ജോർജ്ജങ്കിളിൻ്റെ വീട് (V)

'പക്ഷെ സൂര്യാ, എനിക്കെത്രയാലോചിച്ചിട്ടും പിടികിട്ടാത്തത് തനിക്കെങ്ങനെ ഞങ്ങളുടെ സംഭാഷണം കേൾക്കാൻ പറ്റീ എന്നതാണ്'

(എന്തോന്നഡേ ഇത്, ഇപ്പൊത്തന്നല്ലേ ലങ്ങേര്‌ പറഞ്ഞത് ഉപബോധ മാങ്ങാത്തൊലി കറിവെച്ചതു കൊണ്ടാണ് ഏതൊക്കെ എന്ന്, കിളവൻ ഫുള്ള് പീസായാ)

'അല്ല അങ്കിള് തന്നെയല്ലേ കുറച്ചു മുൻപ് പറഞ്ഞത് ഇൻവോൾവ് ആയാൽ അങ്ങിനൊക്കെ സംഭവിക്കാം എന്ന്'

'അതെ, പക്ഷെ താനിൻവോൾവ് ആകുന്ന കാര്യം ഞാനാലോചിച്ചിട്ടില്ലല്ലോ, വീട് വാടകയ്ക്ക് എടുത്ത ഒരാൾക്ക് വീടിന്റെ ചരിതത്തിൽ താല്പര്യം കാണാം, സ്വാഭാവികമായി ഉടമസ്ഥന്റെയും. അതിൽ കൂടുതൽ ഒരു ആകാംക്ഷ തന്നിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. തന്റടുത്ത് ചിലതൊക്കെ സൂചിപ്പിച്ചതു താനൊരു നല്ല മനുഷ്യനാണ് എന്ന എന്റെ വിശ്വാസം കൊണ്ടാണ്. പക്ഷെ എന്റെയീ 'കാര്യങ്ങളിൽ' തനിക്കെന്തെങ്കിലും വലിയ ആകാംക്ഷയുള്ളതായി എനിക്കൊരിക്കലും തോന്നീട്ടില്ല'

'എന്നുവെച്ചാൽ ?' (കൺഫ്യുഷൻ ആയല്ലോ കർത്താവേ)

'എനിക്ക് തോന്നാതിരുന്ന കാര്യം എങ്ങനെ അവൾക്ക് തോന്നും? ഞാൻ ചിന്തിച്ചാലല്ലേ അതവൾക്ക് ചിന്തിയ്ക്കാൻ പറ്റൂ? അവളാണ് എന്നോട് ചോദിക്കുന്നത് 'തന്റടുത്ത് എന്തിനാ പറയാൻ പോയേ, അറിയാൻ ആകാംക്ഷ കൂടുതൽ ഉള്ള ആളാണ് എന്നൊക്കെ'. അത് എനിക്കുപോലും തോന്നാതെ അവൾക്കെങ്ങിനെ പറയാൻ പറ്റും ?'

(ഗഡീ, തനിക്ക് നേരത്തെ തന്നെ പ്രാന്തുണ്ടല്ലോ, അതോണ്ട് തന്റെ ഉപബോധം എന്തൊക്കെ ഗുലുമാൽ ഉണ്ടാക്കും എന്നാർക്കറിയാം)

'അതിപ്പോ അങ്കിളിന്റെ ഉപബോധമനസ്സിന്റെ ചിന്തയായിക്കൂടെ, ബോധമനസ്സിന്റെ അറിവില്ലാതെ നടക്കുന്നത്, അത് തന്നെയാണല്ലോ ഈപ്പറഞ്ഞ 'അങ്കിളിന്റെ അവൾ' എന്നതും'

അതുപറഞ്ഞപ്പോൾ പുള്ളിയെന്നെ ഒരു നിമിഷം മുഖം തിരിച്ച് നോക്കി, പിന്നെ പഴയപോലെ പുറത്തേക്ക് നോക്കിയിരുന്നു.സ്ഥിരക്കാരായ അണ്ണാന്മാർ ആ മരത്തിന്റെ ചില്ലകളിൽ ചിൽ ചിൽ എന്ന് ബഹളം വച്ച് നടക്കുന്നുണ്ട്. പുള്ളി കുറച്ച് നേരം അതുങ്ങളേം നോക്കിയിരുന്നു. കട്ട സൈലൻസ്.

'അതായിരിക്കും അല്ലെ ? ചിലപ്പോളെങ്കിലും അങ്ങിനെ അല്ലാതായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ടായിരുന്നു എന്ന് മാത്രം'

ആ അവൾ എന്നത് സത്യമല്ല എന്ന് ഞാൻ പറഞ്ഞത് അങ്ങോർക്ക് അറിയാവുന്ന സത്യമാണെങ്കിലും യോജിക്കാതെ പിടിച്ച് വച്ചിരിക്കുന്നതായതുകൊണ്ടു ഒരു നിമിഷം സെന്റി ആയതാണ്.

'സൂര്യാ, ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ഒരു ആളാണ് ഞാൻ, ഞാൻ മരിച്ചാൽ ലാഭമായി എന്ന് കരുതുന്ന ഒരു കൂട്ടം ആളുകളുടെ നടുവിൽ. അവിടെയാണ് എന്റെ തന്നെ ശബ്ദവും ചിന്തയുമായി അവളെന്റെ കൂടെയുള്ളത്. മരണത്തിലേക്ക് നടന്നു പോകുമ്പോൾ വീഴാതിരിക്കാനാണ് അവൾ കൂടെയുള്ളത്. എന്ന് പറഞ്ഞാൽ നന്നായി മരിക്കാനൊരു തുണ.'

