഞ്ച്' ചെയ്യല്‍ തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം  മധുരം കൊടുക്കുകാ എന്ന് ഒരു പ്രയോഗം ഉണ്ട്, അതായത് പെണ്ണിന്‍റെയും ചെറുക്കന്‍റെയും കാര്‍ന്നോമ്മാരും ബന്ധുക്കളും വരി വരിയായി പെണ്ണിനും ചെറുക്കനും മൂന്ന് സ്പൂണ്‍ വീതം 'പാല്‍', ചിലയിടങ്ങളില്‍ ഒരു ടച്ചിങ്ങ്സ് പോലെ ഒരു കഷ്ണം പഴവും കൊടുക്കും ( തദ്വാര പല സ്ഥലങ്ങളിലും ഇതിനെ 'പാലും പഴവും കൊടുക്കുകാ' എന്നും വിളിക്കാറുണ്ട്).

ഇവിടെ ചടങ്ങിന്‍റെ ഒരു 'ഉല്‍ഘാടനം' എന്ന നിലയിലും പെണ്ണിന്‍റെ വീട്ടിലെ വിശിഷ്ട വ്യക്തി എന്ന നിലയിലും പെണ്ണിന്‍റെ അമ്മ അതായത് ബാബുവിന്‍റെ അമ്മായിഅമ്മ, പാല്‍ ഗ്ലാസ് സ്പൂണ്‍ തുടങ്ങിയ ആയുധങ്ങളുമായി ബാബുവിനെ സമീപിക്കുന്നു, ഒരു ചെറു ചിരിയോടെ.

സ്പൂണ്‍ വായിലേക്ക് വന്നപ്പോള്‍ ബാബു വായ തുറന്നു. ഒരു റിഫ്ലെക്സ് ആക്ഷന്‍ പോലെ അമ്മായി അമ്മയും അതേ അളവില്‍ വാ തുറന്നു കൊണ്ട് 'നീര്' ബാബുവിന്‍റെ വായിലേക്ക് ഒഴിക്കുന്നു. അപ്പോഴാണ്‌ ദ്രാവകം ഏതാണെന്ന് ബാബുവിന് മനസ്സിലാകുന്നത്.

പാല്‍ !. വീക്നെസ്സില്‍ ടച്ച് പണ്ണിട്ടയ്യാ, ടച്ച് പണ്ണിട്ടെന്‍ !

അമ്മായിഅമ്മ ചിരിച്ച അതേ ചിരിയോടു കൂടി തന്നെ ബാബു ഇടത്തേ കൈ കൊണ്ട് 'സപ്ലൈ' നിര്‍ത്താന്‍ ആഗ്യം കാണിക്കുന്നു. വലത്തേ കൈ കൊണ്ട് പാല്‍ ഗ്ലാസ്‌ വാങ്ങുന്നു, അത് അതുപോലെ തന്നെ വായിലെക്ക് കമഴ്ത്തുന്നു, ചിരിച്ചുകൊണ്ട് തന്നെ ഗ്ലാസ്‌ അമ്മായിഅമ്മക്ക് തിരിച്ചു കൊടുക്കുന്നു.

നേരത്തേ തുറന്ന വാ അടക്കാന്‍ പറ്റാതെ അമ്മായിഅമ്മ അന്തം വിട്ടു പോയി. സാക്ഷാല്‍ യേശുക്രിസ്തു അയ്യായിരം പേര്‍ക്ക് സപ്ലൈ ചെയ്ത പോലെ, ഈ ഒരു ഗ്ലാസ് പാല്‍ അയ്യായിരം പേര്‍ ചേര്‍ന്ന് കൊടുത്താലും പിന്നെയും ബാക്കി വരേണ്ടതാണ്. അതാണ്‌ 'മരുമോന്‍' ഒറ്റയടിക്ക് വിഴുങ്ങിയത്. ഒരു ചടങ്ങ് കുളമായതിന്‍റെ ഭാവം മുഖത്ത്‌ അണിഞ്ഞുകൊണ്ട് അവര്‍ രംഗത്തു നിനിന്നു നിഷ്ക്രമിച്ചു. പിന്നീട് പെണ്ണ്, വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരത്താണ് അവരെ ഒരു നോക്ക് കാണാന്‍ കിട്ടുന്നത്. അതും ബാബുവിനെ പൂര്‍ണമായും തഴഞ്ഞ ഒരു ദ്രിഷ്ടിയോടെ !

