ഇരുപതാം നൂറ്റാണ്ടിലെ പശു

എന്‍റെ പേര് കാളി. 

കാളീ .. കാളിമയാര്‍ന്നോളെ എന്ന് കവി പാടിയ ശേലുക്കുള്ള ഒരു നാടന്‍ പശുവാണ് ഞാന്‍. നല്ല കറുപ്പ് നിറം, വെളുത്ത നെറ്റിച്ചുട്ടി, തവിട്ടു നിറമുള്ള കാലുകള്‍, നീണ്ട വാല്. അതും വെളുത്ത മുടിയോടു കൂടിയ കറുത്ത വാല്, അങ്ങിനെ എല്ലാ ഗുണങ്ങളും ഉള്ള ഒരു തനി നാടന്‍ പശു.

വീട്ടിലും നാട്ടിലും എന്തിന് പറമ്പിലെ കോഴി കൂടി വിളിക്കുന്നത്‌ 'കാളീ' എന്നാണ്. അറിയാവുന്ന ഭാഷയില്‍ ഞാന്‍ വിളി കേള്‍ക്കാറും ഉണ്ട്. 'മ്മാ'. 'ഹുമ്മേ', 'ഹ്രും', 'ഫ്രീ' എന്നിങ്ങനെ ....

കാലാകാലങ്ങളായി ഞാന്‍ മിലിട്ടറി ബാലേട്ടന്‍റെ വീട്ടിലെ ആസ്ഥാന പശു ആണ്. 'ബാലേട്ട !' ആന്‍ഡ്‌ കൌമുദിയമ്മ ഫാമിലി, ലവരുടെ പൊടികള്‍ മഞ്ജു ആന്‍ഡ്‌ മനോജ്‌ മോണ്‍സ്റ്റേര്‍സ്, വളരെക്കാലമായി അട്ടിപ്പേര്‍ കിടക്കുന്ന 'ബാലേട്ട'  യുടെ അനിയത്തിയും സര്‍വ്വോപരി എല്ലാവരുടെയും ചിറ്റയുമായ 'അമ്മിണിച്ചിറ്റ' തുടങ്ങി അവിടുത്തെ ആട് കോഴി കുടുംബങ്ങളുടെ വരെ 'എട്ടിയേം' ആയിരുന്നു ഈ ഞായ്.

ന്ച്ചാല്‍ വരുമാന മാര്‍ഗം.

ദിവസത്തില്‍ ഒരു പ്രാവശ്യം 'ഇത്തിരി പരുത്തിക്കുരു, ഇത്തിരി പിണ്ണാക്ക്, ഇത്തിരി പുല്ലും വൈക്കോലും, പിന്നെ പാല് ശറപറാന്ന് ഒഴുക്വായി' എന്ന ജാതിയില്‍ പെട്ട ഒരു ജന്തുവായിരുന്നു ഈ ഞായ്. അതറിയാവുന്ന. ബാലേട്ടനും ഫാമിലിയും ആ ഒരു പ്രാവശ്യം 'ഇനി ഒരിക്കലും' ചോദിക്കരുത്' എന്ന് കരുതിയുള്ള ഒരു തീറ്റിക്കല്‍ ആയിരുന്നു. സത്യത്തില്‍ ഉച്ചയ്ക്ക് ആ ജാതി ഒരു 'കേറ്റം' കേറ്റിയാല്‍ പിന്നെ രാത്രി കുറച്ച് കഞ്ഞിവെള്ളം വേണമെങ്കില്‍ ആവാം. ചിലപ്പോള്‍ രാത്രിയിലെ കഞ്ഞിവെള്ളം രാവിലെ 'ബെഡ്സൂപ്പ്' ആയി ഞാന്‍ തന്നെ വിഴുങ്ങാറും ഉണ്ട്.

എല്ലായ്പ്പോഴും സ്ഥിതിഗതികള്‍ ഇങ്ങനെ ആയിരുന്നു എന്ന് കരുതരുത്. കൌമുദിയമ്മ ഒരു സൈഡ് തളര്‍ന്ന് കിടന്നപ്പോള്‍ ഏകദേശം ഒരു മാസത്തോളം എന്നെ ആരും  കുളിപ്പിക്കുക കൂടി ചെയ്തില്ല. ദിവസങ്ങളോളം പലരും പാര്‍സല്‍ തന്നിരുന്ന മുറി-വെജ്, വേസ്റ്റ് വെജ്, അങ്ങിനെ പലതരം മുറിക്കഷ്ണങ്ങള്‍ ആയിരുന്നു ഭക്ഷണം. പക്ഷെ ഒരു ദിവസം പോലും എന്‍റെ കമ്മിറ്റ്മെന്‍റ് ഞാന്‍ മുടക്കിയിട്ടില്ല. ന്ച്ചാല്‍ പാല്‍, അളവ് തൂക്കം, മാനദണ്ഡങ്ങള്‍ എല്ലാം റെഡിമണി-മുണ്ടക്കയം ആയ ഒരു ഗ്യാലന്‍ 'പ്യാല്‍'. അതും ആഴ്ചകളോളം.