(ഞാൻ മൗനം, പറയട്ടെ)

'സത്യത്തിൽ മരിക്കാനാണ് തുണവേണ്ടത്, ജീവിക്കാനല്ല. എന്ന് പറയുമ്പോൾ കൂടെ മരിക്കുക എന്നല്ല, മരണത്തിലേക്ക് കൈപിടിച്ച് എത്തിക്കാനുള്ള തുണ. ഈ ജീവിതത്തിൽ ഇനിയെങ്ങനെ ഒന്നുണ്ടാവില്ല എന്നുറപ്പുള്ളതുകൊണ്ടായിരിക്കും ഞാൻ തന്നെ അവളെ സൃഷ്ടിച്ചത്. തന്നെപ്പോലെ ഒരാളെ ഞാൻ പ്രതീക്ഷിക്കാത്തതുകൊണ്ടാവാം താൻ വന്നപ്പോൾ തിരക്കഥയിൽ മാറ്റങ്ങൾ വന്നത്.'

(ഞാൻ വീണ്ടും മൗനം)

'തനിക്ക് ചിലപ്പോൾ ബോറടിക്കുന്നുണ്ടാവും, പക്ഷെ ഇതാണ് സത്യം, ഒരു സമയം കഴിഞ്ഞു ജീവിതത്തിൽ നിന്നും മരണത്തിലേക്ക് നടക്കുന്നത് തിരിച്ചറിഞ്ഞ ഒരു ഭാഗ്യവാനാണ് ഞാൻ. പ്രത്യേകിച്ചും ആദ്യത്തെ അറ്റാക്ക് വന്നതിന് ശേഷം.'

(....)

'ആ ഒരു തിരിച്ചറിവിലാണ് ഞാനെന്റെ തന്നെ മരണത്തിന്റെ തിരക്കഥ ഉണ്ടാക്കുവാൻ ആരംഭിച്ചത്. വിളിക്കാതെ വന്ന അതിഥിയാണ് താൻ, പക്ഷെ ഇപ്പൊ എനിക്കറിയില്ല ഈക്കഥ എങ്ങനെ തീരും എന്ന്.'

(ഞാൻ വെടിയുന്നു) 'അങ്ങിനൊക്കെ ചിന്തിക്കേണ്ട കാര്യമുണ്ടോ അങ്കിളേ, ഇതൊരു ടെമ്പററി സിറ്റിവേഷൻ അല്ലെ, ഇതും കടന്നുപോകും എന്ന് കരുതുന്നതല്ലേ ഭംഗി.'

'അതെ, പക്ഷെ ഇതെങ്ങിനെ വെറുതെ സംഭവിച്ചതല്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്.'

'എന്ന് വെച്ചാൽ ?' (ങേ)

'ഒന്നും വെറുതെ സംഭവിക്കുന്നതല്ലെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ, ഇതും, ചിലപ്പോൾ കഥ തിരിയുകയാവാം, അല്ലെങ്കിൽ തീരുകയും ആവാം, അറിയില്ല, ഇനി ചിലപ്പോൾ ഞാൻ അറിഞ്ഞിട്ടും മനസ്സിലാകാത്തതും ആവാം.'

(പ്രോസസ്സ് ചെയ്യാൻ പാകത്തിന് ഡാറ്റ കിട്ടാത്തതോണ്ട് ഞാൻ ബ്ലിങ്കിക്കൊണ്ടിരുന്നു)

'ഈയാഴ്ച ഞാൻ വീണ്ടും നാഗ്പൂര് പോകും, രണ്ടു മൂന്ന് ദിവസത്തെ പ്രോഗ്രാം, എന്നാലും ട്രാവലിംഗ് ഒക്കെ ആയി ഒരാഴ്ചയെടുക്കും.'

'അല്ലെങ്കിളേ ഇന്നാളല്ലേ അങ്കിള് പോയിവന്നത്, ഇത്രപെട്ടെന്ന് ഇനിയൊരു യാത്ര വേണോ?'

'വേണം, ഇനിയൊരിക്കൽ പറ്റിയില്ലെങ്കിലോ'

അങ്ങോര് കസേരയിൽ നിന്നും എഴുന്നേറ്റപ്പോൾ ഞാനും എഴുന്നേറ്റു.

'എനിക്ക് തോന്നുന്നത്, ഇനി സൂര്യന് അവളുടെ ശബ്ദം കേൾക്കാൻ പറ്റില്ലെന്നാണ്.'

'എന്തേ, അങ്ങിനെ തോന്നാൻ?'

'അങ്ങിനെ തോന്നി'

(ഞാനൊന്നും പറഞ്ഞില്ല, എന്റെ മൗനം വായിച്ച അങ്കിൾ ഇത്രയും കൂടി പറഞ്ഞു)

'അല്ലെങ്കിൽ എപ്പോൾ ഇവിടിരുന്നു കരഞ്ഞ അവളുടെ ശബ്ദം സൂര്യൻ കേൾക്കേണ്ടതായിരുന്നു' 

ഞാൻ ചെറുതായി ഒന്ന് ഞെട്ടിയോ എന്ന് സംശയം.

'ജോലി തുടങ്ങാൻ സമയമായി, ഞാനെന്നാ ചെല്ലട്ടെ അങ്കിളേ ?'

'ഒക്കെ, സൂര്യാ'

(എന്നെ നോക്കുമ്പോൾ ജോർജ്ജങ്കിളിന്റെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു)

Comments