ബാബുവിന്‍റെ മറ്റൊരു വീക്കെന്‍സ്‌ ആണ് 'പച്ചയിറച്ചി', ന്ച്ചാല്‍ വേവിക്കാത്ത മാംസം. അതിനെ പറ്റി ബാബു പറയുന്നത് ഇങ്ങനെ ...

'പച്ചയിറച്ചിയുടെ മണം വരുമ്പഴേ എനിക്കൊരു വെപ്രാളം ഉണ്ടാവും, ഒരു മാതിരി, സ്കൂളില്‍ പഠിക്കുന്ന കാമുകി നമ്മള്‍ ഒറ്റക്കിരിക്കുന്ന റൂമില്‍ വരുന്ന പോലെ, ആകെ കൂടി 'ഒരിത്'. പിന്നെ അമ്മ കാണാതെ ഒരു അഞ്ചാറു കഷ്ണം അടിച്ചു മാറ്റി ശാപ്പിട്ടാലെ എനിക്ക് ഒരു മനസ്സമാധാനം കിട്ടു'

ഞങ്ങള്‍ ഇതനുഭവിച്ചത്, സ്റ്റാന്‍ലിയുടെ ചേട്ടന്‍  ഗള്‍ഫില്‍ നിന്നും ലീവിന് വന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് ഒരു 'ബടാഘാനാ' ഉണ്ടാക്കാന്‍ തീരുമാനിച്ച് അങ്ങേരുടെ വീട്ടില്‍ കൂടിയപ്പോള്‍ ആണ്. പത്ത്‌ കിലോ ചിക്കന്‍ വാങ്ങി വൃത്തിയാക്കി ഇത്തളിന്‍റെ നേതൃത്വത്തില്‍ പാചകം ആരംഭിക്കുന്നു.ബീഫ്‌ പോര്‍ക്ക്‌ എന്നിവയെല്ലാം സ്റ്റാന്‍ലി ആന്‍ഡ്‌ ടീം നോക്കുന്നുണ്ടായിരുന്നു.

ഇടക്ക് ബാബൂസ്‌ ടീമിലെ രാജേന്ദ്രന്‍റെ, 'കാവില്‍ ടൈഗര്‍',  'ഡാ വേണ്ടഡാ', 'ഏയ്‌, എന്ത് പരിപടിയാനിഷ്ടാ', 'മതീന്ന്', 'മൈ%$#, നീ നിര്‍ത്തിക്കോ' എന്നൊക്കെയുള്ള ഡയലോഗ്സ് കേള്‍ക്കുന്നുണ്ടായിരുന്നു എങ്കിലും എന്താണ് സംഭവം എന്ന് സാധനം വിളമ്പിയപ്പോള്‍ ആണ് മനസ്സിലായത്‌. പത്തുകിലോ ചിക്കന്‍ പത്ത്‌ പേര്‍ക്ക് വിളമ്പിയപ്പോള്‍ കിട്ടിയത് രണ്ട് കഷണം വീതം. ആദ്യ റൌണ്ട് ആണെന്ന് കരുതി വെയിറ്റ് ചെയ്തുകൊണ്ടിരുന്ന ഞങ്ങളോട് രാജേന്ദ്രന്‍ പറഞ്ഞ ഡയലോഗ്...