അവര്‍ സന്തോഷിച്ച് ഏമ്പക്കം വിടുന്ന കാണുമ്പോള്‍, എന്‍റെ സന്തോഷം നെടുവീര്‍പ്പുകളും ദീര്‍ഘശ്വാസങ്ങളും ആയി ഈ തൊഴുത്ത് മുഴുവനും അലയടിച്ചിട്ടുണ്ട്.

ഈ പരസ്പര-സ്നേഹ-പരവേശങ്ങള്‍ കൊണ്ടാണെന്ന് തോന്നുന്നു 'രണ്ട് വര്‍ഷം മുന്‍പ്‌ ന്‍റെ കണ്ണനെ പെറ്റതിന് ശേഷം എനിക്ക് ഒരു റോങ്ങ്‌ ചിന്ത ഇതുവരെ ഉണ്ടാകാത്തത്, അല്ലെങ്കില്‍ ന്‍റെ ചിന്തകള്‍ക്ക് ഞാന്‍ തന്നെ ഒരു മൂക്ക് കയര്‍ ഇട്ടു വച്ചത്'. 

അങ്ങിനെയിരിക്കുന്ന  ഒരു സമയത്താണ് ഒരു ദിവസം കാലത്ത്‌ കുറേപേര്‍ ചേര്‍ന്ന് ഒരു ലോറിയില്‍ ഒരു വലിയ പശുവിനെ കൊണ്ടുവന്ന് തൊഴുത്തിന് മുന്‍വശത്ത്‌ കൊണ്ടിറക്കുന്നത്. എന്നെക്കാളും രണ്ടിരട്ടിയുണ്ട്. നല്ല വെളുത്തു കൊഴുകൊഴാന്നുള്ള ശരീരം മര്‍ലിന്‍ മണ്‍റോയുടെ മുഖം. അകിട് തന്നെ ഒരു ചെറിയ പെട്ടിഒട്ട്രോഷക്കുള്ള സൈസ് ഉണ്ട്.

ബാലേട്ടന്‍റെയും പിള്ളാരുടെയും മുഖത്തോഴിച്ച് ബാക്കി കൂടെ വന്ന കരക്കാര് തെണ്ടികളുടെ ഒക്കെ മുഖത്ത്‌ പുന്ജം. ഇന്നലെവരെ എന്‍റെ പാല് നക്കി എഴുന്നേറ്റ് നടക്കാം 'ഏപ്പ' ഉണ്ടാക്കിയ കിഴവന്‍ നാരായണന്‍ നായര്‍ക്ക് വരെ പുതിയ പശുവിനെ കണ്ടപ്പോള്‍ കാലു തിരുമ്മാന്‍ ഷക്കീല വന്ന പോലത്തെ ഒരിളക്കം.

ഇനി ബാലേട്ടന്‍റെയും കൌമുദിയമ്മയുടെയും മനസ്സില്‍ അങ്ങിനെ ഉണ്ടാവുമോ ? ദൈവമേ, എന്നെ അറക്കാന്‍ കൊടുക്കുമോ ?

അമ്മിണിച്ചിറ്റ മാത്രം ഒരു പിടി വൈക്കോല്‍ പുല്ലൂട്ടിലേക്ക് ഇട്ട് എന്‍റെ നെറ്റി തടവി നിന്നു. ഒരാശ്വാസം തോന്നി.

പിന്നീടങ്ങോട്ടുള്ള മണിക്കൂറുകള്‍ ഞാന്‍ പേടിച്ച ലോകത്തേക്ക് എന്നെയും കൊണ്ട് പോകാന്‍ തുടങ്ങി. വെളുത്ത ഒരു കോട്ടിട്ട ഒരു വങ്കന്‍ ഇല്ല-ലതിനെ കൊണ്ടുവന്ന നിമിഷം മുതല്‍ ദോണ്ടെ ദീ പശുവിന്‍റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. എല്ലാം എന്നെ കംപെയര്‍ ചെയ്തുകൊണ്ട് തന്നെ. എനിക്ക് തരുന്ന അത്രയും തീറ്റകൊണ്ട് എന്നെക്കാള്‍ ഇരട്ടിപാല്‍, ആര്‍ട്ടിഫിഷല്‍ ആയതിനാല്‍ നാച്ചുറല്‍ പ്രോബ്ലെംസ് (വികാര-വിചാരങ്ങള്‍) ഒന്നും ഇല്ല. നടക്കാനോ ഓടാനൊ കഴിയാത്തതിനാല്‍ അധികം സ്ട്രെയിന്‍ ചെയ്യണ്ട. ഒരു ചെറിയ കുട്ടിക്ക് പോലും പാല്‍കറക്കാം എന്നിങ്ങനെ.

