മുണ്ടയ്ക്കല്‍ സുബ്രഹ്മണ്യന്‍ (രണ്ടാംഭാഗം) അഥവാ സുബ്രന്‍ റിലോഡഡ് !


പുത്തുക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി ഞങ്ങളുടെ ഉത്സവ ഡയറിയിലെ ഒരു പ്രധാന പേജ് ആണ്. തലേ ദിവസം മുതല്‍ മിക്കവാറും എല്ലാവരും അവിടെ ഉണ്ടാവും. സിദ്ധന്‍റെയും എട്ടുകാലി പ്രദീപിന്‍റെയും സ്ഥലം എന്നുള്ളതിനേക്കാള്‍  ചിറത്തിണ്ടത്തും ചെറുകുന്നിലും പുലിപ്പാറയിലും ഉള്ള എല്ലാവരും ഒത്തു കൂടുന്ന ഒരു സംഭവം എന്നതായിരുന്നു പുത്തുക്കാവ് താലപ്പൊലിയുടെ പ്രത്യേകത.

താലപ്പൊലിയുടെ അന്ന് വൈകുന്നേരം ആണ് ദീപാരാധന ഷോ, ന്ച്ചാല്‍ നൂറുകണക്കിന് തരുണീമണികളും അമ്മായിമാരും (ഇപ്പൊ പൊട്ടും എന്ന പോലെയുള്ള ഡ്രെസ്സൊക്കെ ഇടീച്ചു പ്രദര്‍ശനത്തിനു കൊണ്ടുവന്നിരിക്കുന്ന അവരുടെയൊക്കെ 'കുട്ടി സൈക്കിള്‍' പാകത്തിലുള്ള പൊടികളും !) വരുന്ന സമയം, ഞാനും 'സുബ്രന്‍ ദി ഗ്രെയിറ്റും' അമ്പലത്തിന്‍റെ പരിസരത്ത് കറങ്ങുമ്പോള്‍ ലാലേട്ടന്‍റെ അനിയന്‍ ഗിരി ഒരു ചുവന്ന കളര്‍ ടീഷര്‍ട്ടോക്കെ ഇട്ടു ഒരു പുഷ്പന്‍ ലൈനില്‍ വരുന്നു.

വന്നപാടെ ഒരു ചോദ്യം, സുബ്രഹ്മണ്യനോട്‌ 

'ഈ ടീഷര്‍ട്ട് എങ്ങനുണ്ട് ?'

'ഉഗ്രന്‍, പുതിയതാണോ ?' അവന്‍സിന്‍റെ മറുചോദ്യം

'പുത്തന്‍, 'ഹ്യുഗോ ബോസിന്‍റെ' ആണ്'

'നീ എന്തിനാണ് ഈ കണ്ടവന്‍മാരുടെ ടീഷര്‍ട്ടൊക്കെ വായ്പ വാങ്ങി ഇട്ടോണ്ട് നടക്കണത്‌, ജോലിയൊക്കെ ഉള്ളതല്ലേ ഒരെണ്ണം സ്വന്തമായി വാങ്ങിക്കൂടെ ?' ചോദ്യം സുബ്രഹ്മണ്യന്‍റെ !

ഗിരി അപ്പൊ പോയിട്ട് പിന്നെ കാണുന്നത് രണ്ട്‌ ദിവസം കഴിഞ്ഞാണ്.

കഴിഞ്ഞ ദിവസം ഞാന്‍ സുബ്രഹ്മണ്യനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ എന്നോട് ഒരു ചോദ്യം.

'സൂര്യ നിനക്കിപ്പോള്‍ ഒരു കുട്ടിയല്ലേ ? എത്ര വയസ്സായി '

'അതേടാ ഒരു മോള്‍, രണ്ട്‌ വയസ്സ് '

'അപ്പൊ രണ്ടാമത്തയോ ?'

'ആയിട്ടില്ല'

'അതെന്താഡാ അവിടുത്തെ കാലാവസ്ഥയുടെ പ്രശനം വല്ലതും ആണോ ?' (ഒരു ചെറുത്‌ !)

'ഏയ്‌ (ചിരിക്കാന്‍ മുട്ടീട്ടു പാടില്ല), അപ്പൊ നിനക്കോ സുബ്രാ ?'

'നമ്മള്‍ എഴുതി കൊടുത്തില്ലേ ഇനി അങ്ങനെ ഉണ്ടാവില്ല എന്ന് !'

'എഴുതി കൊടുത്താ ആര്‍ക്ക് ? എന്തെഴുതി കൊടുത്തു ?' എനിക്ക് കാര്യം പിടി കിട്ടിയില്ല

'ആദ്യത്തേതിന്‍റെ പേടി കാരണം ആണോ എന്തോ ഭാര്യ മറ്റേ പാത്രം എടുത്തൊരു ഏറ്, ഡോക്ടര്‍ വന്നു എന്നോട് എഴുതി കൊടുക്കാന്‍ പറഞ്ഞു. ഇനി ഒരതിക്രമവും കാണിക്കില്ലാന്നു ആവുന്നത് പറഞ്ഞു നോക്കി, ങേ ഹെ അങ്ങേര് സമ്മതിക്കണ്ടേ, അവസാനം പോട്ട് പുല്ല് എന്ന് പറഞ്ഞു ഞാന്‍ എഴുതി കൊടുത്തു, അങ്ങേര് മറ്റേ പാത്രം എടുത്തു കളയുകയും ചെയ്തു'

മനസ്സിലെ ഒരു ചെറു നൊമ്പരം ഇത് പോലെ പ്രകടിപ്പിക്കുന്ന ഒരേ ഒരാളയെ ഞാന്‍ കണ്ടിട്ടുള്ളു എന്ന് ഞാന്‍ ആലോചിച്ചു പോയി.

Comments