'ഇനി ചിക്കന്‍ വരും എന്ന് കരുതി ആരും ഇരിക്കണ്ട, ബീഫോ പോര്‍ക്കോ വരണ വരെ ചാറില്‍ മുക്കി നക്കിക്കൊണ്ടിരുന്നാല്‍ മതി, ഒരു നാല് കിലോയുടെ ഇറച്ചിയെങ്കിലും ആ '%$#% മോന്‍' പച്ചക്ക് തിന്ന് തോലച്ചിട്ടുണ്ട്'

എല്ലാവരും ബാബുവിനെ നോക്കുമ്പോള്‍ അവന്‍സിന്‍റെ മറുപടി...

'ഓ, ഞാന്‍ രണ്ട് കഷ്ണം തിന്നതാണ് കുഴപ്പമായത്, അപ്പോഴേ ഞാന്‍ ഈ പ്രദീപിനോദ്‌ പറഞ്ഞതാ പത്ത്‌ കിലോ മതിയാവില്ലാ എന്ന്. എന്നിട്ടിപ്പോ ഞാന്‍ പച്ചക്ക് രണ്ട് കഷണം തിന്നതിനാണ്. വേണ്ടാ, ഇനി ബീഫിലോ പോര്‍ക്കിലോ ഞാന്‍ തൊടില്ല. പോരേ ?'

പോരേ പൂരം ?, ഇതൊക്കെ കഴിഞ്ഞു അതിലും കൂടി കൈ വെക്കാനായിരുന്നു പരിപാടി.

അങ്ങിനെയിരിക്കെ ഏകദേശം ഒരാഴ്ചയോളം ബാബുവിനെ കാണാതായി. (ന്ച്ചാല്‍ ടൌണിലേക്ക് കാണാതായി എന്നാണ്). ജിമ്മില്‍ വന്നിട്ടില്ല, പാലസ് ഹോട്ടലില്‍ വന്നിട്ടില്ല, ശാന്തി ഹോസ്പിറ്റലില്‍ വന്നിട്ടില്ല, ആകെ ഒരു ബേജാറില്‍ നില്‍ക്കുമ്പോള്‍ 'ഓവിലിട്ടു വലിച്ച' പോലെ 'എല്ലും തോലുമായി' ബാബു ലാന്‍ഡ്‌ ആയിരിക്കുന്നു.

'എന്ത് പറ്റിയെടാ ?'

'ഒന്നും പറയണ്ട സൂര്യാ, ഒരബദ്ധം പറ്റി'

'നീ സംഭവം പറ'

'മൂന്ന്-നാല് മാസം കൂടുമ്പോള്‍ ഞാന്‍ ഒന്ന് വയറിളക്കാറുണ്ട്, അതൊരു സുഖാണ്‌'

'എന്നിട്ട്  ?'

'സാധാരണ ബാലന്‍ വൈദ്യര്‍ തരുന്ന മരുന്നാണ് ഞാന്‍ ഉപയോഗിക്കാറ്. ഇത്തവണ ചെന്നപ്പോള്‍ വൈദ്യര്‍ ഇല്ല. അവിടിരുന്ന തെണ്ടിച്ചെക്കന് ഈ കൂട്ടും അറിയില്ല. അറിയാതെ എന്തെകിലും എടുത്ത് അവസാനം 'തൂറ്റിളക്കം' ആകണ്ട എന്ന് കരുതി ഞാന്‍ വാങ്ങിയില്ല'

'ഹും, എന്നിട്ട് ?'

'അങ്ങിനെ ഷോബിയുടെ മെഡിക്കല്‍ ഷോപ്പിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ (ഞങ്ങള്‍ സ്ഥിരമായി കൂടാറുള്ള കോര്‍ണര്‍ ആണ് അത്) വട്ടേക്കാട് പ്രസന്നന്‍ ആണ് പറഞ്ഞത് 'ബാലസുധ'കഴിച്ചാല്‍ മതി, അവന്‍ സ്ഥിരം ഉപയോഗിക്കുന്നതാണ് എന്ന്. എന്നാല്‍ ഒന്ന് പരീക്ഷിക്കാം എന്ന് കരുതി ഷോബിയുടെ കടയില്‍ നിന്ന് തന്നെ സാധനം വാങ്ങി. അതിട്ട് തന്ന കവറില്‍ തന്നെ 'ഡോക്ടര്‍ ഷോബി' എഴുതി വച്ചിട്ടുണ്ടായിരുന്നു 'കിടക്കുന്നതിനു മുന്‍പ്‌ ചൂട്‌ വെള്ളത്തില്‍ 5 - 6 തുള്ളി' എന്ന്.'