എനിക്ക്  ചിരിയാണ് വന്നത്. ഈ പറയുന്ന വങ്കത്തരങ്ങള്‍ ശരിക്കും ഗുണങ്ങളോ ദോഷങ്ങളോ ? എല്ലാം ഗുണങ്ങളായി പറയാനും പ്രദര്‍ശിപ്പിക്കാനും കഴിവുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വില്‍പ്പനക്കാരന്‍. അവന്‍റെ രൂപഭാവനക്കനുസരിച്ച ഉല്‍പ്പന്നങ്ങള്‍. 

ആരറിയുന്നു, ഇതൊന്നും നിങ്ങളെ സഹായിക്കാനല്ല മറിച്ച് ചതിക്കാനാണെന്ന് !

ലവന്‍റെ കഴുത്തിലെ ആ കോണകത്തില്‍ കടിച്ച് എനിക്ക് ചോദിക്കണം എന്ന് തോന്നി 'ഒരു നേരം തീറ്റ കൊടുത്തില്ലെങ്കില്‍ എത്ര പാല് കിട്ടുമെന്ന് ?'. 'ഹും !', അങ്ങിനെയെങ്കില്‍  ചാണകത്തിന് പകരം കൂടി വെറും ഗ്യാസ്‌ ആയിരിക്കും വരുന്നത് എന്നും കൂടി ചേര്‍ക്കണം, എന്നും തോന്നി. നമ്മള്‍ വെറും നാടന്‍ പശുവല്ലേ, വിട്ടുകളയാം. 

വിട്ടു.

ദിവസങ്ങള്‍ക്കുള്ളില്‍ മൊത്തത്തില്‍ വെത്യാസം വരാന്‍ തുടങ്ങി. തലമുറകളായി ആ വീട്ടിലെ കാളിപ്പശു ആയിരുന്ന ഞാന്‍ അവിടെ അധികപ്പറ്റായി മാറി. രാത്രി വെച്ച കഞ്ഞിവെള്ളം കുടിക്കാത്തത്തിനു ജീവിതത്തില്‍ ആദ്യമായി അവരെന്നെ തല്ലി.

'പണ്ടേ ഇവിടുള്ളതല്ലേ എന്ന് കരുതിയാ ഇപ്പോഴും തീറ്റ തരുന്നത് അല്ലെങ്കില്‍ ഇത്രയും തിന്നാല്‍ നിന്നെക്കാളും കൂടുതല്‍ പാല് തരുന്ന വേറെ ആളുണ്ട്'

കൌമുദിയമ്മ ഇത് പറയുമ്പോള്‍ എന്‍റെ നെഞ്ചില്‍ ഒരു ചെറിയ മിന്നല്‍ ഉണ്ടായി. കണ്ണ് നിറഞ്ഞു.

എന്തോ  ആ വിഷമത്തില്‍ ആണെന്ന് തോന്നുന്നു കുളിപ്പിക്കാന്‍ പിടിച്ചപ്പോള്‍ ഞാനൊന്ന് വീണ് കുളമ്പ് മടങ്ങി. ആരോക്കയോ എന്തൊക്കയോ വച്ച് കെട്ടിയെങ്കിലും പിറ്റേന്ന് വെളുപ്പിന് കറക്കുവാന്‍ നേരത്ത് വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാന്‍ ഒരല്‍പം വൈകി.

'ഇതിനെ കൊടുക്കാം, അതാ നല്ലത്' ബാലേട്ടന്‍.

ഇത് പറയുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, ശബ്ദത്തിന് എന്തെങ്കിലും ഒരിടര്‍ച്ച...

ഇല്ല


കാലത്തെ തൊഴുത്തിന് ചുറ്റും ഓടിക്കളിക്കുന്ന കുട്ടികളെ ഒരു നിമിഷം നോക്കി. അവരും ശ്രദ്ധിക്കുന്നില്ല. പിന്നെ തൊഴുത്തില്‍ തന്നെ കിടന്നു. ആരും വന്നുമില്ല. ആരെയും വിളിച്ചും ഇല്ല.

രാത്രി പതിവിന് വിപരീതമായി അമ്മിണിച്ചിറ്റ കാടിയും കൊണ്ട് വന്നു. എന്നിട്ട് കുറെ നേരം എന്‍റെ അടുത്തിരുന്ന് കരഞ്ഞു. പോകുമ്പോള്‍ എന്‍റെ നെറ്റിയില്‍ ഉമ്മ വച്ചു.