'എന്നിട്ട് ?'

'വീട്ടില്‍ ചെന്ന് അത്താഴം കഴിഞ്ഞ ഉടനെ തന്നെ 'പ്രയോഗം' നടത്താന്‍ തീരുമാനിച്ചു. ഒരു ഗ്ലാസ്‌ ചൂട് വെള്ളം കൊണ്ട് വന്ന് വച്ച് കവര്‍ തുറന്നു. നോക്കുമ്പോള്‍ ഒരു പൊടിക്കുപ്പി വലിപ്പത്തില്‍ ഒരു സാധനം. ഈ ഒരു 'സാമാനം' ആണോ ഞാന്‍ അളന്നു കഴിക്കേണ്ടത്‌ എന്ന് ആലോചിച്ച് എനിക്ക് എന്നോട് തന്നെ 'പുജ്ഞ്ജം' തോന്നി. (ച്ചായ് ലജ്ഞാവഹം). രണ്ടാമതൊന്ന് ആലോചിച്ചില്ല, കുപ്പിയോടെ ഞാന്‍ ഒരു കമഴ്ത്ത്‌, പിന്നാലെ, കൊണ്ട് വന്ന് വെച്ച ചൂടുവെള്ളവും, ഹ്രേം, ഒരേമ്പക്കം, കൂള്‍'

'ഉം' (കണ്ടിന്യു കണ്ടിന്യു ....)

'രാത്രി ഒരുറക്കം കഴിഞ്ഞപ്പോള്‍ വീടിന്‍റെ മോന്തായം ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ചാടി എഴുന്നേറ്റത്. വല്ല കള്ളന്‍ കയറുന്നതും ആണെന്ന് കരുതി, എവിടെയാണ് ശബ്ദം കേട്ടത് എന്ന് ചെവിയോര്‍ക്കുമ്പോള്‍ ... ദേ അടുത്ത ശബ്ദം, ബ്രും, ദ്ദ്രെ, ബ്ദും, ഫ്ര്രൂം, ദ്ര്ര്‍, ഡും ബ്ടും..... പക്ഷെ സംഭവം പുരപുറത്ത് നിന്നല്ല മറിച്ച് എന്‍റെ വയറ്റില്‍ നിന്നാണെന്ന് മാത്രം.'

 'ചതിച്ചാ തല്ലിപ്പൊളി ?' ഞാന്‍ !

'ചതിച്ചെടാ സൂര്യ, സംഭവം സുനാമിയായി,ടോയ്‌ലറ്റില്‍ നിന്നും പൊങ്ങാന്‍ സമയം തന്നില്ല ഗഡി. നേരം വെളുത്തപ്പോഴേക്കും സംഗതി വശക്കെടായി.  കെടക്കാന്‍ സമയോല്ല, ക്ലോസറ്റില്‍  ഇരിക്കാന്‍ വയ്യാണ്ടും ആയി. പിന്നെ പിന്നെ വെറുതേ ക്ലോസറ്റിന്‍റെ അടുത്ത് ചാരി നിക്കും, സംഭവം ടാപ്പ്‌ തുറന്ന പോലെ ഇങ്ങനെ പോയിക്കൊണ്ടിരിക്കും. അവസാനം പിടിച്ച് നില്‍ക്കാന്‍ പറ്റാതെ  ക്ലോസറ്റിന്‍റെ അടുത്ത് കിടന്നത് മാത്രം ഓര്‍മ്മയുണ്ട്. പിന്നെ കണ്ണ് തുറക്കുമ്പോള്‍ 'ശാന്തിലാ' (ശാന്തി ഹോസ്പിറ്റല്‍)

'അപ്പോ നീ നാറ്റിച്ചണ്ടാവുലോ ?'
'പിന്നെ പറയാണ്ടാ, ബോധം പോയി കിടക്കുമ്പോഴും ലത് നില്‍ക്കുന്നുണ്ടായിരുന്നില്ലെന്നാ അനിയന്‍ പറയണത്. കാറിലും, ഹോസ്പിറ്റല്‍ ബെഡിലും, എന്ന് വേണ്ട ലോകം മുഴുവനും. ശാന്തിയില്‍ ആകെ കൂടി ഒരു ലൈന്‍ ഉണ്ടായിരുന്നതാണ് ആ എല്‍സമ്മ, ഇതിന്‍റെ കൂടെ അതും പോയിട്ടുണ്ടാവും.'

'ഛെ !' ഞാന്‍

'ഛെ !' അവന്‍

അന്നും  എന്നും 'യൂത്തന്മാരുടെ കുളുസാണ്ടര്‍' ആയിരുന്ന ഞങ്ങടെ ഷൈന്‍, ഷൈന്‍ മോന്‍, വേറേതോ മണ്ഡലം കീഴടക്കുന്നതിനയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗം ആയി ഒരു ജീവകാരുണ്യ പ്രവൃത്തിയുമായി ഒരു ദിവസം രാത്രി പാഞ്ഞെത്തുന്നു. സംഭവം 'മിഷന്‍' ഹോസ്പിറ്റലില്‍ കിടക്കുന്ന രോഗിക്ക് ഒരു 'ലോഡ്‌' രക്തം വേണം. അങ്ങിനെ കൊടകരയില്‍ രക്തം ആവശ്യത്തില്‍ കൂടുതല്‍ സ്റ്റോക്ക്‌ ഉള്ള ഞാന്‍, സുബ്രഹ്മണ്യന്‍, വട്ടേക്കാട് സുകുമാരന്‍, എട്ടുകാലി പ്രദീപ്‌, കണ്ണട ദിലീപ്‌, വയറന്‍ അരവി എന്നിവര്‍ ശ്രീമാന്‍ 'മോന്‍റെ' നേതൃത്വത്തില്‍ നേരെ മിഷന്‍ ഹോസ്പിറ്റലിലേക്ക്,ചലോ ചലോ മിഷന്‍ !

രക്തം എടുക്കുന്നതിനു മുന്നോടിയായി അതുണ്ടാക്കാനുള്ള ഒരു പ്രക്രിയ എന്ന നിലയില്‍, ഭക്ഷണം കഴിക്കാന്‍ വേണ്ടി മിഷന്‍ എത്തുന്നതിനു മുന്‍പ്‌ ആയി കണ്ട ഒരു ഹോട്ടല്‍ റെയ്ഡ്‌ ചെയ്യുന്നു.

രക്തദാനം ഉള്ളതിനാല്‍ നോ 'ഹോട്ട്',

അങ്ങിനെ 'ഫക്ഷണം' കഴിഞ്ഞു. വിഭവസമൃദ്ധമായ ഒരു ഊണിനു ശേഷം ഒന്ന് മുറുക്കി പിന്നെ തുപ്പി. ആകെക്കൂടി ഒരു 'സംബന്ധത്തിനു പോകുന്ന ചേലുക്ക് നേരെ ഹോസ്പിറ്റലിലേക്ക്...

രക്തദാനം ചെയ്യുന്നതിന് മുന്‍പുള്ള 'സന്മാര്‍ഗ - അസാന്മാര്‍ഗ' ടെസ്റ്റുകള്‍ക്കായി ഒരു 'പെഗ്' രക്തം കൊടുത്ത് ഞങ്ങള്‍ വെയിറ്റ് ചെയ്യുന്നു. അതുവരെ അങ്ങിങ്ങ് അലഞ്ഞു നടന്ന ബാബു എന്‍റെ അടുത്ത് വന്നിരുന്നു.

'ഒരുസംശയം, സൂര്യാ ?'

'ഉം ?' (ചോദിക്ക് നിന്‍റെ എല്ലാ സംശയങ്ങളും !)