പിന്നീട് എന്തോ അകത്ത്‌ വലിയ ബഹളം കേട്ടു. ഏകദേശം ഒരു മണിക്കൂറോളം എല്ലാവരുടെയും ശബ്ദം മുഴങ്ങി കേട്ടു. പിന്നെ നിന്നു.

'ഈ മനുഷ്യരുടെ കാര്യം നമ്മള്‍ക്ക് എന്തറിയാം'

ഏകദേശം ഒരു അര്‍ദ്ധരാത്രിയായി കാണും. ആരോ തൊഴുത്തിലേക്ക് കടന്നു വന്നു.. ദൈവമേ വല്ല കള്ളന്മാരോ മറ്റോ ആണോ ?

വന്ന രൂപം അടുത്തെത്തിയപ്പോള്‍ അമ്മിണിച്ചിറ്റയുടെ മണം. രൂപം എന്‍റെ അടുത്ത് വന്ന് എന്‍റെ കയറഴിച്ചു പതുക്കെ പുറത്തേക്ക് നടന്നു. കൂടെ ഞാനും.

രണ്ടടി തൊഴുത്തില്‍ നിന്നും മുന്നോട്ട് വച്ച ചിറ്റ പെട്ടെന്ന് തിരിഞ്ഞു നിന്നു.

'ഞങ്ങള് രണ്ടും നിങ്ങക്ക് വേണ്ടത്തോരാ, അതോണ്ട് പോവ്വാ. മുന്‍പ്‌ നിങ്ങള്‍ കൌമുദിയെ കൊണ്ട് വന്നപ്പോള്‍ ഞാന്‍ പോകേണ്ടതായിരുന്നു. പക്ഷെ അന്ന് എന്‍റെ കൂടെ വരാന്‍ ഇതുപോലൊരു ജീവിയും ഇല്ലായിരുന്നു. ഇന്ന് എനിക്ക് ഇവളുണ്ട്. അതോണ്ട് പോവ്വാ'

ഞാനും ഒന്ന് തിരിഞ്ഞു നോക്കി.

'ഇന്നലെ  വരെ ഞാന്‍ ചെയ്തതെല്ലാം നിങ്ങള്‍ മറന്നു. എല്ലാവരെയും പോലെ വര്‍ഷങ്ങളും ബന്ധങ്ങളും നന്ദിയും കടപ്പാടും ജന്മങ്ങളും ജന്മാന്തരങ്ങളും എല്ലാം നിങ്ങള്‍ ലാഭ-നഷ്ട തുലാസില്‍ ഇട്ട് തൂക്കി ആക്രിയാക്കി. എന്നിട്ട് പുത്തന്‍ യുഗത്തിന്‍റെ യാഥാര്‍ത്ഥ്യബോധത്തോടെ നിങ്ങളെ നിങ്ങളാക്കിയ ഇന്നലയെ പുറത്തെറിഞ്ഞു നിങ്ങള്‍ നാളയെ സ്വന്തമാക്കി'

ഇത്രയും മനസ്സിലോര്‍ത്ത്‌ അമ്മിണിച്ചിറ്റയുടെ കയറിന്‍റെ പിന്നാലെ നടക്കുമ്പോള്‍ വീണ്ടും ഒരു  ചിന്ത മനസ്സിലേക്ക് കടന്നു വന്നു ...

'ഈ മണ്ടത്തരം മനസ്സിലാക്കി അവരെന്നിലെ ഇന്നലയെ തേടുമ്പോള്‍ ഞാനവരുടെ നാളെയില്‍ ഏത് രൂപത്തിലായിരിക്കും വരുന്നത് ?'

'വീണ്ടും ഇരുപതാം നൂറ്റാണ്ടിലെ പശുവിലേക്ക് !'

Comments

  1. നീ വീണ്ടും എഴുതിയതിനു ഒരു സ്പെഷല്‍ കെട്ടിപ്പിടുത്തം.
    പിന്നെ, ഇഷ്ടായി.. ഏട്ടിലെ പശുക്കള്‍ക്കിടയില്‍ ദാര്‍ഷനികവ്യഥയുള്ള ഒരു പശുവിനെ കണ്ടെത്തിയതിന്റെ സന്തോഷം.!!
    കയറു പിടിച്ചു കൊടുത്തെല്‍പ്പിക്കുന്നതിനു മുന്‍പേ തൊഴുത്ത് വിട്ട് പോകാന്‍ കഴിയനെ എന്നൊരു പ്രാര്‍ഥനയും മനസ്സില്‍ വരുന്നുണ്ട്.
    ഇനീം ഇനീം പോരട്ടെ!

    ReplyDelete

Post a Comment