'ഈ രക്തം കൊടുത്ത് കഴിഞ്ഞ് പിന്നെ നമുക്കൊരു ആവശ്യം വന്നാല്‍ എന്ത് ചെയ്യും ?'

'ഇതുപോലെ നമ്മളും ആരുടെയെങ്കിലും വാങ്ങേണ്ടി വരും'

'അപ്പൊ കൊടുക്കാതിരിക്കുന്നതല്ലേ നല്ലത് ?'

'എന്തേ ?' ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി.

'അല്ലാ, ഇപ്പൊ കൊടുത്ത് കഴിഞ്ഞാല്‍ നമ്മുളുടെ അത്രേം രക്തം പോയി, അപ്പൊ നമുക്ക് അത്രേം തന്നെ ആവശ്യം വരും, അപ്പൊത്തന്നെ വേറെ ആരോടെങ്കിലും വാങ്ങണം, അതിലും ഭേദം കൊടുക്കാതിരിക്കുന്നതല്ലേ ?'

അപ്പൊ  അതാണ്‌ കാര്യം, കൊടുത്താല്‍ അപ്പൊത്തന്നെ കേറ്റെണ്ടി വരും എന്ന് ധരിച്ചു വശായിരിക്കുന്നു, നമ്മുടെ പൂത്തലയന്‍ !

'ഡേയ്, ഒന്നോ രണ്ടോ കുപ്പി കൊടുത്താലോന്നും നമുക്കൊന്നും പറ്റില്ല, അതൊക്കെ ബോഡി അഡ്ജസ്റ്റ്‌ ചെയ്തോളും' ഞാന്‍

'ഓഹോ, എന്നാല്‍ കുഴപ്പം ഇല്ല' ബാബു.

പക്ഷെ എനിക്കെന്തോ ഒരു പെശക് മണം അടിക്കുന്നുണ്ടായിരുന്നു.

അങ്ങിനെ സന്മാര്‍ഗ - അസാന്മാര്‍ഗ' ടെസ്റ്റുകളുടെ റിസള്‍ട്ട് വന്നു, പാസ്സ് !

(ഹാവൂ ഇനി ധൈര്യമായി കുറച്ച് നാളത്തേക്ക് കൂടി നമുക്ക്'ആനമയിലൊട്ടകം' കളിക്കാം)

ഒരു ചെറിയ 'അഫിമുഖ' സംഭാഷനത്തിനായി ഓരോരുത്തരെയായി ഡോക്ടര്‍ വിളിപ്പിക്കാന്‍ തുടങ്ങി.

പ്രദീപും, സുകുമാരനും പോയതിനു ശേഷം ബാബുവിനെ വിളിച്ചു, പോകുമ്പോള്‍ ബാബു...

'പോയിട്ട് വരാം..'

എങ്ങോട്ട് പോയിട്ട് വരാമെന്ന്‍ ? ഇവന്‍ വല്ല അമേരിക്കക്കൊ മറ്റൊ ആണോ പോകുന്നത് ?

അത് കഴിഞ്ഞ് എന്നെ. എന്‍റെ ബീപ്പി ചെക്ക്‌ ചെയ്ത ഡോക്ടര്‍...

'ബീപ്പി ഉണ്ടോ ?'

'ഇതുവരെയും ഇല്ല' ഞാന്‍

'ഡു യു സ്മോക്ക്‌ ?'

'നോ' (ഹെല്‍ നോ !)

'ബീപ്പി കുറച്ച് കൂടുതല്‍ ഉണ്ട്, 100 -  130 ഉണ്ട്, മുന്‍പ്‌ വന്ന ആള്‍ക്കും ഏകദേശം ഇത് തന്നെ ആയിരുന്നു.  വേറെ എന്തെങ്കിലും കഴിച്ചിരുന്നോ ?'

(അപ്പൊ ലവനും ബീപ്പി കൂടുതല്‍ ആയിരുന്നു)

'ഭക്ഷണം കഴിഞ്ഞപ്പോള്‍ ഒരു 'പാന്‍' കഴിച്ചിരുന്നു'

'അപ്പൊ അതാണ്‌, കുറച്ച് വെള്ളം കുടിച്ച് ഒരു പതിനഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യൂ'

പക്ഷെ ബാബു പാന്‍ കഴിച്ചിരുന്നില്ലല്ലോ, എന്ന് പറയണം എന്ന് വിചാരിച്ചതാണ്, വേണ്ടെന്ന് വെച്ചു. (സൂചിപ്പിക്കാന്‍ വിട്ടു, ലവന് അങ്ങിനുള്ള ഒരു സാധനങ്ങളിലും ആസക്തി ഇല്ല. ശുദ്ധ പശു, പക്ഷെ പാല്‍ കുടിക്കും...)

'ഓക്കേ' (റോജര്‍ ദാറ്റ്‌ ഡോക് !)

തിരിച്ചിറങ്ങുമ്പോള്‍ ബാബു ചാടിവീണു.

'എന്തായി ?'

'കുറച്ചു നേരം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു' ഞാന്‍

'നിന്നോടും പറഞ്ഞാ, നന്നായി, എന്നോടും പറഞ്ഞു. നമുക്ക് കൊടുക്കാന്‍ പറ്റില്ല്യാന്നാ തോന്നുന്നെ'

 'ഏയ്‌, കാല്‍ മണിക്കൂര്‍ കഴിഞ്ഞാല്‍ ഒക്കെ ശരിയാവുടാ'

ഇതിനിടയില്‍ കൂടെ വന്ന മറ്റു 'ശിങ്കങ്ങള്‍' ബ്ലഡ്‌ കൊടുത്ത്‌ തിരിച്ച് വന്നു തുടങ്ങിയിരുന്നു.

ഒരു പതിനഞ്ച്-ഇരുപത് മിനിറ്റിനു ശേഷം ബാബുവിനെ ആദ്യവും പിന്നീട് എന്നെയും ആയി അകത്തേക്ക്‌ വിളിപ്പിക്കുന്നു. ബാബു തിരിച്ചിറങ്ങുമ്പോള്‍ ലവന്‍റെ മുഖം 'വീണിരുന്നു'. വീണ്ടും വെയിറ്റ് ചെയ്യാന്‍ പറഞ്ഞോ, അതോ വേറെന്തെങ്കിലും പ്രശ്നം ?

എന്‍റെ ബീപ്പി വീണ്ടും ചെക്ക്‌ ചെയ്ത ഡോക്ടര്‍ സന്തോഷവാനായി.

'ഓക്കേ, 80 - 120 , നോര്‍മല്‍, നേരെ ലാബിലേക്ക് പോയ്ക്കോളു' ഒരു സ്ലിപ്പും തന്ന്‍ ഡോക്ടര്‍ എന്നെ ഇറക്കി വിട്ടു. അപ്പൊ ബാബുവിനു എന്ത് പറ്റി ? നേരെ അവന്‍റെ അടുത്ത് തന്നെ ചെന്ന് ചോദിച്ചു.

'എന്ത് പറ്റിയെഡാ ?'

'എന്നോട് പണ്ടാരം പിന്നേം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു.'

'എന്താ കാര്യം'

'ആ'

ലാബില്‍ പോയി മനോഹരമായി രണ്ടു 'ഫുള്‍' രക്തവും കൊടുത്ത്‌ തിരിച്ചു വരുമ്പോള്‍ ബാബു ഹാപ്പി ആയി ഇരിക്കുന്നു.

'നീ പോയില്ലേ ? ഇപ്പൊ ഏകദേശം അരമണിക്കൂറായല്ലോ  ?'

'വീണ്ടും പോയെടാ, എടുക്കാന്‍ പറ്റില്ലാന്നു പറഞ്ഞു, ആ പോട്ടെ, നിന്‍റെ കഴിഞ്ഞെങ്കില്‍ വാ, നമുക്ക് പോകാം'

ഒരു മിനിറ്റ്, നീ വെയിറ്റ് ചെയ്യ്'

എന്താ സംഭവം എന്നറിയണമല്ലോ ! ഞാന്‍ പതുക്കെ ഡോക്ടറുടെ കതകില്‍ തട്ടി, 'കമിന്‍' ശബ്ദം കേട്ടതും ചാടി അകത്തു കയറി.

'ഡോക്ടര്‍ പുറത്തിരിക്കുന്ന ബാബുവിന്‍റെ കാര്യം ?'

'അയാളുടെ ബ്ലഡ്‌ എടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല'

'എന്തെങ്കിലും പ്രശ്നം ?'

'ഒറ്റ പ്രശ്നം മാത്രം, പേടി !'

'ങേ ?' ഞാന്‍ സത്യത്തില്‍ അന്തം വിട്ടുപോയി.

'ആദ്യം വന്നപ്പോള്‍ അയാളുടെ ബീപ്പി നിങ്ങളുടെ പോലെ തന്നെ 100 - 130 ആയിരുന്നു. രണ്ടാമത് വന്നപ്പോള്‍ നിങ്ങളുടെ നോര്‍മല്‍ ആയി. പക്ഷെ അയാളുടേത് 110 - 150 ആയിരുന്നു. ഞാന്‍ കരുതി വേറെ എന്തോ പ്രശ്നം ആണെന്ന്. വീണ്ടും വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. ഇപ്പൊ വന്നപ്പോള്‍ അത് 130 - 160 ആയിരിക്കുന്നു. അത് വളരെ കൂടുതല്‍ ആയിരുന്നു. ഞാന്‍ വിശദമായി സംസാരിച്ചു. പുള്ളിക്ക് കുറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. ചോദ്യങ്ങള്‍ കേട്ടപ്പോള്‍ തന്നെ അല്‍പ്പം പേടി ഉള്ള കാര്യം മനസ്സിലായിരുന്നു. പക്ഷെ നല്ല ആരോഗ്യം, ഡെയിലി ജിം വര്‍ക്കൌട്ട് എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ചിലപ്പോള്‍ ശരിയാകും എന്ന്. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു കഴിഞ്ഞു വീണ്ടും ബീപ്പി ചെക്ക്‌ ചെയ്തപ്പോള്‍ 140 - 190 , അതോടെ ഞാന്‍ പുള്ളിയോട് പോയ്ക്കോളാന്‍ പറഞ്ഞു.'

'സര്‍ അവനെന്തെങ്കിലും രോഗം ?' ഇത്രയും കേട്ടട്ടും എനിക്കതായിരുന്നു സംശയം.

'ഏയ്‌.നത്തിംഗ്, ആളെ ഇങ്ങോട്ട് വിളിക്കു'

ഞാന്‍ പുറത്തിറങ്ങി അവനെ വിളിച്ചു. അവന്‍സിനു വീണ്ടും പേടി.

അങ്ങിനെ ഡോക്ടര്‍ അവന്‍റെ ബീപ്പി വീണ്ടും ചെക്ക്‌ ചെയ്യുന്നു. എന്നിട്ട് ചിരിച്ചു കൊണ്ട് എന്നോട്...

'80 - 120 , ഇപ്പോള്‍ ശരിയായി, പോയ്ക്കോളു'
'താങ്ക്സ്' എനിക്കും ചിരി വന്നു പോയി.

ഇറങ്ങിയപ്പോള്‍ ബാബു എന്നോട് 'എന്തൂട്ടാഡാ ഈ 80 - 120 ? എണ്‍പത് റണ്‍സ് നൂറ്റി ഇരുപത് ബോളീന്നാ ?'

'അത് തന്നെ, വാ പോകാം'

എന്നെങ്കിലും ഒരിക്കല്‍ ബാബുവിനെ കാണുമ്പോള്‍ പറയാനായി  ഈ കഥ ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്നു. ഇനിയിപ്പോ ഇത് എങ്ങാന്‍ വായിച്ച് അവന്‍ എന്ത് പറയുമോ ആവോ ?

Comments